ഒരു ട്രെയിന്‍ യാത്ര

Spread the love

trainഅഹമ്മദാബാദിലുള്ള അങ്കിളിനെയും ആന്റിയെയും സന്ദര്‍ശിച്ചു തിരികെ നാട്ടിലേക്കുള്ള യാത്രയില്‍ ആയിരുന്നു ഞാന്‍. ട്രെയിനില്‍ കൂടെയുള്ളത് എല്ലാം സ്ത്രീകള്‍. ഒന്ന് രണ്ടു സ്‌റെഷനുകള്‍ കഴിഞ്ഞപ്പോള്‍ ഒരു കൊങ്കണി കുടുംബം കൂടി ഞങ്ങളുടെ കമ്പാര്‍ട്ട് മെന്റില്‍ കയറി. അതിലും മുഴുവന്‍ സ്ത്രീകള്‍. കൊങ്കണി കുടുംബത്തില്‍ പ്രായമായ ഒരു സ്ത്രീ, അവരുടെ മകള്‍ എന്ന് തോന്നിക്കുന്ന, ഏകദേശം നാല്പതു വയസ്സ് ഉള്ള ഒരു സ്ത്രീ, അവരുടെ മക്കളായ ഇരട്ടകളായ രണ്ടു യുവതികള്‍. ഇവരെ കൂടാതെ മലയാളിയായ ഒരു ജേര്‍ണലിസ്റ്റ്, അവരുടെ കുട്ടി, പിന്നെ ഞാനും.

നല്ല ഗ്ലാമര്‍ ഉള്ള യുവതികള്‍ ആയതു കൊണ്ട് വല്യ ജാടക്കാര്‍ ആയിരിക്കും എന്ന് കരുതി ആദ്യം അവരോടു അത്ര അടുത്തില്ല. പക്ഷെ അവര്‍ ഇങ്ങോട്ട് വന്നു പരിചയപ്പെട്ടു. കേരളത്തില്‍ നിന്നാണെന്നു പറഞ്ഞപ്പോള്‍ അവര്‍ക്ക് വലിയ ബഹുമാനം. അവരുടെ കൂടെ പഠിച്ച കുറെ മലയാളികളെ പറ്റി സംസാരം തുടങ്ങി. അങ്ങനെ ചുരുങ്ങിയ സമയം കൊണ്ട് ലോകത്തിലുള്ള മിക്ക കാര്യങ്ങളെയും പറ്റി ഞങ്ങള്‍ സംസാരിച്ചു. അങ്ങനെ വളരെ പെട്ടന്ന് ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി.

അങ്ങനെ നല്ല ഒരുദിനം കഴിഞ്ഞു. അടുത്ത ദിവസം ഉച്ചയ്ക്ക് ശേഷം അവര്‍ക്ക് ഇറങ്ങേണ്ട സ്ഥലമാവും.

ഉച്ചയ്ക്ക് ഞങ്ങള്‍ ഭക്ഷണം കഴിക്കുകയായിരുന്നു. ആന്റി പ്രത്യേകമായി പൊതിഞ്ഞു കെട്ടി തന്ന ചോറും ചിക്കന്‍ െ്രെഫയും ആയിരുന്നു എന്റെ ഭക്ഷണം.

ആരോ എന്റെ കാലില്‍ തോന്ടുന്നത് ശ്രദ്ധിച്ചപ്പോള്‍ ആണ് താഴേക്കു നോക്കിയത്. ഏകദേശം പത്തു വയസ്സ് തോന്നിക്കുന്ന ഒരു പയ്യന്‍. ഒരു കാലിനു സ്വാധീനം ഇല്ലാത്തത് കൊണ്ട് അവന്‍ നിലത്തു കൂടി നിരങ്ങിയാണ് നീങ്ങുന്നത്. ഒരു കൈ തന്റെ ഒട്ടിയ വയറില്‍ വച്ചു മറ്റേ കൈ കൊണ്ടാണ് അവന്‍ എന്നെ തോന്ടുന്നത്. എന്തെങ്കിലും തരണേ എന്ന ആംഗ്യത്തില്‍ അവന്‍ എന്റെ നേരെ കൈകള്‍ നീട്ടി.

