Share The Article

ഇതൊരു കുമ്പസാരമാണ്..
എഴുതാന്‍ കൊതിച്ച കഥ വഴി മാറി പോയതിന്റെ കുമ്പസാരം.. കഥകള്‍ അങ്ങനെയാണ് പോലും.. !!!!!!!!
പ്രണയദിനത്തില്‍ ഒരു പ്രണയ കഥ, ചിരിയില്‍ ചാലിച്ച് പറയാം എന്ന് കരുതിയാണ് കഥ തുടങ്ങിയത്..

കണ്ണൂര്‍ പാസ്സെഞ്ചര്‍ എന്ന എന്‍റെ ബ്ലോഗ്ഗിലേക്ക്‌ ഒരു കഥ എഴുതുകയാണ് ലക്‌ഷ്യം..

കഥ എഴുതി തുടങ്ങി..
എന്‍റെ സ്ഥിര കഥാപാത്രങ്ങള്‍…. ആത്മ കഥയുടെ ഒരംശം മാത്രം കൊണ്ട് ഒരു കഥ മെനയാന്‍ തുടങ്ങി….
എല്ലാം സാങ്കല്പികം.. കഥയും കഥാ പാത്രങ്ങളും എല്ലാം..
കളിയായി തന്നെ കഥ തുടങ്ങി..
ഞാനുള്‍പ്പടെയുള്ള കഥാപാത്രങ്ങള്‍ വെറും കോമാളികളായി മാറി..
അനുസരണയില്ലാത്ത വാക്കുകള്‍ ഒഴുകി തുടങ്ങുകയായിരുന്നു…
കഥയില്‍ ഫായിസെന്ന സാങ്കല്പിക കഥാപാത്രം പ്രണയിനിയെ തേടി അലയുകയായിരുന്നു..
പെട്ടെന്ന് കഥ വഴി മാറി ഒഴുകാന്‍ തുടങ്ങി.. കാരണം കഥാപാത്രങ്ങളില്‍ ഒരുവള്‍ അവളായി മാറി.. ഫായിസ് എന്ന സാങ്കല്പിക കഥാപാത്രം ഞാനും..

ഫായിസ് കണ്ടു മുട്ടിയ അവന്റെ പ്രണയിനിക്ക് ഷംന എന്ന പേര് നല്‍കരുതായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു..
കാരണം ഷംന എന്ന പേര് കഥയില്‍ വന്നാല്‍ ഫായിസ് അവനല്ലാതെയാകും.. അത് ഞാന്‍ തന്നെയാകും…
അന്നും അതങ്ങനെ തന്നെയായിരുന്നു..അവളെ കണ്ടത് മുതല്‍ തന്നെയാണ് എന്‍റെ കഥ മാറിത്തുടങ്ങിയത്..
“ഇതെന്തു കഥ” എന്ന് ആരൊക്കെയോ ചോദിച്ചു തുടങ്ങിയത്..!!!!!

അവളെ കണ്ടത് എന്നാണെന്ന് ചോദിച്ചാല്‍ ഉത്തരം ചിലപ്പോള്‍ നീണ്ട മൌനമാകും..
സൌഹൃദത്തിന്റെ പേമാരിയായിരുന്നു ആദ്യം ഞങ്ങളില്‍ പെയ്തിറങ്ങിയത്‌..
മീന ചൂടില്‍ പെയ്ത രാത്രി മഴ പോലെ കുളിര്‍മയുള്ളതായിരുന്നു അവളുടെ സൌഹൃദം..
പേമാരി പിന്നീട് പ്രളയമായ് മാറുകയായിരുന്നു.. പ്രണയത്തിന്റെ പ്രളയം….

ആദ്യമായ് പ്രണയം തുറന്നു പറഞ്ഞ ദിവസം, അവള്‍ പറഞ്ഞത് ഇന്നലെയെന്നത് പോല്‍ ഇന്നും ചെവിയില്‍ മുഴങ്ങുന്നുണ്ട്..
വിറയാര്‍ന്ന സ്വരത്തില്‍ ഞാന്‍ ചോദിച്ചത് ഇത്ര മാത്രമായിരുന്നു..
“കഥകളുടെ, കവിതകളുടെ എന്‍റെ സ്വപ്നലോകത്തേക്ക് എന്‍റെ കൈ പിടിച്ചു നീ വരുന്നോ ” എന്ന് മാത്രം..
അത് ചോദിച്ചപ്പോള്‍ അവളുടെ മിഴികള്‍ നിറഞ്ഞിരുന്നു..
അവളുടെ രണ്ടു കൈകള്‍ കൊണ്ട് എന്‍റെ കൈകളെ പുണര്‍ന്നു പിടിച്ചു കൊണ്ടാണ് അവളന്ന് മറുപടി പറഞ്ഞത്..
“നിന്‍റെ കവിതകള്‍ എന്റേത് കൂടിയാവട്ടെ… നീ എഴുതുന്ന കഥകള്‍ എന്നെ കുറിച്ച് മാത്രമാകട്ടെ..”

