സര്‍പ്പപുരാണം – 1 – ഡോ.വേണു തോന്നയ്ക്കല്‍

0

നാം പാമ്പിനെ കണ്ടിരിക്കുന്നു. നേരിട്ട് കാണാന്‍ കഴിയാത്തവര്‍ പാമ്പിന്റെ ചിത്രങ്ങള്‍ എങ്കിലും കണ്ടിരിക്കും. നമ്മെ ഏറെ സ്വാധീനിച്ചിട്ടുള്ള ജീവികളാണ് പാമ്പുകള്‍. പാമ്പുകളോട് നമുക്ക് വെറുപ്പും ഭയവുമാണ്. അതിനാല്‍ നാം അവയെ എവിടെ കണ്ടാലും കൊല്ലാന്‍ താല്‍പര്യം കാണിക്കുന്നു.

പാമ്പിന്റെ ആകൃതിയും സ്വഭാവ ഗുണങ്ങളും അവയെക്കുറിച്ച് കേട്ട് വളര്‍ന്ന കഥകളുമാവാം നമുക്കവയോട് തോന്നുന്ന ഭയത്തിനാധാരം. പാമ്പിനെ പിടികൂടി കൊന്ന് തുകല്‍ ശേഖരിച്ച് വില്‍ക്കുന്നവരും പാമ്പിന്‍വിഷമെടുക്കുന്നവരുമുണ്ട്

. പാമ്പിന്‍വിഷം. പാമ്പിന്‍വിഷം ഔഷധനിര്‍മ്മാണത്തിനു ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്നു.
പാമ്പുകളെ ആഹാരമാക്കുന്നവര്‍ ചൈന തുടങ്ങിയ രാജ്യങ്ങളിലുണ്ട്. പാമ്പുകളോട് ഭയവും വെറുപ്പുമില്ലാത്തവരും അവയെ സ്‌നേഹിക്കുന്നവരുമുണ്ട്. പാമ്പുകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് ഹെര്‍പെറ്റോളജി.
പാമ്പുകളോട് നമുക്കുള്ള ഭയം ചൂഷണം ചെയ്യുന്നവരും പാമ്പുകളെ ആരാധിക്കുന്നവരും അവയെകുറിച്ചുള്ള അന്ധവിശ്വാസ പ്രചരണവുമായി കഴിഞ്ഞു കൂടുന്നവരും അനവധി.

പാമ്പിനെ ചൂഷണം ചെയ്യുന്നവരാണ് പാമ്പാട്ടികള്‍. വന്യജീവി സംരക്ഷണ നിയമപ്രകാരം പാമ്പിനെ ഉപദ്രവിക്കുന്നത് കുറ്റകരമാണ്. എന്നു കരുതി ആരും പാമ്പിനെ കൊല്ലുകില്ലായെന്ന് ധരിക്കേണ്ടതില്ല. പാമ്പാട്ടികളുടെ പ്രവര്‍ത്തിയും ന്യായമായും കുറ്റകരം തന്നെ. എന്നാല്‍ അത് ഒരു വിഭാഗം ആളുകള്‍ പരമ്പരാഗതമായി ഉപജീവനാര്‍ത്ഥം ചെയ്തുപോരുന്ന ഒരു തൊഴിലും അതൊരു കലയും വിനോദവുമാകയാലും അവര്‍ പാമ്പുകളെ ഉപദ്രവിക്കുന്നില്ലയെന്നതിനാലും പാമ്പാട്ടികള്‍ക്കെതിരെ അധികൃതര്‍ കണ്ണടയ്ക്കുന്നു.

