വൈകിയായാലും എത്തുന്നത് തന്നെയല്ലേ ഒരിക്കലും എത്താതിരിക്കുന്നതിനേക്കാള്‍ നല്ലത്  ?

01

“ഭഗവാനെ ഇവനെന്താ തൂറാന്‍ മുട്ടി പോവാണോ … ങേ?”

പിന്‍ വശത്തെ കാലുകള്‍  പോയ കസേരയിലെന്നതു  പോലെ ഇരിക്കാന്‍ പറ്റുന്ന ഒരു ബൈക്കില്‍ അണ്ടകടാഹം മൊത്തം വിറപ്പിക്കുന്ന ശബ്ദത്തില്‍ പാഞ്ഞു പോയ   ചെത്തു പയ്യനെക്കണ്ട്  വഴി വക്കില്‍ നിന്ന ഒരു മൂപ്പീന്ന് മൂക്കത്ത് വിരല്‍ ചേര്‍ത്ത് മിഴിച്ചു നിന്നു.

“കോളേജില്‍ എത്താന്‍ വൈകിക്കാണും..അതാ ഇത്ര വേഗത്തില്‍ പോകുന്നത്.” ഞാന്‍ വല്യപ്പനെ സമാധാനിപ്പിച്ചു.

“മൊട്ടേന്നു വിരിയുന്നതിനു മുന്‍പേ ഇവനൊക്കെ ബൈക്ക് മേടിച്ചു കൊടുക്കുന്ന തന്തമാരെ ഓടിച്ചിട്ട്‌ തല്ലണം. അല്ലെങ്കില്‍ തന്നെ ഇവനൊക്കെ അല്പം നേരത്തെ ഇറങ്ങിയിട്ട്  പതുക്കെ ഓടിച്ചു പോയാല്‍ എന്താ കുഴപ്പം?  എവിടെയെങ്കിലും  ഇടിച്ചു കയ്യും കാലും ഒടിയുന്നതിനേക്കാള്‍ നല്ലതല്ലേ അല്പം താമസ്സിച്ചായാലും കുഴപ്പമില്ലാതെ കോളേജില്‍ എത്തുന്നത് ?”

വല്യപ്പന്‍ അരിശം തീരാഞ്ഞിട്ടെന്ന പോലെ പറഞ്ഞിട്ട്   എന്നെ നോക്കി..ആ പറഞ്ഞത് മുഴുവന്‍ ശരിയാണെന്ന രീതിയില്‍  ഞാന്‍  തലകുലുക്കി..

ചിലരുടെ ബൈക്കില്‍ പോക്ക് കാണുമ്പോള്‍ എനിക്കും ഇത് തോന്നിയിട്ടുണ്ട്. ബൈക്കില്‍ കയറികഴിഞ്ഞാല്‍ പിന്നെ പ്ലയിന്‍ ഓടിക്കുകയാണ്   എന്നാണവരുടെ   ഭാവം!.ഹെല്‍മെറ്റ്‌   ഇല്ലാതെ, സ്വന്തം ചന്തിയെ  സീറ്റിന്റെ ഏറ്റവും പുറകില്‍   ഫിറ്റ് ചെയ്ത് ശേഷം  പെട്രോള്‍ ടാങ്കിന്റെ പുറത്തേയ്ക്ക് കമിഴ്ന്നു കിടന്നിട്ടു  കൈകള്‍   ബൈക്കിന്റെ ഹാണ്ടിലില്‍ എത്തിപ്പിടിച്ച്‌,   കാലുകള്‍ ഇരു സൈഡിലും കവര പോലെ വളച്ച് വച്ച്  “നൂറേ നൂറേ” എന്നുള്ള ആ പോക്ക് കണ്ടാല്‍  വല്യപ്പന്‍ പറഞ്ഞത് പോലെ     ഒന്നാം ക്ലാസും രണ്ടാം ക്ലാസ്സും മുട്ടിയത് മൂലം പരവേശം  പിടിച്ചുള്ള പോക്കാണ് അതെന്നു നമുക്ക് തോന്നിപ്പോകും.
വേറെ ചിലരുടെ കുമാരന്മാരുടെ  പോക്കാണ് അതിലും വിചിത്രം. ഇവന്മാരുടെ  ബൈക്കിനു സൈലന്സര്‍   എന്നൊരു ഉപകരണമേ കാണില്ല. ഉണ്ടെങ്കില്‍ തന്നെ അതിന്റെ  ദ്വാരം വലുതാക്കുകയോ  സൈലന്സറിന്റെ   ഷേപ്പ് തന്നെ മാറ്റുകയോ ചെയ്തിട്ടുണ്ടാകും.  സ്റ്റാര്‍ട്ട്‌  ചെയ്ത് കഴിഞ്ഞാല്‍ പിന്നെ പോകുന്ന വഴിക്കെല്ലാം ഇതിന്റെ  അത്യുച്ചത്തിലുള്ള  പട പട ശബ്ദം കേള്‍പിച്ചു നാട്ടിലുള്ളവരെയും ആ വഴി കോളേജില്‍  പോകുന്ന പെണ്‍പിള്ളാരെയും  വിറപ്പിച്ചാലെ   ഇവര്‍ക്ക് തൃപ്തിയാകൂ. പോലീസ്സിനെക്കണ്ടാലുടന്‍ രക്ഷപ്പെടാനുള്ള  കുറുക്കുവഴികളെല്ലാം   മേല്‍പ്പടിയാന്മാര്‍ക്ക്   മന:പാഠമാണ്.

