Share The Article

new

പഴയ കാലത്തെ ഒരു വലിയ അംബീഷന്‍ എന്താണെന്ന് ചോദിച്ചാല്‍ സൈക്കിള്‍ ചവിട്ട് പഠിക്കണം ..!

വലിയ ചേട്ടന്മാരൊക്കെ അങ്ങിനെ സൈക്കിളില്‍ സര്‍ക്കസ്സ് കാണിക്കുമ്പോ .., വാ പൊളിച്ച് നോക്കി നിന്നിട്ടുണ്ട് ..!

എന്റെ വീടിന്റെ അടുത്ത് ഒരു മത്തായി ചേട്ടനുണ്ട് , ആള് ഒരു ഭയങ്കര സൈക്കിള്‍ അഭ്യാസിയാണ് . ഞങ്ങള് ഈ പിള്ളേരുടെ അടുത്തു മാത്രമേ ഉള്ളൂ , പുള്ളീടെ അഭ്യാസങ്ങള് .!

ഒറ്റക്കൈക്കൊണ്ട് ഹാന്‍ഡില്‍ പിടിച്ച് സൈക്കിള്‍ ചവിട്ടുക ..!, രണ്ടു കൈയ്യും വിട്ട് ചവിട്ടുക , കാരിയറില്‍ ഇരുന്നു കൊണ്ട് ചവിട്ടുക , അങ്ങിനെ കുറെ തക്കട തരികിട പരിപാടികള്‍ .

എങ്കിലും ആ ളുടെ ഏറ്റവും ഹൈലൈറ്റായിട്ടുള്ളത് വേറെ ഒന്നാണ് . അതായത് സൈക്കിള്‍ നല്ല സ്പീഡില്‍ ഉന്തിക്കൊണ്ട് വന്ന് ഒറ്റ ചാട്ടത്തിന് സൈക്കിളിലാ കേറും !

സാധാരണ സ്‌കൂള്‍ വിടുന്ന നേരത്താണ് ആളുടെ ഈ അഭ്യാസപ്രകടനങ്ങള്‍ കൂടുതലും ! സ്‌കൂള്‍ വിട്ടു വരുന്ന പെണ്‍കുട്ടികളുടെ മുന്നില്‍ ഒരു ഹീറോ ആയി കാണിക്കാനാണ് ഈ നമ്പരുകള്‍ .

അതിലെ ഏറ്റവും പ്രധാനപ്പെട്ട ഐറ്റം ആണ് ഈ ചാടിക്കേറല്‍ !

പിന്നെ ആള് ഞങ്ങളുടെ നാട്ടിലെ അറിയപ്പെടുന്ന ഒരു പൂവാലനും കൂടിയാണ്.

ഒരു മൂന്നേ മുക്കാല്‍ ആവുമ്പോ ആള് കടയില്‍ വന്ന് സൈക്കിള്‍ വാടകക്ക് എടുക്കും .

പിന്നെ സ്‌കൂള്‍ വിട്ടു പെണ്‍കുട്ടികള്‍ വരുന്നതും നോക്കി റോഡിന്റെ ഇങ്ങേ അറ്റത്തു നില്‍ക്കും .അവര് അടുത്തെത്തിയ ഉടനെ .ആളുടെ മാസ്റ്റെര്‍ പീസ് എടുക്കും .

ഇതൊക്കെക്കണ്ട് പെണ്‍കുട്ടികള്‍ അങ്ങട് ചിരി തുടങ്ങും . ആള്‍ക്ക് അത് മതി സായൂജ്യമടയാന്‍ .

എന്നാല്‍ അന്ന് മത്തായിചേട്ടനൊരു കരി ദിന മായിരുന്നു .
അന്നും പതിവ് പോലെ സൈക്കിള്‍ വാടകക്ക് എടുത്ത് മത്തായി ചേട്ടന്‍ റെഡിയാണ് .

പക്ഷേ സീറ്റ് എളകിഇരിക്കണ ഒന്നായിരുന്നു അന്ന് കിട്ടിയത് .കടക്കാരന്‍ അത് റെഡിയാക്കിത്തരാമെന്ന് മത്തായി ചേട്ടനോട് പറഞ്ഞതാണ് .
പക്ഷേ റെഡിയാക്കാന്‍ നിന്നാല് പെണ്‍കുട്ടികള്‍ കടന്നു പോകും .

എന്നാ നീ നോക്ക്യേം . കണ്ടൊക്കെ .ഇരുന്നോളൂട്ടോ . എന്നൊരു വാണിംഗ് കടക്കാരന്‍ കൊടുത്തതാണ് .

