Share The Article

1ശീതീകരിച്ച മുറിയില്‍ മൂടിപ്പുതച്ചുള്ള മയക്കത്തില്‍ നിന്നും അതിരാവിലെയുണര്‍ന്നത് മൊബൈല്‍ ഫോണിന്റെ നിലയ്ക്കാത്ത ശബ്ദം കേട്ടായിരുന്നു.

‘മുജീബിനു നിന്നെ അവസാനമായി കാണണമെന്നു .അധികം വൈകാതെ വരില്ലേ ?’.ഫോണിനു മറുതലയ്ക്കല്‍ ജയില്‍ ഓഫീസര്‍ അലി ഹസ്സന്‍ ആയിരുന്നു .എല്ലാം നിര്‍വ്വികാരനായി മൂളികേള്‍ക്കാനേ അപ്പോള്‍ കഴിഞ്ഞുള്ളൂ .ഇനി ജീവനോടെ അവനെ കാണാനുള്ള അവസാന അവസരമാകുമോ ഇത് ? ആവരുതേയെന്നു മനസ്സില്‍ ഇതിനകം പലതവണ പറഞ്ഞു കഴിഞ്ഞു . മറിച്ചൊരത്ഭുതം പ്രതീക്ഷകള്‍ക്കുമപ്പുറമാണ് .

കാര്‍ സ്റ്റാര്‍ട്ടാക്കി സെന്‍ട്രല്‍ ജയിലിലേക്ക് കുതിക്കുമ്പോഴേക്കും വീശിയടിക്കുന്ന മണല്‍ കാറ്റ് അന്തരീക്ഷം പൊടിപടലമാക്കിയിരുന്നു .അസഹനീയമായ ഉഷ്ണത്തില്‍ നിന്നും തണുപ്പിലേക്ക് മാറാനുള്ള പ്രകൃതിയുടെ പുറപ്പാടാണെന്നു തോന്നുന്നു ഈ മണല്‍ കാറ്റ് , .മുന്നോട്ട് കുതിക്കുംതോറും കാറ്റിനും ശക്തി കൂടുന്നു ,കഷ്ട്ടിച്ച് മൂന്നു മീറ്ററിലധികം ദൂരം, കാഴ്ച ദുഷ്‌കരം തന്നെ ,എങ്കിലും മുജീബിനെ കാണാനായുള്ള യാത്ര പാതി വഴിയില്‍ ഉപേക്ഷിക്കാന്‍ കഴിയില്ല.

‘ഇന്നും കൂടിയേ നിനക്കവനെ കാണാന്‍ സാധിക്കൂ ,ഇനി ഒരു പക്ഷെ ,അതിനു കഴിഞ്ഞെന്നു വരില്ല ..അവനെ കാണാനുള്ള രേഖകളൊക്കെ ഞാന്‍ ശെരിയാക്കിയിട്ടുണ്ട്’. .

അലീഹസ്സന്റെ വാക്കുകള്‍ വീണ്ടും ഓര്‍മ്മവന്നു .മുജീബിനെ മാത്രമല്ലല്ലോ കാണേണ്ടത് ഹഫ്‌സ യും ഉണ്ട് .അവളെ കാണുമ്പോള്‍ എല്ലാ ധൈര്യവും ചോര്‍ന്നു പോകരുതേ എന്ന് മാത്രമായിരുന്നു പ്രാര്‍ത്ഥന. !!

ഒരിക്കല്‍ സിറ്റിയില്‍ നിന്നും അകലെയുള്ള ഒരുള്‍ഗ്രാമത്തില്‍ ജോലി തീര്‍ത്തു ധൃതിയില്‍ മടങ്ങുമ്പോഴായിരുന്നു മുജീബിനെ ഞാനാദ്യമായി കാണുന്നത്. നട്ടുച്ചനേരത്ത് വഴിയില്‍ ബ്രേക്ക് ഡൌണായ പിക്കപ്പ് വാന്‍ ഹസാര്‍ഡ് സിഗ്‌നലിട്ട് അത് വഴി കടന്നു പോകുന്ന വാഹനങ്ങളുടെ നേര്‍ക്ക് പ്രതീക്ഷയോടെ കൈകാണിക്കുകയായിരുന്നു അയാള്‍. വളരെ ദൂരെ നിന്നുതന്നെ ഞാനയാളെ ശ്രദ്ധിച്ചിരുന്നു ,അടുത്തെത്തിയപ്പോഴാണ് അതൊരു മലയാളിയാണന്ന് മനസ്സിലായത്. കാര്‍ വേഗതകുറച്ചു റോഡരികിലേക്ക് ഒതുക്കി നിര്‍ത്തി. ഏറെ പരിശ്രമത്തിനൊടുവില്‍ ഒരു ആശ്വാസം കിട്ടിയ സന്തോഷത്തിലയാള്‍ കാറിനടുത്തേക്ക് ഓടി വന്നു .

