ഇന്ത്യന്‍ ക്രിക്കറ്റ് ടീം കഴിഞ്ഞാല്‍ ഏറ്റവുമധികം ഇന്ത്യക്കാരായ ആരാധകര്‍ ഉള്ള ടീം സൗത്ത് ആഫ്രിക്ക ആയിരിക്കും. എന്നാല്‍, ലോകത്തിലെ ഏറ്റവും ഭാഗ്യംകെട്ട ടീമായാണ് സൗത്ത് ആഫ്രിക്ക വിശേഷിപ്പിക്കപ്പെടുന്നത്. എല്ലാ ടൂര്‍ണമെന്റുകളിലും അവസാനം തോറ്റ് മടങ്ങുന്നത് ശീലമാക്കിയവര്‍. ഇന്ത്യയും സൗത്ത് ആഫ്രിക്കയും ഏറ്റു മുട്ടിയപ്പോഴെല്ലാം മികച്ച മത്സരങ്ങള്‍ കാണുവാന്‍ നമ്മുക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യ സൗത്ത് ആഫ്രിക്കയ്ക്കെതിരെ ഒട്ടേറെ മികച്ച വിജയങ്ങള്‍ നേടിയിട്ടുണ്ട്. അവയില്‍ ഏറ്റവും മികച്ച ഏകദിന വിജയങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
-
1993, നവംബര്‍ 24 : ഹീറോ കപ്പ് സെമി ഫൈനല്‍, ഈഡന് ഗാര്‍ഡന്‍സ്
സച്ചിന് ടെണ്ടുല്‍ക്കറുടെ അവസാന ഓവര്‍ ബോളിംഗ് പ്രകടനമാണ് ഈ മത്സരത്തില്‍ ഇന്ത്യക്ക് വിജയം നേടിത്തന്നത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 195 റണ്‍സിന് ഓള് ഔട്ട് ആയി. ക്യാപ്റ്റന്‍ മുഹമ്മദ് അസറുദീന്‍ 119 പന്തുകളില്‍ നിന്ന് നേടിയ 90 റണ്‍സാണ് ഇന്ത്യയുടെ സ്കോര്‍ ഇരുനൂറിന് അടുത്ത് വരെയെങ്കിലും എത്തിച്ചത്. മറുപടി ബാറ്റിങ്ങില്‍ സൗത്ത് ആഫ്രിക്ക 49 ഓവറില്‍ 190 റണ്‍സ് നേടി. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് 6 റണ്‍സ്. ക്യാപ്റ്റന്‍ അസര്‍ ആ ഓവര്‍ സച്ചിനെ ഏല്‍പ്പിച്ചു. ക്യാപ്റ്റന്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസം കാത്ത സച്ചിന് 3 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ജയം ഇന്ത്യന്‍ കൈപ്പിടിയില്‍ ഒതുക്കി. ഒപ്പം ഫൈനലിലേയ്ക്കുള്ള ടിക്കറ്റും.
-
1996 നവംബര്‍ 6, ടൈറ്റാന്‍ കപ്പ് ഫൈനല്‍, വാങ്കഡേ
സച്ചിന് ടെണ്ടുല്‍ക്കര്‍ ക്യാപ്റ്റന്‍ വേഷത്തില്‍ ഇറങ്ങിയ ഈ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സ് എടുത്തു. ഇന്ത്യന്‍ നിരയില്‍ 67 റണ്‍സ് നേടിയ സച്ചിനും 43 റണ്‍സ് നേടിയ അജയ് ജഡേജയും മാത്രമേ തിളങ്ങിയുള്ളൂ. മറുപടി ബാറ്റിംഗിനു ഇറങ്ങിയ സൌത്ത് ആഫ്രിക്കയെ ആദ്യം മുതലേ ഇന്ത്യന്‍ ബോളര്‍മാര്‍ വരിഞ്ഞുകെട്ടി. 25 റണ്‍സിന് 4 വിക്കറ്റ് നേടിയ അനില്‍ കുംബ്ലെ ആയിരുന്നു ബോളര്‍മാരില്‍ കേമന്‍. 185 റണ്‍സിന് സൗത്ത് ആഫ്രിക്ക ഓള് ഔട്ട് ആയപ്പോള്‍ ഇന്ത്യക്ക് 35 റണ്‍സിന്റെ വിജയവും ഒപ്പം കിരീടവും സ്വന്തം.
