Share The Article

 

 

 

 

 

 

കുള്ളിനൻ :- ഇതുവരെ കണ്ടുപിടിച്ചിട്ടുള്ള ഏറ്റവും ഭാരമുള്ള വൈരക്കല്ല് പ്രീമിയർ ഡയമണ്ട് കമ്പനിയുടെ ചെയർമാനായ തോമസ് കുള്ളിനൻെറ പേരിൽ അറിയപ്പെടുന്ന കുള്ളിനൻ ആണ്. ഇതിൻെറ തൂക്കം 3106 കാരറ്റാണ്. 1905-ൽ ദക്ഷിണാഫ്രിക്കയിലുള്ള പ്രീമിയർ ഡയമണ്ട് ഖനിയിൽ നിന്നാണ് ഇത് കണ്ടെടുക്കപ്പെട്ടത്. വെള്ളത്തിൻെറ നിറമുള്ള ഈ വജ്രം ട്രാൻസ്വാൾ സർക്കാർ വിലക്കുവാങ്ങി ബ്രിട്ടീഷ് രാജാവായിരുന്ന എഡ്വേർഡ് ഏഴാമന് ജന്മദിന സമ്മാനമായി സമർപ്പിച്ചു. എഡ്വേർഡ് രാജാവ് ഇത് ചെത്തി മിനുക്കനായി ആംസ്റ്റർഡാമിലെ ഐ.ജെ.ആഷർ & കമ്പനിയെ ഏൽപ്പിച്ചു. ചെത്തി മിനുക്കിയപ്പോൾ കുള്ളിനൻെറ ഭാരം 530.2 കാരറ്റായി കുറഞ്ഞു. കുള്ളിനൻെറ ബാക്കി കഷണങ്ങളിൽ നിന്നും നൂറോളം പ്രശസ്തമായ വജ്രങ്ങൾ വേറെയും ലഭിച്ചു. കുള്ളിനൻ ഇപ്പോൾ ബ്രിട്ടീഷ് രാജ്ഞിയുടെ ചെങ്കോലിനെ അലങ്കരിക്കുകയാണ്. കുള്ളിനനെ ചെത്തി മിനുക്കുമ്പോൾ ലഭിച്ച 317.4 കാരറ്റ് തൂക്കമുള്ള മറ്റൊരു വജ്രം ബ്രിട്ടീഷ് രാജകിരീടത്തെ അലങ്കരിക്കുന്നു. 63.65 കാരറ്റ് തൂക്കമുള്ള മറ്റ് 2 വജ്രങ്ങൾ ക്വീൻമേരിയുടെ 1911-ലെ സ്ഥാനാരോഹണ ചടങ്ങിന് ഉപയോഗിച്ച കിരീടത്തെയും അലങ്കരിക്കുന്നു.

