ലോക ചാമ്പ്യന്‍ പട്ടത്തിലേയ്ക്ക് കുതിച്ച് സൈന

8

saina1
ഇന്ത്യയുടെ ഒന്നാം നമ്പര്‍ ബാഡ്മിന്റന്‍ താരവും ലോക രണ്ടാം നമ്പറും ആയ സൈന നെഹ്വാള്‍ ലോകബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരി ആണ് സൈന. സെമിഫൈനലില്‍ എതിരാളി ആയ ലിന്‍ഡാവെനി ഫന്റെരിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ താരം ഫൈനലില്‍ കടന്നത്.

മത്സരത്തില്‍ സൈന ജയിക്കും എന്ന് തന്നെയായിരുന്നു പ്രതീക്ഷകളെങ്കിലും ഫന്റെരിയുടെ ചെറുത്തുനില്‍പ്പ് അതിശക്തമായിരുന്നു. എന്നാല്‍ ഒടുവില്‍ സൈനയുടെ മികവിന് മുന്‍പില്‍ എതിരാളിക്ക് മുട്ടുമടക്കേണ്ടി വന്നു.

ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍ കൂടിയായ കരോളീന മാരിനെ ആണ് സൈനയ്ക്ക് നേരിടേണ്ടത്. ഈ വര്‍ഷം തന്നെ മാര്‍ച്ചില്‍ ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ സിന പരാജയം രുചിച്ചിരുന്നു.

എന്നാല്‍, ഫൈനലില്‍ ജയിക്കുമോ തോല്‍ക്കുമോ എന്നത് ഇവിടെ ഒരു പ്രശ്‌നമാവുന്നില്ല. മത്സരഫലം രണ്ടായിരുന്നാലും ഇന്ത്യയ്ക്ക് അഭിമാനിക്കാന്‍ കാരണമുണ്ട്. തോല്‍വി രുചിചാലും വെള്ളി മെഡല്‍ ലഭിക്കുമല്ലോ. ഇതുവരെ വെറും നാല് ഇന്ത്യക്കാര്‍ മാത്രമാണ് ലോകബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയിട്ടുള്ളത്.

ഇന്ത്യന്‍ ബാഡ്മിന്റന്‍ ഇതിഹാസം പ്രകാശ് പദുക്കോണ്‍ ആണ് ആദ്യമായി മെഡല്‍ നേടിയ ഇന്ത്യക്കാരന്‍. 1983ല്‍ വെങ്കലമെഡല്‍ ആയിരുന്നു പ്രകാശിന്റെ നേട്ടം. 2011ല്‍ അശ്വിനി പൊന്നപ്പയും ജ്വാലാ ഗുട്ടയും ഡബിള്‍സ് വിഭാഗത്തില്‍ വെങ്കലം നേടി. 2013ലും 2014ലും പി.വി.സിന്ധു വെങ്കലമെഡല്‍ നേടി.

Write Your Valuable Comments Below