0 Shares 130 Views

സുലൈമാനും പിച്ചിയും….പിന്നെ പട്ടിവായന്റെ മോനും.

01ക്ലാസ് 9-ഡി ….വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള ആദ്യ പിരീഡ്.
രാഗിണി സാറിന്റെ ഇംഗ്ലീഷ് സെക്കന്റ് “നടക്കുന്നു”….കൊസല,പി.റ്റി.ഉഷ എന്നീ രണ്ട് പേരുകള്‍ കൂടിയുണ്ടായിരുന്നു ടീച്ചര്‍ക്ക്..’ടീച്ചര്‍’ ,’മാം’ ‘മിസ്‌’ അല്ലെങ്കില്‍ ‘മാഡം’ തുടങ്ങിയ പ്രയോഗങ്ങള്‍ അജ്ഞാതമായിരുന്ന ജുറാസിക് കാലം..!

പുറകിലെ ബെഞ്ചുകളിലെ ‘മാമന്മാരുടെ’ബഹളം കൊണ്ട് സജീവമാണ് പാവം പി.റ്റി.ഉഷയുടെ ക്ലാസ്സുകള്‍.ഉഷ എല്ലാം സഹിയ്ക്കുന്ന കൂട്ടത്തിലായിരുന്നു..പഠിയ്കാന്‍ താല്പര്യമുള്ളവര്‍ ശ്രദ്ധിയ്ക്കുക…അല്ലാതെയുള്ളവര്‍ ദയവായി അവരവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യുക..അത്ര തന്നെ.

ഫസ്റ്റ് പീരീഡ് കണക്കും…..ലാസ്റ്റ് പീരീഡ് ഇംഗ്ലീഷ് സെക്കന്റും -(കൈകാര്യം ചെയ്യുന്നത് ശ്രീമതി രാഗിണി സാറ്…!-)ഇതാണ് ആഴ്ചയില്‍ രണ്ട് ദിവസത്തെ ഏറ്റവും ദയനീയ പീരീഡുകള്‍.(അന്ന് ക്ലാസ്സുകളുടെ സമയ ക്രമീകരണ കാര്യത്തില്‍ ഉപയോഗിച്ചതായി മാത്രം അറിവുള്ള ഈ വാക്ക് ഇന്ന് “ഹാവ് എ ഹാ‍പ്പി പീരീയേഡ് ഡേയ്സ്“ എന്ന ആശംസാ വചനത്തില്‍ വരെ ചെന്ന് സ്ഥാനക്കയറ്റം നേടിയിരിയ്ക്കുന്നു..!!!!)

പെട്ടെന്ന് അബ്ദുള്‍ സലാം സാര്‍ നമ്മുടെ ക്ലാ‍സ്സിന്റെ വാ‍തിലില്‍ വന്നു.അത്ഭുതം.സ്വിച്ച് ഇട്ടത് പോലെ ക്ലാസ്സ് നിശബ്ദം.!!…ഒരു സൂചി വീണാല്‍ ഒച്ച കേള്‍ക്കാം..

അടിയുടെ ആചാര്യനാണ് സലാം സാറ്.നമ്മളെ പഠിപ്പിക്കാനില്ല …..എങ്കിലും അടിയ്ക്കുന്ന കാര്യത്തില്‍ പുള്ളിയ്ക്ക് അങ്ങിനെ പ്രത്യേകിച്ച് യാതൊരു വിവേചനവുമില്ലാ‍യിരുന്നു.
“ഇന്ന് ഈ ക്ലാസ്സ് കഴിഞ്ഞാല്‍….എല്ലാവരും സ്കൂളിന്റെ കിഴക്കു വശത്തുള്ള മാവിന്‍ ചുവട്ടില്‍ വരണം..”- സലാം സാര്‍.
ആകാംഷയുടെ നിമിഷങ്ങള്‍……

സാറ് തുടര്‍ന്നു….”ഒരു മാജിക് ഷോ ഉണ്ട്…പിന്നെ, ഒരാള്‍ 25 പൈസാ വച്ച് ക്ലാസ് ടീച്ചറെ ഏല്‍പ്പിക്കുകയും വേണം….ഇന്ന് ഇല്ലെങ്കില്‍ നാളെ കൊടുത്താലും മതി..”
സന്തോഷം കൊണ്ട് മതി മറന്ന നിമിഷങ്ങള്‍!…….പി.റ്റി.ഉഷ ക്സാസ്സ് നിര്‍ത്തി.ഓരോരുത്തരും മാജിക് കണ്ട കഥ…മാജിക്കിന്റെ കഥ…എന്താണ് മാജിക്ക്…അങ്ങനെ പലവിധ ചര്‍ച്ചകളായി…

ബാക്ക് ബഞ്ചുകളില്‍ മാമന്‍സ് പിരിവ് വരെ തുടങ്ങിക്കഴിഞ്ഞു.!!! എന്തൊരു വേഗതയാണ് കാര്യങ്ങള്‍ക്കെല്ലാം?

