Share The Article

അച്ഛന്റെ നിർബന്ധത്തിനു വഴങ്ങിയാണ് രാമേട്ടന്റെ കടയിൽ തന്നെ പോകാമെന്ന് അവൻതീരുമാനിച്ചത്. കല്യാണത്തിന് വേണ്ട വീട്ടു സാധനങ്ങളും പച്ചക്കറികളും രാമേട്ടന്റെ കടയിൽ നിന്നും വാങ്ങിയാൽ മതി എന്നാണ് അച്ഛന്റെ തീരുമാനം. രാമേട്ടന്റെ കടയിലിപ്പോൾ കച്ചവടം കുറവാണ്, അത് കൊണ്ട് നമ്മളൊക്കെ വേണം അദ്ദേഹത്തെ സഹായിക്കാൻ എന്നാണ് അച്ഛന്റെ നിലപാട്. പഴയ കാലം ഒരിക്കലും മറക്കരുത്….എന്ന അമ്മയുടെ ഉപദേശവും.

നാലിലോ അഞ്ചിലോ പഠിക്കുമ്പോഴാണ് അവൻ അച്ഛനോടൊപ്പം സ്ഥിരമായി കടയിൽ പോയിത്തുടങ്ങിയത്. സാധനങ്ങളുടെ നീണ്ട ലിസ്റ്റുമായി, തുണി സഞ്ചികളും ചുരുട്ടിപ്പിടിച്ച് അച്ഛനു പിറകേ അവൻ കടയിലേക്ക് നടക്കും…..

രാമേട്ടന്റെ കടയിൽ കയറുന്നതിനു മുൻപായി അവന് അച്ഛൻ അഞ്ചുറുപ്പിക നൽകും, അപ്പുറത്തെ കുമാരേട്ടന്റെ ചായക്കടയിൽ കയറാനായിരുന്നു അത്. കുമാരേട്ടന്റെ കടയിൽ കയറി ചൂടു പൊറോട്ടയും മുട്ടക്കറിയും ആസ്വദിച്ചു കഴിക്കും. ചില്ലുകൂട്ടിനുള്ളിൽ അടുക്കി വച്ചിരിക്കുന്ന പഴംപൊരിയും, ബോണ്ടയുമൊക്കെ
നോക്കി കൊതിയിറക്കും.

രാമേട്ടന്റെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങുന്ന തിരക്കിലായിരിക്കും ഈ സമയം അച്ഛൻ. പൊറോട്ട കഴിച്ചതിനു ശേഷം അവനും അങ്ങോട്ട് നീങ്ങും. ചില്ലുകൂട്ടിനുള്ളിൽ സ്വർണ്ണനിറത്തിൽ തിളങ്ങുന്ന ഫൈവ്സ്റ്റാറും മറ്റ് മിട്ടായികളുമൊക്കെ അവനെ നോക്കി കണ്ണിറുക്കുന്നുണ്ടാവും.

രാമേട്ടന്റെ കയ്യിലുള്ള പറ്റുപുസ്തകത്തിൽ സാധനങ്ങൾ വാങ്ങിയ തീയ്യതികളും, കണക്കുകളും കൃത്യമായി രേഖപ്പെടുത്തിയിരുന്നു. അച്ഛന്റെ കയ്യിലുമുണ്ടായിരുന്നു ഒരു പറ്റുപുസ്തകം, കണക്കുകൾ ഒത്തു നോക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. പറ്റുപുസ്തകത്തിലെഴുതി വീട്ടിലേക്കു മടങ്ങുമ്പോൾ, വഴിയിലുള്ള നാണുവേട്ടന്റെ
പെട്ടിക്കടയിൽ നിന്നും അച്ഛൻ അവന് ഉപ്പിലിട്ട നെല്ലിക്ക വാങ്ങി കൊടുക്കും. നെല്ലിക്കയും നുണഞ്ഞ് സഞ്ചി നിറയെ സാധനങ്ങളുമായി അവൻ അച്ഛനോടൊപ്പം വീട്ടിലേക്കു നടക്കും.

