Share The Article

01

ഞാന്‍ വെടിക്കെട്ട് വാസൂ …..!

ആ വെടിക്കെട്ട് കേട്ട് ഞങ്ങളുടെ ഗ്രാമം മുഴുവനും ഞെട്ടി …!

അവറാന്‍ ചേട്ടന്‍ ചോദിച്ചു …!

”ആരാടാ ഈ വെടിക്കെട്ട് വാസൂ ….”?

”അവന്‍ ഒരു വരത്തനാ .., തെക്കെങ്ങാണ്ട് ഉള്ളതാണെന്നാ കേള്‍വി …!, ജയിലിലായിരുന്നു .., പേരെടുത്ത റൌഡി …., അടി തൊടങ്ങ്യാ വെടിക്കെട്ടിന് തീ കൊളുത്തിയ പോലെയാണ് നിറുത്തത്തില്ല …!ഇപ്പൊ നമ്മടെ ഗ്രാമത്തില്‍ എത്തിയിട്ടുണ്ട് ..!

ഒരു പ്രാവശ്യം അവനെ പിടിക്കാന്‍ പോയ സ്ഥലം എസ് ഐ നെ .., ചുറ്റും കതിനാ വെച്ച് പൊട്ടിച്ച് അതിനു നടുവില്‍ നിറുത്തിയത്രെ ….

ഭാഗ്യം കൊണ്ടാണ് എസ് .ഐ .അന്ന് കതിനാ ഇല്ലാത്ത ലോകത്തേക്ക് പോകാഞ്ഞത് ….!

വേറൊരിക്കല്‍ ഒരു പോലീസുകാരന്റെ രണ്ടു കാലിലും മാലപ്പടക്കം ചുറ്റി തീ കൊളുത്തി ഓടാന്‍ പറഞ്ഞു …!പടക്കം പൊട്ടിത്തീരുന്ന വരേക്കും പോലീസുകാരന്‍ ജീവനും കൊണ്ട് ഓടി ….!

പോലീസുകാരുടെ അടുത്ത് ഇങ്ങിനെയാണെങ്കില്‍ പിന്നെ സാധാരണക്കാരുടെ അടുത്ത് പറയാനുണ്ടോ ..?

വെടിക്കെട്ട് വാസൂന്റെ ഈ വീരകഥകള്‍ കേട്ട് റോമു വേഗം വാലും ചുരുട്ടി അകത്തേക്ക് പോയി …!

വെറുതെ വെടിക്കെട്ട് വാസൂന്റെ വെടിക്കെട്ട് കൊള്ളാന്‍ റോമൂനു തീരെ ഇന്‌ട്രെസ്റ്റ് ഇല്ല …!

തന്റെ മേലാകെ പടക്കം ചുറ്റി കത്തിച്ച് .., ഓടെടാ നായേ .., എന്നലറുന്ന വെടിക്കെട്ട് വാസൂനെ ഓര്‍ത്ത് റോമു ഞെട്ടി ….!

ഇനി വെടിക്കെട്ട് വാസൂനെ അകലെ നിന്ന് കണ്ടാപോലും താന്‍ കുരക്കില്ലെന്നു അവന്‍ മനസ്സാ പ്രതിജ്ഞയെടുത്തു ….

”പക്ഷേ .., അവന്‍ നമ്മുടെ ഗ്രാമത്തില് വിളച്ചിലെടുത്താ ഇടിയന്‍ ജോണി അവനെ ഇടിച്ചു സൂപ്പാക്കും …”!

അതിന് ഇടിയന്‍ ഒരു മാസത്തെ ലീവിലാണെന്നാ കേട്ടത് …!

ഇങ്ങനെ വെടിക്കെട്ട് വാസൂന്റെ വീരകഥകള്‍ .., യഥേഷ്ടം പ്രചരിച്ചു കൊണ്ടിരിക്കുന്നു ..!

വെടിക്കെട്ട് വാസു വന്ന് ആദ്യത്തെ വെടിപൊട്ടിച്ചത് ഞങ്ങടെ കവലേല് ഇട്ട് തന്നെ …!