എന്റെ കയ്യില്‍ നിന്നും ഒന്നും കിട്ടാതെ വന്നപ്പോള്‍ അവന്‍ ആ യുവതികളുടെ നേരെ കൈ നീട്ടി. എന്നാല്‍ അവര്‍ അവനെ ‘ഹട്ട്’ എന്ന് പറഞ്ഞു ആട്ടി ഓടിച്ചു. ഇതെല്ലാം കണ്ടു ആ വല്യമ്മ ഒന്നും മിണ്ടാതെ പുഞ്ചിരിക്കുക മാത്രം ചെയ്തു.

ആ പയ്യന്‍ വീണ്ടും എന്റെ അടുത്തേക്ക് വന്നു. അവന്റെ മുഖത്തു നോക്കിയപ്പോള്‍ തന്നെ ദയ തോന്നി. കണ്ടാലറിയാം എന്തെങ്കിലും കഴിച്ചിട്ടു രണ്ടു ദിവസം ആയിട്ടുണ്ടാവും എന്ന്. അന്ന് രാത്രിയിലാണ് ട്രെയിന്‍ എറണാകുളത്തു എത്തുന്നത്. വൈകിട്ട് കൂടി കഴിക്കാനുള്ള ഭക്ഷണം ഉണ്ട്. അവനു ആ പൊതി കൊടുക്കാനായി ബാഗില്‍ കൈ ഇട്ടു.

പെട്ടന്ന് ആ യുവതികളില്‍ ഒരുവള്‍ എന്നെ തടഞ്ഞു.

Dont give your food to these people. They are begging only for money; and they will through away your food.

ഇവര്‍ പിച്ച എടുക്കുന്നത് പണത്തിനു വേണ്ടി മാത്രമാണത്രേ. ഭക്ഷണം കൊടുത്താല്‍ അവര്‍ അത് പിന്നീട് എറിഞ്ഞു കളയുമെന്ന്

പക്ഷെ ആ പയ്യന്റെ ശരീരവും നോട്ടവും കണ്ടിട്ട് പാവം തോന്നി.

അവനു കൊടുക്കാനായി ഞാന്‍ ആ ഭക്ഷണ പൊതി എടുത്തു.

അവര്‍ വീണ്ടും വീണ്ടും എന്നെ തടഞ്ഞു. ഭിക്ഷക്കാരോട് എന്തോ ദേഷ്യം ഉള്ളത് പോലെ

ഇത് കണ്ടിട്ടും ആ വല്യമ്മച്ചി ചിരിക്കുക മാത്രം ചെയ്തു.

ഞാന്‍ അവരുടെ വാദം വക വയ്ക്കാതെ ആ ഭക്ഷണ പൊതി പയ്യന് കൊടുത്തു

അവന്‍ അതും വാങ്ങി നടന്നു നീങ്ങി.

അവരുടെ വാക്ക് കേള്‍ക്കാത്തത് കൊണ്ട് ചേച്ചിയും അനിയത്തിയും പിന്നെ എന്നോട് മിണ്ടിയില്ല

ഇവര്‍ പറഞ്ഞത് ശരിയാണെങ്കില്‍ ആ ഭക്ഷണ പൊതി പുറത്തേക്ക് എറിഞ്ഞിട്ട് ആ പയ്യന്‍ ഇപ്പോള്‍ അടുത്ത ബോഗിയിലേക്കു പോയിട്ടുണ്ടാവും. പിച്ചക്കാരായ ആളുകളെല്ലാം ഇങ്ങനെയാണത്രേ. ഭക്ഷണമോ മറ്റോ കൊടുത്താല്‍ അത് പിന്നീട് എറിഞ്ഞു കളയും. കാരണം അവര്‍ക്ക് വേണ്ടത് പണം മാത്രമാണ്.