അതിക്രൂരവും നിന്ദ്യവും പൈശാചികവുമായ എത്രയോ പീഡനങ്ങളെ അധികൃതര്‍ കണ്ടില്ലായെന്നു കരുതുന്നു. ആനയോട് കാണിക്കുന്നതരത്തിലുള്ള പീഡനം ലോകത്ത് ഒരു ജനതയും ഒരു ജീവിയോടും കാണിക്കുന്നില്ലായെന്നു വേണം കരുതുവാന്‍. പിന്നെയാണോ പാമ്പാട്ടിയുടെ ഈ ചെറിയ വിനോദ പ്രകടനം പാമ്പാട്ടിയുടെ ഈ പ്രകടനം മൂലം കാണികള്‍ക്ക് പാമ്പിനോടുള്ള അറപ്പും വെറുപ്പും ഭയവും കുറയുകയാണ്. അങ്ങനെ നോക്കുമ്പോള്‍ പാമ്പാട്ടിയുടെ ഈ തൊഴില്‍ വലിയൊരു ധര്‍മ്മമാണ്.

എന്നിരുന്നാലും പാമ്പാട്ടി ചെയ്യുന്നത് ഒരുതരം പറ്റിപ്പാണ്. പാമ്പാട്ടി കാഴ്ചക്കാരെ വിഡ്ഢികളാക്കുകയാണ്. പാമ്പാട്ടി പാമ്പിനെ കളിപ്പിക്കുന്നത് നേരിട്ട് കണ്ടിട്ടില്ലാത്തവര്‍ സിനിമകളിലെങ്കിലും കണ്ടിരിക്കും. കണ്ടിട്ടില്ലായെങ്കില്‍ ഇനി കാണാന്‍ ശ്രമിക്കുക.

പാമ്പാട്ടി മകുടി ഊതുന്നതിനൊത്ത് പാമ്പ് പത്തിയുയര്‍ത്തി ആടുകയാണ്. അന്തരീക്ഷത്തിലൂടെ ഒഴുകിയെത്തുന്ന ശബ്ദം കേള്‍ക്കാനാവാത്ത പാമ്പുകള്‍ എങ്ങനെയാണ് മകുടി സംഗീതം കേള്‍ക്കുന്നത്.

മകുടി ഊതുന്നതിനൊത്ത് പാമ്പാട്ടി തലയും മകുടിയും ആട്ടുന്നു. പാമ്പ് അതാണ് ശ്രദ്ധിക്കുന്നത്. നിശ്ചലദൃശ്യങ്ങളേക്കാള്‍ ചലിക്കുന്ന ദൃശ്യങ്ങളാണ് പാമ്പുകളുടെ കണ്ണുകളില്‍ കൂടുതല്‍ തെളിയുന്നത്.

കൂടാതെ സ്വന്തം കാല്‍പാദങ്ങള്‍കൊണ്ട് പാമ്പാട്ടി തറയില്‍ താളം പിടിക്കുന്നുണ്ടാവും പ്രതലത്തിലുള്ള നേരിയ പ്രകമ്പനം കൂടി പാമ്പുകള്‍ക്ക് തിരിച്ചറിയാനാവും. അതും പാമ്പുകളുടെ നൃത്തചലനങ്ങളെ സ്വാധീനിക്കുന്നു. അപ്പോള്‍ പിന്നെ മകുടി സംഗീതമെന്തിനെന്ന് നിങ്ങള്‍ ചോദിക്കാം. അത് തനിക്കു ചുറ്റിലും നില്‍ക്കുന്ന ആള്‍ക്കൂട്ടത്തെ സ്വാധീനിക്കാന്‍. സംഗതി എന്തുതന്നെയായാലും പാമ്പ് പാമ്പാട്ടിയുടെ ഇച്ഛയ്‌ക്കൊത്ത് ചലിക്കുന്നുണ്ടല്ലോ. പാമ്പാട്ടി പാമ്പിനെ നിയന്ത്രിക്കുന്നു. ജീവിയ്ക്കാനായി ചില കള്ളങ്ങളൊക്കെ പാമ്പാട്ടി പറയും. എങ്കിലും സര്‍പ്പവുമായി ബന്ധപ്പെട്ട് പ്രചരിപ്പിയ്ക്കുന്ന അന്ധവിശ്വാസങ്ങളേക്കാള്‍ എത്രയോ ഭേദം.