മോയ്തീനായിരുന്നു ആദ്യ ഇര .., മീന്‍ വിക്കാന്‍ പോയ മൊയ്തീനെ നിലം തൊടാതെയാണ് ഇട്ട് അടിച്ചത് …!

അയലക്ക് ജീവനില്ലാന്നും പറഞ്ഞായിരുന്നു അടി ….!

അയലക്ക് എന്താ ജീവനില്ലാത്തെന്ന് ചോദിച്ചപ്പോ മൊയ്തു പേടിച്ച് കൈമലര്‍ത്തി …!

വായ തുറന്ന് പറയടാ എന്ന് അലറിക്കൊണ്ട് ആദ്യ ഇടിയോടൊപ്പം .., ഒരു ഗുണ്ട് കത്തിച്ച് മീന്‍ കുട്ടയിലെക്കിട്ടു …!

അത് പൊട്ടിയ സൌണ്ട് കേട്ട് ആ കവല മുഴുവന്‍ ഞെട്ടി …, ഉറക്കത്തീന്ന് ഞെട്ടിയെഴുന്നെറ്റ റോമു കുരക്കാനായി .., വാ തുറന്നെങ്കിലും .., ആളെ മനസ്സിലായതോടെ അതങ്ങു വിഴുങ്ങി …!

കടലീന്ന് പിടിച്ചപ്പോ .., ചത്തു പോയെന്ന് പേടിച്ചു വിറച്ച് ..,മൊയ്തീന്‍ മറുപടി പറഞ്ഞു ..!

ഇനി ചത്ത മീനെ പിടിക്കോന്ന് ചോദിച്ച് അടിച്ചു ….!

മൊയ്തു കരഞ്ഞു പറഞ്ഞൂ …., പിടിച്ചപ്പോ ജീവനുണ്ടായിരുന്നു ….!

എന്നിട്ട് ആ ജീവനെവിടെ .., എന്ന് ചോദിച്ച് വീണ്ടും ഇടിച്ചു …!

അവസാനം മൊയ്തു .., ജീവനില്ലാത്ത അയില അവിടെ ഇട്ട് .., ജീവനുള്ള തന്നേയും കൊണ്ടോടി …!

കവലേല് ഇത് കണ്ട് ആരും ഇടപെട്ടില്ല .., വെടിക്കെട്ടിന്റെ വെടിക്കെട്ട് കൊള്ളാന്‍ ആര്‍ക്കും ധൈര്യമില്ല ….!

മൊയ്തു ഓടി പോലീസ് സ്റ്റേഷനിലെത്തി …! പക്ഷേ .., ഇടിയന്‍ ജോണിയില്ലാത്ത .., സ്റ്റേഷന്‍ വെറും പേടിത്തൊണ്ടന്‍മാരുടേതായിരുന്നു …!

അവര്‍ മോയ്തൂനോട് കാര്യം പറഞ്ഞൂ ….!

”മൊയ്തൂ ഇടിയന്‍ ജോണി വരട്ടെ ….”

അത് വരേക്കും ഞാന്‍ ജീവിക്കേണ്ടേ …?

”നീ കുറച്ചു ദിവസം ബന്ധുവീട്ടിലെങ്ങാനും പോയി നിക്ക് …”

”പേടിത്തൊണ്ടന്‍മാര്‍ .., ”, മൊയ്തു മനസ്സില്‍ പറഞ്ഞത് ഉറക്കെയായിപ്പോയി …

ഇത് കേട്ടോടനെ പോലീസ് അസ്സല് പൊലീസായി ….

”സ്റ്റേഷനില്‍ വന്നിട്ടാണോടാ നിന്റെ കസര്‍ത്ത് .., ?, പിടിച്ച് അകത്തിടട്ടെ ..?

”എന്തിന് …?”, പക്ഷേ .., മൊയ്തു അത് ചോദിക്കാന്‍ നിന്നില്ല .., പ്രതിയെ പിടിക്കാന്‍ പറ്റിയില്ലെങ്കില്‍ വാദിയെ പിടിച്ച് അകത്തിടണ പോലീസാണ് ..!

മൊയ്തു ഓടി .., ആ ഓട്ടം നിന്നത് ബന്ധുവീട്ടിലായിരുന്നു ….!

