വികാരരഹിതരും ബാലറ്റ് ചിരികളും…

15808664-Smiley-Emoticons-Face-Vector-Laughing-Stock-Vector
 
നിര്‍വ്വികാര ഭാവപൂര്‍ണ്ണരാവണം സ്ഥാനാര്‍ത്ഥികള്‍. ഇങ്ങനെ പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പ് കമ്മിഷനും. ബാലറ്റ് പേപ്പറില്‍ പേരിനും ചിഹ്നത്തിനുമൊപ്പം സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോകളും ഉള്‍പ്പെടുത്തുമ്പോള്‍ വോട്ടര്‍മാരെ യാതൊരുതരത്തിലും സ്വാധീനിക്കാത്ത മുഖഭാവങ്ങളോടെ വേണം ഫോട്ടോ ചേര്‍ക്കാനെന്ന നിര്‍ദ്ദേശവും കമ്മിഷന്‍ കര്‍ശനമാക്കി. സങ്കടമോ, പുഞ്ചിരിയോ, പല്ലിളിക്കല്‍ ചിരിയോ, അനുതാപപൂര്‍വ്വമുള്ള നോട്ടമോ, വശീകരിക്കുന്ന എക്‌സ്പ്രഷനുകളൊ ഒന്നും മുഖത്ത് വരരുത്. കമ്മിഷന്റെ മുന്നറിയിപ്പുകേട്ട് അതുവരെ ചിരിച്ചോണ്ട് ഓടിനടന്നിരുന്ന സ്ഥാനാര്‍ത്ഥികള്‍ സ്വിച്ചിട്ടപോലെ ചിരി ഓഫാക്കി നിശ്ബദരായി അവാര്‍ഡുസിനിമകളിലെ കഥാപാത്രങ്ങളെപ്പോലെ സ്റ്റുഡിയോയിലേയ്ക്ക് മാര്‍ച്ച് ചെയ്തു. പുതുതായി രംഗത്തിറങ്ങിയ പല സ്ഥാനാര്‍ത്ഥികളുടേയും ആശങ്ക ഈ നിര്‍വ്വികാരത നിര്‍വ്വികാരത എന്ന് പറഞ്ഞാലെന്താന്നും അതെങ്ങനെ മുഖത്ത് പ്രതിഫലിപ്പിക്കുമെന്നായിരുന്നു. പ്രഗല്‍ഭരായ മറ്റ് സ്ഥാനാര്‍ത്ഥികളെപ്പോലെ നിമിഷനേരം കൊണ്ട് യാതൊരു കാര്യവുമില്ലാതെ വികാരപ്രകടനങ്ങള്‍ നടത്താന്‍ അത്ര പരിചയസമ്പന്നരല്ലല്ലോ അവര്‍. ഒടുക്കം ഉള്ള അഭിനയശേഷിവച്ച് പോട്ടം പിടിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചട്ടങ്ങള്‍ അനുസരിച്ചു.

ഇതിനിടയിലാണ് ബാലുശ്ശേരിയില്‍ ബാലറ്റിന്റെ പേരില്‍ തര്‍ക്കം വന്നത്. മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ എംഎല്‍എയുമായ യു.സി. രാമന്റെ പേര് ബാലറ്റില്‍ യു.സി. രാമന്‍ പടനിലമായതുകണ്ട് സ്ഥാനാര്‍ത്ഥിയുടെ കണ്ണുതള്ളി. യു.സി. രാമനൊപ്പം മറ്റൊരു രാമന്‍ കൂടി സ്ഥാനാര്‍ത്ഥിയായി വന്നതിനാല്‍ ആശയക്കുഴപ്പം സംഭവിക്കാതിരിക്കാന്‍ ചീഫ് ഇലക്ടറല്‍ ഓഫീസറുടെ തീരുമാനമനുസരിച്ച് യു.സി. രാമനൊപ്പം വാലായി പടനിലം കൂടി ചേര്‍ത്തതാണെന്നും, ഇനിയത് മാറ്റാനാവില്ലെന്നും ബാലുശ്ശേരി മണ്ഡലത്തിന്റെ ചുമതലയുള്ള ഡപ്യൂട്ടി കളക്ടര്‍ കെ. ഹിമ അറിയിച്ചപ്പോള്‍ സ്തബ്ധനായ സ്ഥാനാര്‍ത്ഥി കളക്ടര്‍ക്ക് പരാതിയും നല്‍കി.
 

 
നിര്‍വ്വികാര ഫോട്ടോ നിര്‍ദ്ദേശം നിലനില്‍ക്കെ ഇതേ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പുരുഷന്‍ കടലുണ്ടിയുടെ ബാലറ്റിലെ ചിരിക്കുന്ന ഫോട്ടോ യുഡിഎഫ് കുത്തിപ്പൊക്കി. യുഡിഎഫിന്റെ പരാതിയെത്തുടര്‍ന്ന് പുരുഷന്‍ കടലുണ്ടിയുടെ ചിരിച്ച ഫോട്ടോ പറിച്ചെടുക്കാന്‍ തീരുമാനവുമായി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനങ്ങളെ പുല്ലുപോലെ അവഗണിച്ച് ഫോട്ടോയില്‍ ‘വികാര പ്രകടനം’ നടത്തിയത് പുരുഷന്‍ കടലുണ്ടി മാത്രമായിരുന്നില്ല. പരാതി കൊടുത്ത യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ ചില മണ്ഡലങ്ങളിലെ ചിരിച്ച പോട്ടം ഇലക്ഷന്‍ കമ്മിഷന്‍ കണ്ടില്ലെന്നുറപ്പാണ്. തിരുവനന്തപുരം ജില്ലയിലെ പല നിയോജക മണ്ഡലങ്ങളിലും ബാലറ്റുപേപ്പറുകളില്‍ വന്ന ഒട്ടുമിക്ക സ്ഥാനാര്‍ത്ഥികളുടേയും ചിരിക്കുന്ന ഇടിവെട്ട് ഫോട്ടോയ്‌ക്കെതിരെ പരാതി കൊടുക്കാന്‍ കഴിയാത്തവിധം എല്ലാ പാര്‍ട്ടിക്കാരും പങ്കാളികളായി എന്നതാണ് രസകരം. തിരുവനന്തപുരത്ത് മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ കമ്മിഷന്റെ പ്രഖ്യാപനത്തെ മറികടന്ന് ചിരിക്കാന്‍ മല്‍സരിക്കുന്ന ബാലറ്റുകള്‍ താഴെ.