പാമ്പ് പാലും പഴവും കഴിക്കുമെന്ന് വിശ്വസിക്കുന്ന സാധാരണ ജനം ഇന്നുമുണ്ട്. സര്‍പ്പക്കാവുകളില്‍ പാമ്പിനെ ആരാധിക്കുകയും അതിന് പാലും പഴവും നിവേദിക്കുകയും ചെയ്യുന്നു. പാമ്പുകളേയും അവയുടെ ജീവിതരീതിയേയും കുറിച്ച് ധാരാളം ഐതിഹ്യങ്ങളും അന്ധവിശ്വാസങ്ങളും ആചാരങ്ങളും നിലവിലുണ്ട്.

പാമ്പിനെ തല്ലിയാല്‍ കൊല്ലണം. ചതിച്ചുവിടരുത്. ഇതൊരു പഴയ വിശ്വാസമാണ്. നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ ഇന്നും ഇത്തരം വിശ്വാസങ്ങള്‍ പച്ചപ്പിട്ടു കിടക്കുന്നു. പാമ്പ് വൈരാഗ്യപൂര്‍വ്വം മടങ്ങി വന്ന് പാമ്പിനെ തല്ലിയ ആളെ കടിക്കും. അത്രകണ്ട് ഓര്‍മശേഷിയും പ്രതികാരബോധവുമുള്ള ജീവിയത്രേ സര്‍പ്പം. പാമ്പിനെ തല്ലുക തന്നെ വേണമെന്നില്ല. ഏതെങ്കിലും തരത്തില്‍ ഉപദ്രവിച്ചാല്‍ മതിയത്രേ ഈ ധാരണ ശുദ്ധഭോഷത്തരമെന്നതിനു തെളിവ് അതിന്റെ മസ്തിഷ്‌കം തന്നെയാണ്. തീരെ ചെറുതും വളര്‍ച്ച കുറഞ്ഞതുമായ മസ്തിഷ്‌കത്തില്‍ ഓര്‍മ്മ, വൈരാഗ്യം തുടങ്ങിയ ഉന്നത മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളില്ല. എന്റെ കുട്ടിക്കാലത്ത് ഞാന്‍ കേട്ടുവളര്‍ന്നത്. തന്നെ ശല്യം ചെയ്ത ഒരാളെ സര്‍പ്പം വൈരാഗ്യപൂര്‍വ്വം പിന്‍തുടരുകയും പറന്നു കൊത്താന്‍ ശ്രമിക്കുകയും ചെയ്തു. അയാള്‍ പ്രാണരക്ഷാര്‍ത്ഥം സ്വന്തം മുണ്ടുരിഞ്ഞ് വീശിയിട്ട് ഓടി രക്ഷപ്പെട്ടു. പാമ്പ് മുണ്ടില്‍ കൊത്തി സംതൃപ്തിയടഞ്ഞുവത്രേ.

പത്തി അറുത്തുമാറ്റിയാല്‍ കൂടി മൂര്‍ഖന്‍ പറന്നുവന്നു കടിക്കും. ഇത് മനുഷ്യമനസ്സില്‍ രൂഢമൂലമായ മറ്റൊരു അബദ്ധധാരണയാണ്. പറക്കാന്‍ കഴിയാത്ത പാമ്പിന്റെ തലമാത്രമായെങ്ങനെയാണ് പറക്കുന്നത്. ഭാവനയില്‍ നെയ്‌തെടുത്ത ഭീകരകഥകളാണവ. എന്നാല്‍ തലമുറിച്ചുമാറ്റിയാലും വിഷമുറയാത്ത പക്ഷം കുറേനേരത്തേക്ക് വിഷത്തിന് ശക്തിയുണ്ടായിരിക്കും.

ദേവനാഗത്തിന് സ്വര്‍ണ്ണനിറമാണ്. ഇതിന് അപൂര്‍വ്വ സിദ്ധികളുണ്ടെന്നും ഇതിന്റെ വായിലാണ് ആപൂര്‍വ്വരത്‌നമായ മാണിക്യകല്ല് ഇരിക്കുന്നതെന്നും വിശ്വസിക്കുന്നു.