ഒരു ദിവസം പ്രേക്ഷിതന്‍ സുകുവാണ് വെടിക്കെട്ട് വാസൂന്റെ മുന്നില്‍ പെട്ടത് …!

സുകു മുങ്ങാന്‍ നോക്കിയെങ്കിലും പറ്റിയില്ല ….,

പ്രേക്ഷിതന്‍ സുകൂന്റെ കോളറില്‍ പിടിച്ച് .., നാല് കുലുക്ക് കുലുക്കിക്കൊണ്ട് വാസു അലറി …!

”നീ പ്രേക്ഷിത പ്രവര്‍ത്തനം നടത്തും അല്ലേടാ ”..?

അത് ആള്‍ക്കാരെ നന്നാക്കാനല്ലേ വാസൂ മകനേ ….”!, സുകൂ ആലില പോലെ വിറച്ചു കൊണ്ടാണ് പറഞ്ഞത് ….!

”ആരെടാ നിന്റെ മകന്‍ ..?, എന്ന് ചോദിച്ചു കൊണ്ടായിരുന്നു സുകുനെ ഇടിച്ചത് …

വാസൂന്റെ ഇടിതാങ്ങാനാവാതെ സുകൂ ..”കര്‍ത്താവേ ..”ന്ന് വിളിച്ച് കരഞ്ഞൂ …!

കര്‍ത്താവ് വരാണ്ടായപ്പോള്‍ സുകു നാട്ടാരെ വിളിച്ചു ….!

”ഓടിവായോ .., എന്നെ ഈ കാലമാടന്‍ തല്ലിക്കൊല്ലുന്നേ ….”

പക്ഷേ നാട്ടുകാര്‍ക്കും ധൈര്യമില്ല …!

ചായ ആറ്റിക്കൊണ്ടിരുന്ന പാക്കരന്‍ പേടിച്ചു വിറച്ച് .., ചായ ഒഴിച്ചത് .., വിറച്ചു കൊണ്ട് പാക്കരന്റെ അടുത്ത് ഒരു ധൈര്യത്തിനു വേണ്ടി നിക്കണ റോമൂന്റെ തലേല് …

അതോടു കൂടി റോമൂന്റെ ബോധം പോയി …!

ചായ കുടിച്ചു കൊണ്ടിരിക്കുകയായിരുന്ന തമിഴന്‍ മുരുകന്‍ .., ചായ വേണ്ട ജീവന്‍ മാത്രം മതിയെന്ന് തീരുമാനിച്ച് .., ചായക്കടയുടെ പുറകിലൂടെ ഓടി …!

ഇടിച്ച് .., ഇടിച്ച് .., സുകൂന്റെ ബോധം പോണ വരേക്കും വാസു ഇട്ടിടിച്ചു ..!
അവസാനം ബോധമില്ലാത്ത സുകൂനെ അവിടെ ഇട്ട് വാസു പോയി ..!

സുകു ചത്തു പോയെന്ന് പേടിച്ചു ഞങ്ങളെല്ലാം ഓടിച്ചെന്ന് നോക്കിയപ്പോ .., സുകൂ അതാ എണീറ്റു വരുന്നു ….!

സത്യത്തില്‍ ഇടി കൊണ്ട് വയ്യാണ്ടായപ്പോ .., സുകു ചത്ത പോലെ കിടന്നതായിരുന്നു …!

”എന്താ സുകൂ നിനക്ക് വല്ലതും പറ്റിയോടാ …?

പാക്കരന്‍ വിക്കിക്കൊണ്ടാണ് സുകൂനോട് ചോദിച്ചത് …?

”പിന്നെ .. എന്റെ പഴേ സ്വാഭാവായിരുന്നുങ്കീ ഒറ്റ അടിക്ക് അവന്‍ രണ്ട് കഷണം ആയേനെ …”

”ഒന്ന് പോ സുകൂ .., നിന്റെ കര്‍ത്താവിനെ വിളിച്ചുള്ള കരച്ചില് ഞങ്ങള് എല്ലാവരും കേട്ടതാ …”

അത് കേട്ട് സുകൂ ഒരു വളിഞ്ഞ ചിരി ചിരിച്ചു .., , പക്ഷേ .., ഇടി കൊണ്ട പേടീല് സുകു അപ്പളും ആലില പോലെ കിടന്നാ വിറക്കണത് …!