ഇതൊക്കെ എത്ര കണ്ടതാ , എന്നുള്ള മട്ടില് കൂളായി മത്തായി ചേട്ടന്‍ റെഡി ആയി .

വഴിയുടെ അങ്ങേത്തലക്കല് പെണ്‍കുട്ടികളുടെ വെട്ടം കണ്ടതും മത്തായി ചേട്ടന്‍ ബൂസ്റ്റ് കുടിച്ചവനെപ്പോലെ ഉഷാറായി .

അതാ പെണ്‍കുട്ടികള്‍ അടുത്തെത്തി. എല്ലാവരേം നോക്കി മത്തായിചേട്ടന്‍ തന്റെ മാസ്റ്റര്‍ പീസ് പുറത്തെടുത്തു .

സ്പീഡില്‍ സൈക്കിള്‍ ഉന്തി ക്കൊണ്ട്  ഓടി വന്ന് മത്തായിചേട്ടന്‍ ഒറ്റ ചാട്ടം . എല്ലാം പ്രതീക്ഷിച്ച പോലെ എന്ന് ഞങ്ങള്‍ കരുതിയത് തെറ്റ് .

മത്തായി ചേട്ടന്റെ ചാട്ടം അല്പം ഒന്ന് പിഴച്ചു . മടക്കിക്കുത്തിയ മുണ്ടിന്റെ കൊന്താല കൊണ്ട് ഇളകിയിരിക്കുന്ന സീറ്റ് അങ്ങ് പറിഞ്ഞ് താഴെപ്പോയി .

എന്റെ അമ്മേ …എന്നൊരു മുഴു നീള നിലവിളി മാത്രം ഞങ്ങള്‍ കേട്ടു . മത്തായി ചേട്ടന്റെ മൂന്നാം പിറ മുഴുവനും ഊക്കോടെ .., സീറ്റ് തെറിച്ചു പോയ ആ ഉയര്‍ന്നു നില്‍ക്കുന്ന കമ്പിയില്‍ ഇടിച്ചു തകര്‍ന്നു തരിപ്പണമായി ..!

കണ്ണും മിഴിച്ച് .., മുന്നാം പിറ തകര്‍ന്ന വേദനയില്‍ മത്തായി ചേട്ടന്റെ കാല് രണ്ടും വടി പോലെ നീണ്ടാ നില്‍ക്കണേ …!, അവിടന്ന് .., തൊട്ടപ്പറത്തെ വയലിലേക്ക് തലേം കുത്തി ദേ .., കിടക്കണ് .., സൈക്കിളും മത്തായി ചേട്ടനും …!

പെണ്‍കുട്ടികള്‍ ആണെങ്കില്‍ ..,ആദ്യം ഒന്ന് പകച്ചെങ്കിലും .., പിന്നെ ഇത് മത്തയിചെട്ടന്റെ പുതിയൊരു അഭ്യാസം ആയിരിക്കും എന്ന് കരുതി ചിരിച്ചു കൊണ്ട് കടന്നുപോയി ..!

എന്നാല്‍ ഞാങ്ങള്‍ പിള്ളേര്‍ക്കാണ് എന്തോ പന്തി കേട് തോന്നിയത് ..
നോക്കിയപ്പോ .., പാടത്ത് കണ്ണ്! പറ്റാതിരിക്കാന്‍ കോലം നാട്ടി നിര്‍ത്തണ പോലെ സ്റ്റെഡി വടിയായി മത്തായിചേട്ടന്‍ സൈക്കിളിനോട് ചേര്‍ന്ന് ഒരു വശം ചെരിഞ്ഞു കിടപ്പുണ്ട് …!

മത്തായി ചേട്ടന്റെ മൂന്നാം പിറ മാത്രമല്ല .., ആ എരിയേലുള്ള സകലതും തകര്‍ന്നെന്നാ അറിയാന്‍ കഴിഞ്ഞത് ..!അത്രേം ഭയങ്കര ചാട്ടമല്ലേ മത്തായി ചേട്ടന്‍ അന്ന് നടത്തിയത് ..!

പിന്നീട് പലപ്പോഴും ..,ഉറക്കത്തില്‍ മത്തായിചേട്ടന്‍ സൈക്കിള്‍ സ്വപ്നം കണ്ട് പേടിച്ച് നിലവിളിക്കാറുണ്ടത്രേ …!

എനിക്കും എങ്ങിനെയെങ്കിലും സൈക്കിള്‍ ചവിട്ട് പഠിക്കാന്‍ വല്യ ആശയായിരുന്നു ..