ആറാം ക്ളാസിലെത്തിയതോടെ അവൻ തനിയെ രാമേട്ടന്റെ കടയിലേക്ക് പോകുവാൻ തുടങ്ങി. സ്കൂളിൽ നിന്നും വന്നതിനു ശേഷം, കൂട്ടുകാരുമൊത്ത് ക്രിക്കറ്റ് കളിയ്ക്കാൻ ഇറങ്ങുമ്പോഴായിരിക്കും അടുക്കളയിൽ നിന്നും അമ്മയുടെ വിളി. കടയിൽ പോവാതിരിക്കാൻ എന്തൊക്കെ അടവുകൾ പയറ്റിയാലും അതൊന്നും വിലപ്പോവില്ല. മനസ്സില്ലാമനസ്സോടെ സഞ്ചിയുമെടുത്ത് അവൻ രാമേട്ടന്റെ കടയിലേക്കു തിരിക്കും.

അപ്പപ്പോൾ പണം കൊടുത്ത് സാധനങ്ങൾ വാങ്ങുന്നവരെയായിരുന്നു രാമേട്ടന് പ്രിയം. ചിലർ ഒന്നോ രണ്ടോ സാധനങ്ങൾ വാങ്ങി പണവും കൊടുത്തു പോകുമ്പോൾ അവൻ ആശ്വസിയ്ക്കും. അടുത്തതായി തന്റെ സാധനങ്ങൾ കിട്ടുമെന്ന് പ്രതീക്ഷിക്കും, പക്ഷേ അത് ഉണ്ടാകാറില്ല. അപ്പോഴായിരിക്കും നാട്ടിലെ ഏതെങ്കിലും പ്രമാണിമാർ കടയിലേക്ക് വരുന്നത്. രാമേട്ടൻ അവർക്കു നൽകുന്ന വരവേൽപ്പ് കാണുമ്പോൾ അവന്റെ കുഞ്ഞ് ഹൃദയമൊന്ന് പിടയ്ക്കും.

ഒടുവിൽ കടയിലെ തിരക്കൊക്കെയൊഴിഞ്ഞു വരുമ്പോഴായിരിക്കും അവന് സാധനങ്ങൾ കിട്ടുക. അപ്പോഴേക്കും നേരം ഇരുട്ടിയിട്ടുണ്ടാകും. സഞ്ചിയിൽ സാധനങ്ങളും തൂക്കി ഇരുട്ടത്തു വീടിനടുത്തുള്ള ഇടവഴിയിലൂടെ നടന്നു വരുമ്പോൾ പേടി കൊണ്ട് സകല ദൈവങ്ങളേയും വിളിക്കും.

കാലങ്ങൾ കടന്നു പോയെങ്കിലും വീട്ടിലെ സാമ്പത്തിക സ്ഥിതിയിൽ വലിയ പുരോഗതിയൊന്നും ഉണ്ടായില്ല. ചില മാസങ്ങളിൽ രാമേട്ടന്റെ കടയിലെ പണം കൊടുത്തു തീർക്കാൻ അച്ഛൻ നന്നേ ബുദ്ധിമുട്ടും. അവന്റെ അവസ്ഥ പഴയതു പോലെ തന്നെ. രാമേട്ടന്റെ കടയിൽ സാധനങ്ങൾ കിട്ടാൻ പല്ലിറുക്കി മണിക്കൂറുകൾ കാത്തു നിൽക്കും.

ഒമ്പതാം ക്ളാസ്സിലെ ഓണാവധിക്കു കലാസമിതിക്കാരുടെ വക സ്കൂളിൽ പൂക്കള മത്സരമുണ്ടായിരുന്നു. അത്യാവശ്യം നന്നായി വരയ്ക്കുമായിരുന്ന അവനായിരുന്നു കളം വരയ്ക്കാനുള്ള ചുമതല. ഓർക്കാപുറത്തായിരുന്നു അന്ന് രാവിലെ അമ്മാവനും കുടുംബവും വീട്ടിലേക്കെത്തിയത് . വീട്ടിലാണെങ്കിൽ അത്യാവശ്യ സാധനങ്ങളൊന്നുമില്ല. പ്രതീക്ഷിച്ച പോലെ അമ്മയുടെ വിളി വന്നു കടയിലേക്ക് ചെല്ലാൻ.

