Share The Article

hartal+big

ബന്ദ്‌..അതായത് ഹര്ത്താലിന്റെ അച്ഛന്‍. കോടതി ബന്ദ്‌ നിരോധിച്ചപ്പോള്‍ നമ്മള്‍ ഹര്‍ത്താല്‍ കൊണ്ട് വന്നു, ഇപ്പോഴും ബന്ദ്‌ നടത്തുന്നത് മോശമല്ലേ എന്ന് സ്വയംചിന്തിച്ചു തുടങ്ങിയപ്പോള്‍ നമ്മള്‍ പണിമുടക്കും കൊണ്ട് വന്നു…

ചുരുക്കി പറഞ്ഞാല്‍ പഴയ ബന്ദ്‌ തന്നെയാണ് ഇന്നലത്തെ ഹര്‍ത്താലും ഇന്നത്തെ പണിമുടക്കും നാളത്തെ എന്തെരോ എന്തും…

വര്‍ഷത്തില്‍ ചുരുങ്ങിയത് 1൦ ഹര്‍ത്താല്‍ എങ്കിലും ആഘോഷിക്കുന്ന നമുക്ക് ശരിക്കും ഇത് എന്താണ് സംഭവം എന്ന് അറിയാമോ?

ഹര്‍ത്താല്‍ എന്നത് ഒരു ഗുജറാത്തി പദമാണ്.

ഹര്‍ എന്നാല്‍ എല്ലാം അഥവാ എല്ലായ്‌പ്പോഴും എന്നും താല്‍ എന്നാല്‍ പൂട്ട് എന്നുമാണര്‍ത്ഥങ്ങള്‍.

അതായത് എല്ലാം അടച്ചിടുയെന്നോ എല്ലായ്‌പോഴും അടച്ചിടുക എന്നോ നമുക്ക് തോന്നും പോലെ അര്‍ഥം ഊഹിച്ചു എടുത്ത് പൂരിപ്പിക്കാം എന്ന് ചുരുക്കം. എല്ലാം എപ്പോഴും അടച്ചിട്ട് പ്രതിഷേധിക്കുന്ന ഹര്‍ത്താല്‍ പരിപാടി നമ്മള്‍ ശരിക്കും ആഘോഷിക്കരുമുണ്ട്.

പ്രതിഷേധമായോ,ദുഃഖസൂചകമായോ കടകളും,വ്യാപാര സ്ഥാപനങ്ങളും,വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും അടച്ചിട്ടു കൊണ്ടുള്ള പരിപാടിയായിയാണ് ഹര്‍ത്താല്‍ നമ്മുടെ നാട്ടിലേക്ക് കടന്നു വന്നത്. ഇന്ന് ഏത് ഈര്‍ക്കില്‍ പാര്‍ട്ടി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആണെങ്കിലും കേരളത്തില്‍ അത് എന്നും എപ്പോഴും പൂര്‍ണമാണ്.

 

ഹര്‍ത്താലും ബന്ദും പണിമുടക്കും ഒക്കെ ആരെങ്കിലും ഒക്കെ ഒന്ന് പ്രഖ്യാപിച്ചാല്‍ മതി, ഞങ്ങള്‍ അത് പൂര്‍ണമാക്കി കൊള്ളാം എന്ന് മലയാളി ഒരേ സ്വരത്തില്‍ പറയുന്നു.

തങ്ങളെ കൊണ്ട് കഴിയുന്ന വിധമെല്ലാം ഹര്‍ത്താല്‍ നടത്താനും പണിമുടക്ക് പ്രഖ്യാപിക്കാനും കേട്ടാല്‍ കൈ ഇല്ലാത്തവന്‍ വരെ കൈ വാടകയ്ക്ക് എടുത്ത് അടി കൊടുക്കുന്ന ആവശ്യങ്ങള്‍ പടച്ചു വിട്ടു കൊണ്ട് പണിമുടക്ക് നടത്താനും ആര്‍ക്കും ധൈര്യം വന്നിട്ടുണ്ട് എങ്കില്‍ അതിന്റെ പൂര്‍ണ ക്രെഡിറ്റ് നമ്മുക്ക് മാത്രമാണ്.

ആത്മാര്‍ത്ഥമായി ഒറ്റ ഹര്‍ത്താല്‍ പോലും വിടാതെ വിജയിപ്പിക്കുന്ന കാര്യത്തില്‍ നമ്മളെ കഴിഞ്ഞേ ഇന്ത്യ മാഹരാജ്യത് വേറെ ആരുമുള്ളൂ.

കേരളത്തിലെ ജനതയേയും ഘടനയേയും ഒക്കെ വിശദമായി പഠിച്ച ശേഷമാണു വമ്പന്‍ പാര്‍ട്ടികള്‍ മാരത്തോണ്‍ ഹര്‍ത്താലും, മറ്റു അനുബന്ധ പരിപാടികളും ഒക്കെ സംഘടിപ്പിക്കുന്നത്. സമരം ചെയ്യുന്ന പാര്‍ട്ടിക്ക് ഒപ്പമല്ല മറിച്ചു മികച്ച രീതിയില്‍ ഹര്‍ത്താല്‍ നടത്തുന്ന പാര്‍ട്ടിക്ക് ഒപ്പമാണ് സാധരണ ജനം എന്ന് ആ നേതാക്കള്‍ തിരിച്ചറിഞ്ഞു.

