മഹേഷിന്റെ പ്രതികാരവും ഒരു ഫെയ്‌സ് ബുക്ക് മാപ്പപേക്ഷയും.

10

maheshinte-prathikaram-movie-poster-8886
 
സിനിമ റിലീസ് ചെയ്ത് നാളുകളേറെ പിന്നിട്ടശേഷം സിനിമയുടെ വ്യാജന്‍ കണ്ട് കുറ്റബോധം തോന്നി നിര്‍മ്മാതാവിനുതന്നെ കത്തയക്കുന്നത് നമ്മള്‍ ഇതിനുമുന്‍പ് കേട്ടിട്ടില്ല. മലയാള സിനിമയില്‍ ഇതാദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു മാപ്പപേക്ഷ. മഹേഷിന്റെ പ്രതികാരം എന്ന സിനിമയുടെ വ്യാജന്‍ ഫെയ്‌സ് ബുക്കുവഴി കണ്ടതിന് മാപ്പുചോദിച്ചുകൊണ്ട് സിനിമയുടെ നിര്‍മ്മാതാവായ ആഷിഖ് അബുവിന് ആരാധകനയച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായത്. കാനഡയില്‍ താമസിക്കുന്ന ജെറി എന്ന ചെറുപ്പക്കാരന്‍ ഫെയ്‌സ് ബുക്കിലൂടെയാണ് ആഷിഖിന് മാപ്പപേക്ഷ അയച്ചത്. ആഷിഖ് ആ കുറിപ്പ് തന്റെ ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തു. ചിത്രം വളരെ നല്ലതാണെന്നും കാനഡയില്‍ താമസമാക്കിയ തനിക്ക് മലയാള ചിത്രങ്ങള്‍ കാണാന്‍ അടങ്ങാത്ത ആഗ്രഹമാണെന്നും യുവാവ് കുറിപ്പില്‍ പറയുന്നുണ്ട്. ബാങ്ക് അക്കൗണ്ട് നമ്പര്‍ തന്നാല്‍ ചിത്രം കണ്ടതിന് താന്‍ നല്‍കേണ്ട തുക കൈമാറാമെന്നും കുറിപ്പില്‍ പറയുന്നു. ചിത്രത്തിന്റെ പ്രതികരണമറിയിച്ചതിന് ആഷിഖ് അബു ജെറിയോട് നന്ദി രേഖപ്പെടുത്തുന്നുണ്ട്.

ആഷിഖ് അബു ഇത്തവണ നിര്‍മ്മാതാവിന്റെ റോളിലെത്തിയ സിനിമയായിരുന്നു തകര്‍പ്പന്‍ വിജയം നേടിയ മഹേഷിന്റെ പ്രതികാരം. ആഷിഖിന്റെ മുന്‍കാല സിനിമയിലൂടെ അസിസ്റ്റന്റായി വന്ന് നടനായി മാറിയ ദിലീഷ് പോത്തന്റെ കന്നി സംവിധാന സംരംഭം കൂടിയായിരുന്നു മഹേഷിന്റെ പ്രതികാരം. തുടര്‍ച്ചയായ പരാജയങ്ങളിലൂടെ ദീര്‍ഘനാള്‍ അപ്രത്യക്ഷനായിരുന്ന ഫഹദ് ഫാസിലിന്റെ തിരിച്ചുവരവും ഈ സിനിമയിലൂടെയായിരുന്നു. ഫഹദിനും ദിലീഷിനും ആഷിഖിനുമൊക്കെ വിജയത്തിന്റെ മധുരമേകിയ മഹേഷിന്റെ പ്രതികാരം ഇപ്പോഴും തിയറ്റര്‍ വിട്ടിട്ടില്ല. വ്യാജന്‍ നേരത്തെ ഇറങ്ങിയെങ്കിലും അധികം വിവാദങ്ങളൊന്നുമുണ്ടാക്കിയിരുന്നില്ല. ഈ സമയത്താണ് കാനഡയിലിരുന്നുകൊണ്ട് ഫെയ്‌സ് ബുക്ക് വഴി വ്യാജന്‍ കണ്ട് പശ്ചാത്താപവിവശനായ ജെറി നിര്‍മ്മാതാവിന് കത്തയക്കുന്നത്.

ആഷിഖ് ഷെയര്‍ ചെയ്ത ഫെയ്‌സ് ബുക്ക് കുറിപ്പ് വായിക്കാം.

‘ചേട്ടായ് എന്നോട് ക്ഷമിക്കണം ഞാന്‍ ‘മഹേഷിന്റെ പ്രതികാരം’ ഫെയ്‌സ് ബുക്കില്‍ കണ്ടു പോയി. പട്ടിണിയില്‍ ഇരിക്കുന്നവന്റെ മുന്‍പില്‍ പാല്‍പ്പായസം കൊണ്ട് വെച്ചതുപോലെ ആയിരുന്നു എന്റെ അവസ്ഥ. ഞാന്‍ കാനഡയില്‍ താമസിക്കുന്ന സ്ഥലത്ത് മലയാളം പടം കാണാനുള്ള സൌകര്യം ഇല്ല. അത്‌കൊണ്ടാണ് ഞാന്‍ കണ്ടുപോയത്. പക്ഷെ ചുമ്മാ വെറും ഊള പടം ആയിരുന്നെങ്ങില്‍ ഞാന്‍ ഈ message അയക്കില്ലായിരുന്നു. M.P ഞാന്‍ ഈ ഇടയ്ക്ക് കണ്ടത്തില്‍ ഏറ്റവും മികച്ച പടമാണ്. അത് കൊണ്ട് ഞാന്‍ ചേട്ടായിക്ക് പൈസ അയച്ചു തരാന്‍ തീരുമാനിച്ചു. ഞാന്‍ ‘ലീല’ ഓണ്‍ലൈനില്‍ കണ്ടപ്പോള്‍ $20 ആണ് പേ ചെയ്തത്. So if you please give me your bank account no, IFSC code and Branch no, i will send you the money. If you have any other way to pay you, that is more than welcome.
The movie was awesome.!!’

ഈ കുറിപ്പിന് ആഷിഖ് അബു Thank you Jerry.. എന്ന് മറുപടിയും കൊടുത്തു.

Write Your Valuable Comments Below