‘വാന്‍ ബ്രേക്ക് ഡൌണായി കുറെ നേരമായി ഈ വഴിയില്‍ നില്‍ക്കുന്നു ,ഞാനും കൂടി വരട്ടെ ?’

എന്റെ അനുമതിക്ക് കാത്തു നില്‍ക്കാതയാള്‍ ഡോര്‍ തുറന്നു കാറില്‍ കയറി. ഞാന്‍ പോയ അതേ ഗ്രാമത്തിലേക്ക് തന്നെയായിരുന്നു അയാള്‍ക്കും പോകേണ്ടിയിരുന്നത്. വഴിക്ക് വെച്ച് വാഹനം കേടുവരികയായിരുന്നു. .രാജ്യത്തിന്റെ ഒരറ്റത്തു നിന്നും ആയിരം കിലോമീറ്റര്‍ അകലെയുള്ള പട്ടണത്തിലേക്ക് സ്‌റ്റേഷനറി സാധനങ്ങള്‍ വില്‍ക്കുകയാണ് ജോലി. ഇടക്കുള്ള ഇത്തരം ഗ്രാമങ്ങളിലും സിറ്റികളിലുമൊക്കെ കച്ചവടം നടത്തുന്നു. ഇത്രയും കാര്യങ്ങള്‍ ചോദിക്കാതെ തന്നെ അയാളെന്നോട് പറഞ്ഞു .

പത്തുവര്‍ഷമായി മുജീബ് പ്രവാസം തുടങ്ങിയിട്ട്. അതിനിടയില്‍ ഒരിക്കല്‍ നാട്ടില്‍ പോയി ,പെങ്ങളുടെ വിവാഹവും തന്റെ വിവാഹവും കഴിഞ്ഞു, ആറുമാസത്തെ അവധിക്ക് ശേഷം വീണ്ടും പ്രവാസത്തിലേക്ക്. ഉമ്മയും ഉപ്പയും, രണ്ടു അനിയന്‍മാരും ഒരു അനിയത്തിയുമുള്ള കുടുംബം മുതിര്‍ന്നയാളായത് കൊണ്ട് ഉത്തരവാദിത്വം മുഴുവന്‍ തന്റെ തലയില്‍ .കമ്പനിയില്‍ നിന്നും കിട്ടുന്ന തുച്ചമായ വരുമാനം കൊണ്ട് തല്‍ക്കാലം കുടുംബം കഴിഞ്ഞു പോകുന്നു. ഇതൊക്കെയായിരുന്നു മുജീബ് എനിക്ക് തന്ന ചിത്രം ,

പരിചയമുള്ള ഒരു വര്‍ക്ക് ഷോപ്പില്‍ മുജീബിനെ ഇറക്കി ഞാന്‍ യാത്ര പറയുമ്പോള്‍ അതോടെ ആ ബന്ധം തീര്‍ന്നുവെന്നായിരുന്നു കരുതിയത്. മുജീബിന്റെ മൊബൈല്‍ നമ്പര്‍ വാങ്ങാനോ പുതിയൊരു സൗഹൃദം കൂടി തുടങ്ങാനോ എന്തോ എനിക്കപ്പോള്‍ തോന്നിയില്ല .

വെള്ളിയാഴ്ച വീണു കിട്ടിയ ഒരവധി നുണയാന്‍ കടല്‍ക്കരയില്‍ കാറ്റ് കൊള്ളുമ്പോഴാണ് ഞാന്‍ അവിചാരിതമായി മുജീബിനെ വീണ്ടും കാണുന്നത് , കടല്‍ക്കരയോട് ചേര്‍ന്നുള്ള കോഫീ ഷോപ്പിലേക്കാവശ്യമായ സാധനങ്ങള്‍ വില്‍ക്കാന്‍ വന്നതായിരുന്നു അയാള്‍. ഒരു കോഫിക്ക് കൂടി ഓര്‍ഡര്‍ നല്‍കി അവനും കൂടെ കൂടി. അതൊരു പുതിയ ചാങ്ങാത്തത്തിന്റെ തുടക്കമായിരുന്നു. നാടിനെക്കുറിച്ചും പ്രവാസത്തെക്കുറിച്ചുമൊക്കെ ഞങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായി. അന്നത്തെയാ കൂടിക്കാഴ്ച അവസാനിച്ചത് എന്റെ ഫ്‌ലാറ്റിലെത്തി ഒന്നിച്ചുള്ള ഭക്ഷണത്തോടെയായിരുന്നു.