പാമ്പുകള്‍ക്ക് പലതരം മാസ്മരികശക്തിയുള്ളതായി ചിലര്‍ വിശ്വസിക്കുന്നു. പാമ്പുകള്‍ മനുഷ്യസ്ത്രീയില്‍ പ്രേമബദ്ധരാവുമത്രെ. പാമ്പിന്റെ ഫണവും ലിംഗോദ്ധാരണവും തമ്മിലുള്ള താരതമ്യമാവാം ഇക്കഥയ്ക്ക് പിന്നില്‍. മൂര്‍ഖനെ ആണ്‍പാമ്പായും മറ്റുള്ള പാമ്പുകളെ പെണ്ണായും കരുതുന്നവരുമുണ്ട്. ഇവിടെ മൂര്‍ഖന്റെ ഫണത്തെ ഉദ്ധരിച്ചുവരുന്ന പുരുഷലിംഗസമാനമായി കരുതുന്നതാവാം ഈ അജ്ഞതയുടെ രഹസ്യം.

ചിലയിനം സര്‍പ്പങ്ങളെ ഉപദ്രവിച്ചാല്‍ സര്‍പ്പശാപമേല്‍ക്കുമെന്നും തന്മൂലം കുടുംബനാശമുണ്ടാവുമെന്നും വിശ്വസിക്കുന്ന ആളുകളുമുണ്ട്. അത്തരം ധാരണകളുമായി ജീവിച്ചുപോരുന്ന തറവാടുകളുണ്ട്. നാഗക്കാവും നാഗപ്പാട്ടും നാഗത്തറയും പാമ്പിന്‍ നൃത്തവുമൊക്കെ ഇത്തരം വിശ്വാസങ്ങളുമായി ബന്ധപ്പെട്ടവയാണ്. ഈവക മൂഡവിശ്വാസങ്ങളുടെ നിഴല്‍പറ്റി രചിച്ച സാഹിത്യകൃതികളും നിര്‍മ്മിച്ച സിനിമകളുമുണ്ട്.

പാമ്പുകടിയെകുറിച്ചും പാമ്പുകടിക്കുന്ന ചികിത്സാരീതിയെകുറിച്ചുമുണ്ട് അനവധി മണ്ടത്തരങ്ങള്‍. എത്ര ഉഗ്രവിഷമുള്ള പാമ്പുകടിച്ചാലും അതിനെ തിരിച്ചുകടിച്ചാല്‍ മതിയത്രേ കടിച്ചവിഷം ഇറങ്ങും. എന്നാല്‍ മറ്റൊരു സംഗതിയുണ്ട് പാമ്പിനെ കടിച്ചയാളുടെ വായില്‍ പല്ലുകളൊന്നുമുണ്ടാവില്ല. ഒക്കെയും ഒരു കഥയാണ്. തെളിവിനായി മുഴുവന്‍ പല്ലും കൊഴിഞ്ഞ ഒരപ്പൂപ്പനുമുണ്ടായിരുന്നു.

വിഷചികിത്സയ്ക്കുമുണ്ട് അനവധി പ്രാകൃതവും ക്രൂരവുമായ അന്ധവിശ്വാസ ജഡിലവുമായ മാര്‍ഗ്ഗങ്ങള്‍. പാമ്പുകടിച്ച കോള്‍വായില്‍ വിഷക്കല്ല് പിടിപ്പിച്ച് വിഷമിറക്കുന്ന പരിപാടിയുണ്ട്. കോള്‍വായില്‍ കോഴിയുടെ ഗുദം ചേര്‍ത്തുവച്ച് വിഷമിറക്കുന്ന വിദ്യ ഏറെ വാര്‍ത്താപ്രാധാന്യം ലഭിച്ചതാണ്. ഇതൊക്കെ സഹിയ്ക്കാം. ഇതേക്കാള്‍ അവിശ്വസനീയമായ വേലകള്‍ വേറെയുമുണ്ട്. കടിച്ചപാമ്പിനെ വരുത്തി വിഷമിറക്കും. അതുകഴിഞ്ഞാല്‍ പിന്നെ പാമ്പു ജീവിച്ചിരിക്കില്ല. ഏതെങ്കിലും നാഗത്തറയില്‍ പോയി തലതല്ലിച്ചാവും. നാഗത്തറയില്ലേല്‍ നല്ല കല്ലുകള്‍ ഏതെങ്കിലും മതിയാവും. മടങ്ങിവന്ന് വിഷമിറക്കിയതില്‍ അഭിമാനക്ഷതമേറ്റ് മനംനൊന്താവും അത്തരത്തില്‍ ചെയ്യുന്നത്. മനുഷ്യര്‍ക്കു കൂടിയില്ലാത്ത ദുരഭിമാനബോധം മസ്തിഷ്‌കം അധികം വികസിച്ചിട്ടില്ലാത്ത ഒരു പാവം ജീവിയെകുറിച്ചുള്ള കെട്ടുകഥകളാണിതൊക്കെയും.

