Share The Article

ഷഹീറ നസീര്‍

തണുപ്പിന്റെ മേലങ്കി ആര്‍ദ്രമായ ഭൂമിക്കുമേല്‍ സര്‍വാധിപത്യം സ്ഥാപിച്ച ഡിസംബറിലെ ഒരു കുളിരാര്‍ന്ന രാത്രിയിലാണ് അയാള്‍ അവറ്റകളെ ര്‍റൂമില്‍ കൊണ്ടുവന്നത്. കളിക്കാനുള്ള സാഹചര്യങ്ങള്‍ കുറവായതുകൊണ്ട് മക്കള്‍ക്ക് അതൊരു വലിയ ആശ്വാസമായിരുന്നു. നിരയൊത്ത കമ്പികള്‍ നീണ്ടും കുറുകിയും പാകിയ നീളന്‍ പല്ലക്ക് പോലെ തോന്നിച്ച ഒരു കൂട്ടിലാണ് ഇണകളെന്നു തോന്നിയ കുഞ്ഞിക്കുരുവികളുടെ താമസം. അവളതിനെ അടയ്ക്കാകുരുവികളെന്നു വിളിച്ചു.

മക്കളുടെ അസാന്നിധ്യത്തില്‍ സാകൂതം നോക്കിക്കണ്ടു. നാട്ടിലൊക്കെ പകല്‍ വെളിച്ചത്തില്‍ ഈ കുസൃതികള്‍ പണെ!്ടാക്കെ അവളുടെ തലയ്ക്കുമീതെ ശരവേഗത്തില്‍ പറന്നുവന്നിട്ടുണ്ട്. ചെമ്പകക്കൊമ്പിലിരുന്ന് നിറയെ പൂമ്പൊടിയുണ്ട് ഉച്ചത്തില്‍ കലപില കൂട്ടി കൂട്ടംചേര്‍ന്ന് വയലിറമ്പിലേക്കും, അവയുടെ അതിരുകളിലേക്കും പറന്നു പോയിട്ടുണ്ട് അവ. ഒരടയ്ക്കാ വലിപ്പത്തില്‍ കണ്ണിന് പിടിതരാതെ മറ്റുള്ളവര്‍ക്കൊപ്പം മത്സരിച്ച് ചിറകടിച്ച് അനന്തത്തയിലേക്ക് ഊളിയിട്ടിട്ടു#!്. ഇളം മഞ്ഞയും തവിട്ടും കലര്‍ന്ന തുന്നിച്ചേര്‍ത്ത പട്ട് പോലെയുള്ള കുപ്പായം കണ്ണിനാനന്ദകരാമാംവിധം വിടര്‍ത്തി അവളെ കൊതിപ്പിച്ചിട്ടുണ്ട്.

ഇവിടെ ഇന്നിപ്പോള്‍ തണുപ്പിന്റെ അതിരുകവിഞ്ഞ കൈകടത്തല്‍ അവറ്റകളെ കൂടുതല്‍ സമയവും കൂടിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ തിരുകിയ നീളന്‍ റൂള്‍ത്തടിമേല്‍ പരസ്പരം ചിറകുരുമ്മി നേരം കഴിച്ചുകൂട്ടാനാണ് തോന്നിച്ചതു. അവയ്ക്കായ് വിളമ്പിവച്ച തിനകള്‍ കാഷ്ഠം വീണ് കുതിര്‍ത്തും കമ്പികളില്‍ തവിട്ട് ചുണ്ടുകളാല്‍ പ്രതിഷേധത്തിന്റെ ആഘാതങ്ങള്‍ ഏല്‍പ്പിച്ചും അവര്‍ രക്ഷയുടെ പഴുതുകള്‍ക്കായ് ചിറകിട്ടടിച്ചു. നീളന്‍ തൂവലുകള്‍ കോര്‍ത്തെടുത്ത കൂര്‍ത്തുനീണ്ട പിന്‍?!ാഗത്തുള്ള ഒരു കിളി, അവന്‍ ഇടയ്‌ക്കൊക്കെ പൗരുഷത്തിന്റെ ആധിപത്യം ഇണയുടെമേല്‍ സ്വാതന്ത്ര്യത്തോടെ അടിച്ചേല്‍പ്പിച്ചിരുന്നു. അവന്‍ തന്റെ ഇണയായ അവളോട് വലിയ ശകാരമെന്നോണം എന്തെല്ലാമോ ഉച്ചത്തില്‍ കലപില കൂട്ടുകയും അവളാകട്ടെ അടുക്കളയില്‍ ജന്മം തുലച്ച തറവാടിയായ വീട്ടമ്മയെ പോലെ നില്‍ക്കുമ്പോള്‍ അവനെന്തെല്ലാമായിരിക്കും ശകാരരൂപേണ അവളോട് ചോദിച്ചിട്ടുണ്ടാവുക? വലയിലകപ്പെട്ട ആ കറുത്ത ദിവസത്തെ കുറിച്ചാകുമോ അവനിങ്ങനെ അവളോട് ചോദ്യങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തി വിസ്തരിക്കുന്നത്?
ആണ്‍കിളി: നീ കാരണം ഞാനും ഇതിനകത്തായി. നിന്റെ അതിര് കവിഞ്ഞ ആഗ്രഹങ്ങള്‍. കൂട്ടിനകത്തെ ഇളം ചൂടിനെക്കാള്‍ നിനക്കിഷ്ടം പുറത്ത് മരക്കൊമ്പിലെ കടും തണുപ്പില്‍ മുട്ടിയിരുമ്മി ഇരിക്കാനായി രുന്നു.