പിറ്റ് ഡയമണ്ട് :- കോഹിന്നൂർ രത്നത്തിനു ശേഷം ഇന്ത്യയിൽ നിന്നും ലഭിച്ച മറ്റൊരു പ്രശസ്ത വജ്രമാണ് പിറ്റ് ഡയമണ്ട്. ആന്ധ്രാപ്രദേശിലെ ഗോൽക്കൊണ്ടാ വജ്രഖനിയിൽ നിന്നും 1701-ലാണ് ഇത് ഖനനം ചെയ്തെടുത്തത്. അന്നതിൻെറ തൂക്കം 410 കാരറ്റ് ആയിരുന്നു . അന്നത് സ്വന്തമാക്കിയ ജാംചന്ദ് എന്ന പാഴ്സി വ്യാപാരി ഈസ്റ്റിന്ത്യാകമ്പനിയുടെ മദ്രാസിലെ പ്രതിനിധിയായ വില്ല്യം പിറ്റ്സിന് 20400 പൗണ്ടിന് വിറ്റു. പിറ്റ് ഈ വജ്രം സ്വന്തമാക്കിയ ശേഷമാണ് ഇത് പിറ്റ് ഡയമണ്ട് എന്നറിയപ്പെടാൻ തുടങ്ങിയത്. വില്ല്യം പിറ്റ് ഇത് ഇംഗ്ളണ്ടിൽ കൊണ്ടുപോയി ചെത്തി മിനുക്കി. 2 വർഷമെടുത്തു അത് ചെത്തിമിനുക്കിയെടുക്കാൻ, അന്ന് അതിന് 5000 പൗണ്ട് ചെലവ് വന്നു. അതോടെ 410 കാരറ്റുള്ള പിറ്റ് ഡയമണ്ടിൻെറ ഭാരം 140.5 കാരറ്റായി ചുരുങ്ങുകയും ചെയ്തു. ചെത്തി മിനുക്കിയ പിറ്റ് ഡയമണ്ടിൻെറ ബാക്കി ഭാഗം വിറ്റത് 7000 പൗണ്ടിനാണത്രെ. മോഷ്ടാക്കളുടെ ഭീഷണിയെ തുടർന്ന് വില്ല്യം പിറ്റ് 1717-ൽ ഇതിനെ ഫ്രാൻസിൻെറ റീജൻറ് ആയിരുന്ന ഒർലൻസ് ഡ്യൂക്കിന് 13500 പൗണ്ടിനു കൈമാറി. അതിനുശേഷം പിറ്റ് ഡയമണ്ടിന് റീജൻറ് ഡയമണ്ട് എന്ന പേർ ലഭിച്ചു. ഫ്രാൻസിൻെറ ഭരണാധികാരിയായിരുന്ന ലൂയി 14-മനാണ് റീജൻറ് ഡയമണ്ട് കിരീടത്തിലുറപ്പിച്ച് അണിയാനുള്ള ഭാഗ്യം 1722-ലെ കിരീടധാരണ ചടങ്ങിൽ ലഭിച്ചത്.

1792-ൽ ഫ്രഞ്ച് വിപ്ലവകാലത്ത് ഇത് മറ്റ് രാജകീയ ആഭണങ്ങളോടൊപ്പം കൊള്ളയടിക്കപ്പെട്ടു. നെപ്പോളിയൻ ബോണപ്പാർട്ടിൻെറ ഖജനാവിലാണ് പിറ്റ് ഡയമണ്ട് പിന്നീട് പ്രത്യക്ഷപ്പെട്ടത്. യുദ്ധച്ചെലവിനായി നെപ്പോളിയൻ പിറ്റ് ഡയമണ്ട് പണയം വച്ചു. 1887-ൽ നടന്ന ഫ്രഞ്ച് രാജകീയ ആഭരണങ്ങളുടെ പ്രദർശനത്തിൽ പിറ്റ് ഡയമണ്ട് വീണ്ടും പ്രത്യക്ഷപ്പെട്ടു. പാരീസിലെ ലൂവർ മ്യൂസിയത്തിൽ ഇന്നിത് സംരക്ഷിച്ചിരിക്കുന്നു.