വായിക്കുക : വിരാട് കോഹ്ലിക്ക് ടി20യില്‍ പുതിയ റിക്കാര്‍ഡ്
-
1999 സെപ്റ്റംബര്‍ 26, എല്‍.ജി. കപ്പ്, നൈറോബി
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അവിസ്മരണീയമായ നേട്ടങ്ങള്‍ സ്വന്തമായുള്ള സുനില്‍ ജോഷി എന്ന ബോലരുടെ പേരിലാണ് ഈ മത്സരം ഓര്‍മിക്കപ്പെടുന്നത്. അനില്‍ കുംബ്ലെയുടെ പകരക്കാരനായി ആണ് ജോഷി ഇന്ത്യന്‍ ടീമില്‍ എത്തിയത്. അതും കുറച്ച് മത്സരങ്ങള്‍ക്ക് വേണ്ടി മാത്രം. ജോഷിയുടെ ഈ മത്സരത്തിലെ ബോളിംഗ് സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ ഏതൊരു ബോളറുടെയും മികച്ച പ്രകടനമാണ്. 10665 ഇത് എന്താണെന്ന് ക്രിക്കറ്റ് പ്രേമികള്‍ക്ക് എളുപ്പം മനസിലാകും. 10 ഓവര്‍, 6 മെയിഡന്‍, 6 റണ്‍സ്, 5 വിക്കറ്റ്. 117 റണ്‍സിന് സൗത്ത് ആഫ്രിക്കയുടെ ബാറ്റിംഗ് അവസാനിപ്പിച്ച ഇന്ത്യ 23 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു.
-
2010 ഫെബ്രുവരി 24, ഗ്വാളിയര്‍
സച്ചിന് തെണ്ടുല്‍ക്കറുടെ ഇരട്ട സെഞ്ചുറി നേട്ടമാണ് ഈ മത്സരത്തെ അവിസ്മരനീയമാക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സച്ചിന്റെ ബാറ്റിംഗ് മികവില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 401 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 42.5 ഓവറില്‍ 248 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു.
-
2015 ഫെബ്രുവരി 25, ഐ.സി.സി. വേള്‍ഡ് കപ്പ്, മെല്‍ബണ്‍
ഇന്ത്യയും സൗത്ത് ആഫ്രിക്കയും പല തവണ എറ്റുമുട്ടിയിട്ടുണ്ടെങ്കിലും ലോകക്കപ്പില്‍ ഇന്ത്യയ്ക്ക് ഒരു ജയം നേടാന്‍ 2015 വരെ കാത്തിരിക്കേണ്ടി വന്നു. എന്നാല്‍, ആ വിജയം 130 റണ്‍സിന് സ്വന്തമാക്കി ഇന്ത്യ കാത്തിരിപ്പിന് മധുരപ്രതികാരം വീട്ടി. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ ശിഖര്‍ ധവാന് (137), രഹാനെ ( 79) എന്നിവരുടെ പിന്‍ബലത്തില്‍ 7 വിക്കറ്റിന് 307 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. മികച്ച പ്രകടനം കാഴ്ച വെച്ച ഇന്ത്യന്‍ ബോളര്‍മാരും ഫീല്‍ഡര്‍മാരും റണ്‍സ് ചോരുന്നത് തടഞ്ഞപ്പോള്‍ ഒരറ്റത്ത് നിന്നും വിക്കറ്റുകളും കൊഴിഞ്ഞുകൊണ്ടേയിരുന്നു.
ഇന്ത്യയും സൌത്ത് ആഫ്രിക്കയും വീണ്ടും ഇന്ത്യന്‍ മണ്ണില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ പരമ്പര വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യക്ക് സ്വപ്നം കാണാനില്ല. എന്നത്തെയും പോലെ ടീം ഇന്ത്യക്ക് പിന്നില്‍ നമ്മുക്ക് അണിനിറക്കാം. വലിയ ഒരു വിജയത്തിനായി അവര്‍ക്ക് പ്രോത്സാഹനം നല്‍കാം.