പെണ്‍കിളി: ശരിയാണ്, ഞാന്‍ സമ്മതിക്കുന്നു ചങ്ങാതീ. എങ്കിലും പെണ്ണായ എന്റെ അതിര് കടന്ന ആഗ്രഹങ്ങള്‍ക്ക് മേല്‍ അങ്ങേയ്ക്ക് കടിഞ്ഞാണിടാമായിരുന്നുവല്ലോ. വലയുമായി പൈന്തുടര്‍ന്ന ആ തസ്‌കരനെ അങ്ങല്ല ആദ്യം കണ്ടത്? അങ്ങ് തന്നെയല്ലേ ആദ്യമാ കുരുക്കില്‍ വീണതും. എന്നിട്ടിപ്പോ?..
ആണ്‍കിളി : ശരിയായിരിക്കാം. തീരുമാനമെടുക്കാന്‍ പലപ്പോഴും ഞാന്‍ പലയിടത്തും വൈകിപ്പോയിട്ടുണ്ട്. ഒരു പെണ്ണായ നിന്റെ വാക്ക് കാമാന്ധനായ എന്നെ തീരുമാനങ്ങളില്‍ നിന്നും അകലെയെത്തിച്ചിട്ടുണ്ട്.

നമ്മുടെ മക്കള്‍, അവരുടെ അവസ്ഥ? ഈ കൊടുംതണുപ്പില്‍ അവരെങ്ങനെ പിടിച്ചുനില്‍ക്കും ? ?
നിന്നെ കരയിപ്പിക്കാന്‍ വേണ്ടിയല്ല പെണ്ണേ ? അവളുറക്കെ നിലവിളിച്ചുകൊണ്ട് കമ്പികളില്‍ മുഖമമര്‍ത്തി എന്തൊക്കെയോ അവനോട് പരിതപിക്കുന്നുണ്ട്. കുറെ നേരത്തെ നിശബ്ദതയ്ക്കു ശേഷം അവര്‍ വീണ്ടും റൂള്‍ത്തടിയിലേക്ക് പറന്നിരുന്ന് ശരീരത്തോട് ഒട്ടിനിന്ന തൂവലുകള്‍ മുള്ളുപോലെ വിടര്‍ത്തി തണുപ്പിനെ അതിജീവിക്കുംവിധം ചേര്‍ന്നിരുന്നു.

ഇന്നലെ ഉച്ച കഴിഞ്ഞ നേരം മുതല്‍ രണ്ടുപേരും കൂടിന്റെ രണ്ടറ്റത്തായി കണ്ണടച്ച് ഉള്ളുറങ്ങാതെ ചിന്തിച്ചു കൂട്ടുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും കൂട്ടിലെ പരി?വങ്ങള്‍ക്കും പരസ്പരമുള്ള പഴിചാരലുകള്‍ക്കും മാറ്റം വന്നതും ഇണകളായ അവര്‍ അപരിചിതരെപ്പോലെ രണ്ടറ്റത്തും സ്ഥാനം പിടിച്ചതും അവള്‍ വേദനയോടെ കണ്ടുനിന്നു. ഇടയ്‌ക്കെപ്പോഴെങ്കിലും മരവിച്ച വിശപ്പിലേക്ക് വറുത്തെ കൊത്തിനിവര്‍ന്ന തിനയുടെ വിത്തുകള്‍ തീര്‍ത്തും തിരിഞ്ഞുനോക്കാതെയായി.
അവളും വെറുതെ പഴയ ചെമ്പകപ്പടര്‍പ്പിനെയും കലപില കൂട്ടുന്ന അടയ്ക്കാക്കുരുവികളെയും പിന്നീട് സദാ സ്വപ്നം കണ്ടു. ഫ്‌ലാറ്റിലെ വായു കടക്കാത്ത കിടപ്പുമുറിയില്‍ അവ അവളുടെ മനസ്സിന്റെ ശിഖിരങ്ങളില്‍ പറന്നുകയറിയും ചിറകിട്ടടിച്ചും കുതൂഹലം കാട്ടി. പിന്നെ അതിവേഗത്തില്‍ പറന്നു പോവുകയും അസ്ത്രവേഗത്തില്‍ തിരികെ വന്ന് വീണ്ടും പഴയപടി തിരിഞ്ഞു പറക്കുകയും ചെയ്തു.
ഉറക്കം വരാത്ത തണുത്ത രാത്രികളില്‍, മൂടിക്കിടന്ന കനത്ത പുതപ്പിനുള്ളില്‍ ശ്വാസം കിട്ടാതെ പിടയുന്ന മറ്റൊരു അടയ്ക്കാ കുരുവിയായി അവള്‍ ദിവസങ്ങള്‍ കഴിച്ചുകൂട്ടി.