പിന്നീടുള്ള എല്ലാ യാത്രയിലും ഞങ്ങള്‍ തമ്മില്‍ കണ്ടിരുന്നു. സിറ്റിയില്‍ ഞങ്ങള്‍ക്ക് കിട്ടാത്ത സാധനങ്ങള്‍ വാങ്ങി കൊണ്ട് വരും മുജീബ്. അടുത്ത വരവില്‍ മുജീബിനെ കൊണ്ട് പട്ടണത്തില്‍ നിന്നും വാങ്ങിക്കാനുള്ള സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കല്‍ ശ്രീമതിയുടെ പതിവായി. മുജീബുവന്നാല്‍ പിന്നെ മോള്‍ക്കും പെരുന്നാളാണ്. അവള്‍ക്ക് കൈ നിറയെ ചോക്ലേറ്റും മിട്ടായിയും കിട്ടും.വന്നാല്‍ പിന്നെ പോവുന്നത് വരെ അവളെ കഥകള്‍ പറഞ്ഞും മടിയിലിരുത്തിയും കളിപ്പിക്കും ,യാത്ര പറഞ്ഞു പോയാല്‍ പിന്നെ അടുത്ത വരവിനായി മോള്‍ ‘മുജിയങ്കിള്‍’ വരുന്ന ദിനമെണ്ണി കാത്തിരിക്കും .

ഒരു സന്തോഷവാര്‍ത്തയുമായാണ് പിന്നീട് മുജീബെന്നെ കാണുന്നത്. ജീവിത സഖി ഹഫ്‌സ ക്ക് ഫാമിലി വിസ ശരിയായി എന്നും ഉടന്‍ എത്തും എന്ന് പറയുമ്പോള്‍ മുഖത്തെ സന്തോഷം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. കല്യാണം കഴിഞ്ഞിട്ടും സ്വന്തമായി തലോലിക്കാനൊരു പിന്‍ഗാമിയെ പടച്ചവന്‍ നല്‍കിയില്ല എന്ന ഹഫ്‌സ യുടെ മനസ്സിലെ വിങ്ങലിനു കുറെ ആശ്വാസമാകും അതെന്നു എനിക്കും തോന്നി. താനിപ്പോള്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്ന കമ്പനി മാറി പുതിയൊരാളുമായി ഇതേ ജോലി പങ്കു കച്ചവടമായി തുടങ്ങാന്‍ പോകുന്നുവെന്നും അത് ഇപ്പോഴുള്ള സാമ്പത്തിക വരുമാനം കൂട്ടും എന്നൊക്കെ പറഞ്ഞായിരുന്നു അന്ന് മുജീബ് സലാം ചൊല്ലി പിരിഞ്ഞത് .

ഹഫ്‌സ വന്നതോടെ ഞാനും മുജീബുമായുള്ള കൂടിക്കാഴ്ചയും കുറഞ്ഞു വന്നു ,വല്ലപ്പോഴും ഒരു ഫോണ്‍കാള്‍, അല്ലെങ്കില്‍ എവിടെയെങ്കിലും വെച്ച് കുറഞ്ഞ സമയത്തില്‍ ഒരു കൂടിക്കാഴ്ച. എങ്കിലും ശ്രീമതിയും ഹഫ്‌സയും തമ്മില്‍ ഫോണില്‍ കൂടി സംസാരിക്കാത്ത ദിനങ്ങള്‍ കുറവായിരുന്നു.

