മൂരാച്ചികളുടെ ലോകം

01ഞായറാഴ്ചകളില്‍ രാവിലെ കുറഞ്ഞത് പത്തു മണി വരെയെങ്കിലും കിടന്നുറങ്ങി ശരീരത്തിന്  വേണ്ടത്ര റിലാക്സേഷന്‍ കൊടുക്കുക എന്നത് എന്റെ ഒരു ശീലമാണ്.  എന്റെ ഈ ശീലത്തെ മാറ്റിയെടുക്കാന്‍ ഭാര്യ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നിട്ടില്ല. അതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ വേണ്ടി എന്നും  രാവിലെ എഴുനേറ്റു പോകുന്ന വഴിക്ക് എന്റെ നടുവിനിട്ട്‌  ഒരു ചവിട്ടും ഒപ്പം “അതിയാന്റെ ഒടുക്കത്തെ ഒരുറക്കം” എന്നൊരു കമന്റും  പാസാക്കിയാണ് അവളുടെ പോക്ക്.    ആ ചവിട്ടു കൊണ്ടാലുടന്‍ ഞാന്‍ എഴുനേല്‍ക്കുകയും ബാത്‌ റൂമില്‍ പോയി മൂത്രശങ്ക തീര്‍ത്ത്‌ വന്നു വീണ്ടും ഉറക്കം തുടരുകയുമാണ്  പതിവ്.
അങ്ങനെ രാവിലെ തന്നെ അവള്‍ തന്ന ചവിട്ടും  വാങ്ങി മനസമാധാനത്തോടെ ഞാന്‍ വീണ്ടും ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ അതാ പുരയുടെ മണ്ടയില്‍ നിന്നും അത്യുച്ചത്തില്‍ ഒരലര്‍ച്ച.

“മാന്യ മഹാ ജനങ്ങളെ…  ഞാന്‍ നിങ്ങളോട് ചോദിക്കുകയാണ്…  കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ എവിടെ എന്ത് സംഭവിച്ചു..?”
“ങേ” ?
ഞാന്‍ കണ്ണ്  തുറന്നു പുരയുടെ മേല്‍ക്കൂരയിലെയ്ക്ക്  മിഴിച്ചു നോക്കി. എവിടുന്നാണാ ശബ്ദം?    ആരാണ് രാവിലെ എന്റെ വീടിന്റെ ടെറസ്സില്‍ കയറിനിന്നു പ്രസംഗിക്കുന്നത്?

അടുത്ത നിമിഷം തന്നെ വീണ്ടും അലര്‍ച്ച കേട്ടു.

“ഈ സര്‍ക്കാരിന്റെ ജനദ്രോഹ നടപടികളെക്കുറിച്ച് പഠിക്കുവാനും അപലപിക്കുവാനും വേണ്ടി ഇന്ന് കൃത്യം പതിനൊന്നു മണിക്ക് കൂടുന്ന പൊതു സമ്മേളനത്തില്‍ ”

ആഹാ.. രാഷ്ട്രീയം പ്രസംഗിക്കാനായി എന്റെ പുരയുടെ ടെറസ്സില്‍ കയറാന്‍ ധൈര്യം കാട്ടിയവനാര് എന്ന് ചിന്തിച്ചു ഞാന്‍  പുതപ്പു വലിച്ചു മാറ്റി പുറത്തു ചാടി. അപ്പോഴതാ ഭാര്യയും കുട്ടികളും മുറ്റത്തു നിന്നും ആകാശത്തേക്ക് നോക്കി വായും പൊളിച്ചു നില്കുന്നു. അവിടെന്താ വല്ല സര്‍ക്കസും നടക്കുന്നോ?

ശബ്ദം കേള്‍ക്കുന്നത്  മുറ്റത്ത് പുരയോട് ചേര്‍ന്ന് നില്‍ക്കുന്ന കൊന്നത്തെങ്ങില്‍  നിന്നാണ്. അതിന്റെ മണ്ടയില്‍ രണ്ടു ലൌഡ് സ്പീക്കറുകള്‍  വിപരീത ദിശകളില്‍ കെട്ടി വച്ചിരിക്കുന്നു.അതില്‍ നിന്നും പോകുന്ന വയര്‍ മതിലിനു പുറത്തുള്ള  യു പി സ്കൂളിന്റെ മുറ്റത്ത് കെട്ടിയുണ്ടാക്കിയ  പന്തലിലേയ്ക്ക് നീളുന്നു…

എന്നോട് ചോദിക്കാതെ എന്റെ മുറ്റത്ത് നില്‍ക്കുന്ന  തെങ്ങില്‍ ഇത് കെട്ടിവച്ചതാര്?  ഞാന്‍ ചോദ്യ ഭാവത്തില്‍ ഭാര്യയെ നോക്കി.