ഇത്തരം അന്ധവിശ്വാസങ്ങളും അബദ്ധ ധാരണകളും നമുക്ക് മാത്രമായുള്ളതല്ല. ലോകമെമ്പാടുമുള്ള ജനത ജാതിമതഭേദമന്യേ പാമ്പിനെ ഭയക്കുകയും അന്ധവിശ്വാസം പ്രചരിപ്പിക്കുകയും കഥകള്‍ മെനയുകയും ആരാധിക്കുകയും ചെയ്യുന്നു. ഇതിനോക്കെ ഒരു പ്രധാന കാരണം പാമ്പുകളോട് നമുക്കുണ്ടായ ഭീതിയും അങ്ങനെ അവയ്ക്ക് ലഭിച്ച അംഗീകാരവും ആദരവുമാണ്. പാമ്പിന്റെ ആകൃതിയും ജീവിതരീതികളും മറ്റൊരു ഘടകമാണ്. പാമ്പുകളോട് നമുക്കുണ്ടായ ഭീതിയുടെ അടിസ്ഥാനം അവയുടെ വിഷശക്തിയാണ്. പാമ്പുകടിയേറ്റ് എത്രയോ മരണങ്ങള്‍. മരണബോധം അനവധി കഥകള്‍ക്ക് പ്രചോദനമായി. കാലനും പോത്തിന്റെ മേല്‍ കയറുമായി വരുന്ന രൂപവും പ്രേതാത്മക്കളും ഭൂതപ്രേത പിശാചുകളുമൊക്കെ മരണഭയത്തിന്റെ പ്രോഡക്ടുകളാണ്. ജീവിയ്ക്കാനുള്ള ഒരു ജീവിയുടെ ആഗ്രഹത്തില്‍ നിന്നാണ് മരണഭയം ഉടലെടുക്കുന്നത്. ജീവിതം വെറുക്കുന്നവരില്‍ മരണഭയം ഇല്ലാതാവുകയും അവര്‍ മരണത്തെ സ്‌നേഹിക്കുകയും മരണത്തിന്റെ വഴി സ്വീകരിക്കുകയും ചെയ്യുന്നു. നമുക്കുള്ള ഒരു കഴുത്തും അതില്‍ കുരുക്കിയാല്‍ മരിക്കുമെന്ന ബോധവുമാണ് കാലന് കയറുനല്‍കിയത്. കാണാന്‍ അത്ര ചന്തമില്ലാത്ത ഒരു സാധാരണമൃഗമാണ് പോത്തും അതിന്റെ ഇണയായ എരുമയും. കൊലനടത്താന്‍ കയറുമായി പോവുന്ന കാലന് സഞ്ചരിക്കാന്‍ പോത്തിനെ നല്‍കിയത് പോത്തിന്റെ പൗരുഷമോര്‍ത്താണ്.

