Share The Article

10505096_921515347868593_7570935526493623501_o

ബൂലോകത്തിന് പ്രത്യേക രാഷ്ട്രീയ ശത്രുക്കളോ മിത്രങ്ങളോ ഇല്ല; ലേഖനം ലേഖകന്റെ വീക്ഷണത്തിലൂടെ ആയിരിക്കും: എഡിറ്റര്‍

കെ എം മാണി വിഷയത്തില്‍ ഒരു ലീഗുകാരന്റെ നിലപാട് എന്ന ലേഖനത്തിനുള്ള മറുപടിയാണ് ഈ ലേഖനം. എഴുതിയത് ഷഹീന്‍ എം സി

കെ എം മാണിക്ക് അനുകൂലമായ നിലപാട് മുസ്ലിം ലീഗ് സ്വീകരിച്ചതും നിയമസഭയില്‍ ഇടത് എം എല്‍ എ മാരുടെ ആക്രമണത്തില്‍ നിന്ന് മാണിക്ക് സംരക്ഷണം നല്‍കിയതും വിമര്‍ശിക്കാന്‍ ചരിത്രത്തെ വളച്ചൊടിക്കുന്നത് ശരിയല്ല. ആര്‍ക്കെങ്കിലും ലീഗ് തീരുമാനത്തെ എതിര്‍ക്കണമെങ്കില്‍ അതാവാം, അതിന് ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കരുത്. അതിന് തെളിവായി എം ഐ തങ്ങളേയും എം സി വടകരേയും പോലെയുള്ള ലീഗ് എഴുത്തുകാരെ തെറ്റായി ഉദ്ദരിക്കരുത്.

കെ കരുണാകരന്‍, എ കെ ആന്റണി, അന്ന് ഐക്യമുന്നണിക്കൊപ്പം ഉണ്ടായിരുന്ന സി പി ഐയിലെ പി കെ വാസുദേവന്‍ നായര്‍ തുടങ്ങിയ മൂന്ന് മുഖ്യമന്ത്രിമാര്‍ തുടരെ തുടരെ രാജിവെക്കുകയും ചെയ്തപോള്‍ ഉരിത്തിരിഞ്ഞ രാഷ്ട്രീയ അനിശ്ചിതത്വം മറികടന്നാണ് സി എച്ച് മുഹമ്മദ് കോയ കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്നത്.

അന്ന് കെ എം മാണി, സര്‍വാദരണീയനായ സി എച്ച് നേത്രുത്വം നല്‍കിയിരുന്ന മന്ത്രിസഭക്കുള്ള പിന്തുണ പിന്‍വലിച്ച് മുന്നണി മാറി സി പി എമ്മിനൊപ്പം പ്രതിപക്ഷത്ത് ചേര്‍ന്നു. പക്ഷെ, മാണിയുടെ കൂറ് മാറ്റം മന്ത്രിസഭ മറിച്ചിടാനുള്ള ഭൂരിപക്ഷം പ്രതിപക്ഷത്തിന് നേടി കൊടുത്തിരുന്നില്ല. അതിനു ശേഷം എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രെസ്സ് (യു) പിന്തുണ പിന്‍വലിച്ചതാണ് സി എച്ച് മന്ത്രിസഭയെ ശരിക്കും പ്രതിസന്ധിയിലാക്കിയത്. അന്ന് ലീഗ് നയിക്കുന്ന സര്‍ക്കാറിനെ താഴെ ഇറക്കാന്‍ ചരട് വലിച്ചതും തന്ത്രങ്ങള്‍ മെനഞ്ഞതും എ കെ ആന്റണിയായിരുന്നു. അന്നത്തെ ലീഗ് എഴുത്തുകാര്‍ ചതിയനും വഞ്ചകനുമായി പറഞ്ഞത് സാക്ഷാല്‍ അറക്കപറമ്പില്‍ കുര്യന്‍ ആന്റണി എന്ന കുടില തന്ത്രജ്ഞനെയായിരുന്നു. അന്ന് സി എച്ച് മന്ത്രിസഭയെ താഴെ ഇറക്കുന്ന കാര്യത്തില്‍ കാര്യമായ റോള്‍ മാണിക്ക് ഇല്ലായിരുന്നു. കോണ്‍ഗ്രെസ്സിനെ പിളര്‍ത്തി ഇടത് ആലയില്‍ കൊണ്ട് പോയി കെട്ടിയ ആന്റണിയെയായിരുന്നു അന്ന് അതിന്റെ പേരില്‍ കുറ്റപ്പെടുത്തിയത്.

തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ ആന്റണി ഗ്രൂപ്പും മാണി കോണ്‍ഗ്രെസ്സും സി പി ഐയും ഒരുമിച്ച് ഇടതുപക്ഷതെത്തുകയും നായനാര്‍ മുഖ്യമന്ത്രിയാവുകയും ചെയ്തു. സി എച്ച് മന്ത്രിസഭക്ക് പാലം വലിച്ചത് മാണിയല്ല, മറിച്ച് എ കെ ആന്റണിയാണ് എന്ന ചരിത്ര സത്യം ഒളിപ്പിച്ച് വെച്ച്, ആ പാപം മാണിയുടെ തലയില്‍ മാത്രം കൊണ്ട്‌പോയി ചാര്‍ത്തുന്നത് ശരിയല്ല. അതിന് പ്രതികാരമായി ലീഗ് എം എല്‍ എ മാര് ഇന്ന് മാണിയെ പിന്തുണക്കരുത് എന്ന് പറയുന്നത് എത്ര വിഡ്ഢിത്തമാണ്. സി എച്ച് മന്ത്രിസഭ തകരാന്‍ പ്രധാന കാരണക്കാരനായ എ കെ ആന്റണിക്ക് മുസ്ലിംലീഗിന്റെ പൊന്നാപുരം കോട്ടയായ തിരൂരങ്ങാടി സീറ്റ് നല്‍കി മുഖ്യമന്ത്രിയാക്കിയത് മറന്നു പോവരുത്. ലീഗ് പിന്നീട് എ കെ ആന്റണിയെ പിന്തുണച്ചതും മറന്നു പോവരുത്. മാറി വരുന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍ പരസ്പരം കൊണ്ടും കൊടുത്തും തല്ലിയും തലോടിയും മുന്നണി മാറിയും മറിഞ്ഞും തന്നെയാണ് എല്ലാ പാര്‍ടികളും രാഷ്ട്രീയ ഗോദയില്‍ നിറഞ്ഞു കളിച്ചത്. അതില്‍ മാണി മാത്രമല്ല മുന്നണിമാറ്റക്കാരനായി ഉണ്ടായിരുന്നത്.

