Share The Article

esther_cleveland
അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയാണ് വൈറ്റ് ഹൗസ് എന്ന് അറിയാമല്ലോ. അമേരിക്കന്‍ പ്രസിഡന്റും കുടുംബവും വൈറ്റ് ഹൗസില്‍ ആണ് താമസിക്കുക. ഇപ്പോഴത്തെ അമേരിക്കന്‍ പ്രസിഡന്റ് ആയ ബറാക്ക് ഒബാമ ആ സ്ഥാനം അലങ്കരിക്കുന്ന നാല്‍പ്പത്തിനാലാമത് വ്യക്തിയാണ്. ഇത്രയും കാലത്തിനിടയില്‍ വൈറ്റ് ഹൗസില്‍ പിറന്നുവീഴുവാന്‍ ആകെ ഒരാള്‍ക്കേ ഭാഗ്യം ഉണ്ടായിട്ടുള്ളൂ.

ഗ്രോവര്‍ ക്ലീവ്ലാന്‍ഡ്

അമേരിക്കയുടെ ഇരുപത്തിരണ്ടാം പ്രസിഡന്റ് ആയിരുന്ന ഗ്രോവര്‍ ക്ലീവ്‌ലാന്‍ഡിന്റെയും ഭാര്യ ഫ്രാന്‍സിസ് ഫോള്‍സത്തിന്റെയും രണ്ടാമത്തെ കുഞ്ഞ് എസ്‌തേര്‍ ആണ് ആ ഭാഗ്യവതി. അമേരിക്കന്‍ പ്രസിഡന്റ് പദം രണ്ടു തവണ അലങ്കരിച്ച ആളാണ് ഗ്രോവര്‍ ക്ലീവ്‌ലാന്‍ഡ്.തുടര്‍ച്ചയായി അല്ലാതെ രണ്ടുതവണ പ്രസിഡന്റ് പദവിയില്‍ ഇരുന്ന ഒരേയൊരു വ്യക്തി എന്ന റിക്കാര്‍ഡും ഇദ്ദേഹത്തിന് സ്വന്തമായി ഉണ്ട്.

അമേരിക്കന്‍ പ്രസിഡന്റ് ആയിരിക്കേ വൈറ്റ് ഹൗസില്‍ വെച്ചുതന്നെയാണ് ഗ്രോവര്‍ ക്ലീവ്‌ലാന്‍ഡിന്റെ വിവാഹം നടന്നതും. ആദ്യത്തെ കുഞ്ഞ് പിറക്കുന്ന സമയത്ത് ക്ലീവ്‌ലാന്‍ഡിന് പ്രസിഡന്റ് പദവി നഷ്ടമായിരുന്നു. വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിയ സമയത്താണ് ക്ലീവ്‌ലാന്‍ഡ് ദമ്പതികള്‍ക്ക് എസ്‌തേര്‍ ജനിക്കുന്നത്.