നമ്മുടെ സംസ്ഥാനത്ത് ഇടയ്ക്ക് ഇടയ്ക്ക് പോലീസും പട്ടാളവും ഒക്കെ മോക്ക് ഡ്രില്‍ നടത്താറുണ്ട്, അതുപോലെ മറ്റു സംസ്ഥാനങ്ങളിലെ പാര്‍ട്ടിക്കാരും അവരുടെ ഹര്‍ത്താലുകളുടെ ട്രയല്‍ കേരളത്തില്‍ നോക്കണം എന്നാണ് ഇപ്പോള്‍ കേരള ജനതയുടെ ഒരു ആവശ്യം. നമ്മള്‍ ആകുമ്പോള്‍ ആവശ്യം എന്താണ് എന്ന് പോലും നോക്കാതെ, എന്ത് പണ്ടാരം എങ്കിലും ആകട്ടെ, വീട്ടില്‍ ഇരുന്നു രണ്ടെണ്ണം അടിക്കംമല്ലോ എന്ന് പറഞ്ഞു ഹര്‍ത്താല്‍ അംഗീകരിച്ചു വന്‍ വിജയമാക്കി തീര്‍ത്തോളും.

ലോകത്ത് എവിടെ എന്ത് സംഭവിച്ചാലും ഹര്‍ത്താല്‍ നടക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. ഇനി ഇന്ത്യയില്‍ എന്ത് സംഭവിച്ചാലും ഹരത്താല്‍ നടക്കുന്ന ഒരു സംസ്ഥാനമാണ് കേരളം.

പെട്രോളിയം ഉല്പന്നങ്ങളുടെ വില എങ്ങാനും കൂടിയാല്‍ ഉടനെ വരും ഹര്‍ത്താല്‍.  ആകെ മൊത്തം 29 സംസ്ഥാനങ്ങള്‍ ആണ് ഇന്ത്യാ മഹാരാജ്യത്ത് ഉള്ളത്. പക്ഷെ ഹര്ത്താലിന്റെ കാര്യം വരുമ്പോള്‍ പാര്‍ട്ടികളുടെ കൂടെ കാണുന്ന കേരളം മാത്രമായിരിക്കും.

പിന്നെ കേരളത്തില്‍ ഹാര്താല്‍ കഴിഞ്ഞു, അതെ വിഷയത്തില്‍ അടുത്ത ദിവസം ഒരു ഭാരത്‌ ബന്ദ്‌ കൂടി വന്നാല്‍ സംഗതി കുശാല്‍. വീണ്ടും കേരള ജനതയുടെ ഐക്യദ്രാദ്യം. കേരളം ഇന്ത്യയിലായതു കൊണ്ട് കേരളത്തിലും ഭാരത് ബന്ദ് ബാധകമാണ്. അല്ല പിന്നെ…!

ഇന്ത്യന്‍ സ്വാതന്ത്ര്യസമരകാലത്ത് ഗാന്ധിജിയാണ് ഹര്‍ത്താല്‍ നമ്മുക്ക് പരിചയപ്പെടുത്തിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ എല്ലാ വ്യാപാരാവശ്യങ്ങളില്‍ നിന്നും മറ്റും ഒരു ദിവസം വിട്ടുനിന്ന് പ്രാര്‍ത്ഥനയും വൃതവും സ്വീകരച്ച് ഹര്‍ത്താലില്‍ പങ്കെടുത്തു. ഇന്ന് ആ മഹാത്മാവിവിന്റെ ഓര്‍മ്മകള്‍ ഒരിക്കലും മരിക്കാതെ ഇരിക്കാന്‍ നമ്മള്‍ ഇടവിട്ട്‌ ഇടവിട്ട്‌ ഹര്‍ത്താല്‍ നടത്തുന്നു…അതല്ലേ ആശാനെ ദേശ സ്നേഹം?

ജനങ്ങള്‍ ആദ്യം ഈ ഹര്‍ത്താല്‍ പ്രേമത്തില്‍ നിന്ന് വെളിയില്‍ വരണം. ഹര്‍ത്താലായാലും പണിമുടക്കായാലും അവരവരുടെ വാഹനം ഓടിച്ചുകൊണ്ട് തങ്ങളുടെ മൌലികാവകാശങ്ങള്‍ക്കും സഞ്ചാരസ്വാതന്ത്ര്യത്തിനും വേണ്ടി പോരാടണം. നിങ്ങള്‍ക്ക് വേണ്ടി മറ്റൊരാള്‍ക്ക് പരീക്ഷയെഴുതാനോ യുദ്ധം ജയിക്കാനോ ആവില്ല…

  • 1
    Share