വെറുമൊരു വായനക്കാരന്‍ മാത്രമായിരുന്ന ഞാന്‍ വാക്കുകള്‍ കുറിച്ചെടുക്കാന്‍ തുടങ്ങിയത് അന്ന് മുതലായിരുന്നു..
അതിനു കവിതകള്‍ എന്ന് പേരിട്ടത് അവളായിരുന്നു.. പക്ഷെ എനിക്കറിയാമായിരുന്നു അതൊന്നും കവിതകളല്ലെന്നു…
എഴുതിയത് മുഴുവന്‍ അവളെ കുറിച്ചായിരുന്നു.. അത് വായിച്ചതും അവള്‍ മാത്രം..

കടലാസ് കഷ്ണങ്ങളില്‍ കുറിച്ചിട്ട വരികളിലൂടെ ഞങ്ങള്‍ അകലാന്‍ പറ്റാത്ത രീതിയില്‍ അടുക്കുകയായിരുന്നു..
സ്നേഹിക്കാന്‍ മാത്രമറിയാവുന്ന മൂന്നു സഹോദരങ്ങള്‍ക്ക്‌ നടുവില്‍ അവള്‍ ജീവിക്കുന്നു എന്നത് മാത്രമായിരുന്നു എന്‍റെ ആവലാതി..
കാരണം സ്നേഹം ചിലപ്പോഴൊക്കെ അന്ധമാകും..!!!
ചിലതൊന്നും കണ്ടില്ലെന്നു നടിക്കും.. !!!

ഒരിക്കല്‍ അവള്‍ ആവേശത്തോടെ പറഞ്ഞു,
“എന്‍റെ ഇക്ക സ്നേഹിച്ചു കെട്ടിയതാ.. അതാ എനിക്കുള്ള ഒരു സമാധാനം..”
അത് പറഞ്ഞപ്പോള്‍ ഞാന്‍ ഒന്ന് ചിരിക്കുക മാത്രം ചെയ്തു..

അവള്‍ കൂടെയുണ്ടാകുന്ന പകലുകള്‍ക്ക്‌ ധൈര്‍ഘ്യം കുറവെന്നു തോന്നും..
രാത്രികള്‍ക്ക് വല്ലാതെ ധൈര്‍ഘ്യവും…
മഴയുള്ള വൈകുന്നേരങ്ങളില്‍ ഒരു കുടക്കീഴില്‍ അവളെയും ചേര്‍ത്ത് നടന്നു നീങ്ങുമ്പോള്‍ മഴ ഒരിക്കലും തീരരുതേ എന്നാഗ്രഹിച്ചു പോയ ദിനങ്ങള്‍ മഴയില്‍ ഒലിച്ചു പോയിക്കൊണ്ടെയിരുന്നു..

കാലം പിന്നെയും മുന്നോട്ടു..
ഇപ്പോള്‍ ഞാന്‍ അവളെ പ്രണയിച്ചു തുടങ്ങിയിട്ട് രണ്ടു വര്‍ഷങ്ങളാകുന്നു..
ഒന്ന് കൂടി വ്യക്തമാക്കിയാല്‍ എന്‍റെ സ്വപ്‌നങ്ങള്‍ അവളെന്ന അച്ചുതണ്ടില്‍ കറങ്ങാന്‍ തുടങ്ങിയിട്ട് രണ്ടു വര്‍ഷങ്ങളാകുന്നു..

അന്നവളെ കണ്ടപ്പോള്‍ മഴ പെയ്തു തിമര്‍ക്കുകയായിരുന്നു..
എന്നുമെന്ന പോല്‍ അവളെയും ചേര്‍ത്ത് പിടിച്ചു ഒരു കുടക്കീഴില്‍ ഞാനും അവളും ഞങ്ങള്‍ കണ്ട സ്വപ്നങ്ങളും പങ്കു വെച്ച്, കൂട്ടുകാരുടെ കളി വാക്കുകള്‍ക്ക് ചെവി കൊടുക്കാതെ നടന്നു നീങ്ങിയപ്പോള്‍ ഞാന്‍ അറിഞ്ഞിരുന്നില്ല, ഞങ്ങള്‍ക്കായ്‌ പെയ്യുന്ന അവസാന മഴയാണതെന്ന്..!!!

