Share The Article

image

നമ്മുടെ പി.എസ്.സി പരീക്ഷകളും മെഡിക്കല്‍ – എഞ്ചിനീയറിംഗ് പരീക്ഷകളും ഉള്‍പ്പെടെ പല പരീക്ഷകളിലും ഏര്‍പ്പെടുത്തിയിട്ടുള്ള നെഗറ്റീവ് മാര്‍ക്ക് ഏതു കാലത്ത്, ഏത് ദേശത്ത് ഏതൊരാളുടെ തലയില്‍ ഏതവസ്ഥയില്‍ ഉദിച്ചതാണെങ്കിലും അതല്പം കടന്ന കൈയ്യായിപ്പോയി. അത് നമ്മുടെ നാട്ടിലും നടപ്പിലാക്കാന്‍ ഏതു കലത്ത് ഏതൊരാള്‍ക്ക് ഏതവസ്ഥയില്‍ തോന്നിയതാണെങ്കിലും അതും കടന്ന കൈയ്യായിപ്പോയി. വളരെ പാടു പെട്ട് തലപുണ്ണാക്കി പഠിച്ചു ചെന്ന് ഒരു മത്സരപ്പരീക്ഷയെഴുതുന്നവരെ വെറും കഴുതകളാക്കുന്ന ഈ ‘മൂ’ ഏര്‍പ്പാട് നിര്‍ത്തലാക്കേണ്ട കാലം കഴിഞ്ഞു!

ഒരു ചോദ്യത്തിനു ശരിയുത്തരം എഴുതുകയും അടുത്തൊരെണ്ണത്തിനു തെറ്റുത്തരം എഴുതുകയും ചെയ്താല്‍ ആ ഒന്നുമൊന്നും വെട്ടിപ്പോയി മാര്‍ക്ക് പൂജ്യമാകും. ഒരു ചോദ്യത്തിന് ശരിയുത്തരം എഴുകയും അതുമായി പുലബന്ധം പോലുമില്ലാത്ത മറ്റൊരു ചോദ്യത്തിന് തെറ്റുത്തരം എഴുതുകയും ചെയ്യുമ്പോള്‍ ആദ്യമെഴുതിയ ശരിയുത്തരം തെറ്റായി മാറുന്നതിന്റെ യുക്തി എന്തെന്ന് എത്രയാലോചിച്ചിട്ടും മനസിലാകുന്നില്ല. ശരികളെ ശരികളായും തെറ്റുകളെ തെറ്റുകളായും പ്രത്യേകം വേര്‍തിരിച്ച് കാണുന്നതിനു പകരം തെറ്റുകളെക്കൊണ്ട് ശരികളെ അവഗണിച്ച് അപമാനിക്കുന്നതെന്തിന്?

ഒരു മാങ്ങയെടുത്തു കാണിച്ചിട്ട് ഇതെന്താ എന്നു ചോദിക്കുമ്പോള്‍ ഇത് മാങ്ങയാണെന്ന്` ഒരാള്‍ ശരിയുത്തരം പറയുന്നു. പിന്നെയൊരു മൂങ്ങയെ എടുത്തു കാണിച്ചിട്ട് ഇതെന്താണെന്നു ചോദിക്കുമ്പോള്‍ അതേ ആള്‍ ഇത് തേങ്ങയാണെന്ന് തെറ്റായ ഉത്തരം പറയുന്നു. അപ്പോള്‍ ചോദ്യ കര്‍ത്താവ് പറയുകയാണ്, രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം മൂങ്ങയെന്നതിനു പകരം തേങ്ങയെന്നു പറഞ്ഞതിനാല്‍ ആദ്യം പറഞ്ഞ ശരിയുത്തരം മാങ്ങ, മങ്ങയല്ലാതാകുന്നു! മാങ്ങയുമല്ല, മൂങ്ങയുമല്ല, ഒരു തേങ്ങയുമല്ല, പൂജ്യമാണ് ശരി എന്നു വരുന്നു. ഇതൊക്കെ തനി ഭ്രാന്ത് എന്നല്ലാതെ എന്തു പറയാന്‍! ചുമന്നു മാറ്റണം നെഗറ്റീവ് മാര്‍ക്ക് എന്ന ഈ മു…മു… ‘മൂ’ ഏര്‍പ്പാട്!