ഒരു പെരുന്നാള്‍ ദിനത്തില്‍ ഞങ്ങളുടെ അതിഥികളായി വന്നത് ഹഫ്‌സയും മുജീബുമായിരുന്നു .എല്ലാ തിരക്കും മാറ്റിവെച്ചു അവധി ആഘോഷിക്കാന്‍ അവരും കൂടി ,നാട്ടു വിശേഷവും വീട്ടു വിശേഷവും ചര്‍ച്ചക്ക് വന്നപ്പോഴായിരിന്നു, മുജീബ് താന്‍ നാട്ടില്‍ വാങ്ങിയ സ്ഥലത്തെക്കുറിച്ചും അതില്‍ അയ്യായിരം സ്‌ക്ക്വയര്‍ ഫീറ്റില്‍ പണിയാന്‍ പോകുന്ന വീടിനെ കുറച്ചുമൊക്കെ പറയുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് മുജീബ് ഒരു പാട് സമ്പാദിച്ചു എന്നത് എന്നില്‍ കൌതുകമുണ്ടാക്കിയെങ്കിലും അതെല്ലാം പുതുതായി തുടങ്ങിയ ബിസ് നെസ്സില്‍ നിന്നാകുമെന്ന് ശ്രീമതിയെക്കൂടി വിശ്വസിപ്പിച്ചു. കൂടുതല്‍ അവരുടെ സ്വാകാര്യതയിലേക്ക് കടക്കാന്‍ എന്തോ എനിക്ക് താല്‍പര്യം തോന്നിയില്ല .

അപ്രതീക്ഷിതമായ ഒരു വാര്‍ത്തയുമായിരുന്നു ആ ദിനമെന്നെ തേടി വന്നത്. മുജീബിനെയും ഹഫ്‌സയെയും ഞങ്ങളുടെ സിറ്റിക്കടുത്ത ചെക്ക് പോയന്റ് ല്‍ നിന്നും പോലീസ് പിടിച്ചുവെന്നും ഉടന്‍ എത്തണമെന്നുമായിരിന്നു ഉള്ളടക്കം .എല്ലാമിട്ടെറിഞ്ഞു കുതിക്കുകയായിരുന്നു പോലീസ് സ്‌റ്റേഷനിലേക്ക്. അന്വേഷണത്തില്‍ നിന്നും നര്‍ക്കോട്ടിക് സെല്ലിന്റെ കസ്റ്റഡിയിലാണ് രണ്ടുപേരും എന്ന് മനസ്സിലായി. അതിര്‍ത്തി രക്ഷാ സേനയുടെ കണ്ണ് വെട്ടിച്ചു യമനികളെ ത്തിക്കുന്ന മയക്കുമരുന്ന് അടുത്ത സിറ്റിയിലെത്തിക്കാന്‍ ശ്രമിച്ചു എന്നുതായിരുന്നു കുറ്റപത്രം. കര്‍ശന നിയമങ്ങള്‍ പാലിക്കുന്ന ഒരു നാട്ടില്‍ മയക്ക് മരുന്ന് കടത്താന്‍ ശ്രമിച്ചാല്‍ മരണത്തില്‍ കുറഞ്ഞു ഒരു ശിക്ഷയുമില്ല എന്നറിഞ്ഞിട്ടും എന്നെക്കാള്‍ കൂടുതല്‍ ലോകപരിചയവും അനുഭവവുമുള്ള മുജീബ് എന്തിനായിരിക്കും ഇത്തരം ഒരു സാഹസം കാണിച്ചത് .??

ചിന്തകളില്‍ നിന്നുമുണര്‍ന്നതു വീണ്ടും മൊബൈല്‍ ചിലച്ചപ്പോഴായിരുന്നു.
‘നീ എത്താറായോ ?.അലി ഹസന്‍ വീണ്ടും എന്റെ വരവിനെക്കുറിച്ച് അന്വേഷിക്കുകയാണ്.
‘പൊടിക്കാറ്റാ അലി , ,അഞ്ചു മിനിട്ടിനകം ഇന്ഷാ അള്ളാ അവിടെയെത്തും’
‘ശെരി ശെരി വേഗം വാ ഞാന്‍ കാത്തിരിക്കാം ‘

ജയില്‍ വാതിലിനു മുമ്പില്‍ തന്നെ അലി കാത്തിരിക്കുന്നുണ്ടായിരുന്നു. ബന്ധവസ്സാക്കിയ ഗെയ്റ്റിലെ കിളിവാതില്‍ തുറന്നു പോലീസുകാരന്‍ ഞങ്ങളെ നോക്കി ,പിന്നീട് തിരിച്ചറിയല്‍ കാര്‍ഡു വാങ്ങി അകത്തേക്ക് വിട്ടു .ഇതിപ്പോള്‍ പലതവണ മുജീബിനെ കാണാന്‍ ഞാന്‍ വന്നിട്ടുണ്ട്. അത് കൊണ്ടാവാം കൂടുതല്‍ സുരക്ഷാ പരിശോധനയില്ലാതെ പെട്ടന്നു അലി ഹസ്സന്റെ കൂടെ സന്ദര്‍ശന ഹാളിലെത്താന്‍ കഴിഞ്ഞത്.