സുലൈമാന്‍ എന്നാണ് ജാല വിദ്യക്കാരന്റെ പേര്.
അയാളും, സംഘത്തിലുള്ള നാല് പേരും എത്തി.

അര്‍ദ്ധ വ്യത്താക്യതിയില്‍, വലത് വശത്തായി ആണ്‍ കുട്ടികളും, ഇടത് വശത്തായി പെണ്‍കുട്ടികളും ജിജ്ഞാസാലുക്കളായി രൂപം കൊണ്ടു..

“പീക്കിറി“ പെണ്‍പിള്ളേരെല്ലാം സസന്തോഷം മുന്‍ നിരകളില്‍ തന്നെ നിരന്ന് ഇരുന്നു.ഇവരില്‍ മിക്കവാറും എല്ലായെണ്ണവും ക്ലാസ്സുകളില്‍ പിന്‍ ബഞ്ചുകളിലുമായിരുന്നു!! മുന്‍ നിരകളിലെ അപൂര്‍വ്വ അനുഭവം!!!.
നന്നായി പഠിയ്ക്കുന്നവരും, അവരുടെ കൂടെ നടക്കുന്നവരും, ചെറിയ നാണമുള്ള തല കുനിപ്പികളുമെല്ലാം ഞെങ്ങിയൂം ഞെരുങ്ങിയും സ്‌കൂള്‍ മതിലിലും ചുമരിലുമായി ചാരിയും ചരിഞ്ഞും നിന്നു….എല്ലാ കണ്ണുകളും സുലൈമാനില്‍ തന്നെ.

“ആണ്‍“ സാറന്മാരെല്ലാം ആണ്‍ കുട്ടികളുടെ വശത്തും, “പെണ്‍“ സാറന്മാരെല്ലാം പെണ്‍കുട്ടികളുടെ വശത്തും സ്ഥാനം പിടിച്ചു.അദ്ധ്യാപകരുമായി ഒരു സമത്വം ഫീല്‍ ചെയ്യുന്നത് ഇതു പോലുള്ള സന്ദര്‍ഭങ്ങളിലാണല്ലോ..?ഏവരും സന്തുഷ്ടര്‍..!

സുലൈമാന്‍ തുടങ്ങി..”ഉം…ആരെങ്കിലും ഒരാള്‍ എഴുന്നേറ്റ് വാ…ധൈര്യമുള്ളവര്‍ മാത്രം വന്നാല്‍ മതി”
ഇതിനൊക്കെ പോകാന്‍ പൊതുവേ ധാരാളം പേര്‍ മുന്നോട്ട് വരുന്നതാണ്….പക്ഷെ “ധൈര്യമുള്ളവര്‍” എന്ന പ്രയോഗം ചില കേന്ദ്രങ്ങളില്‍ ചെറിയ അസ്വസ്ഥതകളും പേടിയുമുണ്ടാക്കി എന്നതാണ് സത്യം.പൊതുവേ ഈ സന്ദര്‍ഭങ്ങളില്‍ വിവിധ കമന്റുകള്‍ പറഞ്ഞ് പോയിന്റ് നേടുന്ന മുതിര്‍ന്ന ആശാന്മാരാരും മിണ്ടിയതുമില്ല.മറ്റ് പരിപാടികള്‍ പോലെയല്ലല്ലോ മാന്ത്രിക വിദ്യ..വളരെ സൂക്ഷിക്കണം.‘…… ഗതി പിടിക്കാത്ത രീതിയില്‍ ശപിച്ച് കളയും….അല്ലെങ്കില്‍ വല്ല പൂച്ചയോ,പട്ടിയോ ഒക്കെ ആക്കികളയൂം…’ ശിഷ്ടകാലം അങ്ങിനെയൊക്കെ കഴിയാന്‍ ആരാ താല്പര്യം കാണിയ്ക്കുക..?