മഴ നിന്ന് വെയില്‍ വന്ന അടുത്ത ദിവസം..
അവളെയും കാത്തു ഞാന്‍ ബസ്‌ സ്റ്റോപ്പില്‍ നില്‍ക്കുക തന്നെയാണ്..
അവള്‍ വന്നില്ല.. മഴ പെയ്തില്ല..
ഞാന്‍ അവള്‍ വരുന്ന വഴിയും നോക്കി നില്‍ക്കുക തന്നെയാണ്..

ദിവസങ്ങള്‍ പിന്നെയും അതെ നില്‍പ്പ്..
കാത്തിരിക്കുന്നത് അവള്‍ക്കു വേണ്ടിയാകുമ്പോള്‍ ദിവസങ്ങള്‍ക്കു യുഗങ്ങളുടെ ആയുസ്സാണ്..
യുഗങ്ങള്‍ കൊഴിഞ്ഞു വീണു കൊണ്ടിരിക്കുന്നു..
ഞാന്‍ അവള്‍ക്കായ്‌ കാത്തിരുന്ന് കൊണ്ടേയിരുന്നു..!!!

വിരസമായ കാത്തിരിപ്പുകള്‍ക്ക് വിട നല്‍കി, ഒരു മഴയില്‍ പൂക്കളുള്ള കുടയും ചൂടി അവള്‍ വരുന്നത് കണ്ടപ്പോള്‍ ഞാന്‍ അനുഭവിച്ച വികാരത്തിന് എന്ത് പേര് നല്‍കണമെന്നു എനിക്ക് ഇന്നുമറിയില്ല..
മഴ നനഞ്ഞു കൊണ്ട് അവളിലേക്ക്‌ ഞാന്‍ ഓടി അടുത്തു..
അവള്‍ എന്നെ കാണാത്തത് പോലെ നടന്നകലുകയായിരുന്നു…
ഞാന്‍ വിളിച്ചിട്ടും വിളികേള്‍ക്കാതെ മറ്റേതോ മുഖങ്ങള്‍ അവളെ പേടിയോടെ തേടുന്നത് പോലെ..
ഞങ്ങള്‍ക്കിടയില്‍ എന്താണ് സംഭവിക്കുന്നത്‌..????

അവള്‍ കേട്ടില്ലെങ്കിലും അവളെയും വിളിച്ചു ഞാന്‍ അവളുടെ പിറകെ തന്നെ..

പോകുന്ന വഴിയില്‍ അവളുടെ കയ്യില്‍ നിന്നും ഒരു കടലാസ്സു കഷ്ണം നിലത്തേക്ക്..
ഞാന്‍ അതെടുത്തു വായിച്ചു..
“എല്ലാം വീട്ടിലറിഞ്ഞിരിക്കുന്നു.. നീയും ഞാനും നാം കണ്ട സ്വപ്നവും സ്വപ്‌നങ്ങള്‍ മാത്രമാകാന്‍ പോകുന്നു..നമുക്ക് ചുറ്റും ഒരുപാട് കണ്ണുകള്‍ ചാരന്മാരുടെ വേഷമണിഞ്ഞു നില്‍പ്പുണ്ട്..എനിക്ക് നിന്നെയും, നിന്‍റെ കവിതകളെയും നഷ്ടപ്പെടുമോ എന്ന് ഞാന്‍ ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു.. ”
മഴ നനഞ്ഞു കലങ്ങിയ അക്ഷരങ്ങള്‍ കരയുന്നത് പോലെ..
മനസുകള്‍ക്കിടയില്‍ മനുഷ്യന്‍ മതിലുകള്‍ തീര്‍ക്കുന്നത് ഞാന്‍ അനുഭവിച്ചറിയുകയായിരുന്നു..
മഴയില്‍ കരഞ്ഞുവോ ഞാന്‍?????

ചുറ്റും ആരുമില്ലാത്ത നേരങ്ങളില്‍ അവള്‍ എന്‍റെ അരികിലേക്ക് വരും..
കലങ്ങിയ അവളുടെ കണ്ണുകള്‍ കഥ പറഞ്ഞു തുടങ്ങും…
കഴിഞ്ഞ ദിവസങ്ങളില്‍ അവളനുഭവിച്ച ശൂന്യതയെ കുറിച്ച്,
സ്നേഹിച്ചു മാത്രം കണ്ട കണ്ണുകള്‍ നിറഞ്ഞതിനെ കുറിച്ച്,
ചിലരുടെ സ്നേഹത്തിനു മുമ്പില്‍ അവളുടെ സ്വപ്‌നങ്ങള്‍ ചിതറി പോയതിനെകുറിച്ച്….
ഞാന്‍ ഒന്നും പറഞ്ഞില്ല… ആ കണ്ണുകളില്‍ നോക്കി ഞാന്‍ എന്താണ് പറയേണ്ടത്..??

