വൈകിയുള്ള വിവാഹവും ഗര്‍ഭനിരോധന ഗുളികകളും സ്തനാര്‍ബുദ സാധ്യത വര്‍ധിപ്പിക്കും !

3

02

നഗരങ്ങളില്‍ ജീവിക്കുന്ന സ്വന്തമായി ജോലിയുള്ള സ്ത്രീകള്‍ സാധാരണയായി വിവാഹം കഴിക്കുക ജോലിയില്ലാത്ത സ്ത്രീകളെ അപേക്ഷിച്ച് രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ വൈകിയായിരിക്കും. അവരുടെ ജോലി കെട്ടിപ്പടുക്കാനുള്ള കാര്യങ്ങള്‍ കാരണം അതങ്ങനെ നീണ്ടു പോവാറാണ് പതിവ്. അത് പോലെ വിവാഹം കഴിഞ്ഞാലും ഈ സ്ത്രീകള്‍ കുട്ടികള്‍ ഉണ്ടാകുന്നത് വല്ല ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിച്ച് വൈകിപ്പിക്കുകയും ചെയ്യും. അതുമല്ലെങ്കില്‍ അതിലും വൈകിപ്പോയാല്‍ പോയി അബോര്‍ഷന്‍ നടത്തുകയും ചെയ്യും. പുതിയ പഠനങ്ങള്‍ പ്രകാരം ഇത്തരം സ്ത്രീകളില്‍ സ്തനാര്‍ബുദം ഉണ്ടാവുന്നതിനുള്ള സാധ്യത പതിന്മടങ്ങാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെയും ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിലെയും വിദഗ്ദ സംഘം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. വൈകി വിവാഹം കഴിക്കുന്നവരിലും കുട്ടികള്‍ക്ക് മുലപ്പാല്‍ കൊടുക്കാന്‍ മടിക്കുന്നവരിലും അബോര്‍ഷന്‍ നടത്തുന്നവരിലും ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നവരിലും സ്തനാര്‍ബുദം ഉണ്ടാവാനുള്ള വന്‍ സാധ്യതയാണ് കാണുന്നതെന്ന് എയിംസിലെയും ഐസിഎംആറിലെയും ഈ വിദഗ്ദര്‍ പറയുന്നു.

മധ്യപ്രദേശിലെ പ്രീമിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗ്യാസ്ട്രോഎന്ട്രോളജിയും ഹ്യൂമന്‍ ന്യൂട്രീഷന്‍ യൂണിറ്റും 640 ഓളം സ്ത്രീകളില്‍ പഠനം നടത്തുകയും അതിന്റെ പഠന ഫലം ഏറ്റവും പുതിയ ഇന്ത്യന്‍ ജേണല്‍ ഓഫ് കാന്‍സറില്‍ പ്രസിദ്ധീകരിച്ചിട്ടും ഉണ്ട്. എയിംസിലെ OPD, IPD എന്നിവിടങ്ങില്‍ വരുന്ന രോഗികളില്‍ ആണ് പ്രീമിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഈ പഠനം നടത്തിയത്.

03

അവരുടെ പഠനത്തില്‍ 20 വയസ്സിനു ശേഷം വിവാഹിതയാവുന്ന യുവതികളില്‍ സ്തനാര്‍ബുദത്തിനുള്ള സാധ്യത 2.69 മടങ്ങ്‌ കൂടുതലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ആദ്യം കുട്ടിയുണ്ടാകുമ്പോള്‍ ഉള്ള അമ്മയുടെ വയസ്സും സ്തനാര്‍ബുദവും തമ്മില്‍ നല്ല ബന്ധമുണ്ടെന്നും ഇവര്‍ കണ്ടെത്തിയിട്ടുണ്ട്. 21 വയസ്സിനു ശേഷമാണ് ആദ്യത്തെ കുട്ടിയുണ്ടാകുന്നതെങ്കില്‍ അവര്‍ക്ക് സ്തനാര്‍ബുദത്തിനുള്ള സാധ്യത ഇരട്ടിയാകുന്നെന്നാണ് പഠന റിപ്പോര്‍ട്ടില്‍ ഉള്ളത്.

അത് പോലെ ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്ന സ്ത്രീകളില്‍ ഉണ്ടായേക്കാവുന്ന സ്തനാര്‍ബുദ സാധ്യത 9.50 മടങ്ങ്‌ കൂടുതല്‍ ആണെന്നാണ് കണ്ടെത്തിയത്. അതായത് ഗര്‍ഭനിരോധന ഗുളികകള്‍ എന്തായാലും പണി തരുമെന്നര്‍ത്ഥം. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗ്യാസ്ട്രോഎന്ട്രോളജിയിലെയും ഹ്യൂമന്‍ ന്യൂട്രീഷന്‍ യൂണിറ്റിലെയും ഡോക്ടര്‍ ഉമേഷ്‌ കപില്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആണ് ഈ പഠനം നടന്നത്.

അത് പോലെ തന്നെ അബോര്‍ഷനും സ്തനാര്‍ബുദത്തിനുള്ള ഒരു കാരണമാണെന്നും അവരുടെ കണ്ടെത്തലില്‍ ഉണ്ട്. അബോര്‍ഷന്‍ കാരണം സ്തനാര്‍ബുദ സാധ്യത 6.26 മടങ്ങായി കൂടുമെന്നാണ് കണ്ടെത്തലില്‍ ഉള്ളത്. ബ്രെസ്റ്റ് ഫീഡിംഗ് അഥവാ മൂലയൂട്ടല്‍ കാലം 13 മാസത്തിനും താഴെ ആക്കുന്നവരില്‍ സ്തനാര്‍ബുദ സാധ്യത 14.9 മടങ്ങായി കൂടുമെന്നും അവസാന കുട്ടി ജനിക്കുന്നത് 27 വയസ്സിനും കൂടുതല്‍ ഉള്ള പ്രായത്തില്‍ ആണെങ്കില്‍ അവരില്‍ സ്തനാര്‍ബുദ സാധ്യത 3.29 മടങ്ങായി കൂടുമെന്നും ഡോക്ടര്‍ ഉമേഷ്‌ കപിലിന്റെ നേതൃത്വത്തില്‍ വിദഗ്ദ ഡോക്ടര്‍മാര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.

Write Your Valuable Comments Below