സലാം സാര്‍ ഇടപെട്ടു..” ഡേയ്, എണീറ്റ് ചെല്ലടാ ……ഇരുന്ന് ഇളിയ്ക്കാതെ..” …..സായിപ്പ് ദേവദാസിനോടാണ്.

എല്ലാ കണ്ണുകളും സായിപ്പിലേക്ക് നീണ്ടു.നടന്‍ ജയന്റെ ശബ്ദത്തില്‍ മാത്രം സംസാരിയ്ക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ഒരു അലസ കാമുകന്‍.സപ്ത വര്‍ണ്ണങ്ങളിലെ ഷര്‍ട്ടും, കത്രികാ കാണാത്ത തലമുടിയും, പല നിറങ്ങളിലുള്ള ‘നെയില്‍’ പോളീഷും, 25 പൈസ വലുപ്പത്തിലുള്ള സിന്ദൂരപ്പൊട്ടും…ഇതെല്ലാം ചേര്‍ന്നതാണ് സായിപ്പ് (ടാര്‍ വര്‍ണ്ണന്‍ എന്നും പേരുണ്ടായിരുന്നു)..ഇങ്ങനെയുള്ള ഒരു “സുന്ദരനെ“ അപമാനിച്ചതിലുള്ള അസ്വസ്ഥതയും ആ മുഖത്ത് കാണാമായിരുന്നു..).സ്കൂള്‍ തുടങ്ങിയ പിറ്റേ വര്‍ഷം വന്ന് ചേര്‍ന്നതാണെന്നാണ് പരമ്പരാഗതമായ വിശ്വാസം. …..ആര്‍ക്കും വ്യക്തമായി അറിയില്ല.ഇപ്പോള്‍ IX ഡി-യില്‍ പിന്‍ ബഞ്ചുകളിലെ സീനിയര്‍ അന്തേവാസിയാണ്.നമ്മുടെ ടൂട്ടോറിയലില്‍ ‘രസതന്ത്രം’ പടിപ്പിച്ചിരുന്ന അജയന്‍ സാറിന്റെ ക്ലാസ്സ് മേറ്റായിരുന്നു എന്നും ഒരു രഹസ്യ ശ്രുതിയുണ്ടായിരുന്നു..!!!

ദേവദാസ് എഴുന്നേറ്റു…ചന്തിയുടെ ഇടുക്കിലേയ്ക്ക് കയറിയ മുണ്ട് പിടിച്ച് നേരേയാക്കി മെല്ലെ സുലൈമാനെ സമീപിച്ചു……
സുലൈമാന്‍ ഒരു ഗ്ലാസ്സ് പാല്‍ നീട്ടി…”ങും..ഇത് വാങ്ങൂ.”!!.. പാല്‍ അല്ലേ..സായിപ്പ് വാങ്ങി.
“കുടിച്ചോളൂ…..”സുലൈമാന്‍.
“ഡെയ്…നീ ഇപ്പോള്‍ ചാവും…..അല്ലെങ്കില്‍, മാക്രിയാവും..ഹി … ഹി … ഹി”സായിപ്പിന്റെ സമപ്രായക്കാരുടെ ശബ്ദം മാറ്റിയുള്ള കമന്റുകള്‍..സുലൈമാന്‍ അങ്ങോട്ടൊന്നു നോക്കിയതേയുള്ളൂ..ആ ഏരിയ ആകെ നിശബ്ദം.!!
തന്റെ “സഹപ്രവര്‍ത്തകരെ“യാകെ ഹാസ്യ ഭാവത്തില്‍ ഒന്നു നോക്കിയിട്ട് സായിപ്പ് പാല്‍ ഒറ്റ വലിയ്ക്കു കുടിച്ചു.കാലി ഗ്ലാസ്സ് തിരികെ കൊടുത്തു.
ഇടിവെട്ടുന്ന ശബ്ദത്തില്‍ – “വേണ്ട…എനിയ്ക്കു പാല്‍ തിരിച്ചു വേണം..!!”സുലൈമാന്‍ അട്ടഹസിച്ചു.
സായിപ്പിന്റെ ചിരി മങ്ങി.ദൈവമേ ഇതെന്തൊരു പരീക്ഷണം.
”ഉം…സാരമില്ല..തിരിഞ്ഞു നില്‍ക്കൂ…” ആണ്‍ സാ‍റന്മാരുടെ ഭാഗത്തെയ്ക്ക് ദേവദാസിനെ ചരിച്ച് നിര്‍ത്തിയിട്ട്, ഒരു ഫണല്‍ എടുത്ത് മൂത്രം ഒഴിയ്ക്കുത്തക്ക വിധം പിടിപ്പിച്ചു.ഹായ്…പാല്‍ പെടുക്കുന്നു.അതും ഒരു ജാറിലേയ്ക്ക്..!!!!

