Share The Article

knuckle-cracking

വിരല്‍ ഞൊടിച്ചാല്‍ ശബ്ദമുണ്ടാകും. പക്ഷെ എന്ത് കൊണ്ടാണ് ഇങ്ങനെ ശബ്ദം ഉണ്ടാകുന്നത്?

വിരല്‍ ഞൊടിക്കുമ്പോള്‍ ദ്രുത വേഗത്തില്‍ ഉണ്ടാകുന്ന ഒരു അറയാണ് ശബ്ദത്തിന് കാരണമെന്നാണ് കാനഡയിലെ ആല്‍ബര്‍ട്ട യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ കണ്ടെത്തല്‍. ആര്‍ബര്‍ട് യൂണിവേഴ്‌സിറ്റിയിലെ റീഹാബിലിറ്റേഷന്‍ മെഡിസിന്‍ പ്രൊഫസര്‍ ഗ്രെഗ് കോചുക്കാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്. ‘പുള്‍ മൈ ഫിംഗര്‍‘ എന്ന് പേരിട്ടിരിക്കുന്ന പഠനം സയന്റിഫിക് ജേര്‍ണലായ പ്ലോസ് വണ്ണില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

വിരല്‍ ഞൊടിക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്ന് കണ്ടെത്തുന്നതിന് വേണ്ടി വിരലിന്റെ എം.ആര്‍.ഐ വീഡിയോ ആണ് ഗവേഷകര്‍ ഉപയോഗിച്ചത്. ഒരു ചെറിയ ട്യൂബിലൂടെ വിരല്‍ കടത്തിയ ശേഷം സാവകാശം വിരല്‍ ഞൊടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഗവേഷകര്‍ പകര്‍ത്തുകയായിരുന്നു. വിരല്‍ ഞൊടിക്കുമ്പോള്‍ സന്ധികളിലുള്ള സൈനോവിയല്‍ ഫല്‍യിഡില്‍ ചെറിയ അറ രൂപപ്പെടുകയാണ് ചെയ്യുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ഇതില്‍ വായു നിറയുന്നതാണ് ശബ്ദമുണ്ടാകാന്‍ കാരണം. 310 മില്ലി സെക്കന്റുകള്‍ക്കിടയിലാണ് ഇത്രയും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.