എ കെ ആന്റണി ഉള്ളില്‍ നിന്ന് കരുനീക്കം നടത്തുന്നത് മണത്തറിഞ്ഞ സി എച്ച് മുഖ്യമന്ത്രിയുടെ അധികാരം ഉപയോഗിച്ച് നിയമസഭ പിരിച്ചു വിടാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുകയായിരുന്നു. മാണിയെ മുന്നില്‍നിര്‍ത്തി ബദല്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഇടതുപക്ഷം നടത്തിയ ശ്രമം പൊളിഞ്ഞത് അങ്ങനെയാണ്. സി എച്ചിന് അതിന് വേണ്ട സര്‍വ പിന്തുണയും നല്‍കിയ സീതിഹാജി, പുതിയ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ വേണ്ടി പോകുന്ന മാണിയെ നോക്കി, ‘മാണിയേ ഇനി അങ്ങോട്ട് പോണ്ട. നിയമസഭതന്നെ ഞങ്ങള് പിരിച്ചു വിട്ടേക്ക്ണ്’ എന്ന് പറഞ്ഞു. ആ പക മനസ്സില്‍ കൊണ്ട് നടന്ന മാണി പിന്നീട് കരുണാകരന്‍ മന്ത്രിസഭ വന്നപ്പോള്‍ ലീഗ് മന്ത്രിമാരില്‍ സ്വാധീനം ചെലുത്തി സീതിഹാജി മന്ത്രിയാകുന്നത് തടഞ്ഞുവത്രേ. എത്ര വിചിത്രമായ വാദമാണിത്!! എന്നിട്ടും കരുണാകരന്‍ ചീഫ് വിപ്പ് സ്ഥാനം നല്‍കിയപ്പോഴാണ് സീതി ഹാജി പറഞ്ഞത് ‘പാര്‍ടി എന്നെ ചീപ്പാക്കി, ലീഡര്‍ എന്നെ വിപ്പാക്കി’ എന്നത്.

നര്‍മത്തിന്റെ രാജകുമാരനായ സീതിഹാജിയുടെ ആ പ്രസ്താവന പാര്‍ടി വിരുദ്ധമായ ഒന്നാണെന്ന് ചരിത്രത്തില്‍ ആരും ഇന്നുവരെ വായിച്ചിട്ടില്ല. സീതിഹാജി ഈ പ്രസ്താവന നടത്തിയത് കോഴിക്കോട് ലീഗ് പൊതുയോഗത്തില്‍ വെച്ചാണ് എന്നെങ്കിലും മനസ്സിലാക്കൂ. സീതിഹാജിയുടെ പേരില്‍ ഉള്ളതും ഇല്ലാത്തതും സത്യവും അര്‍ദ്ധസത്യവും കൂട്ടികുഴച്ച് പലരും തമാശകള്‍ ഉണ്ടാക്കിയിട്ടുണ്ട്. സീതി ഹാജി തമാശകള്‍ തന്നെ മലബാറില്‍ പ്രചരിച്ച കാലമുണ്ടായിരുന്നു. പക്ഷെ, ഒന്ന് പോലും പാര്‍ടി വിരുദ്ധമായിരുന്നില്ല. മന്ത്രിസ്ഥാനം നല്‍കാത്ത ലീഗിനെ സീതിഹാജി ഒരിക്കലും കുറ്റംപറഞ്ഞിട്ടില്ല. ലീഗില്‍ ആര്‍ക്കൊക്കെ മന്ത്രിസ്ഥാനം കൊടുക്കണം എന്ന് തീരുമാനിക്കുന്നത് കെ എം മാണിയുമല്ല.

രാഷ്ട്രീയത്തില്‍ വിവിധ ഘട്ടങ്ങളില്‍ മുന്നണി മാറിയും പുതിയ കക്ഷികളെ മുന്നണിയില്‍ ചേര്‍ത്തും ഇടതും വലതും ഭരിച്ചിട്ടുണ്ട്. അന്ന് രാഷ്ട്രീയ കാരണങ്ങളാല്‍ കൊമ്പ്‌കോര്‍ത്തവര്‍ പിന്നീട് ഉറ്റ മിത്രങ്ങളായി മാറിയിട്ടുണ്ട്. നാളെ തിരിച്ചും സംഭവിക്കാം. മുമ്പത്തെ രാഷ്ട്രീയ പക മനസ്സില്‍ സൂക്ഷിച്ച് ലീഗ് ആരോടും വൈരാഗ്യം തീര്‍ക്കാറില്ല. അതൊരു രാഷ്ട്രീയ മാന്യതയുമല്ല. മാണിയെ എതിര്‍ക്കാന്‍ ലീഗ് ചരിത്രത്തെ വളച്ചൊടിക്കാതെ മറ്റു വല്ല മാര്‍ഗവും നോക്കുന്നതാണ് നല്ലത്.