സായിപ്പിന്റെ ദയനീയ മുഖം..!!സായിപ്പിന് പെണ്‍കുട്ടികള്‍ ഒരു പ്രശ്നമേ ആയിരുന്നില്ല……പക്ഷെ സമപ്രായക്കാരായ പെണ്‍ ടീച്ചര്‍മാര്‍ എന്ത് വിചാരിയ്ക്കും.അവരില്‍ ചിലരുമായി താന്‍ പ്രേമത്തിലാണെന്ന് സായിപ്പ് പറഞ്ഞ് പ്രചരിപ്പിയ്ക്കുകയും, മൂത്രപ്പുരയുടെ ചുമരില്‍ ഇതൊക്കെ പ്രസിദ്ധീകരിയ്ക്കുകയും ചെയ്തിരുന്നു.കാര്യങ്ങള്‍ അങ്ങിനെയൊക്കെ ആയിരിക്കെ സായിപ്പ് ഇതെങ്ങിനെ താങ്ങും?

സദസ്സാകെ ഇളകി മറിഞ്ഞു.അതി മനോഹരമായ കാഴ്ച..! വളിച്ച ഒരു ചിരിയോടെ ദേവദാസ് മുണ്ട് നനയാതെ മൂത്രമൊഴിയ്ക്കുന്നു..!!!പല വിധത്തിലുള്ള കമന്റുകള്‍.!ആണ്‍ സാറന്‍മാര്‍,സലാം സാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചിരിച്ചു തകര്‍ത്തു.ലേഡി ടീച്ചര്‍മാരില്‍ ചിലര്‍ ഹനുമാന്‍ മോഡലില്‍ ചുണ്ടുകളമര്‍ത്തി ചിരിയടക്കി…പെണ്‍ കുട്ടികളില്‍ “പീക്രി“ വിഭാഗക്കാര്‍ അങ്ങ് ആഘോഷിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ.മുന്‍ നിരയിലിരുന്നവര്‍ ഫണലിന് പുറകിലെ രാസ പ്രവര്‍ത്തനം എന്തെന്നറിയാന്‍ ചരിഞ്ഞും കിടന്നുമൊക്കെ നോക്കുന്നുണ്ടായിരുന്നു..

“ഒന്ന്” നിര്‍വഹിച്ചു തീര്‍ന്നു.

ദേവദാസ് ‘പെടുത്ത‘ പാലെടുത്ത് സുലൈമാന്‍ മുന്‍ നിരയിലിരുന്ന ഒരുത്തന്റെ മുഖത്തേയ്ക്ക് വീശിയൊഴിച്ചു..!! “ബ്ബ്ലിം” അവന്‍ ഒരു വശം ചരിഞ്ഞു മുഖം പൊത്തി..!!!!!ആശങ്കപ്പെട്ടത് പോലെ ഒന്നും സംഭവിച്ചില്ല എന്ന് മാത്രമല്ല……അവന്റെ ദേഹത്ത് വന്ന് വീണത് ഒരു പിടി പിച്ചിപ്പൂവായിരുന്നു.തുടര്‍ന്ന് അദ്ദേഹം “മൂത്രപ്പിച്ചി“ എന്ന് അറിയപ്പെടാന്‍ തുടങ്ങി…..!! പാവം…. പഠിയ്കാന്‍ മിടുക്കാനായിരുന്നു..!!ഇപ്പോള്‍ ‘റാസ് അല്‍ ഖൈമ‘ എന്ന എമിറേറ്റില്‍ ഉണ്ട് മൂത്രപ്പിച്ചിയും ഫാമിലിയും.

മാജിക്ക് കൊഴുക്കുന്നു…
“ഡെയ്..വാ..വാ.. എഴുന്നേറ്റ്..“സുലൈമാന്‍ വീണ്ടും പലരേയും മാടി മാടി വിളിച്ചുകൊണ്ടിരുന്നു…പുതിയ പരിപാടികള്‍ക്ക്..
ആരും ചെന്നില്ല….അങ്ങോട്ട് നോക്കുക പോലും ചെയ്യാ‍ന്‍ പേടി…… പണിതരാനുള്ള പരിപാടിയാണ്.

