വാജ്പേയിയുടെ മനസ്സിലിപ്പോള്‍ രാഷ്ട്രീയമില്ല; പല്ലില്ലാതെ മോണകാട്ടിയുള്ള ചിരി മാത്രം !

saudi-arabia

Update: ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ ഈ ഒച്ചപ്പാടും ബഹളവും ഒന്നുമറിയാതെ ഒരു കാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായന്മാരായിരുന്ന മൂന്നു പേര്‍ ഡല്‍ഹിയില്‍ തന്നെ കഴിയുന്നുണ്ട് എന്ന കാര്യം അറിയുമ്പോള്‍ നിങ്ങളില്‍ അറിയാതെ അവരുടെ പഴയ ഓര്‍മ്മകള്‍ തികട്ടി വരും. 2013 സെപ്റ്റംബര്‍ 30 ബൂലോകം പ്രസിദ്ധീകരിച്ച ആ പഴയ ലേഖനം ഈ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ നിങ്ങള്‍ക്ക് മുന്നിലേക്ക് ഇട്ടു തരുന്നു

വാക്കുകള്‍കൊണ്ട് ജനലക്ഷങ്ങളെ ത്രസിപ്പിച്ച മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ മനസ്സിലിപ്പോള്‍ രാഷ്ട്രീയമില്ല. പാതിയടഞ്ഞ കണ്ണുകളുമായി ആകാശത്തേക്കു തല ചരിച്ചുനിന്ന്, അന്തരീക്ഷത്തില്‍നിന്നു വാക്കുകള്‍ വലിച്ചെടുത്ത് വീണ്ടും സദസിലേക്ക് എറിയുന്ന ആ ശൈലിയും ഇപ്പോഴില്ല. ആ മസ്തിഷ്‌കത്തില്‍നിന്നു ഭൂതകാലത്തെ മറവിരോഗം പാടേ മായ്ച്ചുകളഞ്ഞിരിക്കുന്നു. കൃഷ്ണമേനോന്‍ മാര്‍ഗിലെ 6-എ വസതിയില്‍ ഇന്ത്യയുടെ മുന്‍പ്രധാനമന്ത്രി തന്റെ ബാല്യത്തിലെന്നോണം ഓര്‍മകള്‍ അലട്ടാത്ത ലോകത്താണ്. നിയന്ത്രിത സന്ദര്‍ശകരെ നോക്കി, കുഞ്ഞുങ്ങളെപ്പോലെ പല്ലില്ലാമോണ കാട്ടി ചിരിക്കും… ഒരിക്കല്‍ ലോകം കാതോര്‍ത്തിരുന്ന ആ മഹാവാഗ്മിയുടെ നിതാന്തമൗനത്തിനു മുന്നില്‍ സന്ദര്‍ശകരുടെ ഹൃദയമാണ് നുറുങ്ങുക.

വാജ്പേയിയുടെ വാജ്‌പേയിയുടെ പ്രസംഗശൈലിയും താളാത്മകമായിരുന്നു. വാചകങ്ങള്‍ക്കിടയില്‍ നിമിഷങ്ങള്‍ നീളുന്ന മൗനം. ആ മൌനത്തിന് ശേഷം വരുന്ന വാക്പ്രവാഹത്തിലാണ് പ്രതിയോഗികള്‍ക്കുനേരേയുള്ള ആയുധം ഒളിപ്പിച്ചിരിക്കുന്നത് എന്നറിയാവുന്ന പത്രപ്രവര്‍ത്തകര്‍ അടുത്ത നിമിഷത്തിനായി കാതുകൂര്‍പ്പിച്ചു. പ്രായമേറിയതിനൊപ്പം വാചകങ്ങള്‍ക്കിടയിലെ മൗനത്തിന്റെ ആഴം നീണ്ടു. വരികള്‍ക്കിടയിലുളള മൗനം മഹാമൗനത്തിനു വഴി മാറുകയാണെന്ന് ആരും അന്നു കരുതിയില്ല.

Vajpayee_Turns_13112

കവികളിലെ നേതാവെന്നും നേതാക്കളിലെ കവിയെന്നും വിഖ്യാതനായ വാജ്‌പേയിയുടെ പ്രസംഗങ്ങള്‍പോലും കവിത തുളുമ്പുന്നതായിരുന്നു. എതിരാളികള്‍ക്ക് കുറിക്കുകൊള്ളുന്ന അസ്ത്രങ്ങളും. ‘അന്‌ധേരാ ഛഡേഗാ, സൂരജ് ഉഠേഗാ, കമല്‍ ഖിലേഗാ’ (അന്ധകാരം നീങ്ങും, സൂര്യനുദിക്കും, താമര വിരിയും) ഒരിക്കല്‍ ബി.ജെ.പി. അധികാരത്തില്‍ വരുമെന്നു പ്രഖ്യാപിച്ചുകൊണ്ടുള്ള വാജ്‌പേയിയുടെ പ്രഖ്യാപനം പ്രസിദ്ധമാണ്. 1980 ഏപ്രില്‍ ആറിനു ഡല്‍ഹിയില്‍, ബി.ജെ.പിയുടെ പ്രഥമ സ്ഥാപകദിനത്തിലായിരുന്നു അത്. ബി.ജെ.പിയുടെ വളര്‍ച്ച ആരും സ്വപ്‌നത്തില്‍പ്പോലും കാണാത്ത നാളുകളിലെ ആ പ്രവചനം അണികള്‍ക്ക് ആവേശമായി. പിന്നീട് അതു യാഥാര്‍ഥ്യമാകുകയും ചെയ്തു.

