മലയാളിയെ വെറുപ്പിച്ച “രണ്ടാം ഭാഗ ചിത്രങ്ങള്‍”..!

new

മമ്മൂട്ടിയുടെ ഒരു സിബി ഐ ഡയറി കുറിപ്പ് എന്ന ചിത്രത്തിന് രണ്ടും (ജാഗ്രത) മൂന്നും (സേതുരാമയ്യര്‍ സിബിഐ) നാലും (നേരറിയാന്‍ സിബഐ) ഭാഗങ്ങള്‍ വന്നപ്പോള്‍ മലയാളികള്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. അവയോരോന്നും ഒന്നിനൊന്ന് മെച്ചമാണ്.

അതുപോലെ മോഹന്‍ലാലിന്റെ കിരീടം ചെങ്കോലായപ്പോഴും ദേവാസുരം രാവണപ്രഭു ആയപ്പോഴും മലയാളികള്‍ ആസ്വദിച്ചു. ഇന്‍ ഹരിഹര്‍ നഗറിന്റെ രണ്ടാം ഭാഗം കുഴപ്പമില്ലാതെ ഓടി. എന്നാല്‍ ഗോസ്റ്റ് ഇന്‍ ഹരിഹര്‍ നഗറും ജോണ്‍ ഹോനായിയും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല.

മലയാളികള്‍ ഒരുപാട് ഇഷ്ടപ്പെട്ട സിനിമകള്‍ പിന്നീട് സീക്വല്‍സായി വന്നപ്പോള്‍ അങ്ങേയറ്റം വെറുപ്പിച്ചിട്ടുണ്ട്

മന്നാര്‍ മത്തായി സ്പീകിങ് ടു

മലയാളി സിനിമാ പ്രേക്ഷകര്‍ ഇന്നും കാണുമ്പോള്‍ ചിരിച്ചു മണ്ണുകപ്പുന്ന ചിത്രങ്ങളിലൊന്നാണ് മന്നാര്‍ മത്തായി സ്പീക്കിങ്. ഇന്നസെന്റും മുകേഷും സായികുമാറും മുഖ്യ വേഷത്തിലെത്തിയ മന്നാര്‍ മത്തായി സ്പീക്കിങിന് മാമാസ് രണ്ടാം ഭാഗം ഒരുക്കി ഒന്നാം ഭാഗത്തിന്റെയും പേര് കളഞ്ഞു.

ഗീതാഞ്ജലി

ഗീതാഞ്ജലി മണിച്ചിത്രത്താഴിന്റെ സീക്വല്‍ അല്ല. പക്ഷെ മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് വളരെ പ്രയപ്പെട്ടവരായി മാറിയ ഡോ. സണ്ണിയെയും നഗുലനെയും ഗീതാഞ്ജലിയില്‍ എത്തിച്ചിട്ടുണ്ട്. ഡോക്ടര്‍ സണ്ണിയുടെ പേര് കളയുന്ന ചിത്രമാണ് ഗീതാഞ്ജലി

കിലുക്കം കിലുകിലുക്കം

മോഹന്‍ലാലും രേവതിയും തകര്‍ത്തഭിനയിച്ച്, മലയാളികള്‍ എന്നും ഇഷ്ടപ്പെടുന്ന ചിത്രങ്ങളിലൊന്നായി മാറിയതാണ് കിലുക്കം. അതിന് കിലുക്കം കിലുകിലുക്കം എന്ന പേരിലൊരു ചിത്രമെടുത്ത് അലമ്പാക്കി. കുഞ്ചാക്കോ ബോബനും ജയസൂര്യയും കാവ്യമാധവനും ചേര്‍ന്ന് മോഹന്‍ലാലും രേവതിയും ഉണ്ടാക്കിയെടുത്ത പേര് കളഞ്ഞു.

ബല്‍റാം v/s താരാദാസ്

ഇന്‍സ്‌പെക്ടര്‍ ബല്‍റാം, അതിരാത്രം എന്നീ ചിത്രങ്ങളുടെ സീക്വല്‍ ആയിട്ടാണ് ബല്‍റാം v/s താരാദാസ് വന്നത്. ഐവി ശശി സംവിധാനത്തില്‍ മമ്മൂട്ടി നായകനായെത്തിയ ചിത്രം. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മോശം ചിത്രങ്ങളിലൊന്നായി കുറിക്കപ്പെട്ടു.

സാഗര്‍ ഏലിയാസ് ജാക്കി

സാഗര്‍ ഏലിയാസ് ജാക്കി വാണിജ്യപരമായി വിജയമായിരുന്നു. എന്നാല്‍ ലാലിന്റെ കരിയറിലെ മികച്ചൊരു കഥാപാത്രത്തെ കൊല്ലുകയായിരുന്നു ചിത്രം.

ദ കിങ് ആന്റ് ദ കമ്മീഷ്ണര്‍ 

ഒരേ സമയം രണ്ട് ചിത്രങ്ങളെ കൊന്ന ചിത്രം. സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിലെ നാഴിക കല്ലാണ് ദി കമ്മീഷ്ണര്‍ എന്ന ചിത്രം. മമ്മൂട്ടിയുടെ സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രങ്ങളില്‍ മുന്നിലാണ് ദി കിങ്. രണ്ട് ചിത്രത്തെയും ഒന്നിപ്പിച്ച് ദി കിങ് ആന്റ് ദി കമ്മീഷ്ണര്‍ എന്ന ചിത്രമെടുത്തതോടെ ആ പേരുകള്‍ പോയിക്കിട്ടി

കാണ്ഡഹാര്‍

കീര്‍ത്തി ചക്ര എന്ന ചിത്രത്തിന്റെ മൂന്നാം ഭാഗമാണ് കാണ്ഡഹാര്‍. കീര്‍ത്തി ചക്രയുടെ മികച്ച വിജയത്തിന് ശേഷം കുരുക്ഷേത്ര വന്നു. കീര്‍ത്തിചക്രയുടെ അത്രത്തോളം വരില്ലെങ്കിലും കുരുക്ഷേത്ര പ്രേക്ഷകരെ വെറുപ്പിച്ചില്ല. എന്നാല്‍ കാണ്ഡഹാര്‍ മടുപ്പിക്കലായിരുന്നു. ലാലിനൊപ്പം അമിതാഭ് ബച്ചനും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

ആഗസ്റ്റ് 15

ദ്രോണ 2010 ന്റെ വമ്പന്‍ പരാജയത്തിന് ശേഷം മമ്മൂട്ടിയ്ക്ക് വീണ്ടും ഷാജി കൈലാസ് നല്‍കിയ പരാജയം, അതായിരുന്നു ആഗസ്റ്റ് 15. ആഗസ്റ്റ് ഒന്ന് എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമായിട്ടാണ് ആഗസ്റ്റ് 15 വന്നത്.