പാമ്പിനോടുള്ള ഭയം അതിന്റെ രൂപവുമായി കോര്‍ത്ത് വായിയ്ക്കാന്‍ തുടങ്ങി. പാമ്പിന്റെ വിഷത്തിന്റെ ശക്തി നമ്മിലുണ്ടാക്കിയ അങ്കലാപ്പ് കാര്‍ക്കോടകനും കാളിയനും ജന്മമേകി. കാളിയനെ മര്‍ദ്ദിച്ചു കൊന്ന ശ്രീകൃഷ്ണനിലൂടെയും വാസുകി ഛര്‍ദ്ദിച്ച വിഷം ഏറ്റുവാങ്ങി സ്വന്തം കണ്ഠത്തില്‍ നിറുത്തി നീലകണ്ഠനായ ശിവനിലൂടെയും നാം സര്‍പ്പഭയത്തില്‍ നിന്നും മോചിതരാവാന്‍ ശ്രമിച്ചു. കൃതികള്‍ക്ക് ജീവന്‍ നല്‍കിയ കവിയും സാഹിത്യകാരനും പിന്നെ സഹൃദയരായ വായനക്കാരും പരമാനന്ദം പൂകിയപ്പോള്‍ സാധാരണക്കാര്‍ സര്‍പ്പക്കാവുകള്‍ ഉണ്ടാക്കി സര്‍പ്പാരാധനയും നടത്തി മനഃസമാധാനം തേടി. അതിദുരൂഹമായ മനുഷ്യമനസ്സ് ഇന്നും ഇത്തരം അനവധി അന്ധവിശ്വാസങ്ങളുടേയും അബദ്ധപഞ്ചാംഗങ്ങളുടെയും തണലില്‍ ഉറങ്ങാനാഗ്രഹിക്കുകയാണ്.

സര്‍പ്പക്കാവുകള്‍ അന്ധവിശ്വാസത്തിന്റെ പ്രോഡക്ട് ആണെങ്കിലും സര്‍പ്പങ്ങളെ അകാരണമായി കൊന്നൊടുക്കുന്ന ജനത്തില്‍ നിന്നും അവയെ രക്ഷിയ്ക്കാന്‍ ഒരുപാധിയായി കാണാം. കാടുകള്‍ ഇല്ലാതാക്കി പരിസ്ഥിതി നാശം വരുത്തുമ്പോള്‍ ഒരു കൊച്ചുകാടായ മിനി ആവാസവ്യവസ്ഥയായ സര്‍പ്പക്കാവുകളെ സംരക്ഷിച്ച് പ്രകൃതിയോട് കടപ്പാട് കാട്ടാം. പാമ്പിനോടുള്ള വെറുപ്പുപോലെ സ്‌നേഹവും ബഹുമാനവും നമുക്കുണ്ടായിരുന്നു. ശ്രീകൃഷ്ണനെക്കൊണ്ട് കാളിയനെ കൊല്ലിച്ചവര്‍ തന്നെയാണ് ഒരേ ശക്തിയായ വിഷ്ണുവിന് പാലാഴിയില്‍ അനന്തശയനമൊരുക്കിയതും. നാഗപഞ്ചമി ദിവസം മറാത്തികള്‍ മൂര്‍ഖനെ നെയ്യും പഴങ്ങളും കൊണ്ട് ആരാധിക്കുന്നതും. പാമ്പില്‍ നമുക്ക് വിശ്വാസം ജനിച്ചാല്‍ അത് നമ്മെ ഉപദ്രവിക്കില്ലായെന്ന് അമേരിക്കയിലെ ചില ക്രിസ്ത്യന്‍ വിഭാഗക്കാര്‍ വിശ്വസിക്കുന്നു.

ഈ വിശ്വാസങ്ങള്‍ക്ക് ഒരു കാലത്ത് ഒരു പ്രദേശത്ത് താമസിച്ചിരുന്ന ഒരു വലിയ വിഭാഗം ജനതയുടെ സാംസ്‌കാരികമായ തലമുണ്ടായിരുന്നു. അവരുടെ ചിന്തയ്ക്കും ജീവിതസാഹചര്യങ്ങള്‍ക്കും ഭാവനയ്ക്കും പങ്കുണ്ടായിരുന്നു. ആ വിശ്വാസങ്ങളുടെ നാഡിപിടിച്ച് അക്കാലത്തെ ജീവിതത്തിന്റെ സ്പന്ദനമറിയാമായിരുന്ന വെറും അന്ധവിശ്വാസങ്ങള്‍ മാത്രമായിരുന്നുവേന്നു തിരിച്ചറിഞ്ഞിട്ടും യഥാര്‍ത്ഥ്യ?!െമെന്തെന്നറിയാന്‍ ഇന്ന് ശാസ്ത്രം നമുക്കൊപ്പം ശയിച്ചിട്ടും അന്ധവിശ്വാസ പ്രചരണം ഒരുവാശിപോലെ എടുത്ത് സാധാരണ ജനതയെ ചൂഷണം ചെയ്യുന്നത് എന്തിന്റെ പേരിലാണ്.