2006 അവസാനം ലഖ്‌നൗവില്‍ നടന്ന ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതിയുടെ സമാപനവേളയിലായിരുന്നു വാജ്‌പേയിയുടെ വിടവാങ്ങല്‍ പ്രസംഗം. ഡല്‍ഹിയിലേക്കുള്ള പാത ലഖ്‌നൗവിലൂടെയാണെന്നു സൂചിപ്പിച്ചാണ് അന്നദ്ദേഹം പ്രസംഗം ഉപസംഹരിച്ചത്. ഇന്നിപ്പോള്‍ എല്‍.കെ. അദ്വാനിയെപ്പോലെ അടുപ്പമുള്ള നേതാക്കളെ അടല്‍ജിക്കു തിരിച്ചറിയാമെന്നു ബി.ജെ.പി. അവകാശപ്പെടുമ്പോഴും ആ മസ്തിഷ്‌കത്തില്‍നിന്നു ഭൂതകാലത്തെ മറവിരോഗം പാടേ മായ്ച്ചുകളഞ്ഞെന്നതാണു സത്യം. വളര്‍ത്തുമകളുടെ ഭര്‍ത്താവ് രഞ്ജന്‍ ഭട്ടാചാര്യയാണ് അദ്ദേഹത്തോടൊപ്പമുള്ളത്. ഞാന്‍ രാഷ്ട്രീയത്തെ വിട്ടെങ്കിലും രാഷ്ട്രീയം എന്നെ വിടുന്നില്ലെന്നു പറഞ്ഞ നേതാവിന്റെ വിദൂരസ്മൃതികളില്‍പ്പോലും രാഷ്ട്രീയം കടന്നുവരുന്നില്ല എന്നതാണ് സത്യം.

രാജ്യത്തെ മറ്റു രണ്ടു പ്രമുഖര്‍ കൂടി ഇതേ കിടപ്പ് കിടക്കുന്നണ്ട്. ഇപ്പോള്‍ വാജ്‌പേയിയുടെ മന്ത്രിസഭയില്‍ പ്രതിരോധമന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസും കോണ്‍ഗ്രസ് നേതാവ് പ്രിയരഞ്ജന്‍ദാസ് മുന്‍ഷിയും ഇതേ അവസ്ഥയിലാണ് ഇപ്പോള്‍ . ഒന്നും ഓര്‍മ്മയില്ലാത്ത ലോകത്താണ് അവരും. അടിയന്തരാവസ്ഥയോടുള്ള പുച്ഛം മുഖത്തു പ്രകടിപ്പിച്ച്, കൂച്ചുവിലങ്ങണിഞ്ഞ ഒറ്റയാനെപ്പോലെ, 1976ല്‍ അറസ്റ്റ് വരിച്ച ജോര്‍ജ് ഫെര്‍ണാണ്ടസിനെയും മറവിരോഗം കീഴടക്കി. മൂന്നു ദശാബ്ദത്തിലേറെ അകന്നുനിന്ന ഭാര്യ ലീല കബീറാണ് അദ്ദേഹത്തിന്റെ സംരക്ഷണച്ചുമതല ഏറ്റെടുത്തിരിക്കുന്നത്. അനുകൂല കോടതിവിധി നേടി ആഴ്ചയില്‍ ഒരു ദിവസം ഒരു മണിക്കൂര്‍ കാണാന്‍ ജോര്‍ജിന്റെ സഹോദരന്‍ എത്തും.

മറവിരോഗം ബാധിച്ച മറ്റൊരു നേതാവ് മുന്‍ വാര്‍ത്താവിതരണമന്ത്രി പ്രിയരഞ്ജന്‍ ദാസ് മുന്‍ഷിയാണ്. സഹപ്രവര്‍ത്തകനും സുഹൃത്തുമായ പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായി ഇരിക്കുന്നതും ദാസ്മുന്‍ഷി അറിഞ്ഞിട്ടില്ല. റെയ്‌സിനാ ഹില്ലില്‍നിന്ന് ഏറെ അകലെയല്ലാത്ത അപ്പോളോ ആശുപത്രിയില്‍ സ്വയം ഭക്ഷണം കഴിക്കാനോ പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാനോ കഴിയാതെനിസംഗതയോടെ ടിവി ആശുപത്രി ജീവനക്കാര്‍ ഓണ്‍ ചെയ്തു വെച്ച പാര്‍ലമെന്റ് നടപടി ക്രമങ്ങളുടെ ലൈവ് സംപ്രേഷണവും ഫുട്ബോള്‍ മത്സരങ്ങളും നിസംഗതയോടെ നോക്കി നില്‍ക്കുകയാണ് ദാസ് മുന്‍ഷി.

Courtesy: താന്നിമ്മൂടന്റെ ബ്ലോഗ്‌