Share The Article

തലേദിവസം രാത്രി കിടക്കുമ്പോള്‍ പ്രത്യേകിച്ച് പരിപാടികളൊന്നും മനസ്സില്‍ തോന്നാതിരുന്നതുകൊണ്ട് എഴുന്നേല്‍ക്കാന്‍ വൈകി.

പതിവുപോലെ അമ്മയുടെ ചീത്തയും കേട്ട്, ഇടംകയ്യില്‍ അല്‍പ്പം ഉമിക്കരിയുമായി അടുക്കളയില്‍നിന്നും പുറത്തേക്കിറങ്ങിയപ്പോഴാണ് വലത്തേ ഉള്ളം കൈ ശ്രദ്ധിച്ചത്.

കൈരേഖകള്‍ ആകെ മാറിയിരിക്കുന്നു. “ഇതെന്താപ്പോ ഇങ്ങനെ സംഭവിക്കാന്‍?” ആകെപ്പാടെ ആമ്പരപ്പ്‌ തോന്നി.
പി.ഡി.സി. മൂന്നു പ്രാവശ്യമെഴുതി പാസ്സായ ധൈര്യത്തില്‍ ഡിഗ്രിക്ക് ചേര്‍ന്നെങ്കിലും പഠിപ്പ് മുഴുവനാക്കാതെ തെണ്ടിത്തിരിഞ്ഞ് നാട്ടുകാരുടെയും വീട്ടുകാരുടെയും വായിലിരിക്കുന്നത് മുഴുവന്‍ കേട്ട് നടക്കുമ്പോഴും,
ഇടയ്ക്കിടെ കൈനോട്ടക്കാരും, പക്ഷിശാസ്ത്രക്കാരും പറയുന്ന നല്ല വാക്കുകള്‍ മാത്രമായിരുന്നു ആശ്വാസം. ഇരുപത്തിനാലു വയസ്സ് കഴിഞ്ഞാല്‍പ്പിന്നെ നല്ല കാലമാണത്രേ….!!!
പല്ല് തേച്ചു കഴിഞ്ഞ് കൈ കഴുകി തുടച്ച് ഒന്നുകൂടി സൂക്ഷിച്ചു നോക്കി. “ശരിയാണ്. രേഖകള്‍ മുഴുവന്‍ മാറിയിരിക്കുന്നു. ഇന്നലെ കണ്ട കയ്യേ അല്ല ഇത്.”
“രാവിലെ തന്നെ ഇറങ്ങ്വായോ മജിശ്രേട്ട്?” അമ്മ വിളിച്ചു ചോദിച്ചത് കേട്ടില്ല എന്ന ഭാവേന മുണ്ട് മടക്കിയുടുത്ത് വേഗം ഇറങ്ങി നടന്നു.
രണ്ടു ദിവസം പാര്‍ട്ടി സമ്മേളനത്തിന് പോസ്റ്റര്‍ ഒട്ടിച്ച വകയില്‍ കിട്ടിയ നൂറ്റമ്പത്‌ രൂപ പോക്കറ്റില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തി.

ടൌണില്‍ ചെന്ന് ബസ്‌ ഇറങ്ങിയപാടെ കിഴക്കോട്ട് വച്ച്പിടിച്ചു. ആ ഭാഗത്ത്‌ പതിവായി കാണാറുള്ള ഒരു കൈനോട്ടക്കാരന്‍ ഉണ്ടായിരുന്നു.
പക്ഷെ, ഇന്ന് അയാള്‍ ഇരിക്കാറുള്ള പൂമരചോട്ടില്‍ വേറൊരാള്‍… ചെറിയൊരു ഇച്ഛാഭംഗം തോന്നി.

നിന്ന് പരുങ്ങുന്നത് കണ്ടപ്പോള്‍ അവിടെയിരുന്നയാള്‍ വെറ്റിലക്കറ പറ്റിയ ചുണ്ട് മലര്‍ക്കെ തുറന്ന് തന്‍റെ വൃത്തികെട്ട പല്ല് കാണിച്ച് ചിരിച്ചു.
“ഇങ്കെ വന്ന് ഉക്കാറ് തമ്പീ, ഉങ്കേ കയ്യേ പാത്ത് ഭാവി, ഭൂതം എല്ലാമേ സൊല്ലലാം.. പത്തു രൂപ മട്ടും കൊടുത്താ പോതും.”

