Share The Article

01

വന്‍ വില കൊടുത്ത് നമ്മള്‍ വാങ്ങിക്കുന്ന സ്മാര്‍ട്ട്‌ ഫോണില്‍ ഒന്ന് ചായ ചിന്തിയാലുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. അല്ലെങ്കില്‍ ഒന്ന് മഴ നനഞ്ഞാല്‍.. എന്തായാലും സോണി എക്സ്പീരിയ പോലുള്ള വാട്ടര്‍ പ്രൂഫ്‌ ഫോണല്ലെങ്കില്‍ പണി കിട്ടിയത് തന്നെ. അത് കൊണ്ട് തന്നെ സ്മാര്‍ട്ട് ഫോണില്‍ വെള്ളം കയറിയാല്‍ ഉടനെ ചെയ്യേണ്ട കാര്യങ്ങള്‍ നിങ്ങള്‍ മനസിലാക്കിയിരിക്കുന്നത് നല്ലതാണ്.

നമ്മുടെ ഫോണില്‍ വെള്ളം കയറിയാല്‍ ആദ്യം ചെയ്യേണ്ടത് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയാണ്. അതിനുശേഷം ബാറ്ററി, സിം കാര്‍ഡ്, മെമ്മറി കാര്‍ഡ് മുതലായവ വെവ്വേറെ ഊരി ഉണക്കാന്‍ വെക്കുക. ഫോണിന്റെ അകത്തു വെള്ളം കയറിയിട്ടുണ്ടോ എന്നറിയാന്‍ ബാറ്ററി പരിശോധിച്ചാല്‍ മതിയാവും. ബാറ്ററിയുടെ ചാര്‍ജിങ്ങ് പിന്നിനു അടുത്തായി ഒട്ടിച്ചിരിയ്ക്കുന്ന വെള്ള നിറത്തിലുള്ള സ്റ്റിക്കര്‍ പിങ്കോ ചുവപ്പോ നിറം ആയിട്ടുണ്ടാവും. അങ്ങിനെ വെള്ളം അവിടെ എത്തിയിട്ടുണ്ടോ എന്ന് മനസ്സിലാക്കാം.

അവിടം കളര്‍ മാറിയെങ്കില്‍ കട്ടി കുറഞ്ഞ തുണി കൊണ്ട് ഫോണിന്റെ ബോഡിയും, ബാറ്ററിയും ഉള്‍പ്പെടെ മറ്റു അനുബന്ധ ഉപകരങ്ങളെല്ലാം തന്നെ നന്നായി തുടച്ചെടുക്കുക. ശക്തി കുറഞ്ഞ വാക്വം ക്‌ളീനറും ഇതിനായി ഉപയോഗിയ്ക്കാവുന്നതാണ്. പക്ഷെ ഇത് ഉപകരണങ്ങളുടെ അടുത്ത് വച്ച് ഉപയോഗിയ്ക്കരുത്. എന്നാല്‍ ഒരു കാരണവശാലും ഹെയര്‍ ഡ്രയര്‍ ഇതിനായി ഉപയോഗിയ്ക്കരുത് എന്നാണ് വിദഗ്ദ പക്ഷം.

02

ഇനി ചെയ്യേണ്ടത് ഒരു പാത്രത്തില്‍ കുറച്ചു വേവിയ്ക്കാത്ത അരി എടുത്തു അതില്‍ ഫോണ്‍ പൂഴ്ത്തി വയ്ക്കുക. ഫോണിലെ വെള്ളം മുഴുവന്‍ അരി വലിച്ചെടുക്കാന്‍ വേണ്ടിയാണിത്. ഫോണ്‍ ഉണക്കാന്‍ ഒരിയ്ക്കലും ഫാനിനു ചുവട്ടില്‍ വയ്ക്കരുത് എന്ന് വിദഗ്ദര്‍ പറയുന്നു. അത് ഫോണില്‍ പൊടി കയറാന്‍ കാരണമാവും.

പൂര്‍ണമായും വെള്ളത്തിന്റെ നനവ് പോയി എന്ന് തോന്നിയാലും 24 മണിക്കൂറിനു ശേഷം മാത്രമേ ഫോണ്‍ സ്വിച് ഓണ്‍ചെയ്യാവൂ. ഓണ്‍ ആവുന്നില്ലെങ്കില്‍ ബാറ്ററി ചാര്‍ജ് ചെയ്തു നോക്കുക. അതിലും രക്ഷയില്ലെങ്കില്‍ വിദഗ്ദരെ കാണിക്കുന്നതാണ് നല്ലത്.