മോനിഷ നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് ഇരുപത്തഞ്ച് വര്‍ഷം തികയുന്നു

മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി, മഞ്ഞക്കുറി മുണ്ടും ചുറ്റി വന്ന് നമ്മുടെയെല്ലാം മനസ്സില്‍ ഒരായിരം നഖക്ഷതങ്ങള്‍ തീര്‍ത്തു മോനിഷ ഉണ്ണി നമ്മോട് വിട പറഞ്ഞിട്ട് ഇന്നേക്ക് ഇരുപത്തഞ്ച് വര്‍ഷം തികയുന്നു. താന്‍ മലയാളിക്ക് സമ്മാനിച്ചത് വെറും 6 വര്‍ഷത്തെ അഭിനയ ജീവിതം ആണെങ്കിലും മലയാളി എന്നെന്നും ഓര്‍ക്കുന്ന നാമമാണ് മോനിഷ. 25 വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ 1992 ഡിസംബര്‍ അഞ്ചിനു ‘ചെപ്പടിവിദ്യ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നതിനിടയില്‍ മോനിഷയും അമ്മ ശ്രീദേവി ഉണ്ണിയും സഞ്ചരിച്ചിരുന്ന കാര്‍ ആലപ്പുഴയ്ക്കടുത്തുള്ള ചേര്‍ത്തല എക്സറേ കവലയില്‍ വച്ചു മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലായിരുന്നു മലയാളി ഹൃദയങ്ങളില്‍ കൂര്‍ത്ത നഖക്ഷതങ്ങളേല്‍പ്പിച്ച് മരണം ക്ലൈമാക്സ് ആയി മോനിഷയെ തേടിയെത്തിയത്. അന്ന് പിടഞ്ഞത് സിനിമയെ സ്നേഹിക്കുന്ന മലയാളി ഹൃദയങ്ങള്‍ ആയിരുന്നു. ഇരുപതു വര്‍ഷത്തിനിപ്പുറവും മോനിഷ ഒരു വേദനയായി തന്നെ മലയാളികളുടെ മനസിലുണ്ട്.

അന്ന് മോനിഷ ദേവസന്നിധിയിലേക്ക് പോയപ്പോള്‍ മലയാളത്തിന് നഷ്ടമായത് അഭിനയത്തിന്റെ ഒരുവസന്തകാലമായിരുന്നു. കാറപകടത്തിലൂടെ തന്നെ തേടിയെത്തിയ മരണമെന്ന ചെപ്പടിവിദ്യകൊണ്ടും മായ്ക്കാനാവാത്ത ഓര്‍മകളായി മോനിഷ ഇന്നും മലയാളി മനസില്‍ ജീവിക്കുന്നു.

1971ല്‍ ആലപ്പുഴയിലാണ് മോനിഷയുടെ ജനനം. അച്ഛന്‍ ഉണ്ണിക്ക് ബാംഗൂരില്‍ തുകല്‍ ബിസിനസ് ആയിരുന്നതിനാല്‍ മോനിഷയുടെ ബാല്യം ബാംഗൂരിലായിരുന്നു. അമ്മ ശ്രീദേവി നര്‍ത്തകിയും. തന്റെ പഠനവും ബാന്ഗ്ലൂരില്‍ ആണ് മോനിഷ പൂര്‍ത്തിയാക്കിയത്. ചെറുപ്പത്തില്‍ തന്നെ നൃത്ത കലയില്‍ അതീവ പ്രാവീണ്യം നേടിയ ഈ കൊച്ചു സുന്ദരി ഒന്‍പതാമത്തെ വയസ്സില്‍ ആദ്യമായി പബ്ലിക്‌ പെര്‍ഫോമന്‍സ് നടത്തി. 1985ല്‍ കര്‍ണാടക ഗവണ്‍മെന്റ് ഭരതനാട്യ നര്‍ത്തകര്‍ക്കായി നല്‍കുന്ന ‘കൌശിക അവാര്‍ഡ്’ മോനിഷയ്ക്കു ലഭിച്ചിരുന്നു.

പഠിക്കാനും മിടുക്കി ആയിരുന്ന മോനിഷ സൈക്കോളജിയില്‍ ബിരുദം നേടിയിട്ടുണ്ട്. അതിനിടക്കാണ് സിനിമയില്‍ അവസരം ലഭിക്കുന്നത്. ആ ഒരു  അവസരം കിട്ടിയത് കുടുംബ സുഹൃത്തായ എം ടി വാസുദേവന്‍ നായരിലൂടെയാണ്. ആദ്യ ചിത്രമാകട്ടെ ത്രികോണ പ്രണയത്തിന്റെ കഥപറഞ്ഞ് മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരം വരെ മോനിഷക്ക് നേടി കൊടുത്ത നഖക്ഷതങ്ങളും. തന്റെ പതിനഞ്ചാം വയസ്സിലാണ് മോനിഷ ഈ സിനിമയില്‍ അഭിനയിച്ചു ദേശീയ അവാര്‍ഡ്‌ നേടിയത് എന്നോര്‍ക്കണം. അതിനു ശേഷം പെരുന്തച്ചന്‍, കടവ്, കമലദളം, ചമ്പക്കുളം തച്ചന്‍, കുടുംബസമേതം തുടങ്ങിയ ചിത്രങ്ങളിലും മോനിഷയുടെ അഭിനയമികവ് മലയാളം കണ്ടറിഞ്ഞു. മലയാളത്തിന് പുറമേ 2 തമിഴ് ചിത്രങ്ങളിലും ഒരു കന്നഡ ചിത്രത്തിലും മലയാളത്തിന്റെ ഈ ദുഃഖ പുത്രി അഭിനയിച്ചിട്ടുണ്ട്. ‘പൂക്കള്‍ വിടും ഇതള്‍’ (നഖക്ഷത്രങ്ങളുടെ റീമേക്ക്), ‘ദ്രാവിഡന്‍’ തുടങ്ങിയവയായിരുന്നു തമിഴ് ചിത്രങ്ങള്‍ . രാഘവേന്ദ്ര രാജ്കുമാര്‍ നായകനായി അഭിനയിച്ച ‘ചിരംജീവി സുധാകര്‍’ (1988) ആണ് കന്നഡ ചിത്രം.

SHARE