മക്കളുടെ വാശിപിടിച്ച ആവശ്യങ്ങളിലേക്കോ കൊഞ്ചലുകളിലേക്കോ എന്തുകൊണ്ടോ അവളുടെ ചിന്തയുടെ വൃക്ഷച്ചില്ലകള്‍ മുഖം തിരിഞ്ഞു നിന്നു. മഴ നിറഞ്ഞേന്തിയ നനഞ്ഞ പകലുകളിലൊന്നില്‍ പണ്ട് പേരമരക്കൊമ്പില്‍ കുളിര്‍ത്ത് വിറച്ച് ഒറ്റപ്പെട്ടുപോയ അടയ്ക്കാക്കുരുവിക്ക് അവളുടെ മുഖമായി രുന്നു.

തനിച്ചായി ആ പകളില്‍ തറവാട്ടിലെ അകത്തളത്തിലെവിടെയോ, ആരുടെയോ കനത്ത കരങ്ങള്‍ അവളുടെ നിലവിളിയെ ചേര്‍ത്തമര്‍ത്തിയതും അജ്ഞാതമായ ഒരായിരം അനു?!ൂതികള്‍ നിശ്ചലമായ അവളില്‍ നിന്നും പറിച്ചെടുത്തതും അവശേഷിക്കുന്ന വിങ്ങുന്ന വേദനയാകുമ്പോള്‍ അവള്‍ അയാളിലേക്ക് മുഖമൊളിപ്പിച്ച് ഇരുട്ടിലേക്ക് ആരുടെയോ നനഞ്ഞ കാല്‍പ്പെരുമാറ്റങ്ങള്‍ക്കായി, പേടിയോടെ ഉണര്‍ന്ന് കാതോര്‍ത്ത് കിടന്നു.
ദിവസങ്ങള്‍ കഴിയവേ തണുപ്പിന്റെ താണ്ഡവം മലമുകളില്‍ നിന്നും കനത്ത പാളികളായി വീണു തുടങ്ങുകയും തൂവെള്ള ഹിമസാന്ദ്രിമയില്‍ നഗരം വിറങ്ങലിച്ചുണരുകയും ചെയ്തു. അയാള്‍ പുലര്‍ച്ചേ നിറഞ്ഞ തണുപ്പില്‍ ഓഫീസിലേക്ക് പോവുകയും കുഞ്ഞുങ്ങള്‍ മൂടിക്കെട്ടിയ മഴക്കോട്ടിനുള്ളില്‍ ഈറന്‍ മനസ്സോടെ, തുറക്കാന്‍ മടിക്കുന്ന കണ്ണുകള്‍ വലിച്ചുണര്‍ത്തി സ്‌കൂളിലേക്ക് യാത്രയാവുകയും ചെയ്യവേ വീണ്ടും അവളൊറ്റക്കാവുകയും ഇളം കൂട്ടിലേക്ക് മനക്കണ്ണുകള്‍ തുറന്നുവെക്കുകയും ചെയ്തു.

