1970 കളില്‍ മലപ്പുറം ജില്ലയിലെ തിരൂരിനെ ഭീതിയിലാഴ്ത്തിയ ഒരു ഒടിവിദ്യക്കാരനുണ്ടായിരുന്നു, പേര് കുഞ്ഞിക്കിളിയന്‍. കുഞ്ഞിക്കിളിയന്‍ ഒടിവെച്ചാല് പിന്നെ ഇരയുടെ അന്ത്യമാണ്. മാങ്ങാട്ടിരി കള്ളുഷാപ്പില്‍ തോളറ്റം മുടിയും പോത്തിന് കൊമ്പിന്റെ പിടിയുള്ള പിശാങ്കത്തിയും വെള്ളി ചുറ്റിയ ചൂരലും ചുഴറ്റിവരുന്ന കുഞ്ഞിക്കിളിയനെ കണ്ടാല്‍ ആളുകള്‍ കുടി നിര്‍ത്തി കള്ളുഷാപ്പില്‍ നിന്ന് രക്ഷപ്പെടുമായിരുന്നു. കുഞ്ഞിക്കിളിയന്റെ കഥ അവസാനിക്കുന്നത് താമിയുടെ പ്രതികാരത്തിലൂടെയാണ്. നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന് ‘മാട്ട്’എന്ന കഥയില്‍ ഈ സംഭവകഥ വിവരിക്കുന്നുണ്ട്.
സംഭവം ചുരുക്കിപ്പറയാം: തിരൂര്‍ വൈരങ്കോട് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് കുറവനും കുറവത്തിയും കെട്ടി എഴുന്നെള്ളിക്കാന്‍ താമിയും കൂട്ടുകാരും തീരുമാനിച്ചു. ഇതിനാവശ്യമുള്ള തുടി അവര്‍ ഒപ്പിക്കുന്നത് താമിയുടെ അച്ഛന് കുഞ്ഞിക്കോരന് മുഖേന ഒടിവിദ്യക്കാരുനും ദുര്മന്ത്രവാദിയുമെന്ന് അറിയപ്പെടുന്ന കുഞ്ഞിക്കിളിയനില് നിന്നാണ്. തുടി കൊടുക്കുമ്പോഴേ കുഞ്ഞിക്കിളിയന്‍ അതിന് കേടുപാടൊന്നും വരുത്തരുതെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഉത്സവം കഴിഞ്ഞ് താമി വീട്ടിലേക്ക് മടങ്ങിയെത്തിയത് തോല്പൊട്ടിപ്പൊളിഞ്ഞ രണ്ട് തുടികളുമായിട്ടായിരുന്നു.
തുടി നേരെയാക്കാനും വാടകയുമായി കുഞ്ഞിക്കിളിയന്‍ താമിയോട് നൂറ്റമ്പത് രൂപയാണ് ആവശ്യപ്പെട്ടത്. ഇത് താമി പ്രതീക്ഷിച്ചതിനേക്കാള്‍ വലുതായിരുന്നു. താമി മുപ്പത്തിയഞ്ച് രൂപകൊടുത്തുകൊണ്ട് ബാക്കി പിന്നീട് തരാമെന്ന് പറഞ്ഞു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും കാശ് കിട്ടാതിരുന്നപ്പോള്‍ ഇക്കാര്യം പറഞ്ഞു കുഞ്ഞിക്കിളിയനും കുഞ്ഞിക്കോരനും തമ്മില്‍ മാങ്ങാട്ടിരി കള്ളുഷാപ്പില്‍വെച്ച് ഉന്തും തള്ളുമായി. ഇതറിഞ്ഞ് പ്രകോപിതനായ താമി ബാക്കി കാശ് കൊടുത്തില്ല. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം കുഞ്ഞിക്കോരന് പതിവില്ലാതെ രാത്രി വൈകിയെത്തിയത് ദേഹമാസകലം ചെളിയും മണ്ണും പുരണ്ടുകൊണ്ടാണ്. കാര്യമന്വേഷിച്ച താമിയോട് അച്ഛന് പറഞ്ഞത് താന്‍ വരുന്ന ഇടവഴില്‍ നിന്നൊരു അട്ടഹാസവും ചിന്നംവിളിയും കേട്ടെന്നും മുന്നിലൂടെ ഒരു രൂപം രണ്ടു ചാട്ടം ചാടിയെന്നും അത ഒടിയന് തന്നെയാണെന്നുമായിരുന്നു. ആ പരിഭ്രാന്തിയില്‍ നിലത്തുവീണാണ് ദേഹത്ത് ചെളിയും മണ്ണുമായത്. പിറ്റേന്ന് കുഞ്ഞിക്കോരനൊരു പനി വന്നു. തിരൂര്‍ ആശുപത്രിയില്‍ നിന്ന് മരുന്നുകൊണ്ടുവന്നു കഴിച്ചിട്ടും മുസ്ല്യാര്‍ മന്ത്രിച്ചൂതിയിട്ടും ഫലമുണ്ടായില്ല. ഏഴാം ദിവസം കുഞ്ഞിക്കോരന് അന്ത്യശ്വാസം വലിച്ചു.
