Share The Article

cover2

തിരുവനന്തപുരം നഗരം പതിവുപോലെ അനുഭവിക്കാന്‍ പോകുന്ന ദുരന്തമാകും ഈ കര്‍ക്കിടകത്തിലും സംഭവിക്കുക. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കാലവര്‍ഷത്തില്‍ നഗരം ജനങ്ങളെ മാലിന്യക്കടലില്‍ കുളിപ്പിക്കാന്‍ തുടങ്ങിയിട്ട്. കഴിഞ്ഞവര്‍ഷം അതിന്റെ ഏറ്റവും ഭീകരമുഖം നാം കണ്ടതുമാണ്. വെള്ളത്താല്‍ ചുറ്റപ്പെട്ട ഒരു ദ്വീപുപോലെ അനന്തപുരി ജനജീവിതം ദുസ്സഹമാക്കാന്‍ തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. കാലാകാലങ്ങളിലായി മാറിമാറി ഭരിച്ച ഒരു സര്‍ക്കാരും ശാശ്വതമായ പരിഹാരം കണ്ടതുമില്ല. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് മറ്റ് ചില ലക്ഷ്യങ്ങളുടെ മറവില്‍ ഈ പ്രശ്‌നങ്ങളെക്കൂടി ഉള്‍പ്പെടുത്തി പരിഹാരം കണ്ടതായിരുന്നു ഓപ്പറേഷന്‍ അനന്ത. അനന്തമായി നീണ്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അനന്ത നടത്തിയെങ്കിലും കാര്യമായ പ്രയോജനം ഉണ്ടാവാനിടയില്ല എന്ന് തോന്നിപ്പിക്കുന്നതായിരുന്നു കഴിഞ്ഞ ആഴ്ചത്തെ വേനല്‍ മഴയില്‍ നാം കണ്ടത്. മാലിന്യം നഗരത്തിന്റെ മുക്കിലും മൂലയിലും കുന്നുകൂടുന്നത് ഓപ്പറേഷന്‍ അനന്തയുടെ വിജയത്തിന് തിരിച്ചടിയാവാന്‍ സാധ്യതയുണ്ട്. എവിടെ നോക്കിയാലും, എത്ര നിരോധിച്ചാലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കും ഇറച്ചി വേസ്റ്റുകള്‍ക്കും ഒരു കുറവും സംഭവിച്ചിട്ടില്ല. അപരിഷ്‌കൃത സമീപനങ്ങളാല്‍ ഇത്തവണയും മഴവെള്ളത്തിലലിഞ്ഞ മാലിന്യത്താല്‍ രോഗവും ദുര്‍ഗന്ധവും തലസ്ഥാനവാസികള്‍ക്ക് സൌജന്യമായി കിട്ടുമെന്ന് ഏതാണ്ടുറപ്പായി. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായിട്ടും ബന്ധപ്പെട്ട വകുപ്പുകള്‍ക്കൊന്നിനും യാതൊരു കുലുക്കവുമില്ല എന്നതാണ് കൌതുകം. അനാസ്ഥയാണ് നമ്മുടെ നഗരത്തിന്റെ ഏറ്റവും വലിയ ശാപം. ഈ ലോകത്തിലെ സകല മാലിന്യങ്ങള്‍ക്കും അടിഞ്ഞുകൂടാനുള്ള സ്ഥലമാണോ തിരുവനന്തപുരം സെ‌‌ന്‍ട്രല്‍ എന്ന് ഒരു വിദേശി ചോദിച്ചാല്‍ അത്‌ഭുതപ്പെടേണ്ടതില്ല.