ഞങ്ങള്‍ ഇതെത്ര കണ്ടതാ എന്ന രീതിയില്‍, പറഞ്ഞാല്‍ കേള്‍ക്കാത്ത എന്നെ പറ്റി അവര്‍ എന്തൊക്കെയോ അവരുടെ ഭാഷയില്‍ പിറുപിറുത്തു കൊണ്ടിരുന്നു.

എന്തൊരു സ്വഭാവം ഇത് എന്ന് ഞാന്‍ അന്തിച്ചിരുന്നു.

അങ്ങനെ ആണെങ്കില്‍ അവനു ഭക്ഷണം കൊടുക്കേണ്ടിയിരുന്നില്ല എന്ന് തോന്നി

പക്ഷെ ഭക്ഷണം കഴിഞ്ഞു കൈ കഴുകാനായി പോയ ഞാന്‍ കണ്ടത് മറ്റൊന്നായിരുന്നു. ഞാന്‍ കൊടുത്ത ഭക്ഷണ പൊതിയില്‍ നിന്നും അവനും അവന്റെ സഹോദരങ്ങള്‍ എന്ന് തോന്നിക്കുന്ന നാലോ അഞ്ചോ പ്രായം വരുന്ന രണ്ടു കുട്ടികളും വാരി കഴിക്കുന്നു.

അവന്‍ എന്നെ തല ഉയര്‍ത്തി എന്നെ നോക്കി നന്ദി സൂചകമായ ഒരു ചിരി ചിരിച്ചു..

ആ സമയത്ത് അങ്ങോട്ട്‌ വന്ന ആ വല്യമ്മയും പെണ്‍കുട്ടികളും ഈ രംഗം കണ്ടു. വല്യമ്മ അപ്പോഴും പുഞ്ചിരിക്കുക മാത്രം ചെയ്തു.

തിരികെ കമ്പാര്‍ട്ട്മെന്റില്‍ എത്തിയപ്പോള്‍ ആദ്യമായി വല്യമ്മ  സംസാരിച്ചു.

“ബേട്ടാ, തൂനേ അച്ഛാ കിയാ. ”

നമ്മള്‍ കാണുന്ന എല്ലാ ഭിക്ഷക്കാരും പണം സമ്പാദിക്കാന്‍ വേണ്ടി മാത്രം തെണ്ടുന്നവരല്ല. ഭക്ഷണത്തിനു പോലും വകയില്ലാത്ത ഇവര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ പോലും സമ്മതിക്കാത്ത ആ പെണ്‍കുട്ടികളെ അവര്‍ ശാസിച്ചു.

വൈകുന്നേരം ട്രെയിനില്‍ നിന്നും അവര്‍ ഇറങ്ങുമ്പോള്‍ അവരുടെ പിണക്കമെല്ലാം മാറിയിരുന്നു.

അന്ന് രാത്രിയിലാണ് ട്രെയിന്‍ എറണാകുളത്ത് എത്തുന്നത്. എന്തോ ഒരു പ്രചോദനം കൊണ്ട് വൈകിട്ടത്തെ ഭക്ഷണം കഴിക്കണ്ട എന്ന് തീരുമാനിച്ചു. ഇത് വരെ ഒരു ഭിക്ഷക്കാരനും ഒന്നും കൊടുത്തിട്ടില്ലാത്ത ഞാന്‍ ആദ്യമായാണ്‌ ഭക്ഷണം കൊടുക്കുന്നത്.

ട്രെയിന്റെ ജനാലയിലൂടെ വീശിയടിക്കുന്ന ഇളം കാറ്റില്‍, വെള്ളം മാത്രം കുടിച്ചു വെറുതെ അങ്ങനെ ഇരുന്നപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം.