Share The Article

1

വിദ്യാധരന്‍ ഒരു സാധുവാണ്‌ ,ഒരു പരസഹായി .വര്‍ഷങ്ങളായി വയനാട്ടിലെ പുല്പള്ളി എന്ന സ്ഥലത്താണ് താമസം .അത് കൊണ്ട് തന്നെ പുല്പള്ളിക്കാര്‍ക്ക് വിദ്യാധരന്‍ ഒരു വരുത്തനല്ല .വിദ്യാധരന്റെ ആരെയും സഹായിക്കാനുള്ള ആ മനസ്സ് കൊണ്ടാണ് പുല്പ്പള്ളിക്കാരെ വിദ്യാധരന്‍ സ്വന്തക്കാരാക്കിയത് . പുല്പള്ളിയില്‍ നിങ്ങള്‍ക്ക് പരിഹരിക്കാനാവാത്ത ഒരു പ്രശ്നവുമായി വണ്ടിയിറങ്ങൂ ,വിദ്യാധരന്‍ കൃത്യമായി നിങ്ങളുടെ അടുത്തെത്തിയിരിക്കും നിങ്ങളെ ശരിക്കും സഹായിച്ചിരിക്കും .പറഞ്ഞാല്‍ തീരാത്ത സഹായ കഥകള്‍ ഉണ്ട് പുല്പ്പള്ളിക്കാര്‍ക്ക് പറയാന്‍ വിദ്യാധരന്റെതായിട്ടു .വിദ്യാധരന്‍ പുല്പള്ളിക്കാര്‍ക്കു അവിവാഹിതനാണ് പക്ഷെ അങ്ങ് നാട്ടില്‍ ,കോട്ടയത്ത്‌ ഒരു ഭാര്യയും മകളും ഉണ്ട് .

ഒരു ദിവസം പുല്‍പ്പള്ളി ടൌണില്‍ നിന്ന് ചുറ്റുപുറവും ആരേലും സഹായം അനേഷിക്കുന്നുണ്ടോ എന്ന് വിദ്യാധരന്‍ തിരയുമ്പോള്‍ ആണത് കണ്ടത് , തൊട്ടടുത്ത ടെലിഫോണ്‍ ബൂത്തിലെ പെങ്കൊച്ചു വെറുതെ മനോരമയും വായിച്ചിരിക്കുന്നു .എന്നാല്‍ പിന്നെ അവള്‍ക്കൊരു സഹായമാവട്ടെ എന്ന് കരുതി ,നേരെ ബൂത്തിലേക്ക് കയറി .അവിവാഹിതന്‍ തന്റെ നാട്ടിലെ ഭാര്യയുടെ നമ്പര്‍ ഞെക്കി വിളിച്ചു .സംസാരം കഴിഞ്ഞു പുറത്തിറങ്ങിയ വിദ്യാധരന്റെ മുഖത്ത് ഒരു മ്ലാനത .ഈ മ്ലാന മുഖവുമായി വിദ്യാധരന്‍ തന്റെ കുടിയിരുപ്പു കേന്ദ്രമായ ജോജോയുടെ വര്‍ക്ക്ഷോപ്പിലേക്ക് നടന്നു .കരിഓയിലും ജോജോയും ഇരട്ടകളാണെന്നെ ഒറ്റനോട്ടത്തില്‍ തോന്നു .ഈ കോലത്തിനു ഒരു ഭംഗി ഇരിക്കട്ടെ എന്ന് കരുതി ആ പാവത്തിന്റെ മുഖത്ത് ദൈവം വസൂരികലകള്‍ വാരി തേച്ചു പിടിപ്പിച്ചിട്ടുണ്ട് .ആറടി ഉയരത്തില്‍ നിന്നും പുറപ്പെടുന്ന ഹുങ്കാരശബ്ദവും എല്ലാം കൂടെ പാവം ജോജോയെ ആദ്യം കാണുന്നവര്‍ ഒന്നൊതുങ്ങി നില്‍ക്കും .ഇഞ്ചി കടിച്ച മുത്തച്ചനെ പോലെ വന്നിരിക്കുന്ന വിദ്യാധരനോടുള്ള ആവര്‍ത്തിച്ചുള്ള ചോദ്യത്തിനോടുവിലാണ് വിദ്യാധരന്‍ സങ്കടകരമായ ആ വാര്‍ത്ത പുറത്തുവിട്ടത് . നാട്ടിലെ തന്റെ സ്വന്തം ഭാര്യ തന്റെ സ്വന്തം മോളുടെ കല്യാണം വിദ്യാധരന്‍ അറിയാതെ നടത്തിയിരിക്കുന്നു .എത്ര ഒക്കെ അവിവാഹിതനാണേലും സ്വന്തം മോള്‍ടെ കല്യാണം കാണാന്‍ ആഗ്രഹമില്ലാതിരിക്കുമോ.ആ വിഷമ വാര്‍ത്ത അറിഞ്ഞപ്പോള്‍ മുതല്‍ പാവം വിദ്യാധരന്‍ ചിന്തകളില്‍ മൌനിയായി .

ശരി നടന്നത് നടന്നു .ഇനിയിപ്പോള്‍ എന്താ ,ബാക്കി നോക്കുക തന്നെ . സ്വന്തം മോളാണ് അവളുടെ കല്യാണമാണ് നടന്നിരിക്കുന്നത് .അച്ഛനെന്ന നിലയില്‍ തന്റെ കടമ ഈ വൈകിയ വേളയില്‍ എങ്കിലും ചെയ്യണം .വിദ്യാധരന്‍ ഉറപ്പിച്ചു .പക്ഷെ ആളുകളെ സഹായിക്കുന്ന തിരക്കിലും ,കുറച്ചു നാള്‍ മുന്‍പ് ഉണ്ടായ അപകടത്താലും കയ്യില്‍ ദമ്പടി ഒന്നുമില്ല .എന്ത് ചെയ്യും കുറെ നേരം ആലോചിച്ചിരുന്നു പിന്നെ വേഗം മോള്‍ടെ നമ്പര്‍ എടുത്തു വിളിച്ചു .കുറെ കരഞ്ഞു പിന്നെ സ്നേഹിച്ചു അതിന്റെ തുടര്‍ച്ചയായി സ്വന്തം ഭാര്യയെ കുറെ തെറി വിളി എല്ലാത്തിനുമൊടുവില്‍ മകളെ പുല്പള്ളിയിലേക്ക് , അച്ഛന്റെ അടുത്തേക്ക് ക്ഷണിച്ചു .മോള്‍ക്കും മരുമോനും സന്തോഷം അച്ഛന്‍ വിളിച്ചിരിക്കുന്നു . അച്ഛന്റെ കൂടെ കുറച്ചു നാള്‍ താമസിക്കാന്‍ .മോളുടെ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ തന്റെ കണവന്‍ ചെറുക്കനേയും കൊണ്ട് പ്രകൃതി രമണിയായി അവതരിച്ചിരിക്കുന്ന വയനാട്ടിലേക്ക് ഒരു യാത്ര ഏതു പുതു പെണ്ണാണ് ആഗ്രഹിക്കാത്തത് .വിദ്യാധരന്റെ മോളും ആഗ്രഹിച്ചു .

ജോജോയെ വിട്ടു വിദ്യാധരന്‍ നേരെ പുല്‍പ്പള്ളി ജീപ്പ് സ്റ്റാണ്ടിലേക്ക് നടന്നു .”ഡാ ബേബിയെ വണ്ടിയെടുത്തെ ഒന്ന് കറങ്ങാന്‍ ഉണ്ട് “.വണ്ടിയുടെ മുന്‍ സീറ്റിലേക്ക് ചാടികേറി ഇരുന്നതിനൊപ്പം ഒരു ലിസ്റ്റ് എടുത്തു ബേബിക്ക് കൊടുത്തു എന്നിട്ട് പറഞ്ഞു “ഇത്രേം ആളുകളുടെ വീട്ടില്‍ പോണം “.ബേബിച്ചായന്‍ ലിസ്റ്റ് നോക്കി പത്തു നൂറ്റമ്പത് പേരുണ്ട് അതും പുല്പള്ളിയിലെ അറിയപെടുന്ന പണക്കാര് മാത്രം .ബേബിച്ചനു ഒന്നും മനസ്സിലായില്ല .”എന്താ വിദ്യാധര ഇടപാട് ?” അതൊക്കെയുണ്ട്‌ നീ വണ്ടി വിട്ടോ ” എന്നൊരു ഉത്തരവ് മാത്രം കിട്ടി .ഓരോ വീട്ടിലും വിദ്യാധരന്‍ പറഞ്ഞത് ഏതാണ്ടീ ടയലോഗ് ആണ് “എന്റെ മോള്‍ടെ കല്യാണമാണ് വരുന്ന ഞായറാഴ്ച , അതിന്റെ ഒരു സന്തോഷത്തിനു വേണ്ടി ഒരു ചെറിയ റിസപ്ഷന്‍ ഹോട്ടല്‍ മരിയയില്‍ വെച്ചിട്ടുണ്ട് .നിങ്ങള്‍ എല്ലാരും വരണം വന്നാല്‍ മാത്രം പോരാ എന്നെ കാര്യയിട്ട് ഒന്ന് സഹായിക്കുകയും വേണം .എന്റെ ഇപ്പോഴത്തെ അവസ്ഥ അറിയാല്ലോ , ആശുപത്രി കിടക്കയിലായിരുന്നു . കയ്യില്‍ ഒന്നുമില്ല അത് കൊണ്ട് കണ്ടറിഞ്ഞു എന്തേലും ചെയ്യണം . ഞാനിറങ്ങുകയാ പറഞ്ഞത് മറക്കല്ലേ ,എന്റെ മോള്‍ടെ ജീവിതമാ”