ഏതെങ്കിലും പുസ്തകത്താളിലേക്ക് മനസ്സിനെ മൂടിവെയ്ക്കാന്‍ ശ്രമിച്ചുവേങ്കിലും വായനയിലുടനീളം മഞ്ഞയും തവിട്ടും നിറമുള്ള കുഞ്ഞിപ്പക്ഷികള്‍ അക്ഷരക്കൂട്ടില്‍ നിന്നും പറന്നിറങ്ങി വായനയെ തടസ്സപ്പെടുത്തുംവിധം അവളെ ആക്രമിച്ചുകൊണ്ടേയിരുന്നു. അതുമല്ലെങ്കില്‍ നനഞ്ഞ പേരമരക്കൊമ്പിലിരുന്ന് അവറ്റകള്‍ പഴുത്ത് സ്വര്‍ണ്ണനിറം പൂണ്ട പേരക്കകള്‍ വാശിയോടെ കൊത്തിവിഴുങ്ങുകയും തൂവലുകളില്‍ പറ്റിയിരുന്ന വെള്ളത്തുള്ളികള്‍ കുടഞ്ഞെറിഞ്ഞ് ആകാശക്കപ്പലിലേക്ക് മുങ്ങാംകുഴിയിടുകയും ചെയ്തു. അപ്പോഴൊക്കെ തൊണ്ടയില്‍ കുരുങ്ങിപ്പോയ അവളുടെ നിലവിളി ദൂരെയെവിടെയോ ചെന്ന് പ്രതിധ്വനിക്കുകയും അവസാനിക്കാത്ത മാറ്റൊലികള്‍ മനസ്സില്‍ വന്ന് നിറഞ്ഞ് ?യത്തിന്റെ മുള്‍മുനയില്‍ തറഞ്ഞിരുന്ന ഒരു മനസ്സിന്റെ ആകുലതകള്‍ അവളെ വന്ന് അകാരണമായി മൂടുകയും ചെയ്തു.

രാത്രിയില്‍ ഉറക്കത്തിലേക്ക് മനസ്സ് വീഴാതിരിക്കുമ്പോള്‍ അവള്‍ അയാളോട് ചേര്‍ന്നുകിടന്നു. എന്തുപറ്റി?, കുറെ ദിവസങ്ങളായി ഞാന്‍ ശ്രദ്ധിക്കുന്നു. നിനക്ക് വല്ലാത്തൊരു സങ്കടം, സുഖമില്ലേ?കുഞ്ഞിനെയെന്ന പോലെ അയാള്‍ അവളെ നെഞ്ചോട് ചേര്‍ത്ത് നെറ്റിയില്‍ ഉമ്മവച്ചു. അവളപ്പോള്‍ നിറഞ്ഞ കണ്ണുകള്‍ തുടക്കുകയും സങ്കടം വന്നുമൂടിയ തൊണ്ടയില്‍ നിന്നും നിറഞ്ഞ വേദനയോടെ ഇങ്ങനെ പറയുകയും ചെയ്തു. ? എനിക്ക് വല്ലാത്ത ഭയമാകുന്നു. നമുക്കവറ്റകളെ തുറന്നു വിട്ടാലോ. എനിക്കെന്തോ സഹിക്കാനാകുന്നില്ല. മനസ്സ് നുറുങ്ങിപ്പോകുന്ന പോലെ? തുടര്‍ന്നവള്‍ ഏങ്ങിയേങ്ങിക്കരയുകയും അയാളുടെ നെഞ്ചിലേക്ക് മുഖമമര്‍ത്തി സുരക്ഷിതത്വത്തിന്റെ സുദൃഢതയിലേക്കെന്ന പോലെ അയാളെ ഗാഢമായി ചേര്‍ത്തു പിടിക്കുകയും ചെയ്തു.

?എന്താണിങ്ങനെ സങ്കടപ്പെടുന്നത്. നിനക്കിഷ്ടമില്ലെങ്കില്‍ വേണ്ടല്ലോ.. അതിനിങ്ങനെ കരയണോ പൊന്നേ.. ദാ ഇപ്പോ തന്നെ നമുക്കതിനെ തുറന്ന് വിട്ടാലോ?. അയാളവളുടെ നീണ്ടമുടിയിഴകളില്‍ മെല്ലേ തലോടി. ശേഷം അയാള്‍ മുറിവിട്ട് പോവുകയും പുറത്തെ പരന്ന ഇരുട്ടിലേക്ക് ചിറകടിച്ചുയര്‍ന്ന അടയ്ക്കാക്കുരുവികളുടെ ചിറകടിയൊച്ച അകത്ത് അവളെ പതിയെ ഉറക്കത്തിലേക്ക് ഉന്തിവിടുകയും ചെയ്തു. അപ്പോഴേക്കും പുറത്ത് കട്ട പിടിച്ച ഇരുളിനു മേല്‍ ഒരു വന്‍ മഴയുടെ കേളികൊട്ട് പോലെ കാറ്റും തണുപ്പും ചങ്ങല പൊട്ടിച്ചു.

ടീം ബൂലോകം. നിങ്ങള്‍ക്കും എഴുതാം, Boolokam.com - ല്‍. നിങ്ങളുടെ ബ്ലോഗിങ്ങ് അഭിരുചി പുറം ലോകം കാണട്ടെ.