ആശയാണല്ലോ വിജയത്തിലേക്കുള്ള ആദ്യ പടി ..!, അങ്ങിനെ ഞാനും സൈക്കിള്‍ വാടകക്ക് എടുത്ത് എന്റെ പഠനം ആരംഭിച്ചു …!,

ആദ്യം തള്ളി തള്ളി ബാലന്‍സ് ശരിയാക്കും .., പിന്നെ പെഡലില്‍ ഒരു കാല്‍ വെച്ച് കുത്തി കുത്തി സൈക്കിളില്‍ കയറാന്‍ പഠിക്കും …!

പക്ഷേ ആദ്യമൊന്നും സൈക്കിളിന്‍ മേലേ കേറാന്‍ ശ്രമിക്കില്ല .., വീഴുമോന്ന ഭയമാണ് അപ്പോള്‍ എടക്കാലിട്ട് ചവിട്ടും ..,, അതാവുമ്പോ വീഴാന്‍ പോയാലും പെട്ടെന്ന് കാലു കുത്താലോ ….!

ചില സമയത്ത് സൈക്കിളില്‍ കേറാന്‍ ബാലന്‍സ് കിട്ടാതെ കൊച്ചം കുത്തി…, കൊച്ചം കുത്തി വഴിയുടെ അങ്ങേത്തല വരേയ്ക്കും സൈക്കിള്‍ അങ്ങ് തള്ളിക്കൊണ്ട് പോകും …!

അങ്ങിനെ ഒരാഴ്ച കൊണ്ട് ഏതാണ്ട് തട്ടി മുട്ടി .., എടക്കാലിട്ട് ഞാന്‍ സൈക്കിള്‍ ചവിട്ടിത്തുടങ്ങി …!

ആദ്യായിട്ട് കരാട്ടെ പഠിക്കാന്‍ പോണവന് .., ഒരാഴ്ച കൊണ്ട് ബ്രൂസിലി ആയി മാറിയെന്ന് തോന്നുന്ന പോലെ ..!

ഒരാഴ്ച സൈക്കിള്‍ ചവിട്ട് പഠിച്ച ഞാന്‍ .., മറ്റൊരു മത്തായി ചേട്ടനായ പോലെ എനിക്കും തോന്നി …!

എടക്കലിട്ട് നല്ല സ്പീഡിലായിരിക്കും ഞാന്‍ ചവിട്ടുക .., ഹാന്‍ഡില്‍ ബാറില്‍ തൂങ്ങി ക്കിടന്ന് .., ബോഡിയൊക്കെ നന്നായി പിന്നിലേക്ക് വളച്ച് പിടിച്ച് ..!, കാണുന്നവര്‍ക്ക് ഏതാണ്ട് മാവിന്‍ കൊമ്പത്ത് വാവല് തൂങ്ങി ക്കിടക്കുന്നത് പോലെ തോന്നും ..!

അങ്ങിനെ എടക്കാലിട്ട് സൈക്കിള്‍ ചവിട്ടി .., ഞാനൊരു അഭ്യാസിയായെന്ന് എനിക്കൊരു തോന്നല്‍ …!

ആ .., തോന്നലില്‍ നിന്നാണ് ആ മോഹം ഉടലെടുത്തത് .., വെണമെങ്കില്‍ അതിനെ അതിമോഹം എന്ന് വിളിക്കാം …! എനിക്ക് ,എന്റെ ഈ സൈക്കിള്‍ യത്‌നം നാട്ടുകാരെ മൊത്തം കാണിക്കണമെന്നായി ..!

വെറുതെ ഒരു തോന്നല്‍ ..!

അങ്ങിനെ കാത്തു കാത്തിരുന്ന് ആ ദിവസം വന്നെത്തി ..!

അന്ന് പള്ളി പ്പെരുന്നാള്‍ ആയിരുന്നു .., എല്ലാവരും പള്ളിയിലേക്ക് പോകാനായി അങ്ങിനെ വന്നു കൊണ്ടിരിക്കുകയാണ് ., ആ കൂട്ടത്തില്‍ എഴില്‍ പഠിക്കുന്ന എന്റെ ക്ലാസ്സ് മേറ്റ്‌സ് ആയ സാറായും ..,. മരിയയും .., ഉണ്ട് ., ഇവര്‍ രണ്ടു പേരും എന്റെ ഗ്രാമത്തിലെ സുന്ദരിപ്പട്ടം അലങ്കരിക്കുന്നവരാണ് .

