Share The Article

Uthara Shanthivanam വിദ്യാഭ്യാസ മന്ത്രിക്ക് എഴുതിയ കത്ത് 

പ്രിയപ്പെട്ട രവീന്ദ്രൻ മാഷിന്,
Prof.C.Raveendranath

ഞാൻ ഉത്തര. ഈ വർഷം പത്താം ക്ലാസിലേക്കാവുന്നു. ഞാനും എന്റെ അമ്മയും താമസിക്കുന്നത് വടക്കൻ പറവൂരിലാണ്. ശാന്തിവനം എന്നാണ് ഞങ്ങളുടെ പുരയിടത്തിലെ പേര്. എന്റെ മുത്തച്ഛൻ രവീന്ദ്രനാഥും സുഹൃത്തുക്കളും ചേർന്നാണ് 200 വർഷം പഴക്കമുള്ള കാവുകളും കുളങ്ങളും ഒക്കെയുള്ള ഞങ്ങളുടെ പുരയിടത്തിന് ശാന്തിവനം എന്ന് പേരിട്ടത്. പശ്ചിമഘട്ട സംരക്ഷണ യാത്രയുടെ ഭാഗമായിരുന്ന മുത്തച്ഛനാണ് കാവുകളും കുളങ്ങളും കൂടാതെയുള്ള സ്ഥലം കൂടി കാടായി നിലനിർത്താമെന്ന് തീരുമാനമെടുത്തത്.

എന്റെ വീടിനടുത്ത് തന്നെ ഉള്ള ഒരു സർക്കാർ വിദ്യാലയത്തിലാണ് ഞാൻ പഠിക്കുന്നത്. സ്റ്റേറ്റ് സിലബസിന്റെ അത്രയും പാരിസ്ഥിതിക അവബോധം നൽകുന്ന മറ്റൊരു സിലബസ്സുകളും ഇല്ല എന്ന ബോധ്യമാണ് അമ്മ എന്നെ ഒരു സർക്കാർ വിദ്യാലയത്തിൽ ചേർക്കാൻ ഉള്ള ഒരു കാരണം. സ്റ്റേറ്റ് സിലബസ് എനിക്കും ഏറെ പ്രിയപ്പെട്ടതാണ്. സിബിഎസ്ഇ സ്കൂളുകളിൽ നിന്നും മറ്റും വന്ന എന്റെ ഓരോ കൂട്ടുകാരും പറയുന്നതും ഇതുതന്നെ. ഞങ്ങൾ ഒൻപതാം ക്ലാസിൽ വച്ച് പഠിച്ച ലിയനാർഡോ ഡി കാപ്രിയോയുടെ ‘Climate change is not a hysteria. Its a fact’ എന്ന പ്രഭാഷണം എനിക്ക് ഏറെ ഇഷ്ടപ്പെട്ടതും ഓരോ തവണ കേൾക്കുമ്പോഴും ഉൾക്കിടിലം ഉണ്ടാക്കുന്നതുമാണ്. സർക്കാരിന്റെ ഐടി സംരംഭമായ ‘ലിറ്റിൽ കൈറ്റ്സി’ന്റെ ഭാഗമായി ഞങ്ങൾ നിർമ്മിച്ച വീഡിയോയും കാലാവസ്ഥാവ്യതിയാനത്തെ ആസ്പദമാക്കിയായിരുന്നു. ഇത്രയധികം പ്രകൃതിയിലൂന്നിയ വിദ്യാഭ്യാസം ലഭിക്കുന്നതിനിടയിലും എനിക്ക് എന്റെ കൺമുന്നിൽ കാണേണ്ടിവരുന്നത് നേരെ വിപരീതമായ കാര്യങ്ങളാണ്.

സർക്കാർ സ്ഥാപനമായ KSEBL ഇപ്പോൾ നേരെ പോകേണ്ട 110 കെ.വി വൈദ്യുതി ലൈൻ വളച്ചെടുത്ത് ഞങ്ങളുടെ പുരയിടത്തിന് നടുവിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. പ്രതീക്ഷിച്ചിരിക്കാതെ ഒരു ദിവസം ഞാൻ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് വന്നപ്പോൾ ജെസിബി വീട്ടുമതിൽ ഇടിച്ചു പൊളിച്ചു കൊണ്ട് കയറിവന്ന് ധാരാളം അടിക്കാട് നശിപ്പിക്കുകയും വെട്ടേണ്ട 48 മരങ്ങളുടെ ലിസ്റ്റ് അമ്മയുടെ കൈയിൽ കൊടുക്കുകയും ചെയ്യുന്ന കാഴ്ചയാണ് എനിക്ക് കാണേണ്ടി വന്നത്. കുറച്ചു ദിവസങ്ങൾക്കു ശേഷം അവർ ധാരാളം യന്ത്രങ്ങളുമായി വന്ന് 50 വർഷത്തോളം പഴക്കമുള്ള ഞങ്ങളുടെ വെള്ള പൈൻ മരം ഞങ്ങളുന്നയിച്ച യാതൊരു അപേക്ഷകളും വകവയ്ക്കാതെ എന്റെ കണ്മുന്നിൽ വച്ച് വെട്ടിമാറ്റി.
ഒരു വലിയ പ്രദേശത്തിന് തണൽ നൽകി നിന്നിരുന്ന ആ അമ്മമരം മുറിച്ച് മാറ്റിയപ്പോൾ താഴെയുള്ള മണ്ണിനു മാത്രമല്ല പൊള്ളിയത് ഇത്ര നാൾ കൊണ്ട് എന്റെ ഉള്ളിൽ നിറച്ചു തന്ന പാരിസ്ഥിതിക അവബോധത്തിനും കൂടിയാണ്. അവരിപ്പോൾ 37 സെന്റോളം നശിപ്പിച്ചുകൊണ്ട് ടവർ ഉയർത്തിക്കഴിഞ്ഞു.

ഇപ്പോളിതാ, സ്കൂളുകൾ ആരംഭിച്ചു. വീണ്ടും പാരിസ്ഥിതിക പാഠങ്ങൾ പഠിക്കുകയും പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സ്കൂളിൽ നിന്നും ലഭിക്കുന്ന തൈകൾ നട്ടുപിടിപ്പിക്കുകയുമൊക്കെചെയ്യുന്നതിനിടയിലും എനിക്ക് അതിന്റെ നേരെ വിപരീതമായ പ്രവർത്തനങ്ങൾ എന്റെ വീട്ടിൽ കാണേണ്ടി വരുന്നതിൽ അതിയായ സങ്കടമുണ്ട്.

അങ്ങ് ഈ വിഷയം തീർച്ചയായും മുഖ്യമന്ത്രിയെ അറിയിക്കുകയും ടവർ ഇവിടെ നിന്ന് മാറ്റി സ്ഥാപിക്കാൻ വേണ്ട നടപടികൾ എടുത്ത് ശാന്തിവനത്തെ സംരക്ഷിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ബഹുമാനപൂർവ്വം
ഉത്തര ശാന്തിവനം