‘ഇരിക്കൂ ഞാനിപ്പോള്‍ വരാം ‘

അലി എന്നെ അവിടെവിട്ടിട്ടു മറ്റൊരു ഓഫീസിലേക്ക് പോയി. തനിച്ചായപ്പോള്‍ വീണ്ടും ഞാന്‍ മുജീബിനെക്കുറിച്ച് ഓര്‍ത്തു. മഹാനഗരത്തിലേക്ക് മയക്കു മരുന്ന് കടത്തുന്ന ഒരു വലിയ റാക്കറ്റിന്റെ കണ്ണിയായതാണ് അയാള്‍ക്ക് ഈ വലിയ ദുരന്തം വരാനിടയായത്. എളുപ്പം പണമുണ്ടാക്കാനുള്ള ബുദ്ധി ഉപദേശിച്ചത് അയാളുടെ പുതിയ പങ്കു കച്ചവടക്കാരനായിരുന്നുവത്രേ. സ്ത്രീകള്‍ കൂടെയുള്ളപ്പോള്‍ ചെക്ക് പോസ്റ്റുകളില്‍ അധികം പരിശോധനയുണ്ടാവില്ല എന്ന ധാരണയിലായിരുന്നു ഹഫ്‌സയെ ഓരോ യാത്രയിലും അയാള്‍ കൂടെ ക്കൂട്ടിയിരുന്നത്. മുജീബിന്റെ യാത്രയില്‍ കൂട്ട് പോവുക എന്നതില്‍ കവിഞ്ഞു ഒരു പാവം നാട്ടിന്‍പുറത്തുകാരിക്ക് ഒന്നും അറിയില്ലായിരുന്നു. അവളുടെ നിരപരാധിത്വം പല തവണ തെളിയിക്കാന്‍ അവസരമുണ്ടായിട്ടും എന്തോ ഹഫ്‌സ കോടതിയില്‍ കുറ്റം നിഷേധിക്കുകയോ വിധിയില്‍ ആശങ്കപ്പെടുകയോ ചെയ്തില്ല. താന്‍ അറിയാതെ തന്നെയൊരു കാരിയര്‍ ആയി ഭര്‍ത്താവുതന്നെ ഉപയോഗിച്ചിട്ടും അയാളെ ഒന്ന് തള്ളിപ്പറയാന്‍ പോലും അവള്‍ മിനക്കെട്ടില്ല .

‘വരൂ .നേരെ പോയി മൂന്നാമത്തെ ബ്ലോക്കില്‍ ഒന്നാം നമ്പര്‍ മുറിയിലാണ് ഇപ്പോള്‍ മുജീബ് ,പൊയ്‌ക്കോളൂ’ !

അലി കാണിച്ചു തന്ന വഴിയെ തനിച്ചു നടക്കുമ്പോള്‍ കൈകാലുകള്‍ വിറക്കുന്നുണ്ടായിരുന്നു. ഇത് മുജീബിന്റെ പുതിയ വാസം. ഈ ബ്ലോക്കില്‍ പോയി തിരിച്ചു വരുന്ന സന്തര്‍ഷകരൊന്നും പ്രസന്നരായി വരാറില്ല. ഒന്നു മുതല്‍ അഞ്ചു വരെയുള്ള സെല്ലുകളിലുള്ളവര്‍ മരണം കാത്തു കിടക്കുന്നവരാണ്. ഒന്നാം നമ്പര്‍ സെല്ലിലെയാള്‍ ഇഹലോകം വെടിഞ്ഞാല്‍ അടുത്ത സെല്ലിലുള്ളവര്‍ ഈ കൂട്ടിലേക്ക് കൂടുമാറും. അഞ്ചാം സെല്ലില്‍ നിന്നും മുജീബ് ഇപ്പോള്‍ ഒന്നാം നമ്പറിലെത്തിയിരിക്കുന്നു. ഇനി ഏറിയാല്‍ എഴുപത്തി രണ്ടു മണിക്കൂറില്‍ കൂടുതല്‍ എന്റെ കൂട്ടുകാരനും കൂട്ടുകാരിയും എനിക്കൊപ്പമുണ്ടാവില്ലല്ലോ റബ്ബേ.

