Share The Article

01

ഞാന്‍ കാണുന്ന ക്രിക്കറ്റില്‍ എന്നും അങ്ങുണ്ടായിരുന്നു. അങ്ങിനെയല്ലെങ്കില്‍, അങ്ങുണ്ടായിരുന്ന ക്രിക്കറ്റ് ആണ് ഞാന്‍ എന്നും കണ്ടിരുന്നത്. ഞാന്‍ ഇഷ്ടപ്പെട്ടിരുന്നത്. ഞാന്‍ ക്രിക്കറ്റ് കളിച്ചത് അങ്ങ് അത് കളിച്ചിരുന്നത് കൊണ്ട് മാത്രമാണ്. കളിക്കളത്തിലെ ഓരോ അനക്കങ്ങളിലും ഞാന്‍ അങ്ങയെ പോലെയാവാന്‍ ആഗ്രഹിച്ചു. ശ്രമിച്ചു. അങ്ങയുടെ ചിരിയും നടത്തവും സംസാരവും ഞാന്‍ അപ്പാടെ പകര്‍ത്തിക്കൊണ്ടിരുന്നു. അങ്ങയെപ്പോലെ ഒരിക്കലും ആവാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യ ബോധത്തിനൊടുവില്‍ അങ്ങ് ദൈവം ആണെന്ന് തിരിച്ചറിഞ്ഞു.

കളിക്കളത്തിനപ്പുറത്ത് സ്വന്തം വ്യക്തി പ്രഭാവം കൊണ്ട് അനവധി പേരെ നേരിട്ട് സ്വധീനിച്ചപ്പോള്‍ എന്നെപ്പോലെയുള്ള അനേകായിരങ്ങളെ പരോക്ഷമായി അങ്ങ് സ്വാധീനിച്ചു. ക്രിക്കറ്റില്‍ വാഴ്തപ്പെട്ടിരുന്ന ആള്‍ ദൈവ ബിംബങ്ങള്‍ ഓരോന്നായി ഉപജാപങ്ങളിലും അഴിമതികളിലും തകര്‍ന്നടിഞ്ഞപ്പോള്‍ അങ്ങയുടെ ശിരസ്സ് എന്നും ഉയര്ന്നു തന്നെ നിന്നു. അതുവഴി ഞങ്ങളുടെ താല്പര്യങ്ങളും പ്രതീക്ഷകളും. അങ്ങയോടു എതിര്‍ കളിക്കാര്‍ അപക്വമായും അപമാര്യദയോടും പെരുമാറിയപ്പോള്‍ ഞങ്ങളുടെ ഓരോരുത്തരുടെയും രക്തം തിളച്ചു. പക്ഷെ അങ്ങ് അവര്‍ക്ക് ബാറ്റ് കൊണ്ട് മറുപടി നല്കി. പക്വത എന്തെന്നും മര്യാദയെന്തെന്നും പഠിപ്പിച്ചു.

അങ്ങ് ചരിത്രത്തിലേക്ക് നടന്നു കയറുമ്പോള്‍ കൂടെ ഞങ്ങളോരോരുത്തരുടെയും ഹൃദയത്തിലേക്ക് നടന്നു കയറുകയായിരുന്നു. ക്രിക്കറ്റില്‍ നിന്നു പടിയിറങ്ങുമ്പോള്‍ ചരിത്രത്തിലും ലക്ഷക്കണക്കിന് വരുന്ന എന്നെപോലെയുള്ളവരുടെ ഹൃദയത്തിലും മായ്ക്കാനാവാത്ത വിധം അങ്ങയുടെ കാലടികള്‍ പതിഞ്ഞിരിക്കുന്നത് അങ്ങറിയാതിരിക്കാന്‍ തരമില്ല. സമാനതകളില്ലാത്ത പ്രതിഭയും വ്യക്തിയും പൗരനും ആയ അങ്ങില്ലാത്ത ക്രിക്കറ്റ് ഞങ്ങളുടെ ചിന്തയുടെ അപ്പുറത്താണ്.

1989 കളിലെ ക്രിക്കറ്റിന്റെ ജനപ്രീതി ഇന്ത്യയില്‍ ഇന്നത്തെ നിലയിലെക്കുയര്‍ത്തിയത് അങ്ങയുടെ സാന്നിധ്യം ഒന്ന് മാത്രമാണെന്ന് വിശ്വസിക്കുന്നവന്‍ ഞാന്‍ മാത്രമാവില്ല. അങ്ങില്ലാത്ത ക്രിക്കറ്റ് കാണില്ലെന്ന് വീമ്പടിക്കാന്‍ ഞാനില്ലെങ്കിലും അങ്ങയുടെ കളികളുടെ ഷെഡ്യൂള്‍ മനസ്സില്‍ പലയാവര്‍ത്തി തെളിയുന്ന പോലെ ഇനി ഇന്ത്യയുടെ മത്സരങ്ങള്‍ തെളിയില്ലെന്നുറപ്പ്.

ഇതൊക്കെ പറയുന്നത് ഞാന്‍ മാത്രമാവില്ല. ഇത് എന്നെപോലെയുള്ള ലക്ഷക്കണക്കിന് പേര്‍ക്ക് പറയാനുള്ളതാണ്. അവര്‍ പറഞ്ഞതാണ്. ആവര്‍ത്തനം വിരസമെങ്കിലും എനിക്കും അങ്ങയോടു പറയാനുള്ളത് ഇതൊക്കെ തന്നെയാണ്. അല്ലെങ്കിലും ദൈവത്തിനോട് നമുക്കെല്ലാവര്‍ക്കും പറയാന്‍ ഉണ്ടാവുന്നത് ഒന്നുതന്നെ ആണല്ലോ.