ഓർലൊവ് വജ്രം :- 17-ആം നൂറ്റാണ്ടിൽ ആന്ധ്രപ്രദേശിലെ കൊല്ലൂർ ഖനിയിൽ നിന്നാണ് ഈ വജ്രം കണ്ടെടുത്തത്. അന്നതിന് 300 കാരറ്റ് തൂക്കമായിരുന്നു. മുസ്ലീം ഭരണാധികാരിയായ ജഹാൻഷിയാണ് അന്ന് അതു സ്വന്തമാക്കിയത്. റോസാപ്പൂവിൻെറ ആകൃതിയിൽ ചെത്തിമിനുക്കിയെടുക്കപ്പെട്ടപ്പോൾ ഓർലൊവിൻെറ തൂക്കം 199.6 കാരറ്റായി കുറഞ്ഞു. ഓർലൊവിന് നീല കലർന്ന പച്ചനിറമാണ്. 18-ആം നൂറ്റാണ്ടിൽ മോഷണം പോയ ഈ വജ്രം 1773-ൽ ലാസറെവിലുള്ള ഒരു അമേരിക്കൻ വ്യാപാരിയിൽ നിന്നു ഗ്രിഗറി ഗ്രെഗോറിവിച്ച് ഓർലോവ് രാജകുമാരൻ 90000 പൗണ്ടിന് സ്വന്തമാക്കിയെന്നും, റഷ്യയിലെ കാതറിൻ-2 രാജകുമാരിക്ക് സമ്മാനിച്ചുവെന്നുമാണ് കഥ. ഈ വജ്രം ഇന്ന് റഷ്യയിലെ ഡയമണ്ട് ട്രഷറി മ്യൂസിയത്തിൽ സംരക്ഷിച്ചിരിക്കുന്നു.

ഷാ ഡയമണ്ട് :- 16-ആം നൂറ്റാണ്ടിൻെറ അവസാനത്തിൽ ഗൊൽക്കൊണ്ടയിലെ വജ്രഖനിയിൽ നിന്നും ലഭിച്ച വജ്രമാണ് ഷാ ഡയമണ്ട്. നേർത്ത മഞ്ഞ നിറമാണ് ഇതിൻെറ പ്രത്യേകത. 88.7 കാരറ്റ് തൂക്കമുള്ള ഈ വജ്രം ചരടിൽ കോർത്ത് അണിയത്തക്കവിധത്തിൽ തുളയ്ക്കപ്പെട്ടതാണ്. ഷാ ഡയമണ്ടിനെ കൈവശം വെച്ച 3 മൂസ്ലീം ഭരണാധികാരികളായ നിസാം ഷാ, ജഹാൻ ഷാ, ഫെത്ത് അലി ഷാ എന്നിവരുടെ പേരുകൾ ഈ വജ്രത്തിൽ കൊത്തിവയ്ക്കപ്പെട്ടിട്ടുണ്ട്. ഹിജറാ വർഷമായ 1000 (എഡി-1591),1051 (എഡി-1641), 1242(എഡി-1826) എന്നീ വർഷങ്ങളും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അലക്സാണ്ടർ ഗ്രിബോയ്ഡോവ് എന്ന ദൂതനെ വധിച്ച കുറ്റത്തിനു പിഴയായി അവസാനത്തെ ഷായുടെ പുത്രൻ 1829-ൽ ഈ വജ്രത്തെ റഷ്യൻ ഭരണാധികാരികൾക്ക് കൈമാറി. റഷ്യയിലെ ഡയമണ്ട് ട്രഷറിയിലാണ് ഇന്ന് ഇതുള്ളത്.

അക്ബർ ഷാ ഡയമണ്ട് :- മുഗൾ സാമ്രാജ്യത്തിൻെറ സ്വത്തായിരുന്നു അക്ബർ ഷാ എന്ന വജ്രം. 119 കാരറ്റ് തൂക്കമുള്ള ഈ ഇളം പച്ച വജ്രം, 1866-ൽ കണ്ണുനീർത്തുള്ളിയുടെ രൂപത്തിൽ ചെത്തി മിനുക്കിയെടുത്തു. ഷാ അക്ബർ എന്നും, ഷാജഹാൻ ഇരുലോകങ്ങളുടെ ഭരണാധികാരിയായി എന്നും അക്ബർ ഷാ ഡയമണ്ടിൽ കൊത്തിവച്ചിട്ടുണ്ടായിരുന്നു. ഇത് ഈ ചെത്തി മിനുക്കലിലൂടെ അലങ്കോലമായി. അതോടെ ഈ വജ്രത്തിൻെറ ചരിത്രപരമായ പ്രധാന്യവും, മൂല്യവും കുറഞ്ഞു. അക്ബർ ഷാ ഡയമണ്ട് ഇന്ന് ബറോഡയിലെ ഗെയ്ക്ക് വാദ് രാജവംശത്തിൻെറ രത്ന ശേഖരത്തിലാണുള്ളത്.