ഒടുവില്‍ സായിപ്പിന്റെ ദുര്‍വിധിയില്‍ സുലൈമാന്‍ ഖേദം പ്രകടിപ്പിച്ചു.ഇനി അങ്ങിനെയൊന്ന് സംഭവിക്കില്ല എന്ന് ആണയിട്ടു പ്രഖ്യാപിച്ചു.മെല്ലെ ഒരുത്തന്‍ എഴുന്നേറ്റു…..

സ്കൂളിനടുത്ത് മോര്,അഴുകിയ മാങ്ങ ഉപ്പിലിട്ടത്,നെല്ലിക്കാ അച്ചാര്‍, അരക്കു മുട്ടായി തുടങ്ങിയ ചൂഷണ സാധനങ്ങള്‍ വില്‍ക്കുന്ന മാടക്കടയുടെ ബൂര്‍ഷ്വാ “മുതലാളി”യുടെ മകന്‍.അവന്റെ കടയില്‍ ചെന്നാല്‍ അവന്റേയും അവന്റെ തന്ത “പട്ടിവായന്റേയും” ഒരു ഗമ കാണണമായിരുന്നു. സ്കൂളിനടുത്ത് വീടുള്ളതും ഇവന്റെ ഗമയ്ക്ക് കാരണമായിരുന്നു!!!.പേര് സുനില്‍ കുമാര്‍.

അന്നൊക്കെ ബഹു ഭൂരിപക്ഷം പേരും ഒന്നുകില്‍ ‘സുനില്‍കുമാര്‍‘ അല്ലെങ്കില്‍ ‘അനില്‍കുമാര്‍‘ അതുമല്ലെങ്കില്‍ ‘സുനില്‍‘ അല്ലെങ്കില്‍ ‘അനില്‍‘‍ ഇതൊന്നുമല്ലെങ്കില്‍ ‘സന്തോഷ്.‘.തുടങ്ങിയ പേരുകളാണ് സ്വീകരിച്ചിരുന്നത്.പിന്നെ ഓരോരുത്തര്‍ക്കും പ്രത്യേകം പ്രത്യേകം ഇരട്ടപ്പേരുള്ളത് കൊണ്ട് തിരിച്ചറിയാന്‍ വലിയ പ്രയാസം നേരിട്ടിരുന്നില്ല.

സുനില്‍ കുമാര്‍ (സണ്‍ ഓഫ് പട്ടിവായന്‍) നേരെ സുലൈമാന്റെ അടുത്ത് ചെന്ന് കാണികളെ നോക്കി ചെറിയ ഗമയില്‍ അങ്ങിനെ നില്‍ക്കുകയാണ്.

സുലൈമാന്റെ അസ്സിസ്റ്റന്റ് ഒരു മുട്ടയെടുത്ത് അവന്റെ തലയില്‍ വച്ചു. എന്നിട്ട് ഒരു തൊപ്പിവച്ച് അത് മൂടി. ഒരു മിനിട്ട് കഴിഞ്ഞപ്പോള്‍ തൊപ്പിയെടുത്തു.ഹായ്..മുട്ട അപ്രത്യക്ഷം..!!

പിന്നെ നടന്നത് ഒരു മഹാ ക്രൂരതയായിപ്പോയി എന്നാണ് എന്റെ അഭിപ്രായം….

അവനെ, നിതംബം ഒരല്പം പുറകോട്ട് തള്ളി കാല്‍മുട്ട് അല്പം മടക്കി തിരിച്ചു നിര്‍ത്തി.ഒരു സഞ്ചിയെടുത്ത് ചന്തിയുടെ പുറകില്‍ കാണിച്ചു.”ടും.” മുട്ട നേരെ സഞ്ചിയില്‍ വന്ന് വീണു!!. അങ്ങിനെ പട്ടിവായന്റെ മോന്‍ “മുട്ട തൂറി“ എന്നറിയപ്പെടാന്‍ തുടങ്ങി.പേരുകള്‍ വരുന്ന ഓരോ വഴിയേ.
തുടര്‍ന്ന് മുട്ട വീണപ്പോള്‍ അവനുണ്ടായ ശാരീരികവും മാനസികവുമായ അവസ്ഥാന്തരങ്ങളെക്കുറിച്ചൊക്കെ വിശദമായി പലരും പലയാവര്‍ത്തി ചോദിച്ചെങ്കിലും ഒന്നിനും ഉത്തരം നല്‍കാതെ ‘മുട്ടതൂറി‘ നിറകണ്ണുകളോടെ – ദൈന്യതയോടെ- ചിലപ്പോള്‍ അടങ്ങാത്ത കോപത്തോടെ ഒഴിഞ്ഞു മാറുകായാണുണ്ടായത്.എന്തായാലും അവന്റെ അച്ചാറ് കടയിലെ നെഗളിപ്പ് അതോടെ തീര്‍ന്നു.
അവന്‍ ഇട്ട മുട്ട സുലൈമാന്‍ പലര്‍ക്കും വച്ചു നീട്ടി..ആരും വാങ്ങി ഒരു ‘റിസ്ക്’ എടുക്കാന്‍ തയാറായില്ല.ഒടുവില്‍ നൊന്തു പെറ്റ സുനില്‍കുമാര്‍ അത് ഏറ്റ് വാങ്ങിക്കൊണ്ട് മാത്ര്യത്വത്തിന്റെ മഹത്വം എന്താണെന്ന് കാണിച്ച് തന്നു.