അവളുടെ മുഖത്ത്‌ രാവിലെ എന്നെ ചവിട്ടുമ്പോള്‍ കണ്ട അതേ ഭാവം… ഞാന്‍ മതിലിനടുത്ത് ചെന്ന്  പന്തലിലേയ്ക്ക് എത്തി നോക്കി.  അവിടെ കുറെ ഖദര്‍ധാരികള്‍ നില്‍ക്കുന്നു. പന്തലിലെ കസേരകളില്‍ പത്തു പതിനഞ്ച് സാദാധാരികള്‍  ഇരിക്കുന്നു.ഒരു ധാരി മുന്‍പില്‍ വച്ചിരിക്കുന്ന  മൈക്കിനോട് എന്തോ വൈരാഗ്യം ഉള്ളതുപോലെ അതിന്റെ   കൊങ്ങക്ക്‌ കുത്തിപ്പിടിച്ചു കൊണ്ട്  ഘോര ഘോരം പ്രസംഗിക്കുകയാണ്.

“ഈ നാട്ടിലെ  ജനങ്ങളെ ദ്രോഹിക്കുവാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുന്ന മൂരാച്ചികളെ നമ്മള്‍ ഒറ്റക്കെട്ടായി എതിര്‍ക്കന്നമെന്നു ഞാന്‍….”

ഓഹോ  അപ്പോള്‍ ഇവരെല്ലാം കൂടി സര്‍ക്കാരിന്റെ ജനദ്രോഹ നടപടികളെക്കുറിച്ച്  പഠിക്കുകയും അപലപിക്കുകയുമാണ് . അതിന്റെ ബഹളമാണ് കേള്‍ക്കുന്നത്..ഞാന്‍ വീട്ടിലേയ്ക്ക്‌ തിരിച്ചു വന്നു.
അപ്പോള്‍ വീട്ടിനുള്ളില്‍ നിന്നും ഭാര്യ എന്ന മൂരാച്ചിയുടെ അലര്‍ച്ച.

“നേരം വെളുത്തെപ്പിന്നെ പുസ്തകം കൈകൊണ്ടു തൊട്ടിട്ടില്ല. പോയിരുന്നു പഠിക്കെടാ.”

“അമ്മെ ഈ ശബ്ദം കാരണം വായിച്ചിട്ട് ഒന്നും മനസ്സിലാകുന്നില്ല”.
മറുപടിയായി മകന്‍ മൂരാച്ചി  അലറുന്നു…
ഫോണിന്റെ മണിയടി. ഞാന്‍ പോയി ഫോണെടുത്തു  റിസീവര്‍ കാതില്‍ ചേര്‍ത്തു.  ഒന്നും കേള്‍ക്കാന്‍ പറ്റുന്നില്ല…

ഹലോ… ഹലോ …ആരാ…..????  ഞാന്‍ എന്ന സ്വന്തം മൂരാച്ചി അലറി…
“മീന്‍ വേണോ മീന്‍…അയലയാ  നല്ല  ജീവനുള്ള മുഴുത്ത അയല”…പുറത്തു  മീന്‍കാരന്‍ മൂരാച്ചിയുടെ  അലര്‍ച്ച മുഴങ്ങുന്നു…

“അതുകൊണ്ട്    ഈ സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ നിറുത്തുന്നത് വരെ സമര പരിപാടികളുമായി മുന്നോട്ടു പോകാന്‍ ഞാന്‍ നിങ്ങളെ ആഹ്വാനം ചെയ്യകയാണ്.”

തെങ്ങിന്റെ മണ്ടയിലെ ലൌഡ്  സ്പീക്കര്‍ മൂരാച്ചിയും അലറി.
” ദൈവമേ   ആകെ കിട്ടിയ ഒരു ഞായറാഴ്ച കുളമാക്കിയ ദ്രോഹികള്‍.   ഈ ദ്രോഹത്തിനെതിരെ   സമരം ചെയ്യാന്‍ ഏതെങ്കിലും മൂരാച്ചികളുണ്ടോ ?”

ഞാന്‍ ചെവിയില്‍ വിരല്‍ തിരുകിക്കയറ്റി സകല മൂരാച്ചികളെയും പ്രാകിക്കൊണ്ട്   കസേരയില്‍ കുത്തിയിരുന്നു .