അവസാനത്തെ പരിശോധനയും കഴിഞ്ഞു ഞാന്‍ മുജീബ് ന്റെ സെല്ലിലെത്തിയപ്പോള്‍ ,സെല്ലില്‍ വിശുദ്ധ ഗ്രന്ഥം പാരായണം ചെയ്യുകയായിരുന്നു മുജീബ്. എന്നെ കണ്ടപ്പോള്‍ ഗ്രന്ഥം മടക്കി വെച്ച് അടുത്ത് വന്നു. ഇനി എത്രനാള്‍ നിന്നെയെനിക്ക് കാണാനാവും. മുജീബ് നിന്നോട് പറയാന്‍ എനിക്ക് പലതുമുണ്ട് .ഇത്രയും നമ്മള്‍ തമ്മില്‍ അടുത്തിട്ടും എല്ലാം എന്നില്‍ നിന്നും മറച്ചു വെച്ചതിന് ഒന്നു മറിയാത്ത ഹഫ്‌സയെയും നിന്റെ കൂടെ മരണത്തിലേക്ക് തള്ളിവിട്ടതിന്. ഒരു കുടുംബം അനാഥമാക്കിയതിന്. അങ്ങിനെ ഒരു പാട് ,.എന്നാല്‍ വാക്കുകള്‍ മനസ്സില്‍ കിടന്നു തിളക്കുകയല്ലാതെ ഒന്നും പുറത്തു വന്നില്ല.

പതിവിലേറെ പ്രസന്നമായിരുന്നു അയാളുടെ മുഖം .ജീവിതത്തിനും മരണത്തിനുമിടയിലുള്ള മണിക്കൂറുകളെണ്ണി കഴിയുന്ന ഒരാള്‍ എന്ന് തോന്നുകയേ ഇല്ല .മോളെ കുറിച്ചും കുടുംബത്തെ ക്കുറിച്ചും പതിവുപോലെ എന്തൊക്കെയോ ചോദിക്കുന്നു .അയാളുടെ ചോദ്യങ്ങള്‍ക്ക് മൂളിയും പരസ്പര ബന്ധമില്ലാതെയും ഞാന്‍ എന്തൊക്കെയോ മറുപടി നല്‍കി സലാം ചൊല്ലി യാത്ര പറയുമ്പോള്‍ മുജീബ് പറഞ്ഞു.

‘നിന്ന നില്‍പ്പില്‍ മനുഷ്യന്‍ മരിക്കുന്നു ,ഒരു പക്ഷെ എന്നെക്കാള്‍ മുന്നേ ഈ ലോകം വിടുന്നത് നീ യായിരിക്കും .എങ്കില്‍ നിനക്ക് അവസാനമായി എന്ത് ആഗ്രഹമാണ് മറ്റുള്ളവരോട് പറയാനുണ്ടാവുക ? ഇതും അത്രയേ ഉള്ളൂ ,എന്നെ കുറിച്ചോര്‍ത്തു സങ്കടപ്പെടുകയോ കരയുകയോ ചെയ്യരുത് .’ ഒന്നിനും മറുപടി പറയാതെ അവിടെ നിന്നും പുറത്തിറങ്ങി.

ഒരു മണിക്കൂര്‍ കാത്തിരിപ്പിന് ശേഷമാണ് ഹഫ്‌സയെ കണ്ടത് . മുജീബില്‍ കണ്ട ധൈര്യമൊന്നും അവളിലെനിക്ക് കാണാനായില്ല ,ശരീരമൊക്കെ മെലിഞ്ഞു ആളെ കണ്ടാല്‍ തിരിച്ചറിയാന്‍ തന്നെ പ്രയാസം. നിരപരാധിത്വം കോടതിയില്‍ തെളിയിക്കാതെ എന്തിനായിരുന്നു മുജീബിനോപ്പം കുറ്റം ഏറ്റെടുത്തതെന്ന മനസ്സിനുള്ളിലെ ചോദ്യം ചോദിക്കാതിരിക്കാന്‍ തോന്നിയില്ല.