നസ്സാക്ക് ഡയമണ്ട് :- നാസിക്കിലെ ത്രയബകേശ്വർ ശിവക്ഷേത്രത്തിൻെറ സ്വത്തായിരുന്നു ഈ നീല വജ്രം. മറാത്തികൾ നാസിക് ആക്രമിച്ച സമയത്ത് അവർ ഇത് കൊള്ളയടിച്ചു. 1818-ലെ മറാത്ത യുദ്ധത്തിൽ ഈസ്റ്റ് ഇന്ത്യാ കമ്പനി ഇതു തട്ടിയെടുത്തു. പിന്നീട് ഈസ്റ്റ് ഇന്ത്യാ കമ്പനി ഈ വജ്രം ഇംഗ്ലണ്ടിലെ വ്യാപാരിയായിരുന്ന റൻഡൽ & ബ്രിഡ്ജിനു വിറ്റു. പിയർ ആകൃതിയിലായിരുന്ന നസ്സാക്ക് ഡയമണ്ട് പിന്നീട് ത്രികോണാകൃതിയിൽ ചെത്തി മിനുക്കപ്പെട്ടു. 1839-ൽ നടന്ന ലേലത്തിൽ വെസ്റ്റ് മിനിസ്റ്ററിലെ മാർക്വെസ് പ്രഭു ഇതിനെ സ്വന്തമാക്കി. മാർക്വെസ് പിന്നീട് പാരീസുകാരനായ ജോർജ് മബോസിന് ഇതിനെ കൈമാറി. മബോസ് നസ്സാക്കിനെ ദീർഘചതുരാകൃതിയിലുള്ള എമറാൾഡ‍് കട്ട രൂപത്തിൽ ചെത്തി മിനുക്കി. 43.4 കാരറ്റ് തൂക്കമുള്ള നസ്സാക്ക് ഡയമണ്ട് ഇന്ന് യു.എസിലെ എഡ്വാർഡ് ജെ ഹാൻറിൻെറ കൈവശമാണുള്ളത്.

താജ്-ഇ-മാഹ് ഡയമണ്ട് :- ഗൊൽക്കൊണ്ടാ വജ്രഖനിയിൽ നിന്നു ലഭിച്ച 150 കാരറ്റ് ഭാരമുളള താജ്-ഇ-മാഹ് ഡയമണ്ട് റോസാപുഷ്പത്തിൻെറ ആകൃതിയിലാണ് ചെത്തി മിനുക്കിയിരിക്കുന്നത്. 1739-ൽ നാദിർഷാ ഇത് കൊള്ളയടിച്ചു. ചന്ദ്രൻെറ കിരീടമെന്നറിയപ്പെടുന്ന ഈ അമൂല്ല്യ രത്നം ഇറാനിയൻ രാജകീയ രത്നശേഖരത്തിൽ സൂക്ഷിച്ചിരിക്കുന്നു.

ദരിയ-ഇ-നൂർ ഡയമണ്ട് :- ആന്ധ്രാപ്രദേശിലെ കൊല്ലൂർ ഖനിയിൽ നിന്നും കണ്ടെടുക്കപ്പെട്ട 182 കാരറ്റ് തൂക്കവും നേർത്ത പിങ്ക് നിറവുമുള്ള വജ്രക്കല്ലാണ് ദരിയ-ഇ-നൂർ. ഭാരതം കൊള്ളയടിച്ച നാദിർഷാ ഈ വജ്രവും കൊള്ളയടിച്ചു് പേർഷ്യയിലേക്ക് കൊണ്ടു പോയി. ഇറാൻെറ ആഭരണശേഖരത്തിൻെറ ഭാഗമായി ഇത് ഇന്ന് സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

