Share The Article

iit-madras_boolokam
എവിടെയൊക്കെ വിപ്ലവങ്ങളും സമരങ്ങളും നടന്നിട്ടുണ്ടോ അവിടെയെല്ലാം ചെറുപ്പക്കാരുടെ ചിന്തയും ചോരയും അതിന് വീര്യം പകര്‍ന്നിട്ടുണ്ട്. അതുകൊണ്ടാണല്ലോ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും കലാലയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും. ഇതാ രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായ മദ്രാസ് ഐ.ഐ.റ്റി. യില്‍ നിന്നൊരു വിപ്ലവ വാര്‍ത്ത. മോഡി സര്‍ക്കാരിനെ വിമര്‍ശിക്കുന്നു എന്നാ പേരില്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് മദ്രാസ് ഐ.ഐ.റ്റി. യിലെ അംബേദ്കര്‍ പെരിയാര്‍ സ്റ്റുഡന്റ് സര്‍ക്കിള്‍ എന്ന വിദ്യാര്‍ഥി കൂട്ടായ്മയ്‌ക്കെതിരെ ഒരു അജ്ഞാത പരാതി മാനവവിഭവശേഷി മന്ത്രാലയത്തില്‍ എത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്‌ക്കെതിരെ സംസാരിച്ചു എന്നതാണ് പ്രധാന പരാതി. മദ്രാസ് ഐ.ഐ.റ്റി.യിലെ വിവേകാനന്ദ ഗോപാല്‍ നടത്തിയ ഒരു പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ അടങ്ങിയ ലഘുലേഖയാണ് തെളിവായി കാണിച്ചിട്ടുള്ളത്. മോഡി ഭരണം ഒരു ഹൈന്ദവ അജണ്ടയില്‍ സ്ഥാപിതമാണെന്നും ഇന്ത്യയെ കൊള്ളയടിക്കുവാന്‍ വിദേശ കുത്തക മുതലാളിത്ത കമ്പനികള്‍ക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്നും ഗോവധനിരോധനം, ഘര്‍ വാപ്പസി, വേദങ്ങളുടെ പ്രചരണം എന്നിവയിലൂടെ സാമുദായികമായ ഭിന്നത ഉണ്ടാക്കുകയെന്നുമൊക്കെയാണ് ഇവര്‍ നടത്തിയ ആരോപണങ്ങള്‍.

എന്നാല്‍ ഈ ആരോപണങ്ങള്‍ ഒക്കെയും തന്നെ ഇതിനു മുന്‍പും പ്രതിപക്ഷ പാര്‍ട്ടികളും സാംസ്‌കാരിക നേതാക്കന്മാരും പത്രമാധ്യമങ്ങളും സോഷ്യല്‍ മീഡിയയുമൊക്കെ പറഞ്ഞിട്ടുള്ളവ തന്നെയാണ്. അതിനെ ആര്‍ക്കും അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യാം. അതിനുള്ള അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന എല്ലാവര്ക്കും നല്‍കുന്നുമുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തെ ഏറ്റവുമധികം പ്രോത്സാഹിപ്പിക്കേണ്ടത് നമ്മുടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. അപ്പോഴാണ് നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങളില്‍ ഒന്നില്‍ സര്‍ക്കാരിനെതിരെ അഭിപ്രായ പ്രകടനം നടത്തി എന്നതിന്റെ പേരില്‍ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ക്ക് നടപടി നേരിടേണ്ടി വരുന്നത്.

ഇവിടെ ആരോപണങ്ങള്‍ മോഡി സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെ ആണെന്ന് വ്യക്തമാണ്. എന്നിരുന്നാലും, ഒരാള്‍ പ്രധാനമന്ത്രി പദവിയില്‍ എത്തി എന്നതുകൊണ്ട് അയാള്‍ ചെയ്യുന്നതെന്തും, കൈക്കൊള്ളുന്ന നിലപാടുകളും, ശരിയാണെന്ന് എല്ലാവരും വിചാരിക്കണം എന്നാണ് പറയുന്നതെങ്കില്‍ ജനാധിപത്യത്തിന് എന്ത് അര്‍ത്ഥമാണ് ഉള്ളത്? ഒരു പദവിയോട് ബഹുമാനം ഉണ്ടാവണം. പക്ഷെ അത് ആ പദവിയില്‍ ഇരിക്കുന്ന ആളിനോട് ഉണ്ടാവണം എന്ന് പറയാന്‍ പറ്റുമോ? അത് കോണ്‍ഗ്രസോ ബി.ജെ.പി.യോ സി.പി.എം.ഓ ആര് അധികാരത്തില്‍ വന്നാലും! ഒരാള്‍ നല്ലവനോ മോശക്കരാണോ എന്ന അഭിപ്രായം ആര്‍ക്കും ആരുടെയും മേല്‍ അടിച്ചേല്‍പ്പിക്കാന്‍ സാധിക്കില്ല. നമ്മുടെ രാഷ്ട്രപിതാവ് ഗന്ധിയെപ്പോലും അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഇല്ലേ? അതല്ല, അദേഹം രാഷ്ട്രപിതാവായത് കൊണ്ട് എല്ലാവരും അദേഹത്തിന്റെ ആശയങ്ങളെ അനുകൂലിച്ചുകൊള്ളണം എന്ന് പറയുവാന്‍ കഴിയുമോ?