അവന്‍ തിരിച്ചു വരുന്നതിനും മുമ്പ് എല്ലാവരും പോയി വീട് പറ്റാന്‍ നോക്ക് ….

പാക്കരന്‍ സുകൂന്റെ വിറ നിക്കാന്‍ വേണ്ടി അവനെ പിടിച്ചു കൊണ്ടാണ് അങ്ങനെ പറഞ്ഞത് ….!

അത് കേട്ടോടനെ .., സുകു വിക്കി വിക്കി പറഞ്ഞൂ …!

”എനിക്ക് ഇന്ന് ഒരു ധ്യാനം ഉണ്ട് .. ഞാന്‍ അങ്ങട് പോവാ ..!

ഒരു ദിവസം ഉച്ചക്ക് ..,ഞാന്‍ വരമ്പിലൂടെ സൈക്കിളും ചവുട്ടി വരുമ്പോഴാണ് ..,കണ്ടത് …!

തെങ്ങുമ്മേ ചാരി .., ബീഡിം വലിച്ചു കൊണ്ട് വെടിക്കെട്ട് വാസു …!

വാസൂനെ കണ്ടതോട് കൂടി എന്റെ ഉള്ളില്‍ പാറമേക്കാവ് വെടിക്കെട്ടിന് തീ കൊളുത്തിയത് പോലെ വെടിക്കെട്ട് തുടങ്ങി ….!

തൊട്ടടുത്ത് എത്തിയപ്പോഴാണ് ഞാന്‍ വാസൂനെ കണ്ടത് …!, പെട്ടെന്ന് തിരിക്കാന്‍ പറ്റില്ല ചെറിയ ബണ്ടാണ് ….!, സൈക്കിളിലിരുന്ന് തിരിച്ചാ ഞാന്‍ പാടത്തേക്ക് പോവും …!

സൈക്കിള് നിറുത്തി .., ഇറങ്ങി തിരിക്കാമെന്ന് വെച്ചാ .., ഒറ്റച്ചാട്ടത്തിന് വാസു എന്നെ പൊക്കും …!

ഒറ്റ വഴി മാത്രം .., സൈക്കിള്‍ ആഞ്ഞു ചവുട്ടി വാസൂനെ കടന്നു പോകുക ….!, ഞാന്‍ പതുക്കെ സ്പീഡ് കൂട്ടി …!

എന്റെ കാല് രണ്ടും ഒരു അനുസരണയില്ലാത്തപോലെയാണ് പേടി കൊണ്ട് വിറക്കണത് ….!, ഞാന്‍ വിറക്കണതനുസരിച്ച് സൈക്കിളും കിടന്ന് വിറക്കണിണ്ട് …!

ഹൃദയമാണേങ്കീ എന്നെക്കാളും മുമ്പേ ..,സൈക്കളില്‍ നിന്നും ഇറങ്ങി ഓടിക്കൊണ്ടിരിക്കുകയാണ് ..!

അതാ വാസൂന്റെ അടുത്തെത്തി …, .., ഞാന്‍ സ്പീഡ് കൂട്ടി …!, വാസു എന്നെ നോക്കുന്നു .., ഞാന്‍ വിറക്കുന്നു .., എന്റെ വിറ കൊണ്ട് സൈക്കിളും വിറക്കുന്നു …!

വാസു എന്നെ നോക്കി .., ”നിക്കടാ ..”ന്ന് അലറുന്നു …! ഞാന്‍ സൈക്കിളിന് വീണ്ടും സ്പീഡ് കൂട്ടുന്നു ..!

ആ നിമിഷത്തിലാണ് ആ അത്യാഹിതം സംഭവിച്ചത് ….!, എന്റെ അഞ്ചാറു വര്‍ഷത്തെ .., എന്റെ സന്തത സഹചാരി .. ഒരു കാരുണ്യവുമില്ലാതെ എന്നെ ചതിച്ചു ….!

