Share The Article

e-3
 
നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ ആവേശം സൃഷ്ടിച്ചുകൊണ്ട് കനത്ത പോളിംഗ് തുടരുന്നു. പല മണ്ഡലങ്ങളിലും മഴയെ അവഗണിച്ചുകൊണ്ട് ഊര്‍ജ്ജസ്വലരായി സമ്മതിദായകര്‍ നീണ്ട ക്യൂവില്‍ നില്‍ക്കുമ്പോഴും ആവേശത്തിന് കുറവൊന്നുമില്ല. മഴ പോളിംഗിന് ഒരു പ്രധാന തടസ്സമാകുമെന്ന് കരുതിയിരുന്നെങ്കിലും അതൊക്കെ പാടെ മാറുന്ന കാഴ്ചയാണ് ഒട്ടുമിക്ക മണ്ഡലങ്ങളിലും കാണുന്നത്. ഏഴുമണിമുതല്‍ തന്നെ ശക്തമായ പോളിംഗ് ആരംഭിച്ചുകഴിഞ്ഞിരുന്നു. വോട്ടെടുപ്പ് മികച്ച രീതിയില്‍ പുരോഗമിക്കുമ്പോള്‍ ഇതുവരെയുള്ള പോളിംഗ് 64.73 ശതമാനമാണ്. 2011 ലെ പോളിംഗ് 75.12 ശതമാനമായിരുന്നു. ഏറ്റവും കൂടുതല്‍ പോളിംഗ് കണ്ണൂരിലും ഏറ്റവും കുറഞ്ഞ പോളിംഗ് ഇടുക്കിയിലുമാണ്. മഴ ശക്തമാകാതിരുന്നത് ജനങ്ങളെ ദുരിതങ്ങളില്‍ നിന്ന് രക്ഷിച്ചു. തിരുവനന്തപുരത്ത് മഴക്കോള്‍ ഇടയ്ക്കിടെ മിന്നിമാഞ്ഞെങ്കിലും കാര്യമായ മഴ ഇതുവരെ പെയ്യാതിരുന്നത് എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും അനുഗ്രഹമായി.
 

 
തിരുവനന്തപുരം 61.7%, കൊല്ലം 63.9%, പത്തനംതിട്ട 60.99%, ആലപ്പുഴ 64.13%, കോട്ടയം 67.77%, ഇടുക്കി 59.07%, എറണാകുളം 64.47%, തൃശ്ശൂര്‍ 64.09%, പാലക്കാട് 64.53%, മലപ്പുറം 66.34%, കോഴിക്കോട് 66.05%, വയനാട് 66.84%, കണ്ണൂര്‍ 71.15%, കാസര്‍കോഡ് 65.2% എന്നീ നിലകളില്‍ പോളിംഗ് തുടരുന്നു. വടക്കന്‍ കേരളത്തില്‍ പോളിംഗില്‍ വന്‍മുന്നേറ്റം നടക്കുന്നുണ്ട്. ആദ്യ 8 മണിക്കൂറിനുള്ളില്‍ 51.89% പോളിംഗാണ് നടന്നത്. കള്ളവോട്ടുകളും ചില മണ്ഡലങ്ങളില്‍ നടക്കുന്നുണ്ടെന്ന് അഭ്യൂഹങ്ങളും ഇതിനിടെ പരന്നിരുന്നു. സുരക്ഷാക്രമീകരണങ്ങള്‍ ഇത്തവണ അതീവഫലവത്തായി എന്നാണ് സൂചന. ഇതിനിടയില്‍ കോഴിക്കോട് തിരുവമ്പാടി അടിവാരം ബൂത്തില്‍ കള്ളവോട്ട് ചെയ്യാനെത്തിയ ആള്‍ പിടിയിലായി. കാഞ്ഞിരംപറമ്പില്‍ സിദ്ദിഖിനെയാണ് കള്ളവോട്ടു ചെയ്തതിന് പോലീസ് പിടികൂടിയത്. നിലവില്‍ സമാധാനപരമായ രീതിയിലാണ് വോട്ടെടുപ്പ് നടക്കുന്നതെങ്കിലും ഒറ്റപ്പെട്ട അക്രമങ്ങള്‍ നടന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. തീരമേഖലകളിലും ഗ്രാമപ്രദേശങ്ങളിലും പോളിംഗില്‍ അപ്രതീക്ഷിത വര്‍ദ്ധനയുണ്ട്.
 

 
പ്രചാരണ സമയത്ത് ശക്തമായ പോരാട്ടം നടന്ന മണ്ഡലങ്ങളിലെല്ലാം പോളിംഗിലും മല്‍സര തീവ്രത പ്രകടമായി. നിലവില്‍ വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളാണ് പോളിംഗില്‍ മുന്നില്‍. മലപ്പുറത്ത് തീരദേശ മേഖലകളിലടക്കം സ്ത്രീകളുടെ നീണ്ട നിര ദൃശ്യമായിരുന്നു. പൊതുവെ വോട്ടെടുപ്പില്‍ കാര്യമായ ആവേശം കാണിക്കാത്ത കൊച്ചിയിലെ നഗര മേഖലകളിലും ഇത്തവണ വന്‍ തിരക്ക് പ്രകടമായിരുന്നു. താരപോരാട്ടം നടക്കുന്ന പത്തനാപുരമടക്കം കൊല്ലത്തിന്റെ മലയോര മേഖലകളില്‍ ആദ്യമണിക്കൂറില്‍ പോളിംഗ് മന്ദഗതിയിലായിരുന്നൂവെങ്കിലും പിന്നീട് നീണ്ട നിരകളിലൂടെ തിരക്ക് പ്രകടമായി.
 

 
ഒറ്റപ്പെട്ട ചില മണ്ഡലങ്ങളില്‍ വോട്ടിംഗ് യന്ത്രം പണിമുടക്കിയെങ്കിലും വേഗത്തില്‍ തകരാര്‍ പരിഹരിച്ച് വോട്ടിംഗ് സുഗമമാക്കി. ആധാര്‍ കാര്‍ഡൊഴിച്ച് മറ്റെല്ലാ രേഖകളും തിരിച്ചറിയല്‍ രേഖയായി ഹാജരാക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും തിരുവനന്തപുരത്തെ പല മണ്ഡലങ്ങളിലും ആധാര്‍ കാര്‍ഡ് രേഖയായി സ്വീകരിക്കപ്പെടുകയുണ്ടായി. വൈകിട്ട് ആറുമണിവരെയാണ് ഇത്തവണ വോട്ടെടുപ്പ്. ഉച്ചയ്ക്ക് ശേഷം മഴ ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ ജില്ലകളിലും രാവിലെ മുതല്‍ മൂന്നുമണി വരെ വോട്ടെടുപ്പിന് വന്‍തിരക്കനുഭവപ്പെട്ടു. ജനം വിധിയെഴുതുന്ന സമയങ്ങളിലും പതിവുപോലെ പാര്‍ട്ടിനേതാക്കളുടെ വിജയപ്രസ്താവനകള്‍ തുടരുന്നു.