വേണോ നമ്മുക്ക് ഇനിയുമൊരു ഹര്‍ത്താല്‍ ?

harthal1
ഇന്നലെ രാത്രിയില്‍ കഴക്കൂട്ടത്ത് നിന്നും റൂമിലേയ്ക്ക് മടങ്ങുമ്പോള്‍ ഒരു ഓട്ടോ പിടിച്ചു. ഇത്തിരി ദൂരമേ ഉള്ളൂ താമസിക്കുന്ന സ്ഥലത്തേയ്ക്ക്. സ്റ്റാര്‍ട്ട് ചെയ്ത ഉടനെ ഓട്ടോ ഓടിച്ച ചേട്ടന്‍ ‘ടെക്‌നോപാര്‍ക്കില്‍ ആണല്ലേ?’ എന്ന് ചോദിച്ചു. അതെ എന്ന് ഞാന്‍ പറഞ്ഞു. ‘രണ്ടാം തീയതി നിങ്ങള്‍ക്ക് അവധി ആണോ?’ എന്ന് അടുത്ത ചോദ്യം. ഹര്‍ത്താലിന്റെ കാര്യം ആണ് പറഞ്ഞു തുടങ്ങുന്നതെന്ന് അപ്പോള്‍ മനസിലായി. ‘അവധി ഒന്നും ഇല്ല ചേട്ടാ. ദൂരെ നിന്ന് വരുന്നവര്‍ക്ക് പോലീസ് അകമ്പടിയോടെ ബസ്സുകള്‍ ഒരുക്കിയിട്ടുണ്ട്.’ എന്ന് ഞാന്‍ മറുപടി കൊടുത്തു.

’24 മണിക്കൂര്‍ ഹര്‍ത്താല്‍ നടത്തുന്നവര്‍ക്കൊന്നും ഞങ്ങളുടെ പ്രയാസം മനസിലാവില്ലല്ലോ! 6 മുതല്‍ 6 വരെ ആയിരുന്നെങ്കില്‍ രാത്രി ഓടിയെങ്കിലും അല്‍പ്പം കാശുണ്ടാക്കാം. ഇതിപ്പോ ഉള്ള കഞ്ഞിയില്‍ മണ്ണ് വാരിയിടാന്‍ ഒരു ഹര്‍ത്താലും കൊണ്ട് വന്നോളും ഓരോരുത്തന്മാര്‍! ദിവസക്കൂലിക്ക് പണിയുന്നവനും ഓട്ടോ ഓടിക്കുന്നവനും ഒക്കെ അറിയാം ഒരു ദിവസം പൈസ കിട്ടാതെ ആവുമ്പോള്‍ ഉള്ള ബുദ്ധിമുട്ട്. അതെങ്ങനാ, ഇതൊന്നും മോളില്‍ ഇരിക്കുന്നവന്മാര്‍ക്ക് അറിയേണ്ട കാര്യമില്ലല്ലോ.’

ശരിയാണ്. സാധാരണക്കാരന്റെ വയറ്റത്ത് അടിച്ച് എന്തിനാണ് നമ്മുക്കിനിയും ഹര്‍ത്താലുകള്‍? ഒരു ദിവസം ഹര്‍ത്താല്‍ നടത്തുമ്പോള്‍ രാജ്യത്തിന് ഉണ്ടാകുന്ന ഭീമമായ നഷ്ടത്തിന്റെ കണക്ക് വേറെ. കോട്ടയത്ത് ഹര്‍ത്താല്‍ വിജയിപ്പിക്കാതിരിക്കാന്‍ ജനങ്ങള്‍ ഒന്നിച്ച് പുറത്തിറങ്ങണം എന്ന് ആഹ്വാനം ചെയ്യുന്ന ഒരു പോസ്റ്റും ഇന്ന് കണ്ടു.എല്ലാവരും ഇങ്ങനെ ചിന്തിക്കട്ടെ. ജനങ്ങള്‍ സഹകരിക്കില്ല എന്നുറപ്പായാല്‍ പിന്നെ ഈ കലാപരിപാടിയും പൊക്കിപ്പിടിച്ചുകൊണ്ട് വീണ്ടും വരില്ലല്ലോ ഒരുത്തനും!