25 വര്‍ഷത്തിനു ശേഷം അമരത്തിലെ അച്ചൂട്ടിയുടെ മകള്‍ “മുത്ത്” ഡോക്ടറായി.!

movie-amaram123

നീണ്ട 25 വര്‍ഷം..!!!

മെഗാസ്റ്റാര്‍ മമ്മുട്ടി  അവിസ്മരണിയമാക്കിയ അമരം എന്ന ചിത്രം ഇറങ്ങിയിട്ട് 25 വര്‍ഷം തികയുന്നു.

അന്തരിച്ച പ്രമുഖ സംവിധായകന്‍ ഭരതന്‍ സിനിമയായ അമരത്തില്‍ മമ്മൂട്ടിക്ക് മകളെ ഡോക്ടറാക്കണമെന്നായിരുന്നു ആഗ്രഹം. സിനിമയിലെ മുത്ത് പ്രണയത്തില്‍ പെട്ട് ഡോക്ടറായില്ലെങ്കിലും അച്ചൂട്ടിയുടെ സ്വപ്‌നം മറ്റൊരു തരത്തില്‍ സഫലമായിരിക്കുകയാണ്..!

‘അമര’ത്തില്‍ മമ്മൂട്ടിയുടെ മകളായി മാതുവിന്റെ പാവാടപ്രായം അവതരിപ്പിച്ച “നീതു റീറ്റ ജോസാണ്”  ജീവിതകഥയില്‍ ഡോക്ടറുടെ കുപ്പായം അണിയുന്നത്. ആലപ്പുഴ തുമ്പോളി കൊച്ചീക്കാരന്‍ വീട്ടില്‍ ജോസഫ് സേവ്യറുടെ മകള്‍ 1990 ലാണ് ‘അമര’ത്തില്‍ ബാലതാരമാകുന്നത്.

പത്രപ്പരസ്യം കണ്ടാണ് അന്ന് ജോസഫ് സേവ്യര്‍ മകളെ ഭരതനുമുന്നില്‍ എത്തിച്ചത്. ആദ്യകാഴ്ചയില്‍ മാതുവിന്റെ ബാല്യകാല റോളിലേക്ക് ഭരതനും നിര്‍മാതാവ് ബാബു തിരുവല്ലയും നീതുവിനെ ഉറപ്പിച്ചു.

പിന്നീട് സിനിമയില്‍നിന്ന് പല വാഗ്ദാനങ്ങള്‍ വന്നിട്ടും ആ വഴികളിലേക്ക് തിരിയാതെ പഠനത്തില്‍ മാത്രമായിരുന്നു ശ്രദ്ധ. മകള്‍ ആരാകണമെന്ന തീരുമാനം പോസ്റ്റല്‍ വകുപ്പില്‍ അക്കൗണ്ടന്റായ അച്ഛന്‍ ജോസഫ് സേവ്യറും അമ്മ ബെറ്റിയും മകള്‍ക്ക് വിട്ടു കൊടുത്തു. നീതു തിരഞ്ഞെടുത്തത് അച്ചൂട്ടിയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍നിന്ന് 2010ല്‍ ഉയര്‍ന്ന മാര്‍ക്കോടെ എംബിബിഎസ് പാസ്സായ നീതു ഇപ്പോള്‍ കോതമംഗലം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആസ്പത്രിയില്‍ ഡോക്ടറാണ്.