Share The Article

Untitled-1

“സ്ത്രീകള്‍ ജീന്‍സിട്ട് വിഷമിപ്പിക്കരുത്” എന്നു യേശുദാസ് പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രസ്താവന അത്ഭുതകരവും അവിശ്വസനീയവുമാവുന്നത് അതിലെ എളുപ്പത്തില്‍ വായിച്ചെടുക്കാവുന്ന എഴുതാപ്പുറം കൊണ്ടു തന്നെയാണ്.

പൊതുവില്‍ എനിക്കു പറയാനുള്ളതിതാണ്, ഓരോരുത്തര്‍ ധരിക്കേണ്ടതെന്തെന്ന് അവരവര്‍ തന്നെയും പിന്നെ അവരുടെ ഉറ്റവരും തീരുമാനിക്കുന്നതു തന്നെയല്ലേ ഉചിതം. ഒരോരുത്തര്‍ അവരവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ചും അവരവരുടെ സൗകര്യങ്ങള്‍ക്കനുസരിച്ചും (comfort) വസ്ത്രം ധരിക്കട്ടെ. ജീന്‍സിനേക്കുറിച്ചു സാധാരണ പ്രകടിപ്പിക്കപ്പെടാറുള്ളതു പോലെ എന്നാല്‍ അതിന്റെ എതിര്‍ ദിശയിലുണ്ടാവാറുള്ളതാണ് പര്‍ദ്ദയോടുള്ള എതിര്‍പ്പ്. പര്‍ദ്ദ ധരിക്കുന്നതിനെ മതമൗലികവാദമായും, തീവ്രതയുടെ ലക്ഷണമായും, വിദേശ സംസ്‌കാരത്തിന്റെ ലക്ഷണമായുമൊക്കെയാണ് വിമര്‍ശ്ശിച്ചത്.

എഴുപതികളിലോ മറ്റോ ചുരീദാര്‍ എന്ന വേഷം കേരളത്തിലേക്ക് ആദ്യമായി വന്നപ്പോള്‍ അതിനെ പഞ്ചാബിന്റെ വസ്ത്രമാണെന്നു പറഞ്ഞ് പാരമ്പര്യവാദികള്‍ എതിര്‍ത്തിരുന്നതായി വായിച്ചിട്ടുണ്ട്. ജീന്‍സിന്റെ കാര്യത്തിലും അത് വിദേശ സംസ്‌കാരമാണെന്ന ആരോപണം വരാം. പക്ഷേ നാം നമ്മുടെ പാരമ്പര്യ വസ്ത്രമായി കരുതുന്ന സാരി പോലും യഥാര്‍ത്ഥത്തില്‍ കേരളീയ വസ്ത്രമല്ല. ജീന്‍സും സാരിയും ചുരിദാറും കാര്‍ഗ്ഗോസും പര്‍ദ്ദയും ഏതു വേഷവും ധരിക്കാന്‍ ഒരേപോലെ സ്വാതന്ത്ര്യമുള്ള, ഇതില്‍ ഏതു ധരിക്കുന്നവര്‍ക്കും ഒരേപോലെ ബഹുമാനം ലഭിക്കുന്ന നാടല്ലേ യഥാര്‍ത്ഥ ലിബറല്‍ ഡമോക്രസി? വൈവിധ്യമുള്ള സംസ്‌ക്കാരങ്ങളും രീതികളും പിന്തുടരുന്ന ഒരു വര്‍ണ്ണശബളമായ ജനതയല്ലേ കൂടുതല്‍ ഭംഗിയുള്ള കാഴ്ച്ച? മലയാളി എന്തിനിങ്ങനെ അന്യരുടെ വേഷത്തേക്കുറിച്ച് ഒരുപാടു വേവലാതിപ്പെടണം?

വാല്‍കഷ്ണം : അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുടുംബത്തില്‍ നിന്നുതന്നെയാകട്ടെ യേശുദാസ് സാര്‍…!!

Shybu Madathil, an IT Consultant based in Kochi, is State Convener of the Aam Aadmi Party Youth Wing, and a spokesman for the AAP Kerala State Committee.