‘മുജീബ് ഇല്ലാത്ത ഒരു ജീവിതം. സമൂഹത്തിന്റെ ‘മയക്കുമരുന്ന് കച്ചവടക്കാരി ‘എന്ന പരിഹാസം .പിന്നെ സ്വന്തമായി ഒരു കുഞ്ഞിക്കാല്‍ കാണാന്‍ പോലും ഭാഗ്യമില്ലാതെയുള്ള ശിഷ്ട ജീവിതം ഏകാന്തമായി ജീവിതം കഴിച്ചു കൂട്ടുന്നതിലും വലുത് ഇങ്ങിനെയങ്ങ് തീരുന്നതാണ് .
‘ഒരു തരം ആതമഹത്യ അല്ലെ ?’ എന്റെ ചോദ്യത്തിനുത്തരം ഒരു മൌനവും പിന്നെ തേങ്ങി തേങ്ങിയുള്ള കരച്ചിലും മാത്രമായിരിന്നു.

‘ഹഫ്‌സ നീ അപ്‌സറ്റ് ആവല്ലേ ഇനിയും നമുക്ക് പ്രതീക്ഷയുണ്ട് ,എല്ലാവരുടെയും പ്രാര്‍ത്ഥന നിനക്കുണ്ട് ..ഒന്നും സംഭവിക്കില്ല .ധൈര്യമായിരിക്കൂ ‘ പ്രയോജനമില്ലാത്ത ആശ്വാസ വാക്കുകള്‍ പറഞ്ഞു ഞാന്‍ അവിടെ നിന്നും പുറത്തേക്കിറങ്ങി.

ഇനിയെന്ത് പ്രതീക്ഷ ? മൂന്നാം നാള്‍ റിയാദ് സ്ട്രീറ്റിലെ വലിയ ചത്തുരത്തില്‍ കൈ കാലുകള്‍ ബന്ധിച്ച നിലയില്‍ മുജീബിനെ കൊണ്ട് വരും. വഴിയെ പോകുന്നവര്‍ അത് കാണാനായി തൊട്ടടുത്തുള്ള ഗ്രൗണ്ടില്‍ വാഹനം പാര്‍ക്ക് ചെയ്തു ആ കാഴ്ച കാണാന്‍ മത്സരിക്കും. കാലുകള്‍ കൂട്ടികെട്ടി കൈകള്‍ പിറകോട്ടു കയറില്‍ ബന്ധിച്ച നിലയിലയാളെ ഇരുത്തും. ആരാച്ചാര്‍ വന്നാല്‍ അയാള്‍ ചെയ്ത കുറ്റങ്ങള്‍ പുറത്തു കൂടി നില്‍കുന്നവര്‍ക്ക് ഉറക്കെ വായിച്ചു കേള്‍പ്പിക്കും. .പിന്നെ അവസാന മന്ത്രങ്ങള്‍ ചെവിയില്‍ ചൊല്ലികൊടുത്തു മൂര്‍ച്ചയേറിയ വാള്‌കൊണ്ട് ആഞ്ഞു വീശും അതോടെ തീരും എല്ലാം .

മീസാന്‍ സൂക്കിലെ മരണത്തറയില്‍ ഹഫ്‌സയെയും കൊണ്ട് വരും. ശേഷം അവിടെയുള്ള തൂണില്‍ അവളെ ചേര്‍ത്ത് നിര്‍ത്തും. അവിടെയും ചെയ്ത കുറ്റങ്ങള്‍ മാലോകരെ വായിച്ചു കേള്‍പ്പിക്കും പിന്നെ മൂന്നോ നാലോ വെടിയുണ്ടകള്‍ ആ മെലിഞ്ഞ ശരീരത്തിലേക്ക് .അതോടെ അതും കഴിയും ,കുറേ പേര്‍ സഹതപിക്കും മറ്റു ചിലര്‍ കുറ്റപ്പെടുത്തും പിന്നെ കാല കറക്കത്തില്‍ അവര്‍ ഒരോര്‍മ്മയാകും .
അലി ഹസ്സനോട് യാത്രയും പറഞ്ഞു പുറത്തിറങ്ങി കാറില്‍ കയറുമ്പോള്‍ കണ്ണുനീരിനെ തുടക്കാനെന്നപോലെ തണുത്ത കാറ്റ് വീശുന്നുണ്ടായിര്‍ന്നു ..അത്ഭുതങ്ങള്‍ സംഭവിക്കില്ല എന്നറിഞ്ഞിട്ടും ശുഭ പ്രതീക്ഷയുടെ തണുത്ത കാറ്റ് .

==ശുഭം !!