അയാളുടെ മുന്നില്‍ ചമ്രം പടിഞ്ഞിരുന്നു. പക്ഷെ, ഇരുപത്തിരണ്ടുകാരനായ ഒരു ചെറുപ്പക്കാരനോട് ലോകത്തില്‍ ഏതു കൈനോട്ടക്കാരും പൊതുവായി പറയുന്ന കാര്യങ്ങളേ അയാള്‍ പറഞ്ഞുള്ളൂ.

“പ്രണയ വിവാഹമായിരിക്കും…. വലിയ ശമ്പളത്തില്‍ ജോലി കിട്ടും….. വിദേശ യാത്രാ യോഗമുണ്ട്…. സമീപഭാവിയില്‍ തന്നെ സന്തോഷകരമായ ഒരു വാര്‍ത്ത കേള്‍ക്കും………………………….. എന്നിങ്ങനെ.”

മുമ്പിവിടെ ഇരുന്നയാള്‍ മിടുക്കനായിരുന്നു. അതോര്‍ത്തപ്പോള്‍ പത്തുരൂപ പോയതിനെക്കാള്‍ ഏറെ അയാളെ കാണാനാവാത്തതില്‍ ദുഃഖം തോന്നി. കഴിഞ്ഞയാഴ്ച തന്‍റെ കൈ പിടിച്ച്, ആയുര്‍രേഖ സസൂക്ഷ്മം നിരീക്ഷിച്ച അയാള്‍ പറഞ്ഞു: ” തമ്പീ, ഒരു വാര്‍ത്ത സൊന്നാല്‍ കോപിക്ക കൂടാത്.

ഉങ്കള്‍ക്ക് ആയുസ്സ് കൊഞ്ചം കമ്മി. ഒറു അമ്പത്തഞ്ച് അറുപത് വയസ്സ്. അതുക്ക് മേല്‍ റൊമ്പ കഷ്ടം.” എന്നിട്ട് അയാള്‍ സ്വന്തം ആയുര്‍രേഖ കാണിച്ചു.
“ഇങ്കെ പാര്, എന്നുടെ ആയുസ്സ്‌ കണ്ടിപ്പാ തൊണ്ണൂറുക്ക് മീതെ. അതുക്ക് മുന്നാടി ഇടിവെട്ടിയാലും സാവമുടിയാത്.”

ഒരുവിധം കൈനോട്ടക്കാരൊന്നും ഇത്തരം മോശം കാര്യങ്ങളൊന്നും പറയില്ല. അതയാള്‍ പ്രത്യേകം എടുത്തു പറയുകയും ചെയ്തു.
മറ്റുള്ളവര്‍ കേള്‍വിക്കാരെ സുഖിപ്പിക്കാനായി എന്തെങ്കിലുമൊക്കെ പറയും. കൂടുതല്‍ കാശ് കിട്ടുമല്ലോ……

ഇപ്പോള്‍ മുന്നിലിരിക്കുന്നയാളും വ്യത്യസ്തനല്ല….

“എന്ന തമ്പീ യൂസിക്കിറത്?” ആലോചന നീണ്ടു പോയപ്പോള്‍ അയാള്‍ തിരക്കി.
“അണ്ണാ, ഇവിടെ കഴിഞ്ഞയാഴ്ച മറ്റൊരാള്‍ ഉണ്ടായിരുന്നല്ലോ?, പത്തു നാല്‍പ്പത്തഞ്ചു വയസ്സുള്ള, മെലിഞ്ഞ, താടി നീട്ടിയ”
“ഓ, പരമശിവമാ…” അയാളുടെ മുഖത്ത് മ്ലാനത പടര്‍ന്നു. “അന്തയാള്‍ പോയ വാരം വണ്ടി മുട്ടി സത്ത് പോയാച്ച്.”

തിരികെ നടക്കുമ്പോള്‍ ചിന്തിച്ചു, ഇരുപത്തിനാലുവയസ്സ് വരെ കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ല, ഉടനെ ഒരു ജോലിയന്വേഷിക്കണം….

Advertisements