4.7 മില്ല്യന്റെ വ്യാജ ഇന്ത്യന്‍ നോട്ടുകളുമായി 4 പേര്‍ ദുബായില്‍ പിടിയില്‍

01

4.7 മില്ല്യന്റെ വ്യാജ ഇന്ത്യന്‍ നോട്ടുകളുമായി 4 പേരെ ദുബായ് പോലിസ് പിടികൂടി. ഒരു ദുബായ് ബിസിനസുകാരന് ഈ നോട്ട് നല്‍കി പകരം ദിര്‍ഹം കരസ്ഥമാക്കുവാനായിരുന്നു ഇവരുടെ പ്ലാന്‍. 4 പേരും ഏഷ്യക്കാരാണെന്നാണ് ദുബായ് അസിസ്റ്റന്റ് പോലിസ് ചീഫ് മേജര്‍ ജനറല്‍ ഖലില്‍ ഇബ്രാഹിം അല മന്‍സൂരി വ്യക്തമാക്കിയത്.

താനിത് വരെ കണ്ടതില്‍ വെച്ച് ഏറ്റവും നല്ല കവര്‍ച്ച എന്നാണ് അല്‍ മന്‍സൂരി ഇതിനെ വിശേഷിപ്പിച്ചത്. വ്യാജ നോട്ടുകള്‍ കൈമാറി രാജ്യത്തിന്‍റെ സമ്പദ്വ്യവസ്ഥ തകര്‍ക്കുകയായിരുന്നു ഇവരുടെ ലക്‌ഷ്യം എന്നും പോലിസ് മേധാവി വ്യക്തമാക്കി.

ഈ വിദ്യ കൊണ്ട് സാധാരണക്കാരെയും എന്തിനേറെ ബാങ്കുകളെ തന്നെയും പറ്റിക്കാം എന്നത് കൊണ്ട് തന്നെ പൊതുജനവും ബാങ്കുകളും സൂക്ഷ്മത പാലിക്കണം എന്ന് അധികാരികള്‍ വ്യക്തമാക്കുന്നു.

30 വയസ്സ് തോന്നിക്കുന്ന 4 പേരും ഈ ബിസിനസ്കാരന്റെ അടുത്ത് ചെന്ന് വ്യാജ നോട്ടുകള്‍ നല്‍കി സാധനം വാങ്ങുവാനാണ്‌ ആദ്യം ശ്രമിച്ചത്. എന്നാല്‍ സാധനം വാങ്ങല്‍ തീരുമാനത്തില്‍ നിന്നും പിന്തിരിഞ്ഞ അവര്‍ രൂപക്ക് പകരം ദിര്‍ഹം തരാമോ എന്ന് ബിസിനസുകാരനോട് ചോദിച്ചു. 4.7 മില്ല്യന്‍ രൂപക്ക് പകരമായി ഒടുവില്‍ 140,000 ദിര്‍ഹം നല്കാന്‍ തീരുമാനമാവുകയും ചെയ്തു. സത്യത്തില്‍ 4.7 മില്ല്യന്‍ രൂപ 285,000 ദിര്‍ഹമിന് സമാനമായ മൂല്യം ആണ് ഉണ്ടായിരുന്നത് അപ്പോള്‍.

സംശയം തോന്നിയ ബിസിനസുകാരന്‍ ഇവര്‍ നല്‍കിയ സാമ്പിള്‍ 1,000 രൂപയുടെ നോട്ടുമായി കൂടുതല്‍ പരിശോധനക്കായി പോലിസിനെ സമീപിപ്പിക്കുകയായിരുന്നു.

അതിനു ഡീല്‍ ഉറപ്പിക്കാന്‍ ആവശ്യപ്പെട്ട പോലിസ് അവരെ നായിഫില്‍ വെച്ച് നടത്തിയ ഓപ്പറേഷനില്‍ പിടികൂടുകയായിരുന്നു.