അനന്തയുടെ ഭാഗമായി നിലവിലുള്ള ഓടകളിലെ ബ്ലോക്കുകള്‍ പരിഹരിച്ചെങ്കിലും പ്ലാസ്റ്റിക് ക്യാരിബാഗുകളും, കുപ്പിച്ചില്ലുകളും, കട്ടിയേറിയ ചെളിക്കൂനയുമൊക്കെ അടിഞ്ഞുകൂടി ഒഴുക്ക് പഴയതുപോല്‍ തടസ്സപ്പെടുന്ന അവസ്ഥയിലാണിപ്പോള്‍. നഗര പ്രളയത്തിന്റെ പ്രധാന കാരണക്കാരനിലൊരാളായ മിസ്റ്റര്‍ ആമയിഴഞ്ചാന്‍ തോടിനെ ഏറെക്കുറെ വൃത്തിയാക്കിയെടുത്തുവെങ്കിലും മഴക്കാലമെത്തുന്നതോടെ പുള്ളിക്കാരന്‍ പൂര്‍വ്വസ്ഥിതിയിലാകാനാണ് സാധ്യത. കൃത്യമായ മാലിന്യ സംസ്‌കരണ മാര്‍ഗ്ഗങ്ങളില്ലാത്തതിനാല്‍ സകല വേസ്റ്റുകളും പ്ലാസ്റ്റിക് ബാഗുകളിലാക്കി, ഒരു കവര്‍ച്ച നടത്തുന്ന അതേ തയ്യാറെടുപ്പോടെ ഇരുട്ടിന്റെ മറവില്‍ ഒളിച്ചും പതുങ്ങിയുമൊക്കെ കിട്ടുന്ന സ്ഥലങ്ങളില്‍ നിക്ഷേപിക്കേണ്ട ഗതികേടിലാണ് ജനം. കോര്‍പ്പറേഷന്‍ കൊണ്ടുപോകേണ്ട വേസ്റ്റുകള്‍ യഥാസമയം കൊണ്ടുപോകാത്തത് സ്വമനസ്സാലെ നഗരത്തെ മാലിന്യക്കൂമ്പാരമാക്കുന്നതില്‍ ജനങ്ങളും പങ്കാളികളാകുന്നു. തുടര്‍ച്ചയായ മഴ കാരണം വേസ്റ്റുകള്‍ കൂട്ടിയിട്ട് കത്തിക്കാനും കഴിയാത്ത അവസ്ഥ പ്രതിസന്ധി രൂക്ഷമാക്കുന്നു.

നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ക്കാണ് ദുരിതങ്ങളേറെയും. കഴിഞ്ഞ ദിവസങ്ങളിലെ മഴയില്‍ പൂജപ്പുര, ജഗതി, ശാസ്തമംഗലം, കണ്ണമ്മൂല, കരിക്കകം, കിള്ളിപ്പാലം, വഞ്ചിയൂര്‍ തുടങ്ങി നഗരത്തിലെ പ്രധാന സ്ഥലങ്ങളെല്ലാം അരയോളം വെള്ളത്തിനടിയിലായി. ഈ നിസ്സാര മഴയില്‍പ്പോലും ഓരോ വീടിനും സംഭവിച്ച നാശനഷ്ടങ്ങള്‍ ചെറുതല്ല. അഴുകിയ മാലിന്യം കാരണം വീടിന് പുറത്തിറങ്ങാന്‍ പോലും കഴിയാത്തതാണ് മറ്റൊരു ദുരവസ്ഥ. മഴക്കാല ശുചീകരണം യഥാര്‍ത്ഥത്തില്‍ കാലവര്‍ഷത്തിന് വളരെ മുന്‍പുതന്നെ ആരംഭിക്കേണ്ടതായിരുന്നു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നഗര ശുചീകരണം പൂര്‍ത്തിയാക്കിയാല്‍ ഏറെക്കുറെ യാതനകളൊഴിവാക്കാന്‍ സാധിക്കുമായിരുന്നു. അതെങ്ങിനെ, മഴയെത്തുമ്പോള്‍ മാത്രമാണല്ലോ ഇവിടെ ശുചീകരണ വാരാഘോഷം ആരംഭിക്കുക. മഴസമയത്തുതന്നെയുള്ള അപൂര്‍ണ്ണമായ വൃത്തിയാക്കല്‍ മഹാമഹം പേരിനൊരു ചടങ്ങായി മാറുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ കാലവര്‍ഷം നഗരത്തെ പതിവുപോലെ നരകമാക്കിമാറ്റുന്നു. കാലവര്‍ഷമിങ്ങെത്തിയിരുന്നെങ്കില്‍ വെള്ളക്കെട്ടിനെ പ്രതിരോധിക്കാനുള്ള പണികള്‍ തുടങ്ങാമായിരുന്നു എന്ന ഒടുക്കത്തെ നിര്‍ബന്ധബുദ്ധിയാണ് ആദ്യം മാറേണ്ടത്.

