ഉറങ്ങുമ്പോള്‍ ഉണരുന്ന ഉള്‍ക്കാഴ്ച

ഇന്നത്തെ എറണാകുളം കൊയമ്പത്തൂർ യാത്രയിൽ അധികം ആളില്ലാത്ത തീവണ്ടി മുറിയിൽ എന്നെ വല്ലാതെ വിവശനാക്കിയ ഒരു ദ്യശ്യം ഇവിടെ പറയട്ടെ. ഇടതും വലതും ഒരാ‍ൾപോലും ഇല്ലാത്ത ഇരിപ്പിടങ്ങൾക്ക് നടുവിലൂടെ ഒരു വടിയുടെ സഹായത്തോടെ പതിയെ നടന്നുകൊണ്ട് കാഴ്ച്ചയില്ലാത്ത ഒരാൾ അവിടെയെല്ലാം ആളുകൾ ഉണ്ടെന്ന ധാരണയോടെ കൈ നീട്ടി അങ്ങിനെ നിശ്ശബ്ദം നിൽക്കുന്നു. തെല്ലിട നിന്ന് വീണ്ടും മുന്നോട്ട് നീങ്ങുന്നു. കൈ നീട്ടുന്നു. ആ മുഖത്ത് ശാന്തത മാത്രം.

നടന്നു നടന്ന് എനിക്കരികിൽ എത്തവേ ഒരാൾ യതൊരു സങ്കോചവും ഇല്ലാതെ അദ്ദേഹത്തോട് ചോദിച്ചു.
“ജനിക്കുമ്പോഴേ കാണില്ലായിരുന്നോ…?”
ചോദ്യം വേണ്ടായിരുന്നു എന്നു ഞാൻ ചിന്തിക്കുമ്പോഴേക്കും അദ്ദേഹത്തിൽ നിന്നും കാഴ്ച്ചയുള്ള ഉത്തരം വീണു.
“ഞൻ കാണുന്നുണ്ട് സർ.. എന്നാ എന്നെ ഒന്നും കാണുന്നില്ല..”
………..
വെളിച്ചമുള്ള ലോകത്ത് പരസ്പരം കാണാത്ത ആളുകളിൽ ഒരാളായി മാറവേ, പലതവണ സൂക്ഷിച്ചു നോക്കിയിട്ടും വിശ്വാസം വരാതെ, ആ സഹയാത്രികൻ തുടർന്ന് എന്നോട് ഇത്തിരി കോപത്തോടെ ചോദിച്ചു.
“കാണുന്നുണ്ടെങ്കില് പിന്നെന്തിനാ അയാള് തെണ്ടുന്നത്..?”
ഞാൻ നല്ല മൂഡിൽ ആയിരുന്നു.
അതുകൊണ്ട് ഉത്തരം കൊടുത്തു.
“കാഴ്ച്ച ഉണ്ടായിട്ടും നമ്മള് തെണ്ടുന്നില്ലേ.. അത് കണ്ടിട്ടാവും.. ”

സഹയാത്രികന് എന്റെ ഉത്തരം തീരെ രസിച്ചില്ലെന്നു തോന്നുന്നു. പാലക്കാട് ഇറങ്ങുന്നതുവരെ അദ്ദേഹം എന്നെ കാണാത്തപോലെ എന്റടുത്ത് തന്നെ ഇരുന്നു. ഒരു തവണ ഉറക്കം തൂങ്ങി എന്റെ ചുമലിൽ വീഴുകയും ചെയ്തു.

ഉറങ്ങുമ്പോൾ നമ്മളിൽ അത്യാവശ്യം ഉൾക്കാഴ്ച്ച ഉണരും. ഉണരുന്നതോടെ, അത് വീണ്ടും വെളിച്ചത്തിൽ നിന്നും നമ്മൾ അഹങ്കാരത്തിൽ ചാലിച്ച് വേർതിരിച്ചെടുക്കുന്ന ഇരുട്ടിൽ തട്ടി ഉടയുകയും ചെയ്യും..

.