ഒരിക്കല്‍ അവള്‍ പറഞ്ഞ വാക്കുകള്‍ മാത്രം ഞാനവളെ ഓര്‍മിപ്പിക്കും..
“എന്‍റെ ഇക്ക സ്നേഹിച്ചു കെട്ടിയതാ.. അതാ എനിക്കുള്ള ഒരു സമാധാനം..”!!!!
അവള്‍ അപ്പോള്‍ മൌനിയാവും…… ഞാനും…
ഈ ലോകം വൈരുധ്യങ്ങളുടെതാണ്..!!!!
പ്രതേകിച്ചു പ്രണയിക്കുന്നവര്‍ക്ക് മുന്നില്‍..അല്ലെങ്കില്‍ പിന്നെ പ്രണയത്തിന്റെ രുചി അറിഞ്ഞയാല്‍ എങ്ങനെ പ്രണയത്തിനു നേരെ മുഖം തിരിഞ്ഞു നില്‍ക്കും??!!!

മഴ ഞങ്ങള്‍ക്ക് അന്യമായി തുടങ്ങിയിരുന്നു..
ആരും കാണാതെ അവളിപ്പോഴും എന്നിലേക്കെത്തും, ഒരു വിളിയായി, ചിലപ്പോള്‍ എന്‍റെ നിഴലായി..

ഈ കഥ അവള്‍ക്കുള്ളതാണ്.. അവസാനമായി കണ്ട നാള്‍ അവള്‍ തന്ന റോസാ പൂവ് പൊതിഞ്ഞ ചുവന്ന നിറമുള്ള കടലാസ് കഷ്ണങ്ങളിലെ വാക്കുകള്‍ക്കുള്ളതാണ്…
ഞാന്‍ നെഞ്ചോടു ചേര്‍ത്ത് വെച്ച ആ വാക്കുകള്‍ ഈ പ്രണയ മാസത്തില്‍ ഇവിടെ പുനര്‍ ജനിക്കുകയാണ്..
“എന്നെ സ്വപ്നം കാണാന്‍ പഠിപ്പിച്ചവന്,
പ്രണയം നശിച്ചു പോയി എന്ന് വിലപിക്കുന്ന ഒരു കൂട്ടം ആളുകള്‍ക്കിടയില്‍ നിന്നാണ് പ്രണയം തുടിക്കുന്ന മനസുമായി ഞാന്‍ ഇതെഴുതുന്നത്..
ഇവിടെല്ലാരും പറയുന്നു, പ്രണയം കളങ്കമായി പോയെന്നു..
നമുക്ക് മുന്നേ കഴിഞ്ഞ തലമുറയില്‍ യദാര്‍ത്ഥ പ്രണയം അസ്തമിച്ചെന്നു….
ആരൊക്കെയോ ചേര്‍ന്ന് പ്രണയം കളങ്കമാക്കിയപ്പോള്‍ ക്രൂശിക്കപ്പെട്ട അനേകം പേരില്‍ ഒരാള്‍ നീയാണ്,മറ്റൊരാള്‍ ഞാനും…
നമുക്കായ് ഇനി മഴ പെയ്തില്ലെന്നും വരാം..പക്ഷെ നാം മഴ നനഞ്ഞ നടന്നു വഴികള്‍ അവസാനിക്കുന്നില്ല, ആ വഴികളില്‍ എവിടെയേലും വെച്ച് നാം വീണ്ടും കണ്ടു മുട്ടിയേക്കാം.. കയ്യോടെ കൈ ചേര്‍ത്ത് നടക്കുന്നത് സ്വപ്നങ്ങളില്‍ കാണാം..
നാം ഒരുമിച്ചു നടന്നു തീര്‍ത്ത ഓര്‍മകളിലാണ് ഞാന്‍ ഇനി ജീവിക്കുന്നത്..
ആ ഓര്‍മ്മകള്‍ മരിക്കില്ല.. ആ ഓര്‍മ്മകള്‍ എന്നില്‍ നിന്നും ഇല്ലാതാകുന്ന നിമിഷം ഞാന്‍ ഈ മണ്ണില്‍ നിന്നും ഇല്ലാതാകും..
ഒത്തിരി സ്നേഹത്തോടെ,
നിന്‍റെ സ്വന്തം…. ”

ഞാനിനിയും കാത്തിരിക്കുന്നു.. കാരണം അവള്‍ കാത്തിരിക്കാന്‍ പറഞ്ഞിട്ടുണ്ട്..
മഴ ഇനിയും പെയ്യും.. അങ്ങനെയുള്ള ഒരു മഴയില്‍ അവളെന്നിലേക്ക് ഓടി വരും..
ഒരു കുടയില്‍ അവളെയും തോളോട് ചേര്‍ത്ത് ഞാന്‍ നടന്നു തീര്‍ക്കും, ഞങ്ങള്‍ സ്വപ്നം കണ്ട വഴികള്‍……