മഹാ മാസ്മരിക പരിപാടിയുടെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിയ്ക്കുകയാണ്…

മാന്ത്രികന്‍, സലാം സാറിന്റെ നേരെ തിരിഞ്ഞു…“അങ്ങയുടെ കയ്യിലെ ആ മോതിരം ഇങ്ങു താ“
പൊതുവേ ഗൌരവക്കാരനായ സാര്‍ ഒരു ചെറു ചിരിയോടെ…എന്നാല്‍ അല്പം ആശങ്കയോടെ..മോതിരം ഊരിക്കൊടുത്തു.
അത് കിട്ടിയ ഉടന്‍ സുലൈമാന്‍ ഒരു കല്ലില്‍ വച്ച് ഇടിച്ചു ചളുക്കാന്‍ തുടങ്ങി..ഓരോ ഇടിയും സാറിന്റെ ചങ്കിലാണ് കൊള്ളുന്നത് എന്ന് അദ്ദേഹത്തിന്റെ ചുണ്ടുകളുടെ ചലനത്തില്‍ നിന്ന് മനസ്സിലാവും.ആ പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയിട്ട് അസിസ്റ്റന്റിനെ വിളിച്ച് ചളുക്കിയ മോതിരം പ്രൈമറി സ്കൂളിന്റെ മുന്‍പിലുള്ള കിണറ്റില്‍ കൊണ്ടു പോയി ഇടാന്‍ പറഞ്ഞു.എല്ലാവരും കാണ്‍കെ അത് കിണറ്റില്‍ വീണു.

സലാം സാര്‍ അണ്ണാനെ പോലെയായി!!!

“ഇനി അടുത്ത ഇനം”…സുലൈമാന്റെ ഈ പ്രഖ്യാപനം അബ്ദുള്‍ സലാം സാറിന്റെ മുഖത്ത് ഒരു ദൈന്യഭാവം സമ്മാനിച്ചു.ചോദിയ്ക്കാന്‍ ഒരു നാണക്കേട്…ചോദിച്ചാല്‍ ചിലപ്പോള്‍ ചമ്മിയ്ക്കുന്ന മറുപടിയാവും സുലൈമാന്‍ പറയുക……വെറുതെ എന്തിനാ വയ്യാവേലി തലയില്‍ വയ്ക്കുന്നത്….നോക്കട്ടെ.

അദ്ധ്യാപകരില്‍ എറ്റവും സാധു മനുഷ്യനായിരുന്നു കാര്‍ത്തികേയന്‍ സാര്‍…സാമൂഹ്യ പാഠമാണ് ‘കൈകാര്യം’ ചെയ്യുന്ന വിഷയം. ഭാര്യയും ഇവിടെ പ്രൈമറി ക്ലാസ്സുകളിലെ ടീച്ചറാണ്.