അപ്പന് മരിച്ചതിന്റെ പതിനാലാം ദിവസം താമിയുടെ ഭാര്യ മുണ്ടിക്ക് പേറ്റുനോവുണ്ടായി. തിരൂര്‍ ആശുപത്രിയില്‍ ലേബര്‍ റൂമില്‍ നിന്നും വിവരം ലഭിക്കാന്‍ കഴിഞ്ഞ മൂന്ന് പ്രസവത്തേക്കാള്‍ വൈകുന്നത് താമിയെ അസ്വസ്ഥനാക്കി. ഒടുവില്‍ ഡോക്ടര്‍ നല്കിയ വിവരം താമിയുടെ കണ്ണുകളില്‍ ഇരുട്ട് നിറച്ചു. പിറ്റേന്ന് മുഷിഞ്ഞ മുണ്ടും അലസമായി പാറുന്ന മുടിയുമായി താമി വീട്ടില്‍ നിന്നിറങ്ങി. ഒടുവില്‍ മാങ്ങാട്ടിരി ഷാപ്പിനു സമീപത്തു ശബ്ദംകേട്ട് ഓടിക്കൂടിയ ആളുകള്‍ ആ കാഴ്ചകണ്ട് ചിതറിയോടി. സ്ത്രീകള്‍ കുട്ടികളേക്കൂട്ടി വീട്ടില്‍ക്കയറി വാതിലടച്ചു. അവിടം പെട്ടെന്ന് നിശബ്ദമായി.
തോര്‍ത്തില്‍ എന്തോ ഒന്നു പൊതിഞ്ഞുകൊണ്ട് താമി വടക്കോട്ട് ലക്ഷ്യംവെച്ചു നടന്നു. രക്തം ഇറ്റിവീഴുന്ന തോര്ത്തുകണ്ടു പലരും താമിക്കു പിന്നാലെകൂടി. മാങ്ങാട്ടിരിയില്‍ നിന്നും മൂന്ന് മൂന്നര കിലോമീറ്റര്‍ അകലെയുള്ള തിരൂര്‍ പൊലീസ് സ്റ്റേഷനിലാണ് താമി പൊതിയുമായി ചെന്നെത്തിയത്. പാറാവ് നില്ക്കുന്ന പൊലീസുകാരന് താമിയോട് ചോദിച്ചു പൊതിയിലെന്താണെന്ന്.
‘ ഇത് കുഞ്ഞിക്കിളിയന്റെ തല’ താമി പറഞ്ഞു.
ഏതോ പ്രത്യേകതരം കിളിയുടെ തലയാണെന്നാണ് കരുതിയ പൊലീസുകാരന് ചോദിച്ചു ‘ആര്‍ക്ക് കൊടുക്കാനാ?’
ആര്‍ക്ക് വേണേലും കൊടുത്തോളൂ എന്ന് പറഞ്ഞുകൊണ്ട് താമി പൊതി സ്റ്റേഷനിലേക്ക് വലിച്ചെറിഞ്ഞു. പൊതിയില്‍ നിന്ന് പുറത്തുവന്ന മനുഷ്യന്റെ തലകണ്ട് പൊലീസുകാരും അവിടെക്കൂടിയവരും ചിതറിയോടി… ഇതാണ് സംംഭവം.
1976ലെ പ്രമാദമായ കുഞ്ഞിക്കിളിയന്‍ കൊലക്കേസ് നടക്കുമ്പോള്‍ നടന് മമ്മൂട്ടി മഞ്ചേരി കോടതിയില്‍ അഭിഭാഷകനായി പ്രാക്ടിസ് ചെയ്യുകയായിരുന്നു. പിന്നീട് സിനിമയിലെത്തിയ അദ്ദേഹം ഈ സംഭവകഥ ഒരിക്കല്‍ സിനിമയാക്കണമെന്ന് ആഗ്രഹിച്ചിരുന്നെന്നും അത് തന്നോട് പറഞ്ഞിരുന്നെന്നും ‘മാട്ട്’ന്റെ അവസാനഭാഗത്ത് വി കെ ശ്രീരാമന് പറയുന്നുണ്ട്.
അങ്ങനെ മമ്മൂട്ടി ആഗ്രഹിച്ച ഒടിവിദ്യയുമായി ബന്ധമുള്ള ഒരു സിനിമ യാഥാര്‍ത്ഥ്യമാകുകയാണ്. പക്ഷേ നായകന് അദ്ദേഹമല്ല, മേഖലയിലെ അദ്ദേഹത്തിന്റെ മുഖ്യപ്രതിയോഗിയായ മോഹന്‍ലാലാണ്. എന്നാല്‍ ചിത്രത്തിന്റെ പ്രൊലോഗ് പറഞ്ഞുകൊണ്ട് മമ്മൂട്ടിയും സിനിമയില്‍ സാന്നിദ്ധ്യമറിയിക്കുന്നുണ്ട്. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ഹൈപ്പുള്ള ചിത്രമായി ഒടിയന് അവതരിക്കാനിരിക്കുന്നു. തന്റെ ആഗ്രഹമായിരുന്ന ഒരു സബ്ജക്റ്റ് സിനിമയാകുമ്പോള്‍ ശബ്ദസാന്നിദ്ധ്യമായെങ്കിലും അദ്ദേഹമെത്തുന്നത് യാദൃശ്ചികമാണെങ്കിലും അതൊരു അനിവാര്യതയാണ്.