സര്‍ക്കാരിന്റെ വിവിധവകുപ്പുകളും, കോര്‍പ്പറേഷനും ഒത്തൊരുമിച്ച് യഥാസമയം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയാല്‍ തീരാവുന്നതേയുള്ളൂ ഈ ദുരിതം. മഴവെള്ളം ഒഴുകിപ്പോകാനുള്ള മാര്‍ഗ്ഗം മണ്ണുകൊണ്ടും മാലിന്യം കൊണ്ടും അടയുന്നതോടെ പിന്നീടുള്ള വൃത്തിയാക്കല്‍ പണികള്‍ എളുപ്പമല്ലാതായി തീരുന്നു. തികച്ചും അശാസ്ത്രീയമായി നിര്‍വ്വഹിക്കപ്പെട്ട പ്രതിരോധങ്ങള്‍ പലതും മഴയെ ചെറുക്കാന്‍ ദുര്‍ബലമാണ്. തമ്പാനൂരിലെ ഇന്‍ഡ്യന്‍ കോഫീഹൗസിന് സമീപമുള്ള ആമയിഴഞ്ചാന്‍ തോടാണ് നഗരത്തിലെ പ്രധാന ഓടകളിലൊന്ന്. ഈ ഓടയാണ് മഴക്കാലത്തെ പതിവുവില്ലന്‍. ആമയിഴഞ്ചാന്‍ തോട് തിരുവനന്തപുരം റെയില്‍വെ ട്രാക്കിനെ മറികടന്ന് പഴവങ്ങാടി വഴിയാണ് കടന്നുപോകുന്നത്. റെയില്‍വെ വന്ന കാലം മുതല്‍ ട്രാക്കിനടിയിലെ ഓടയില്‍ അടിഞ്ഞുകൂടിയ മാലിന്യം പൂര്‍ണ്ണമായും നീക്കണമെങ്കില്‍ ട്രാക്കുകള്‍ പലതും പൊളിക്കേണ്ടിവരും. അത് നിലവില്‍ പ്രായോഗികമല്ല്ല. ഇതും ഓപ്പറേഷന്‍ അനന്തയുടെ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ്ണതയ്‌ക്ക് ഒരു പ്രധാന തടസ്സമായിരുന്നു. നിലവില്‍ വൃത്തിയാക്കപ്പെട്ടു എന്നുപറയപ്പെടുന്ന പല ഓടകളിലും ഇതിനകം മാലിന്യം നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ടു തുടങ്ങിയിട്ടുണ്ട്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഈ മഴക്കാലത്തും തിരുവനന്തപുരം വെള്ളത്തിനടിയിലാവാനുള്ള സാധ്യത ഏറെയാണ്.

ശാശ്വതമായ, പ്രാക്ടിക്കലായ ഒരു പരിഹാരമാണ് ഇനി ഇവിടെ വേണ്ടത്. മാസത്തിലൊരിക്കല്‍ നിര്‍ബന്ധമായും ഓടകള്‍ ക്ലീന്‍ ചെയ്യേണ്ട ഡ്യൂട്ടി കോര്‍പ്പറേഷന്‍ നിര്‍വ്വഹിച്ചാല്‍ ഏറെക്കുറെ വെള്ളപ്പൊക്ക ഭീഷണിയെ മറികടക്കാനാകും. സമ്പൂര്‍ണ്ണ മാലിന്യ നിര്‍മ്മാര്‍ജനം ഒരു വെല്ലുവിളിയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ ഭരണകാലത്ത് കോടികള്‍ മുടക്കി ഇറക്കുമതി ചെയ്ത പല യന്ത്രങ്ങളും തുരുമ്പെടുത്ത് പല വഴികളിലും ചത്തുമലച്ചുകിടപ്പുണ്ട്, ഒരു പ്രയോജനവുമില്ലാതെ. മികച്ച ടെക്നോളജിയുടെ സഹായത്താല്‍ ഫലപ്രദവും കാര്യക്ഷമവുമായ മാലിന്യ സംസ്‌കരണം ഇതോടൊപ്പം നിര്‍ബന്ധമാക്കിയാല്‍ പത്മനാഭന്റെ ഈ മണ്ണ് ദുര്‍ഗന്ധത്തില്‍ നിന്ന് രക്ഷപ്പെടും. പുതിയ സര്‍ക്കാര്‍ ഈ തീരാത്തലവേദനകള്‍ക്ക് ഫലപ്രദമായ പരിഹാരം കാണുമെന്ന് നമുക്ക് പ്രത്യാശിക്കാം. ‘ശുചിത്വ നഗരം, സുന്ദരം നഗരം’ എന്നതാവട്ടെ നമ്മുടെ ഇനിയുള്ള മുദ്രാവാക്യം…!!!

ഇന്നലെക്കണ്ട നഗര മുഖം.

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. നിങ്ങൾക്കും എഴുതാം ബൂലോകത്തിൽ.