പാവങ്ങളാണ് രണ്ട് പേരും.നല്ല നേര്‍ത്ത കണ്ണാടി പോലുള്ള മുണ്ടും, ഇറക്കം കുറഞ്ഞ ഷര്‍ട്ടും ധരിച്ചാ‍ണ് കാര്‍ത്തികേയന്‍ സാറിന്റെ വരവ്.നല്ല വെയിലത്തൊക്കെ സാര്‍ നില്‍ക്കുന്ന കാഴ്ച പലതും ചിന്തിയ്ക്കാനും തുടര്‍ന്ന് പലതും വിളിയ്ക്കാനും പ്രേരിപ്പിച്ചിട്ടുണ്ട്.”മാന്റില്‍”.(പെട്രോ മാക്സിന്റെയൊക്കെ വെളിച്ചം തരുന്ന കടന്നല്‍ കൂടു പോലെയുള്ള ഭാഗം)..”പാളയം കോടന്‍”… “കാര്‍ത്തികോയന്‍”… തുടങ്ങിയ പേരുകള്‍ അദ്ദേഹം സ്വയം വരുത്തിവച്ചത് തന്നെയായിരുന്നു എന്ന് പറയാതിരിയ്ക്കാന്‍ വയ്യ.അതൊക്കെ അദ്ദേഹത്തിന്റെ വസ്ത്രധാരണ രീതിയിലെ ഈ ശ്രദ്ധയില്ലായ്മയില്‍ നിന്നോ പ്രത്യേകതയില്‍ നിന്നോ ഒക്കെ ലഭിച്ചതാകാനാണിട.

അന്നൊക്കെ അദ്ധ്യാപകരുടെ ഇത്തരം പേരുകള്‍ അവരോടൊപ്പം തന്നെ പുതിയ സ്കൂളുകളിലേയ്ക്കും “ട്രാന്‍സ്ഫര്‍“ ആകുമായിരുന്നു…എന്തൊരു ടെക്നോളജി..!!!!

സുലൈമാന്‍ ഒരു ചെറിയ പെട്ടിയെടുത്ത് അതിന്റെ നാലു വശങ്ങളും തുറന്ന് കാണിച്ച് ശൂന്യത ബോദ്ധ്യപ്പെടുത്തിയിട്ട് കാര്‍ത്തികേയന്‍ സാറിനോട് –
”സാര്‍…ഇഷ്ടമുള്ള ഏതെങ്കിലും ഒരു സമ്മാനം വിചാരിയ്ക്കാമോ.?”
“എങ്ങിനെയുള്ള സമ്മാനം.?ആര്‍ക്കു കൊടുക്കാനുള്ള ഇനം..?” മാന്റില്‍ സാര്‍.
“സാറിന്റെ സഹപ്രവര്‍ത്തകയായ….ദേ..ആ ടീച്ചറിന് കൊടുക്കാന്‍..” കൊസലയെ വിരല്‍ ചൂണ്ടി സുലൈമാന്‍.

സാര്‍ ആദ്യം ഒന്നു പരുങ്ങി…സഹധര്‍മിണിയെ ഒന്നു നോക്കി.പ്രൈമറി ടീച്ചര്‍ ചിരിതൂകി…ഗ്രീന്‍ സിഗ്നല്‍.!
“ശരി..വിചാരിച്ചു..”സാറ്.
കണ്ണടച്ച് പിടിച്ച് സുലൈമാന്‍ ചില മന്ത്രങ്ങളൊക്കെ ഉരുവിട്ടു.
എല്ലാവരും ആകാംക്ഷ ഭരിതര്‍…എന്തായിരിയ്ക്കും സമ്മാനം…?
അഞ്ചു പത്ത് നിമിഷത്തെ സസ്പെന്‍സിന് വിരാമമിട്ടു കൊണ്ട് പെട്ടിയ്ക്കുള്ളില്‍ നിന്ന് സുലൈമാന്‍ പുറത്തേയ്കെടുത്ത സാധനത്തിന്റെ പെരാണ് ….“ബ്രാ”..!!!

എടാ കാര്‍ത്തികേയാ..!!!പരമ ദുഷ്ടാ…….മിണ്ടാപ്പൂച്ചയായി ഇരുന്നിട്ട്…..മനസ്സിലിരുപ്പ് കണ്ടാ‍ാ..?സാറിന്റെ ‘വാമഭാഗം‘ പ്രൈമറി ടീച്ചര്‍ തല കുനിച്ചു മുഖം പൊത്തി..ശരീരം മൊത്തത്തില്‍ കുലുങ്ങുന്നു…ചിരിയാണൊ..അതോ കരച്ചിലാണൊ ഒന്നും അറിയാന്‍ കഴിയാത്ത രീതിയില്‍.!!വരും വരായ്കകളെ കുറിച്ച് ബോധവതിയായിരുന്ന രാഗിണി സാര്‍, ഇന്ദിര ടീച്ചറിന്റെ പിന്നില്‍ മറഞ്ഞു.

