Share The Article

HY13-BOREWELL_2150455g

50 അടി താഴ്ചയുള്ള കുഴല്‍ക്കിണറ്റില്‍ ഏഴുവയസ്സുകാരി വീണു. 30 മണിക്കൂര്‍ കുടുങ്ങിക്കിടന്ന കുട്ടിയെ സൈന്യം രക്ഷപ്പെടുത്തി. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇപ്പോള്‍ കുട്ടി സുഖം പ്രാപിച്ചു വരുന്നു.

രാജസ്ഥാനില്‍ സിഖാര്‍ ജില്ലയില്‍ ശനിയാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം. ഇവിടുത്തെ ഒരു കര്‍ഷകന്റെ മകളായ സുനിതയാണ് കുഴല്‍ക്കിണറ്റില്‍ വീണത്. പ്രായത്തിനനുസരിച്ചുള്ള മാനസിക വികാസം സുനിത നേടിയിരുന്നില്ല.. സൈനികരുടെ നേതൃത്വത്തില്‍ സമാന്തരമായി ഒരു കിണര്‍ കൂടി നിര്‍മിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇന്നലെ വൈകുന്നേരം മൂന്നോടെയാണ് കുട്ടിയെ പുറത്തെടുത്തത്.  കുട്ടിക്ക് സാരമായി പരിക്കേറ്റിരുന്നു.ഇപ്പോള്‍ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ജില്ലാ കളക്ടര്‍ ലക്ഷ്മിനാരായണ്‍ സോണി അറിയിച്ചു.

മാനസിക വളര്‍ച്ചയെത്താത്ത കുട്ടിയായതിനാല്‍ വേണ്ടതുപോലെ സംസാരിക്കാന്‍ സുനിതയ്ക്ക് കഴിയുമായിരുന്നില്ല. ഇത് രക്ഷാപ്രവര്‍ത്തനത്തെ നേരിയ തോതില്‍ ബാധിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം തുടങ്ങിയതുമുതല്‍ അടിയന്തര ചികിത്സാ സൗകര്യമുള്ള ആംബുലന്‍സും ഒപ്പം വൈദ്യസഹായത്തിനുള്ള സംവിധാനങ്ങളും സജ്ജമാക്കിയിരുന്നു. ശ്വസന തടസമുണ്ടാകാതിരിക്കാന്‍ ഓക്‌സിജന്‍ കുഴലുകള്‍ അമ്പതടി താഴ്ചയിലേക്ക് ഇറക്കിയിരുന്നു…

ഇതേസമയം, ബിഹാറിലെ പട്‌നയ്ക്കു സമീപം കുഴല്‍ക്കിണറ്റില്‍ ബബിത എന്ന അഞ്ചുവയസ്സുകാരി വീണിരുന്നു. ഈ കുട്ടി മരണത്തിനു കീഴടങ്ങി. നാലു മണിക്കൂറിനുള്ളില്‍ പുറത്തെടുക്കാന്‍ കഴിഞ്ഞെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. 15 അടി ആഴമേ ഉണ്ടായിരുന്നുള്ളൂ കിണറിന്, എന്നാലും പ്രാണവായു കിട്ടാത്തതിനാലാണ് കുട്ടി മരിച്ചത് എന്ന് പോലീസ് അറിയിച്ചു.

Advertisements