സാൻസി ഡയമണ്ട് :- ‌1570-ൽ ഓട്ടോമൻ സാമ്ര്യാജ്യത്തിൻെറ ഫ്രഞ്ച് അംബാസിഡറായിരുന്ന നിക്കോളസിൻെറ ഉടമസ്ഥതയിലുള്ള വജ്രമായിരുന്നു സാൻസി. ബദാമിൻെറ ആകൃതിയിൽ 2 ഭാഗവും ചെത്തി മിനുക്കപ്പെട്ടതായിരുന്നു 60.4 കാരറ്റ് തൂക്കം വരുന്ന ഈ വജ്രക്കല്ല്. 16-ആം നൂറ്റാണ്ടിൻെറ അവസാനത്തിൽ ഇംഗ്ലണ്ടിലെ എലിസബത്ത്-1 രാജ്ഞി ഇത് സ്വന്തമാക്കി. 1675-ൽ ഫ്രഞ്ച് ഭരണാധികാരിയായിരുന്ന ലൂയി പതിനാലാമൻ 25000 പൗണ്ടിന് സാൻസിയെ സ്വന്തമാക്കി. ഫ്രഞ്ച് വിപ്ലവകാലത്ത് ഇത് കൊള്ളയടിക്കപ്പെട്ടു. 1867-ൽ‌ പാരീസിൽ നടന്ന ഒരു പ്രദർശനത്തിൽ സാൻസിയും പ്രദർശിപ്പിക്കപ്പെട്ടു. 19-ആം നുറ്റാണ്ടിൻെറ അവസാനത്തിൽ ഇതിനെ ഇന്ത്യൻ വജ്രവ്യാപാരി സാൻസി സ്വന്തമാക്കി. അതോടെ പട്യാല മഹാരാജാവിൻെറ ആഭരണശേഖരത്തിൽ ഇത് ഇടം പിടിച്ചു. പാരീസിലെ ലൂവർ കൊട്ടാരത്തിൻെറ ഭാഗമായ അപ്പോളോ ഗാലറിയിലാണ് ഇപ്പോൾ ഇതുള്ളത്.

ഡയമണ്ട് അല്ലാത്ത ഡയമണ്ട് :- വജ്രത്തെക്കാൾ കാഠിന്യമുള്ള ഗ്ലാസ് പോലുള്ള പദാർത്ഥമാണ് അമോർഫസ് ഡയമണ്ട്. സ്റ്റാൻഫോർഡ് ലബോറട്ടറിയാണ് ഇതിൻെറ സ്രഷ്ടാവ്. കാർബണിൽ അതിതീവ്ര സമ്മർദ്ദം ചെലുത്തിയപ്പോളാണിതു രൂപപ്പെട്ടത്. വജ്രത്തിൻെറ ക്രിസ്റ്റൽ ഘടനയല്ല അമോർഫസിനുള്ളത്. എന്നാൽ, ഓരോ സൂഷ്മാംശത്തിലും ഒരേ കടുപ്പം എന്ന ഗുണം ഇതിനുണ്ട്. അന്തരീക്ഷ മർദ്ദത്തിൻറെ 60,000 ഇരട്ടി അഥവാ 60 ജിഗാ പാസ്കൽസിലാണ് സാധാരണ വജ്രങ്ങൾ പിറവിയെടുക്കുന്നത്. അമോർഫസ് ഡയമണ്ട് ആകട്ടെ 70 ജിഗാ പാസ്കൽ സമ്മർദ്ദത്തിലും.

കടപ്പാട് : ബാലകൃഷ്ണനുണ്ണി.ടി .എൻ
  • 2
    Shares
ടീം ബൂലോകം. നിങ്ങള്‍ക്കും എഴുതാം, Boolokam.com - ല്‍. നിങ്ങളുടെ ബ്ലോഗിങ്ങ് അഭിരുചി പുറം ലോകം കാണട്ടെ.