അതിന്റെ നല്ല തലക്കനവും അവര്‍ക്കുണ്ട് ..!, എന്റെ സ്‌കൂളിലെ മൊത്തം പൂവാലന്‍മാരുടെയും .., സ്വപ്ന കിനാക്കളാണ് .., ഈ രണ്ട് ഐശ്വര്യറായിമാരും …!, എന്തിന് അടുത്ത ഗ്രാമത്തിലെ ചുള്ളന്‍മാരുടെ ഒരു തള്ളിക്കയറ്റം തന്നെ ഇവരെ പ്രതി .., ഞങ്ങളുടെ ഗ്രാമത്തിലേക്ക് ഉണ്ടാകും ..!

എന്നാല്‍ ഞങ്ങള്‍ .., ഇക്കരെയുള്ള പൂവാലന്മാര്‍ .., സ്വജീവന്‍ ബലികൊടുത്തും ഇവരെ സംരക്ഷിക്കാന്‍ തയ്യാറായി നില്‍പ്പുണ്ട് ..!, അതിനാല്‍ ഭേദിക്കാന്‍ കെല്‍പ്പില്ലാത്ത നായ്ക്കളെപ്പോലെ .., ഞങ്ങളുടെ ഗ്രാമാതിര്‍ത്തി വരേക്കും മാത്രമേ .., അവന്മാര്‍ വരത്തുള്ളൂ …!

അതിനിപ്പുറത്തോട്ട് കടക്കാനുള്ള ആത്മധൈര്യം അവര്‍ക്കില്ല …!, അങ്ങോട്ട് കടന്നാക്രമിക്കാനുള്ളത് ഞങ്ങള്‍ക്കും …!

ഇവരുടെ മുന്നില്‍ ഒരു ഹീറോ ആകാന്‍ കിട്ടുന്ന അവസരമാണ് .., റോഡിന്റെ ഇങ്ങേത്തലക്കല്‍ .., ഞാന്‍ സൈക്കിളുമായി റെഡിയാണ് ..!

അവരുടെ തലവട്ടം കണ്ടതേ .., ഞാന്‍ എന്റെ പര്യടനം ആരംഭിച്ചു ..!

സൈക്കിളാണെങ്കി .., അതിന്റെ മാക്‌സിമം സ്പീഡും കഴിഞ്ഞ്
ഓളിയിടാന്‍ തുടങ്ങി ..!, എനിക്കാണെങ്കി .., അവരടുത്തെത്തും തോറും ആവേശം മാനം മുട്ടി …

ഞാന്‍ നല്ല സ്പീഡില്‍ അങ്ങിനെ എടക്കാലിട്ട് ചവിട്ടി കേറുകയാണ് ..!

അന്നത്തെ നിക്കറിന് ഒരു പ്രത്യേകതയുണ്ടായിരുന്നു .., കുടുക്കുണ്ടായിരുന്നില്ല .., !, ഒരു മാതിരി എല്ലാ നിക്കറിന്റെയും അവസ്ഥ ഇതൊക്കെ തന്നെ ..!

അമ്മേടെ ബ്ലൌസ് സൂചി കൊണ്ടാണ് അവനെ ടെമ്പറവറിയായി പിടിച്ചു നിറുത്തിയിരിക്കുന്നത് …!

എന്റെ ആഞ്ഞു ചവിട്ടലില്‍ .., വയറിന്റെ മര്‍ദ്ദം കാരണം സൂചി അവന്റെ തനി കൊണം കാണിച്ചു ..!

അവനങ്ങു പൊട്ടി …, കൂടെ എന്റെ ചങ്കിലും ഒരു വെള്ളിടി പൊട്ടി ..!

നാട്ടുകാര് മൊത്തമാണെങ്കില്‍ എന്റെ അടുത്തും .., എല്ലാവരുടേയും നോട്ടം എന്റെ നേര്‍ക്ക് തന്നെ …!

സാറയും .., മറിയും .., ഒന്നു കൂടി സൂക്ഷിച്ച് എന്നെ നോക്കുന്ന പോലെ,

ട്രൌസര്‍ ആണെങ്കി അരേന്നുള്ള പിടുത്തമെല്ലാം അയഞ്ഞ് ഇപ്പോ ഊര്‍ന്നു വീഴുന്ന അവസ്ഥ …!