ശത്രുക്കളോട് പോലും ചെയ്യാന്‍ പാടില്ലാത്തതാണ് അവന്‍ എന്നോട് ചെയ്തത് ….!

ആ ക്രിട്ടിക്കല്‍ മൂമെന്റില്‍ .., ചങ്ങല തെറ്റി .., വീല് ജാമായി സൈക്കിള്‍ നിന്നു …!

വാസു അതാ അരയില്‍ നിന്ന് കത്തിയൂരി എന്റെ നേര്‍ക്ക് വരുന്നൂ …!

സൈക്കിളിട്ട് ഓടിയാലോ …?, പക്ഷേ .., കഴിയുന്നില്ല .., പേടികൊണ്ട് .., കാലുകള്‍ രണ്ടും കുറ്റിയടിച്ചപോലെ നിലത്തു തറഞ്ഞു നില്‍ക്കുന്നു …!, ശരീരം തുള്ളപ്പനി ബാധിച്ച പോലെ നിന്ന് തുള്ളുന്നു …!

എന്റെ ശരീരത്തില്‍ നിന്നും ജീവന്‍ ഇറങ്ങി ഓടി അപ്പുറത്തെ പാടത്തു നിന്നും എന്നെ നോക്കുന്നു …!

ഞാന്‍ ഓടിപ്പോകാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന ധൈര്യത്തെ പിടിച്ചു നിറുത്താന്‍ ഒരു അവസാന ശ്രമം നടത്തി നോക്കി …!

”നീ കരാട്ടെയല്ലേ …, ധൈര്യമായിരിക്ക് .., ഒറ്റ കിക്ക് .., അത് മാത്രം മതി .., പഠിച്ചെടുത്ത അടുവകളൊക്കെ ഓര്‍മ്മിക്ക് …!

മനസ്സിനുള്ളില്‍ .., ജാക്കിച്ചാനും ..,ബ്രൂസിലിയുമൊക്കെ നിന്ന് ആള്‍ക്കാരെ ഇടിച്ചിടുന്നു ..!

പക്ഷേ .., എന്തോര്‍ത്തിട്ടും ഒരു കാര്യവുമില്ല .., കൈയ്യും .., കാലും അനങ്ങുന്നില്ല …!

പേടി ജാക്കിച്ചാന്റേയും .., ബ്രൂസിലിക്കും മേലേ നിന്നാ തിരുവാതിര കളിക്കുന്നത് …!

കാലെങ്കിലും അനങ്ങിയിരുന്നെങ്കില്‍ ഓടാമായിരുന്നു …!

അതാ വാസു തൊട്ടടുത്തെത്തി … , ”എന്താടാ ചെവി കേട്ടൂടെ …?, വിളിച്ചാ നിക്കൂലേ …?”

”ഞാന്‍ നിന്നില്ലേ വാസേട്ടാ …., ഞാന്‍ വിക്കി ….!

”നീ നിന്നതല്ലല്ലോടാ .., സൈക്കിളിന്റെ ചങ്ങല തെറ്റി നിന്നതല്ലേ …?”

എനിക്ക് സൈക്കിളിനിട്ട് ഒരു ചവിട്ടു കൊടുക്കാന്‍ തോന്നി .., സ്‌നേഹമില്ലാത്ത ജന്തു ..!

”ഒരു ബീഡി താടാ ….!”

”ഞാന്‍ വലിക്കില്ല .., വാസേട്ടാ …”
”നിനക്കെത്ര വയസ്സായി ..”

”ഇരുപത് ..”!

”ഇരുപത് വയസ്സായിട്ടും നീ ബീഡി വലി തൊടങ്ങീട്ടില്ല …”?

”ഇല്ല ”

”അതെന്താടാ …”!

”ബീഡി വലി ആരോഗ്യത്തിന് കേടാണ് …”!

”എന്നാരു പറഞ്ഞു …”!

”ടീവില് പറയാറിണ്ട് .., നിന്റെ ശ്വാസകോശം സ്‌പോഞ്ച് പോലെയാണ് .., അത് കൊണ്ട് ബീഡി വലിക്കാന്‍ പാടില്ലാന്ന് ……”!