ആ വിദ്യാര്‍ഥി കൂട്ടായ്മയുടെ ചരിത്രം അന്വേഷിക്കേണ്ട കാര്യം ഇവിടെയില്ല. ഇത് കേവലം ഒരു വിദ്യാര്‍ഥി കൂട്ടായ്മയുടെ മാത്രം പ്രശ്‌നവുമല്ല. എലാവരും ഇന്ന് നേരിടേണ്ടി വരുന്ന ഒരു പ്രശ്‌നമാണ് ഇത്. കേരളത്തില്‍ പോലും ഇങ്ങനത്തെ പ്രശ്‌നങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. ഐ.ഐ.റ്റി.യിലെ പ്രശ്‌നത്തില്‍ അവര്‍ വിമര്‍ശിച്ചത് മോഡിയെ അല്ല, മോഡി സര്‍ക്കാരിന്റെ രാഷ്ട്രീയ താല്‍പര്യങ്ങളെയാണ്. അതിന് ഏതൊരു പൗരനും അവകാശമുണ്ട്. ഐ.ഐ.റ്റി. യില്‍ ഉണ്ടായ പ്രശ്‌നത്തില്‍ മാനവവിഭവശേഷി വകുപ്പ് കൈക്കൊണ്ട നിലപാടും ശ്രദ്ധിക്കേണ്ടതാണ്. ആ പരാതി സ്വീകരിക്കുന്നതിന് പകരം അത് നിശേഷം തള്ളിക്കളയുകയായിരുന്നു ചെയ്യണ്ടത്.

സ്ഥാപനത്തിന്റെ നിയമങ്ങള്‍ക്കു അനുസൃതമല്ലാത്ത കാര്യങ്ങള്‍ ചെയ്തത് കൊണ്ടാണ് ഈ പ്രസ്ഥാനത്തിനെതിരെ നടപടി സ്വീകരിച്ചതെന്നാണ് അധികൃതരുടെ ഭാഷ്യം. എന്തൊക്കെയാണ് അവര്‍ ലംഘിച്ച നിയമങ്ങള്‍ എന്ന് വെളിപ്പെടുത്തുന്നത് വരെ അതില്‍ അഭിപ്രായം പറയുന്നത് ശരിയല്ല. പക്ഷെ, വിദ്യാര്‍ഥികള്‍ സാമൂഹികസാംസ്‌കാരിക മേഖലകളില്‍ അഭിപ്രായ പ്രകടനം നടത്തുവാന്‍ പാടില്ല എന്ന തരത്തിലാണ് ഇപ്പോഴത്തെ നിയമങ്ങള്‍ എങ്കില്‍ അവ തീര്‍ച്ചയായും തിരുത്തിയേ മതിയാവൂ.

വിദ്യാലയങ്ങള്‍ അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഇടങ്ങളായല്ല, അഭിപ്രായസ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കപ്പെടുന്ന ഇടങ്ങളായി വേണം വളരുവാന്‍. എങ്കിലേ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ ശരിയായ ഇടപെടലുകള്‍ നടത്തുവാന്‍ കഴിവുള്ള ഒരു തലമുറ നാളെ നമ്മുക്കുണ്ടാവൂ. അഭിപ്രായങ്ങളെ അടിച്ചമര്‍ത്തുകയല്ല, അവയെ ശരിയായി ശ്രവിച്ച് തള്ളേണ്ടത് തള്ളുവാനും കൊള്ളേണ്ടത് കൊള്ളുവാനും ഉള്ള തുറവി ഉണ്ടാവണം. അങ്ങിനെ വന്നാല്‍ മാത്രമേ ഏതൊരു രാഷ്ട്രത്തിനും ശരിയായ വികസനം കൈവരിക്കുവാന്‍ കഴിയൂ.