എന്റെ ഭാഗ്യമോ .., നിര്‍ഭാഗ്യമോ .., അന്ന് ഞാന്‍ ഷര്‍ട്ട് പോലും ഇട്ടിരുന്നില്ല ..,

സൈക്കിളാണെങ്കി പെട്ടെന്ന് നിറുത്താനും പറ്റുന്നില്ല …, എനിക്കാണേങ്കി ഒരു കൈ കൊണ്ട് ട്രൌസര്‍ വലിച്ചു കേറ്റണമെന്നുണ്ട് …!

പക്ഷേ .., കൈ വിട്ടാല്‍ .., ഞാന്‍ തല്യേം കുത്തി വീഴും .., എടക്കാലിട്ട് ചവിട്ടുമ്പോ ഒരു കൈ കൊണ്ട് ഒരിക്കലും ബാലന്‍സ് കിട്ടത്തില്ല ..!

ദൈവമേ .., ഈ അപമാനത്തീന്ന് എന്നെ കര കേറ്റണമേ …., ഈ നിക്കറെന്നെ ചതിക്കല്ലേ ”, ഞാന്‍ മനസ്സില്‍ ഓളിയിട്ട് പ്രാര്‍ഥിക്കാന്‍ തുടങ്ങി …!

പേരെടുക്കാന്‍ പോയിട്ട് .., നാണം പോകുന്ന അവസ്ഥയായി …!, നിക്കറെങ്ങാനും ഊരിപ്പോയാല്‍ …?

അയ്യോ .., ആലോചിക്കാന്‍ കൂടി വയ്യ …
ഈശ്വരാ .., പെട്ടെന്ന് ഇടി വെട്ടി ഒരു മഴ പെയ്‌തെങ്കില്‍ ….?, ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ച നിമിഷം …!

പക്ഷേ .., എന്റെ പ്രാര്‍ത്ഥനകള്‍ വൈകിപ്പോയിരുന്നു …!

അവസാനം അത് സംഭവിച്ചു …!, എന്റെ നിക്കറെന്നെ ചതിച്ചു ..!

അത്രയും ആളുകളുടെ മുന്നില്‍ .., എന്നോട് ഒരു കരുണ പോലും കാണിക്കാതെ അവന്‍ സ്വയം വസ്ത്രാക്ഷേപം നടത്തി …!

മറ്റുള്ളവരുടെ മുന്നില്‍ ഞാന്‍ ഒരിക്കലും കാണിക്കാന്‍ ഇഷ്ട്ടപ്പെടാത്ത എന്റെ സീക്രട്ട് മുഴുവനും .., അത്രയും നാട്ടുകാരുടെ മുന്നില്‍ അനാവരണം ചെയ്യപ്പെട്ടു …!

അത് കണ്ട് സാറായും .., മറിയയും ഞെട്ടി …, സത്യത്തില്‍ ഞെട്ടാന്‍ മാത്രം അവിടെ ഒന്നുമില്ല …!, എങ്കിലും അവര്‍ കൈകള്‍ കൊണ്ട് കണ്ണുകള്‍ പൊത്തി ..!

അവര്‍ മാത്രമല്ല .., ഒരു മാതിരി എന്റെ പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ മുഴുവനും .., ആ വസ്ത്രാക്ഷേപം കാണാന്‍ കരുത്തില്ലാതെ മുഖം പൊത്തി ചിരിച്ചു ..!

സ്ത്രീകള്‍ മുഴുവനും എന്റെ നേരെ കൈ ചൂണ്ടി ചിരിക്കാന്‍ തുടങ്ങി …! സഹതാപം തോന്നാത്ത കൂട്ടുകാര്‍ .., നിനക്കിങ്ങനെ തന്നെ വേണം എന്ന് കൈ കൊണ്ട് ആഗ്യം കാണിക്കുന്നു …!

സൈക്കളും കൊണ്ട് പാടത്തേക്ക് ചാടിയാലോ .., എന്ന് വരെ ഞാന്‍ ആലോചിച്ചു …!

പക്ഷേ .., മത്തായി ചേട്ടന്റെ അനുഭവും മുന്നിലുള്ളതു കൊണ്ട് ധൈര്യം വന്നില്ല ..!

എന്റെ മുഖമാണെങ്കില്‍ .., വെട്ടിയാല്‍ …, ഒരു തുള്ളി ചോര പോലും പൊടിയാത്ത അവസ്ഥയില്‍ വിളറി വെളുത്തു ..!

അനാവശ്യമായിട്ട് .., എന്റെ വീര ശൂരത്വം നാട്ടുകാരുടെ മുന്നില്‍ കാണിക്കാന്‍ പോയിട്ട് അവസാനം ശൂരനെ മാത്രം പ്രദര്‍ശിപ്പിച്ച് നാണം കെട്ടു …!