”ടീവീല് പറയുന്നതൊക്കെ നീ കേക്കോടാ ..”?

”നല്ല കാര്യങ്ങള് കേക്കും വാസേട്ടാ ….”!

”അപ്പോ .. നീ ഒരു നല്ല കുട്ട്യാന്ന് …..”!

”അതെ വാസേട്ടാ …”!

”എന്നാ കാശ് ഒരു നൂറു രൂപാ താടാ …”!

എന്റെ കൈയ്യില്‍ കാശില്ലാന്ന് ഞാന്‍ പറയലും .., ,വാസു പോക്കറ്റീന്ന് ബലമായി നൂറു രൂപാ എടുത്തതും ഒരുമിച്ച് …!

”ഇത് കാശ് അല്ലേടാ ..”

”വാസേട്ടാ .., അത് എടുക്കല്ലേ .., മീന്‍ വാങ്ങാന്‍ അമ്മ തന്നതാ …”!

ഞാന്‍ നിന്ന് ചിണുങ്ങി …., മീന്‍ വാങ്ങാന്‍ തന്ന കാശ് വാസൂന് കൊണ്ട് കൊടുത്തെന്ന് കേട്ടാ അമ്മ മറ്റൊരു വാസു ആവും …!

വാസു മീശ പിരിച്ചു കൊണ്ട് കത്തിയെടുത്തു …., അല്ലെങ്കില്‍ തന്നെ പാതി ജീവനോടെ നിക്കണ ഞാന്‍ അവിടെത്തന്നെ തലചുറ്റി വീഴുന്ന് ഉറപ്പായി …!

”നിന്നെ ഞാന്‍ മാങ്ങാ ചെത്തണ പോലെ ചെത്തട്ടേടാ …?”

ശരീരം അപ്പൊത്തന്നെ ചുവപ്പുകൊടി കാണിച്ചു ….!

വേണ്ടാ വസേട്ടാ …!

മീനേക്കാളും .., കാശിനെക്കാളും വലുത് സ്വന്തം ജീവനല്ലേ …!

”നിനക്ക് അടി വേണോടാ ….?”

ഈശ്വരാ .., ഇയാളെന്നെ വിടുന്ന ലക്ഷണമില്ലല്ലോ ….

”വേണ്ട വാസേട്ടാ ….”!

”പക്ഷേ ..,നിന്നെ കണ്ടിട്ട് എങ്ങിനെയാടാ അടിക്കാതിരിക്കാ …?”

”വാസേട്ടാ .., എന്നെ അടിക്കല്ലേ .., ഞാന്‍ നൂറു രൂപാ തന്നതല്ലേ …”!

”അത് നീ തന്നതല്ലല്ലോ .., ഞാന്‍ എടുത്തതല്ലേ …?, എന്നാലും എങ്ങിനെയാടാ നിന്നെ ഞാന്‍ അടിക്കാണ്ട് വിടാ …?”

”വാസേട്ടാ .., പ്ലീസ് ഞാന്‍ ചാവും ….”!, ഞാന്‍ കരഞ്ഞു തുടങ്ങി ..!

”ശരി എന്നാ ഓടിക്കോ .., സൈക്കിളില്‍ കേറാതെ .., സൈക്കിള്‍ തള്ളിക്കൊണ്ട് ഓടണം …”!

ഞാന്‍ ജീവനും കൊണ്ടോടി …, ബാക്ക് വീല്‍ ജാമായതിനാല്‍ .., സൈക്കിളും പൊക്കിപ്പിടിച്ചു കൊണ്ടാണ് ഓടിയത് .., !

അത് ഒരു ഒന്നൊന്നര ഓട്ടം തന്നെയായിരുന്നു …!

ഒരു വിധത്തില്‍ കടം വാങ്ങിയ കാശുകൊണ്ട് അമ്മക്ക് മീന്‍ വാങ്ങിക്കൊടുത്തു ..,

അപ്പോഴും എന്റെ അണപ്പ് മാറിയിരുന്നില്ല …!

”എന്താടാ വല്ലതും കണ്ട് പേടിച്ചോ …”?

