മൂത്തകുട്ടി

സേതുവിന്‍റെ പാണ്ഡവപുരം വായിച്ചിട്ടുണ്ടോ? വിഭ്രാന്തമായ ലോകത്തിലൂടെയുള്ള സഞ്ചാരം. വായനക്കാരനെയും ഭ്രാന്തിന്‍റെ വശ്യത അനുഭവിപ്പിക്സേതുവിന്‍റെ പാണ്ഡവപുരം വായിച്ചിട്ടുണ്ടോ? വിഭ്രാന്തമായ ലോകത്തിലൂടെയുള്ള സഞ്ചാരം. വായനക്കാരനെയും ഭ്രാന്തിന്‍റെ വശ്യത അനുഭവിപ്പിക്കുന്ന അസാമാന്യ സൃഷ്ടി.

ഭ്രാന്ത് വരാനും ഒരു യോഗം വേണം, ഭാഗ്യം ചെയ്യണം. പല യാഥാര്‍ത്ഥ്യങ്ങളും ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരുമ്പോള്‍ , അവയെ നേരിടാന്‍ ഭയപ്പെടുമ്പോള്‍, ഒരുപാടു സ്നേഹിക്കുന്ന ഒരുപിടി മനുഷ്യരുടെ മുന്‍പില്‍ തൂങ്ങിയാടാന്‍ കഴിയാതെ വരുമ്പോള്‍ ഞാനും ചിന്തിച്ചിട്ടുണ്ട് ആ ഭാഗ്യം എനിക്കെന്തേ വരുന്നില്ലെന്ന്‍. ഞാനിതുവരെ ആത്മാര്‍ത്ഥമായി സ്നേഹിച്ചത് ഭ്രാന്തിനെ മാത്രമാണ്. കാരണം എന്‍റെ എല്ലാ സ്വപ്നങ്ങളും ഭ്രാന്തമാണ്. ഭ്രാന്തില്ലെങ്കില്‍ അവ എന്നും എന്നില്‍ സ്വപ്നങ്ങളായി തന്നെ അവശേഷിക്കും.

ഭ്രാന്ത്‌ സ്വാതന്ത്ര്യമാണ്. മനസ്സില്‍ തോന്നുന്നതെന്തും പറയാനും ചെയ്യാനുമുള്ള സ്വാതന്ത്രം. ഞാനിവിടെ കാണിക്കുന്നതും ഭ്രാന്തമായ ആ സ്വതന്ത്രമാണ്.

സ്നേഹം ഭ്രാന്തമാണ് . സ്നേഹം ഒരു മൂത്തകുട്ടിയെ ഇളയകുട്ടിയാക്കി. കാലം തെറ്റിയെത്തിയ ചാറ്റല്‍ മഴ അവളെ ഭ്രാന്ത്‌ പിടിപ്പിച്ചു. കാരണം അവളെന്നും മഴയെ സ്നേഹിച്ചിരുന്നു. മഴ കൊള്ളാന്‍ ഇഷ്ടപ്പെട്ടിരുന്നു. ബാഗിലിരുന്ന കുട നിവര്‍ത്താതെ അവളാ മഴയത്തിറങ്ങി നടന്നിരുന്നു.

ഒരമ്മയ്ക്ക് മകനോടുള്ള സ്നേഹം ഭ്രാന്തമാണ്. പക്ഷെ അവ പലപ്പോഴും പ്രകടമാകുന്നത് അവനെ നഷ്ടപ്പെടുമ്പോള്‍ മാത്രമാണ്. അവിടെയും അവള്‍ വ്യത്യസ്തയായിരുന്നു. അവള്‍ ഭ്രാന്ത്‌ കാണിച്ചത് സ്നേഹിച്ചപ്പോഴാണ്. നഷ്ടപ്പെട്ടപ്പോള്‍ അവളുടെ ഭ്രാന്തും മാറി. ബാധയിറങ്ങുന്ന നേരം കോമരം ഉറഞ്ഞുതുള്ളി, തലയില്‍ ആഞ്ഞു വെട്ടി, ചോരത്തുള്ളികള്‍ വാരി വിതറി. പക്ഷെ അതും മഴയായാണവള്‍ക്ക് അനുഭവപ്പെട്ടത്‌. വെട്ടിന്‍റെ ആധിക്യത്തില്‍ ബോധം മറഞ്ഞു. തിരിച്ചു കിട്ടിയ ബോധത്തിനു ഭ്രാന്തില്ലായിരുന്നു. അപ്പോഴേക്കും ബാധ ഇറങ്ങിയിരുന്നു.

അങ്ങനെ ഒരിക്കല്‍ ഒന്നും പറയാതെ ഭ്രാന്തെന്നെ വിട്ടു. വിശ്വാസങ്ങള്‍ക്കപ്പുറം ശീലിച്ച ചിട്ടകളെയും കണ്ടു വളര്‍ന്ന ആചാരങ്ങളെയും സ്നേഹിച്ചത് പോലെ സുബോധത്തില്‍ ഇന്നും ഞാനാ ഭ്രാന്തിനെ സ്നേഹിക്കുന്നു.

എന്‍റെ കഥ തീര്‍ന്നു.

ഇത് എന്ത് കഥ എന്നാവും ഇതാണ് എന്‍റെ കഥ.

മൂത്തകുട്ടിയുടെ കഥ.

ഇത് ഒരാള്‍ മാത്രം വായിക്കരുത് എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്‍റെ ഭ്രാന്ത്‌. ഇനി എങ്ങാനും വായിക്കുകയാണെങ്കില്‍ എന്നോടു ക്ഷമിക്കുക ഇതിലും അവ്യക്തമായി നമ്മുടെ കഥ പറയാന്‍ എനിക്ക് അറിയില്ല.