സാധാരണ ഫോണ്‍ വിളിയേക്കാള്‍ ക്വാളിറ്റി; വാട്സ് ആപ്പ് കാള്‍ ത്രീജിയിലും എഡ്ജിലും ഒരു പോലെ പുലി !

6

02

വാട്സ് ആപ്പ് ഫ്രീ വോയിസ് കാള്‍ ഫീച്ചറിനെ സംബന്ധിച്ച വാര്‍ത്തകള്‍ നമ്മള്‍ കുറച്ചു കാലമായി കേള്‍ക്കുന്നെങ്കിലും അതെങ്ങിനെ ഉണ്ടാകും, ക്ലിയര്‍ കാണുമോ അതോ മറ്റു കോളുകള്‍ പോലെ ഇടയ്ക്കിടെ കട്ടാകുമോ എന്നൊന്നും നമുക്ക് അറിവുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് പ്രവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ ഈ ഫീച്ചറിനായി കാത്തിരിക്കുന്നത്. അങ്ങിനെ കാത്തിരിക്കുന്നവര്‍ക്ക് ഏറെ സന്തോഷം ഉളവാക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്. കമ്പനിയുടെ ഇന്ത്യന്‍ ഹെഡ് ഒരു പ്രമുഖ ടെക് മാധ്യമത്തെ ഈ ഫീച്ചര്‍ ഉപയോഗിച്ചു ടെസ്റ്റ്‌ കോള്‍ ചെയ്തെന്നും അവര്‍ അതില്‍ പൂര്‍ണമായും സംതൃപ്തരായെന്നും ആണ് ആ വാര്‍ത്ത‍.

വാട്സ് ആപ്പ് ഇന്ത്യന്‍ ഹെഡായ നീരജ് അറോറയാണ് പ്രമുഖ ടെക് സൈറ്റായ ബിജിആര്‍ ഇന്ത്യയുടെ മനിഷ് സിങ്ങിനെയും രജത് അഗര്‍വാളിനെയും വിളിച്ചു ഈ ഫീച്ചര്‍ ടെസ്റ്റ്‌ ചെയ്യുന്നത്. ഒടുവില്‍ പൂര്‍ണ സംതൃപ്തിയോടെ ബിജിആര്‍ ആ ചിത്രങ്ങളും വാര്‍ത്തയും അവരുടെ വെബ്സൈറ്റില്‍ നല്‍കുകയായിരുന്നു. റെഡിറ്റിലൂടെ ഒരു യൂസര്‍ ഈ വോയിസ് കോളിന്റെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത ഉടനെ ബിജിആര്‍ ഇന്ത്യ ഇത് സംബന്ധിച്ച വാര്‍ത്ത‍ പുറത്ത് വിടുകയായിരുന്നു.

03

വെള്ളിയാഴ്ച നല്‍കിയ പോസ്റ്റിലൂടെയാണ് അവര്‍ അക്കാര്യം വ്യക്തമാക്കിയത്. അവരുടെ ഐഫോണ്‍ ആപ്പില്‍ പൊടുന്നനെ വാട്സ് ആപ്പ് കാള്‍ ബട്ടണ്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. ഉടനെ സ്ക്രീനില്‍ ഒരു ഇന്‍കമിംഗ് കാള്‍ തെളിഞ്ഞു.നീരജ് അറോറയുടെ കാള്‍ ആയിരുന്നു അത്, ബിജിആര്‍ ടീം വ്യക്തമാക്കി.

മൂന്ന്‍ ടാബുകള്‍ ആണ് പുതിയ അപ്ഡേറ്റില്‍ ഉണ്ടാവുക. കാള്‍സ്, ചാറ്റ്സ്, കോണ്ടാക്റ്റ്സ് എന്നിങ്ങനെയാണ് ആ ടാബുകള്‍. സാധാരണ ഫോണ്‍ കോള്‍ പോലെ തന്നെ മിസ്സ്‌ഡ് കാള്‍, ഔട്ട്‌ഗോയിംഗ്, ഇന്‍കമിംഗ് കോളുകളുടെ വ്യക്തമായ വിവരങ്ങള്‍ കോള്‍ ടാബില്‍ ഉണ്ടാകും. ഒരാളുമായി കോള്‍ ചെയ്തു കൊണ്ടിരിക്കെ തന്നെ നിങ്ങള്‍ക്ക് മറ്റു വാട്സ് ആപ്പ് മെസേജുകള്‍ ചെക്ക്‌ ചെയ്യാം, ഫോണില്‍ മറ്റു കാര്യങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യാം. ഫോണ്‍ ഹാങ്ങാകുന്ന പ്രശ്നമേയില്ലെന്ന് ബിജിആര്‍ ഇന്ത്യ പറയുന്നു.

04

ഏറ്റവും പ്രധാനമായത് ഇന്ത്യന്‍ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഈ വോയിസ് കാള്‍ ഫീച്ചര്‍ ത്രീജി, എഡ്ജ് നെറ്റ് വര്‍ക്കുകളില്‍ നല്ല കോള്‍ ക്വാളിറ്റിയോടെ വര്‍ക്ക് ചെയ്യുന്നു എന്നതാണ്. ത്രീജി നെറ്റ് വര്‍ക്കില്‍ സാധാരണ സെല്‍ഫോണ്‍ കോളുകളെക്കാള്‍ ക്വാളിറ്റി അനുഭവപ്പെട്ടതായി ബിജിആര്‍ ഇന്ത്യ വെളിപ്പെടുത്തി. ഉപഭോക്താക്കള്‍ വൈഫൈ നെറ്റ് വര്‍ക്കില്‍ ആണെങ്കില്‍ പിന്നെ കാശ് പോകുമെന്ന ഭയവും വേണ്ട.

ഈ ഫീച്ചര്‍ എന്ന് വന്നു തുടങ്ങും എന്നതിനെ സംബന്ധിച്ച് വാട്സ് ആപ്പ് അധികൃതര്‍ ഒന്നും തന്നെ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വാട്സ് ആപ്പിന്റെ എതിരാളികള്‍ ആയ ഹൈക് മെസഞ്ചര്‍ കഴിഞ്ഞ ദിവസം ഈ ഫീച്ചര്‍ കൊണ്ട് വന്നിട്ടുണ്ട്. വൈബറും സ്കൈപ്പും കുറെക്കാലമായി ഈ മേഖലയില്‍ ആണുതാനും. എന്നിരുന്നാലും വാട്സ് ആപ്പ് ഇത്തരമൊരു ഫീച്ചര്‍ കൊണ്ട് വരുന്നത് എതിരാളികളുടെ അടിത്തറ ഇളക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

Write Your Valuable Comments Below