ദുരുപയോഗ സാധ്യതയുള്ള സുപ്രീം കോടതി ഉത്തരവ്

38

തെരഞ്ഞെടുപ്പുകളില്‍ ജാതി, മതം, വംശം എന്നിവയുടെ പേരിൽ വോട്ടു പിടിക്കരുതെന്നും സമുദായത്തിന്റേയോ ഭാഷയുടേയോ പേരിൽ പ്രചാരണം പാടില്ലെന്നും നിർദേശിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി ഒട്ടേറെ സംശയങ്ങള്‍ക്കും പ്രത്യാഘാതങ്ങള്‍ക്കും ഇടവരുത്തുന്നതാണ്.

പട്ടികജാതി, പട്ടിക വര്‍ഗ്ഗക്കാരുടെയും മുസ്ലിം ന്യുനപക്ഷങ്ങളുടെയും സംവരണമടക്കമുള്ള ആവശ്യങ്ങള്‍ മുന്നില്‍ വച്ച് ഏതെങ്കിലും മതസംഘടനയോ മതപണ്ഡിതനോ സമുദായ നേതാവോ ബൂത്ത്‌ ഏജന്റോ നടത്തുന്ന വോട്ടഭ്യര്ഥന സ്ഥാനാര്ഥിയുടെ തെരഞ്ഞെടുപ്പ് അസാധുവാകാനും ക്രിമിനല്‍ കേസെടുക്കുവാനും കാരണമാകുമെന്നതാണ് ഭരണഘടന ബെഞ്ചിന്റെ വിധി വ്യക്തമാക്കുന്നത്.

അതോടൊപ്പം ഹിന്ദുത്വത്തിന്റെ പേരില്‍ വോട്ട് ചോദിക്കുന്നതില്‍ ജനപ്രാതിനിധ്യ നിയമത്തിന്റെ 123 വകുപ്പ് പ്രകാരം തെറ്റൊന്നുമില്ലെന്നും ഹിന്ദു, ഹിന്ദുത്വ, ഹിന്ദുയിസം എന്നീ പദങ്ങള്ക്ക് സംക്ഷിപ്തമായ അര്ത്ഥം നല്കാനാകില്ലെന്നും രാജ്യത്തിലെ ജനങ്ങളുടെ ജീവിത രീതിയാണ് ഹിന്ദുത്വമെന്നുമുള്ള ഏതാനും സുപ്രീംകോടതി ജഡ്ജിമാരുടെ വിലയിരുത്തല്‍ സംഘപരിവാര്‍ ശക്തികള്‍ക്ക്  മതത്തിന്റെ പേരില്‍ കൂടുതല്‍ ധ്രുവീകരണം നടത്താന്‍ നിയമപരിരക്ഷ കിട്ടുകയും ചെയ്യുന്നു.

എന്നാല്‍ ഹിന്ദുത്വം ഒരു ജീവിത രീതിയാണെന്ന് വാദിക്കുകയും ഈ വിധിയെ സ്വാഗതം ചെയ്യുകയും ചെയ്യുന്നവര്‍ വിവിധ അപേക്ഷഫോറങ്ങളിലും മറ്റും സാധാരണ ചോദിക്കാറുള്ള മതമേതെന്ന കോളത്തില്‍  എന്താണ് എഴുതി ചേര്ക്കുക?. ഹിന്ദു എന്നെഴുതുന്നത് സുപ്രീംകോടതിയുടെ നിരീക്ഷണത്തിന്‍റെ വൈരുദ്ധ്യമായി മാറില്ലേ എന്നതും ഓര്‍ക്കേണ്ടതുണ്ട്.

Write Your Valuable Comments Below