ഇനി വേറൊരു കൂട്ടരുണ്ട്.  ഇവര്‍ക്ക് ബൈക്കില്‍ പോകുമ്പോള്‍ മാത്രമേ മൊബൈലില്‍ കോളുകള്‍ വരൂ.  ഇടതുതോളിനും ചെവിക്കുമിടയില്‍ മൊബൈല്‍ വച്ച്,  പിടലി  തൊണ്ണൂറു  ഡിഗ്രിയില്‍ ചരിച്ചു വച്ചു സംസാരിച്ചു കൊണ്ട്  ഇവര്‍ അതി വേഗതയില്‍ വരുന്നത് കണ്ടാല്‍ ഉടന്‍ അടുത്ത കടയിലോ അല്ലെങ്കില്‍ ഏതെങ്കിലും മരത്തിലോ കയറിയാല്‍ നിങ്ങള്‍ ഇടി കൊള്ളാതെ രക്ഷപ്പെടും.  അല്ലെങ്കില്‍ അടുത്ത ക്ഷണം നിങ്ങളുടെ പിടലിയും  തൊണ്ണൂറോ  അതില്‍ കൂടുതലോ ഡിഗ്രിയില്‍ ചെരിയാന്‍  സാധ്യതയുണ്ട്.

ഇതൊക്കെ ആലോചിച്ചു ഞാന്‍ നില്‍ക്കുമ്പോള്‍ അതാ വീണ്ടും   ഒരു ബൈക്കിന്റെ ശബ്ദം.   നോക്കുമ്പോള്‍ അല്പം മുന്‍പ് പാഞ്ഞുപോയ പയ്യന്‍  അതിവേഗതയില്‍ തിരിച്ചു വരുന്നു. ബസ്‌ സ്റ്റോപ്പില്‍ നില്‍ക്കുന്ന പെണ്‍കുട്ടികളുടെ മുന്‍പില്‍ ഒന്ന് ഷൈന്‍ ചെയ്യാന്‍ വേണ്ടി  തൊട്ടു മുന്‍പിലുള്ള കാറിനെ ഓവര്‍ ടേക്ക്  ചെയ്യാനുള്ള പുറപ്പാടാണെന്നു  അവന്റെ വരവ് കണ്ടാലറിയാം. അവന്‍ കാറിനെ  മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് അതു സംഭവിച്ചത്. മുന്‍പില്‍ പോയ കാറിന്റെ ഉള്ളില്‍ നിന്നും ഒരു കാലിയായ  മിനറല്‍ വാട്ടര്‍ കുപ്പി ആരോ പുറത്തേക്കെറിഞ്ഞു..അതു വന്നു മുഖത്തടിച്ച  പയ്യന്‍  പെട്ടെന്ന്  വണ്ടി വെട്ടിച്ചു.  ബൈക്ക്  തൊട്ടടുത്ത് കൂടി പോവുകയായിരുന്ന ടാറ്റാ സുമോയില്‍ തട്ടി. അതോടെ അവന്‍   ബാലന്‍സ് തെറ്റി റോഡിലേയ്ക്ക്  ബൈക്ക് സഹിതം മറിഞ്ഞു വീണു..വലിയ ശബ്ദത്തോടെ  നിലത്തു വീണ അവനെയും വലിച്ചു കൊണ്ട് ബൈക്ക്   കുറെയേറെ മുന്‍പോട്ടു നിരങ്ങിപ്പോയി.  ടാറിട്ട കറുത്ത റോഡില്‍ നിന്നും തീപ്പൊരികള്‍ ചിതറി.   അതു കണ്ടു പിറകില്‍ വന്ന വാഹനങ്ങള്‍ സഡന്‍ ബ്രേക്കിട്ടു നിന്നു. റോഡരികില്‍ എല്ലാം കണ്ടു നിന്ന  ഞങ്ങള്‍  അന്തം വിട്ടു പകച്ചു നിന്നു..

മുന്‍പില്‍ വന്ന കാര്‍ നിറുത്താതെ പാഞ്ഞു പോയി.രക്തത്തില്‍ കുളിച്ചു ബോധമറ്റു കിടക്കുന്ന പയ്യനെ ഒന്ന് രണ്ടുപേര്‍ തങ്ങി എടുത്ത്‌ ഒരു ഓട്ടോയില്‍ കയറ്റി അടുത്തുള്ള ആശുപത്രിയിലേയ്ക്ക് പാഞ്ഞു.  ആരോ ഹൈ വേ പോലീസിന്റെ നമ്പര്‍ ഡയല്‍ ചെയ്തു.  അല്‍പ സമയത്തിനകം അവര്‍ പാഞ്ഞെത്തി റോഡില്‍ കിടന്ന ബൈക്ക് മാറ്റി ഗതാഗതം പുനഃ സ്ഥാപിച്ചു.ഹെല്‍മെറ്റ്‌ ഇല്ലാതെ റോഡില്‍ തലയടിച്ചു വീണ പയ്യന്റെ വിവരമറിയാന്‍ ചിലര്‍ ആശുപത്രിയിലേയ്ക്ക് പോയി. ആ പയ്യന് ഒന്നും സംഭവിക്കാതിരിക്കട്ടെഎന്ന് ഞാന്‍ ആത്മാര്‍ഥമായി  ആഗ്രഹിച്ചു. കുറച്ചു നേരം കൂടി അവിടെ നിന്നിട്ട്   തിരിച്ചു നടന്നു.

“വൈകിയായാലും എത്തുന്നത് തന്നെയല്ലേ ഒരിക്കലും എത്താതിരിക്കുന്നതിനേക്കാള്‍ നല്ലത്  ?”

ഞാന്‍ എന്നോടുതന്നെ ചോദിച്ചു പോയി..