50 വയസ്സിനു മുന്‍പ്‌ കഷണ്ടി വരുന്നവര്‍ക്ക് ഹൃദയാഘാതസാധ്യത ഇരട്ടിയെന്ന്‍

1

തങ്ങളുടെ 50 വയസ്സിനു മുന്‍പ്‌ തലയില്‍ കഷണ്ടി കയറുന്നവര്‍ക്ക് ഹൃദയാഘാതം ഉണ്ടാവാനുള്ള സാധ്യത ഇരട്ടിയായി വര്‍ധിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി. ചാള്‍സ് രാജകുമാരനെ പോലെയോ വില്ല്യം രാജകുമാരനെ പോലെയോ തലയുടെ മൂര്‍ദ്ധാവില്‍ വരുന്ന കഷണ്ടി ആണെങ്കില്‍ അവര്‍ക്ക് കഷണ്ടി ഇല്ലാത്തവരെക്കാള്‍ 52% അധികം ഹൃദയ ധമനിയില്‍ രക്തം കട്ട പിടിക്കുന്ന രോഗം അല്ലെങ്കില്‍ കൊറോണറി ആര്‍ട്ടെറി ഡിസീസസ്‌ ഉണ്ടാവാനുള്ള സാധ്യത ഉണ്ടെന്ന് കണ്ടെത്തി.

പഠനം നടത്തിയ മുന്‍ ഭാഗത്ത് മാത്രം കഷണ്ടിയുള്ള 40,000 ത്തോളം ആളുകള്‍ക്ക് മുഴുവന്‍ മുടിയുള്ളവരെക്കാള്‍ 22% അധികം കൊറോണറി ആര്‍ട്ടെറി ഡിസീസസ്‌ ഉണ്ടാവാനുള്ള സാധ്യത ഉണ്ടെന്നും പഠനം വ്യക്തമാക്കുന്നു. മുന്‍ ഭാഗത്തും മൂര്ധാവിലും കഷണ്ടിയുള്ളവര്‍ക്ക് സാധാരണക്കാരേക്കാള്‍ ഹൃദ്രോഗം ഉണ്ടാവാനുള്ള സാധ്യത 69% കൂടുതലാണെന്നും പഠനം പറയുന്നു. ആറോളം പഠനങ്ങളില്‍ നിന്നും വ്യക്തമായ സംഗതികളാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. ടോക്കിയോ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍ ആണ് ഇക്കാര്യം ഒരു ഓണ്‍ലൈന്‍ ജേണലിലൂടെ തുറന്നു പറഞ്ഞിരിക്കുന്നത്.

അതെ സമയം കഷണ്ടിയും ഹൃദ്രോഗവും തമ്മിലുള്ള ബന്ധം കണ്ടു പിടിക്കുവാന്‍ ഇതുവരെയും ഡോക്ടര്‍മാര്‍ക്ക്‌ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. വിദഗ്ദരുടെ അഭിപ്രായത്തില്‍ പേശിവളര്‍ച്ചയെയും ലൈംഗിക വളര്‍ച്ചയെയും നിയന്ത്രിക്കുന്ന ഒരു ഹോര്‍മോണ്‍ ആയ ടെസ്റ്റോസ്റ്റെറോണ്‍ കൂടുതല്‍ ഉള്ള ആളുകള്‍ക്ക് കഷണ്ടി ഉണ്ടാവാനുള്ള സാധ്യത ഉണ്ട്. അതെ ഹോര്‍മോണ്‍ തന്നെ ഹൃദ്രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. അത് കൊണ്ട് ഇതിലെ വില്ലന്‍ ടെസ്റ്റോസ്റ്റെറോണ്‍ ആവാനാണ് സാധ്യത എന്നാണ് വിദഗ്ദ മതം.

കഷണ്ടി ഉള്ളവരെ 11 വര്‍ഷത്തോളം നിരീക്ഷിച്ചാണ് ശാസ്ത്ര ലോകം ഈ പഠനം നടത്തിയത്. ഈ കണ്ടെത്തലിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ഓണ്‍ലൈന്‍ ജേണല്‍ വായിക്കാം