ശനിയാഴ്ച രാവിലെ തന്നെ മകളും മരുമകനും വയനാട്ടിലെ കുളിര് കോരാനെത്തി .വിദ്യാധരന്‍ ആഘോഷപൂര്‍വ്വം രണ്ടുപേരെയും സ്വീകരിച്ചിരുത്തി .ഞായറാഴ്ച ഉച്ചതിരിഞ്ഞായിരുന്നു പാര്‍ട്ടി .ഹോട്ടല്‍ മരിയ ബാര്‍ അറ്റാച്ചെഡ് ആയിരുന്നത് കൊണ്ട് അച്ചായന്മാരെല്ലാം നേരത്തെ തന്നെ എത്തി രണ്ടെണ്ണം അടിച്ചു പിന്നെ പെണ്ണിനേം ചെക്കനേം അനുഗ്രഹിച്ചു , വീണ്ടും രണ്ടെണ്ണം അടിച്ചു വിദ്യാധരനെ സഹായിച്ചു .അങ്ങിനെ അടിയും സഹായവും ഒക്കെ ആയി പരിപാടി തകര്‍ക്കുകയാണ് .വിദ്യാധരന്‍ എല്ലാവരെയും തീറ്റിപ്പിക്കുന്നു,കുടിപ്പിക്കുന്നു ആകെ തിരക്ക് . വൈകുന്നേരം ഒരു അഞ്ചു മണി ആയതോടെ വിദ്യാധരന്‍ മെല്ലെ മക്കളെയും കൊണ്ട് പുറത്തു ചാടി .എന്നിട്ട് അവരോടു പറഞ്ഞു “എന്നാല്‍ മക്കള്‍ ഇനി സമയം കളയണ്ട ; ആറു മണിക്കാണ് സോണിയ ചെറിയാന്‍ കോട്ടയത്തിനു പോകുന്നെ അതിനു കേറിയാല്‍ വെളുപ്പിന് കോട്ടയത്ത്‌ വീട്ടിലെത്താം അമ്മച്ചി അവിടെ ഒറ്റയ്ക്കല്ലേ ” . മകളും മരുമകനും ഒന്ന് ഞെട്ടി ,പിന്നീട് ഞങ്ങള്‍ക്ക് വയനാടിന്റെ കുളിര് കൊണ്ട് മതിയായി എന്ന് പറയാന്‍ തുടങ്ങുമ്പോള്‍ തൊണ്ടയില്‍ വിക്കി .വിക്കല്‍ കണ്ട വിദ്യാധരന്‍ അത് കാണാത്ത മട്ടില്‍ അപ്പോളേക്കും ഒരു ഓട്ടോ വിളിച്ചിരുന്നു അവര്‍ക്ക് വീട്ടില്‍ പോകാന്‍ .മക്കളെ ഓട്ടോയില്‍ കയറ്റിയിട്ടു വിദ്യാധരന്‍ പറഞ്ഞു “മക്കള് വേഗം പോയി ഡ്രസ്സ്‌ ഒക്കെ എടുത്തോണ്ട് ഈ ഓട്ടോയില്‍ തന്നെ പോരെ അച്ഛന്‍ അപ്പോളേക്കും ബസില്‍ സീറ്റ് പിടിക്കാം” .

വിദ്യാധരന്‍ മരിയയില്‍ തിരിച്ചെത്തി ബില്‍ എത്രയായി എന്ന് അനേഷിച്ചു . മുപ്പതിനായിരം എന്ന് തലപ്പാവുകാരന്റെ കുറിപ്പ് കിട്ടി .മുപ്പതിനായിരം എണ്ണി കൊടുത്ത് ബാക്കി ഒരു ലക്ഷത്തി ഇരുപതിനായിരം എണ്ണിതിട്ടപെടുത്തുമ്പോള്‍ വിദ്യാധരന്‍ ആലോചിച്ചത് ഒരു വര്‍ഷവും കൂടെ നാട്ടില്‍ നിന്നിട്ട് നാടുവിട്ടു പോന്നിരുന്നേല്‍ ഒരു ഒരുലക്ഷം ,ചിലപ്പോള്‍ രണ്ടുലക്ഷം കൂടെ കിട്ടിയേനെ എന്നായിരുന്നു .