മുസ്‌ലിം ബ്രദര്‍ഹുഡിനെതിരെ ദുബായിയും രംഗത്ത്

6

01

അടുത്തിടെ സൗദി അടക്കമുള്ള രാജ്യങ്ങള്‍ നിരോധിച്ച ഈജിപ്ഷ്യന്‍ സംഘടന മുസ്‌ലിം ബ്രദര്‍ഹുഡിനെതിരെ ശക്തമായ നീക്കങ്ങളുമായി ദുബായിയും രംഗത്ത്. ബ്രദര്‍ ഹുഡ് പോലെയുള്ള ഭീകര സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നവര്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ദുബൈ പോലീസ് ആന്റ് പബ്ലിക് സെക്യൂരിറ്റി വൈസ് ചെയര്‍മാന്‍ ദാഹി ഖല്‍ഫാന്‍ തമീം ആണ് രംഗത്ത് വന്നിരിക്കുന്നത്. ട്വീറ്റിലൂടെയാണ് ദുബായ് ജനതയ്ക്ക് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്.

ഒരു നേരം വിശപ്പടക്കാന്‍ വഴിയില്ലാതെ പട്ടിണി കിടക്കുന്ന ലക്ഷക്കണക്കിന് മനുഷ്യര്‍ നമുക്കു ചുറ്റുമുണ്ടെന്നും അവരെ സഹായിക്കുന്നതിനു പകരം നിരപരാധികളെ കൊല ചെയ്യാനുള്ള സ്‌ഫോടനങ്ങള്‍ക്കും ആയുധങ്ങള്‍ക്കും പണം നല്‍കി സഹായിക്കുന്നവര്‍ പുനര്‍വിചിന്തനം നടത്തണമെന്നും ദാഹി ഖല്‍ഫാന്‍ ട്വീറ്റ് ചെയ്തു. ഇത്തരം സംഘടനകള്‍ക്കും രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്നവര്‍ ഇന്നല്ലെങ്കില്‍ നാളെ നിയമത്തിനു മുമ്പില്‍ എത്തും. അവര്‍ ശക്തമായ നടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം നല്‍കിയ മുന്നറിയിപ്പില്‍ ഉണ്ട്

ഈജിപ്തില്‍ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് കാര്യമായ സാമ്പത്തിക സഹായം ലഭിക്കുന്നത് ഗള്‍ഫ് മേഖലയില്‍ നിന്നാണ്. ഇത്തരക്കാരെക്കുറിച്ച് അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഇത്തരക്കാരെ കാത്തിരിക്കുന്നു. ബ്രദര്‍ഹുഡിനെ സഹായിക്കുന്ന വ്യക്തികളും സംഘടനകളും ആ പരിപാടി നിര്‍ത്തണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇതോടെ ഗള്‍ഫ് മേഖലയിലെ ഖത്തര്‍ ഒഴികെയുള്ള പ്രബല രാജ്യങ്ങള്‍ എതിരായതോടെ മുസ്‌ലിം ബ്രദര്‍ഹുഡ് എന്ന ഇഖ് വാനുല്‍ മുസ്ലിമൂനും അവരെ സഹായിക്കുന്ന ഖത്തര്‍ പോലുള്ള രാജ്യങ്ങളും ഏകദേശം ഒറ്റപ്പെട്ട നിലയിലാണ്. ബ്രദര്‍ഹുഡിനെ സഹായിച്ചതിന്റെ പേരില്‍ സൗദി തങ്ങളുടെ അംബാസഡറിനെ ഖത്തറില്‍ നിന്നും തിരിച്ചു വിളിച്ചിരുന്നു. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ഒരു വകഭേദം ആയാണ് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി അറിയപ്പെടുന്നത്.

Write Your Valuable Comments Below