ഡോ.വേണു തോന്നയ്ക്കല്‍

അതവിടെ നില്‍ക്കട്ടെ. നമുക്ക് പാമ്പിനെ പരിചയപ്പെടാം. ഇങ്ങനെ തുടങ്ങാം. ഈ പറഞ്ഞതും കേട്ടതൊന്നുമല്ല പാമ്പ്. അത് ഒരു റെപ്ടിലിയയാണ്. സ്‌ക്വമേറ്റ ഗോത്രത്തിലെ ഒഫീഡിയെ അഥവാ സര്‍പ്പെന്റസ് ഉപഗോത്രത്തില്‍ ആണ് സര്‍പ്പങ്ങള്‍ ഉള്‍പ്പെടുന്നത്. പതിനഞ്ച് കുടുംബങ്ങളിലായി 456 ജെയിനെറകള്‍. ആകെ 2900 ഇനം പാമ്പുകള്‍. അതില്‍ 236 ജാതികള്‍ ഇന്ത്യയില്‍. ബാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. അന്റാര്‍ട്ടിക്കയൊഴിച്ച് ലോകമെമ്പാടും പാമ്പുകളുണ്ട്. ഇവ പല വലിപ്പത്തിലുണ്ട്. വിഷപാമ്പുകളും വിഷമില്ലാത്തവയുമുണ്ട്. കരയില്‍ കഴിയുന്നവയും മരത്തില്‍ കഴിയുന്നവയും പിന്നെ ജലത്തില്‍ കഴിയുന്നവയുമുണ്ട്. അങ്ങനെ വിവിധതരത്തില്‍ വിവിധ വലിപ്പങ്ങളില്‍ വ്യത്യസ്ഥ സ്വഭാവരീതികളോടെ നീണ്ടുരുണ്ട ഒരു ജീവി. അതാണ് സര്‍പ്പം. പാമ്പ്.

ക്രട്ടേഷ്യസ് കല്‍പത്തിലാണ് ഇവയുടെ ജനനം. അക്വാട്ടിക് ലിസാര്‍ഡുകളില്‍ നിന്നും ഉണ്ടായതാവണം പാമ്പുകളെന്നു കരുതുന്നു. ആധുനിക കാലത്തെ പാമ്പുകള്‍ പാലിയോസീന്‍ തല്‍പത്തിലാണ് ജനിച്ചതു. കൈകാലുകള്‍ ചുരുങ്ങി ഇല്ലാതായി നീണ്ടുരുണ്ട് ഒരു ജീവിയുടെ സൗഭാഗ്യങ്ങളോടെ അവന്‍ പിറന്നു. അതൊരു പരിണാമമായിരുന്നു. തന്റെ ഉപയോഗ നിരുപയോഗ സിദ്ധാന്തത്തിലൂടെ ലാമാര്‍ക്ക് അതിനെ ന്യായീകരിച്ചു. കൈകാലുകള്‍ക്കുപയോഗമില്ലാതെ ലോപിച്ചില്ലാതായപ്പോള്‍ ആവശ്യമുള്ള ശരീരഭാഗങ്ങള്‍ പൂര്‍വ്വാധികം ശക്തിയോടെ നിലനിന്നു. അങ്ങനെ അതൊരു പാമ്പായി. നാഗമായി. നാടുമുഴുവന്‍ ഇഴഞ്ഞ് നീളവും വീതിയുമളന്നു. കൈകാലുകളില്ലാതെ മണ്ണില്‍ യാത്രചെയ്യാമെന്ന് തെളിയിച്ചു. അതിലേക്ക് വേണ്ട അനുകൂലനങ്ങളോടെ മണ്ണിന്റെ രാജാവായി.