അവധിക്കാലമായതിനാൽ കടയിലന്ന് നാട്ടിലെ പ്രമാണിമാരുടെ ഒഴുക്കായിരുന്നു. സാധനങ്ങൾ കിട്ടാനുള്ള അവരുടെ മത്സരത്തിനിടയിൽ അവനെയാരും ഗൗനിച്ചതേയില്ല.രാമേട്ടനോടും കടയോടുമുള്ള അവന്റെ അമർഷം അതിന്റെ പാരമ്യത്തിലെത്തിയ നിമിഷം ആരോടും ഒന്നും പറയാതെ സർവ്വ ദൈവങ്ങളെയും വിളിച്ച്, രാമേട്ടന്റെ കട കത്തി ചാമ്പലാവണമേ… എന്ന് മനസ്സുരുകി ശപിച്ചുകൊണ്ട് അവൻ വീട്ടിലേക്കു തിരിച്ചു നടന്നു.

അന്നത്തെ സംഭവത്തിന് ശേഷം ഇന്നാണ് രാമേട്ടന്റെ കടയിലേക്കുള്ള അവന്റെ മടക്കയാത്ര. എഞ്ചിനീയറിംഗ് പാസായി, നല്ലൊരു ജോലി നേടിയതിനു ശേഷം, വീട്ടിലെ സാമ്പത്തിക സ്ഥിതിയൊക്കെ ഏറെ മെച്ചപ്പെട്ടു. ഇന്നിപ്പോ അവന്റെയച്ഛൻ രാമേട്ടന്റെ കടയിൽ നിന്നും പറ്റുപുസ്തകത്തിലെഴുതി സാധനങ്ങൾ വാങ്ങാറില്ല. കടയിൽ ചെല്ലുമ്പോൾ, ഇപ്പോൾ രാമേട്ടൻ നൽകുന്ന വരവേൽപ്പ് കണ്ട് അച്ഛൻ തന്നെ അന്ധാളിച്ചു പോയിട്ടുണ്ടത്രെ !

രാമേട്ടനുള്ള കല്യാണക്കുറിയെടുത്ത്, തന്റെ ബൈക്കിന്റെ പിറകിൽ അച്ഛനെയുമിരുത്തി അവൻ രാമേട്ടന്റെ കടയിലേക്ക് തിരിച്ചു. കടയിൽ വലിയ തിരക്കൊന്നും കാണുന്നില്ല. രാമേട്ടന്റെ ശരീരമൊക്കെ അല്പം ക്ഷീണിച്ചിട്ടുമുണ്ട്.

” എന്ത് പറ്റി രാമേട്ടാ..കുറച്ചു ക്ഷീണിച്ചിട്ടുണ്ടല്ലോ ..” അവൻ രാമേട്ടനോട് ചോദിച്ചു. രാമേട്ടൻ മറുപടിയൊന്നും പറഞ്ഞില്ല.

” കുടിക്കാൻ തണുത്തതെടുക്കട്ടെ ..? ” രാമേട്ടൻ ചോദിച്ചു.

” വേണ്ട രാമേട്ടാ , കുടിക്കാനൊന്നും വേണ്ട… കടയിൽ തിരക്കൊന്നും കാണുന്നില്ലല്ലോ…എന്തു പറ്റി ? ” .

” പുതിയ കടകളൊക്കെ വന്നില്ലേ… ഇന്നിപ്പോ കുറച്ചു മാസപറ്റുകാരല്ലാതെ മറ്റാരും ഇങ്ങോട്ട് വരാറില്ല.” രാമേട്ടൻ പറഞ്ഞു നിർത്തി.

അവൻ തന്റെ കല്യാണക്കുറി രാമേട്ടന് നൽകി.

” രാമേട്ടൻ കല്യാണത്തിന് തീർച്ചയായും വരണം, പച്ചക്കറിയും സാധനങ്ങളുമൊക്കെ നേരത്തേയെത്തിക്കുകയും വേണം. പണം അച്ഛൻ തരും ”

രാമേട്ടന് ഒരു പുഞ്ചിരി തൂകി കൊണ്ട് ഉപ്പിലിട്ട നെല്ലിക്ക വാങ്ങാൻ അവൻ അച്ഛനോടൊപ്പം നാണുവേട്ടന്റെ പെട്ടിക്കടയിലേക്കു നടന്നു.

  • 6
    Shares