സ്കൂള്‍ അംഗണം ഒന്നാകെ ആഘോഷതിമിര്‍പ്പില്‍..!
“വാടി…”, “ബാഡി..” തുടങ്ങിയ പിറുപിറുക്കല്‍…സായിപ്പും കൂട്ടരും ശ്രംഗാര ഭാവത്തില്‍ തിളങ്ങുന്ന കണ്ണുകളോടെ പെണ്ണുങ്ങളുടെ ഭാഗത്തേയ്ക്ക് നോക്കുന്നുണ്ടായിരുന്നു.!

പെട്ടെന്ന് അബ്ദുള്‍ സലാം സാര്‍ ഇടപെട്ടു..”ഇതെന്താണ് നിങ്ങള്‍ ഈ കാണിയ്ക്കുന്നത്..ങെ..?”
തന്റെ മോതിരത്തിന്റെ കാര്യത്തിലുള്ള തീരുമാനവും ഇതുവരെ ഒന്നും ആയില്ല. അതിന്റെ ഒരു ദേഷ്യം കൂടി ആ ശബ്ദത്തില്‍ ഉണ്ടാ‍യിരുന്നു എന്ന് തോന്നുന്നു.എന്തായാലും സലാം സാറിന്റെ ഭാവ വ്യത്യാസത്തിലെ അപകടം തിരിച്ചറിഞ്ഞിട്ടാവണം, സുലൈമാന്‍, ഇത് താന്‍ തമാശ കാണിച്ചതാണെന്നും..സാര്‍ മനസ്സില്‍ വിചാരിച്ചത് ഒരു “ഹീറോ”പേനയാണെന്നും പ്രഖ്യാപിച്ചു.

എല്ലാവരും കൈയടിച്ചെങ്കിലും പ്രൈമറി ടീച്ചര്‍ ഒരു ക്രൂര നിസ്സംഗതയോടെ പി.റ്റി.ഉഷയെത്തന്നെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു…സകലതും നഷ്ടപ്പെട്ട പ്രതികാര ദാഹിയായ ഒരു സതീ രത്നത്തെ പോലെ.!!
സത്യം എന്താണെന്ന് ഇതുവരെ കാര്‍ത്തികേയന്‍ സാര്‍ വെളിപ്പെടുത്തിയതായി അറിവില്ല….അദ്ദേഹം റിട്ടയര്‍ ചെയ്തിട്ട് കാലം എത്രയോ കഴിഞ്ഞിരിയ്ക്കും..?

പിന്നീട് നടന്ന പല പരിപാടികളും വിസ്മയ ജനകമായിരുന്നു.എന്നാല്‍ ഒന്നും ആനന്ദത്തോടെ എടുക്കാന്‍ കഴിയുന്ന മാനസികാവസ്ഥയിലായിരുന്നില്ല സലാം സാര്‍.ഒരു അദ്ധ്യാപകന്‍ മാത്രമായിരുന്നില്ല അദ്ദേഹം.മോതിരം നഷ്ടപ്പെട്ട ഗ്യഹനാഥന്‍ കൂടിയായിരുന്നല്ലൊ.?

ഒടുവില്‍ പട്ടിവായന്‍ മുതലാളിയുടെ കടയില്‍ നിന്ന് സുലൈമാന്‍ ഒരു പഴം വാങ്ങിപ്പിച്ചു അതു മുറിച്ച് ഉള്ളില്‍ നിന്ന് സാറിന്റെ മോതിരം കത്തിവച്ച് തുളച്ച് എടുത്തു നല്‍കി എല്ലാവരേയും ഞെട്ടിച്ചു.
മംഗളകരമായി എല്ലാം അവസാനിച്ചു.

എന്നാല്‍ അവിഹിത സന്തതികള്‍ക്ക് ജന്മം നല്‍കാന്‍ വിധിയ്കപ്പെട്ട നിരപരാധികളായ പെണ്‍കുട്ടികളെപ്പോലെ, തങ്ങളുടേതല്ലാത്ത കുറ്റം കൊണ്ട് സുലൈമാന്‍ നല്‍കിയ ആ സമ്മാനങ്ങളും പേറി ഇന്നും രണ്ടു പേര്‍ ഈ ഭൂമിയില്‍ ജീവിയ്ക്കുന്നു……വിധിയുടെ ബലിമ്യഗങ്ങളായി…..“മുട്ടതൂറിയും”..”മൂത്ര പിച്ചിയും”.

Write Your Valuable Comments Below