”പേടിക്കാനോ …?, ഞാനോ …ഹി ..,ഹി …, ഞാന്‍ കരാട്ടേയാണെന്ന് അമ്മക്കറിഞ്ഞൂടെ …., ജോഗ്ഗിംഗ് ചെയ്തതാ …!”

”ഈ നട്ടുച്ചക്കാണോഡാ .., ജോഗ്ഗിംഗ് … …?”

ഒരു ദിവസം .., കള്ള് ഷാപ്പിലിരുന്ന് .., രണ്ടു കുപ്പി കള്ളിന്റെ ബലത്തില്‍ അവറാന്‍ ചേട്ടന്‍ കത്തിക്കയറി …!

”അവനില്ലേ .., ഈ വെടിക്കെട്ട് വാസൂ .., എന്റെ കൈയ്യീ കിട്ടട്ടെ ..,നിലം തൊടാതെ ഞാന്‍ പറപ്പിക്കും …, ഒറ്റ അടി .., രണ്ടു തുണ്ടമായിട്ട് താഴെക്കിടക്കും ….!, പിന്നെ അവന്‍ എണീക്കണേനേ ഈ അവറാന്‍ വിചാരിക്കണം …..!

ഷാപ്പ്കാരന്‍ വറീത് .., അവറാന്‍ ചേട്ടനെ കണ്ണിറുക്കി കാണിച്ചു .., കുടിയന്‍മാരെല്ലാം നിശബ്ദരായി …!

”എന്തൂട്ടാ നീ കണ്ണോണ്ട് കഥകളി കാണിക്കണേ …?, നിങ്ങളൊക്കെ പേടിത്തൊണ്ടന്‍മാര് … ഒരു വരത്തന്‍ ഇവിടെ വന്ന് .., ആളാവാന്‍ നോക്ക്യാ ഈ അവറാന്‍ സമ്മതിക്കൂലാ …!

അവനെ ഇപ്പോ ..,എന്റെ കൈയ്യേ കിട്ടിയാ.., ന്ന് അവറാന്‍ ചേട്ടന്‍ പറയലും …!

അപ്പറത്തെ മുറീന്ന് …”ഞാനിവിടെ ഉണ്ടെടാ ….”ന്ന് ഒരലര്‍ച്ച ..!

ആ അലര്‍ച്ച കേട്ട് ഷാപ്പ് ഞെട്ടി .., കുടിയന്‍മാര്‍ ഞെട്ടി .., കള്ള് ഞെട്ടി .., ബെഞ്ചും .., ഡെസ്‌കും ഞെട്ടി ….!

ആകെ ഒരു ശ്മശാനമൂകത …!, അവറാന്‍ ചേട്ടന്‍ കുടിച്ച രണ്ട് കുപ്പി കള്ള് ശൂ …, ന്ന് പറഞ്ഞ് ക്ഷണ നേരം കൊണ്ട് ആവിയായി …!

അവറാന്‍ ചേട്ടന്‍ പതുക്കെ അപ്പുറത്തെ മുറിയിലേക്ക് പാളി നോക്കി .., അവിടെ ..,അതാ .., വെടിക്കെട്ട് വാസു .., കത്തിയൂരിപ്പിടിച്ച് .., നൂറാ .., നൂറില്‍ നിന്ന് വിറക്കുന്നു ..!

അവറാന്‍ ചേട്ടന്‍ പറഞ്ഞതൊക്കെ വാസു കേട്ടു …!അവറാന്‍ ചേട്ടന്റെ ഉള്ളില്‍ വെടിക്കെട്ട് തുടങ്ങി …!പാറമേക്കാവും ..,തിരുവമ്പാടിം ഒരുമിച്ച് തീ കൊളുത്തി …!

ആ നിന്ന നില്‍പില്‍ .., അവറാന്‍ ചേട്ടന്‍ .., അന്നമ്മേ …, ന്ന് ഒരു വിളി വിളിച്ചു …!,

ദെ കിടക്കണൂ .., ബെഞ്ചും .., ഡെസ്‌കും .., കള്ളും .., തകര്‍ത്ത് താഴെ ..!