Share The Article

Adv P Gavas എഴുതുന്നു 

വക്കീലായി കോഴിക്കോട്ടെ കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചതിന്റെ ആദ്യ ദിവസങ്ങളിലാണ് സി.ജെ.എം കോടതിയിൽ നിന്ന് ഒരു കമ്മീഷൻ ചേർത്ത് കിട്ടിയത്,
ബത്തയായി കൈയിൽ വന്ന നാലക്ക സംഖ്യ തന്ന സന്തോഷം ചെറുതല്ല, പറഞ്ഞുറപ്പിച്ച തിയ്യതിയിൽ പരാതിക്കാരായ ന്യൂ ജനറേഷൻ ബാങ്കിന്റെ പ്രതിനിധിയേയും കൂട്ടി ‘അറ്റാച്ച് ‘ ചെയ്യാൻ പ്രതിയുടെ വീട്ടിലേക്ക്, കോടതി ഉത്തരവിന്റയും കൂടെ വന്ന പോലീസുകാരന്റെയും ബലത്തിൽ സംസാരത്തിലും അൽപ്പം കടുപ്പം കൂട്ടി, പണമിന്നടച്ചിച്ചേൽ വീട് ഞങ്ങള് പൂട്ടുമെന്ന, പഠിച്ചുറപ്പിച്ച് പറയാൻ വന്നത് മുഴുമിപ്പിക്കാൻ എനിക്കായില്ല..

അകത്ത് നിന്നൊരു തേങ്ങൽ, അത് അവിടുത്തെ അമ്മയാണ്,
വരാന്തയിൽ നിസ്സഹായനി നിന്ന അച്ചൻ വന്ന് കൈ പിടിച്ചു, ‘സാറെ, പറ്റാത്തോണ്ട, ഞാൻ കുറേ ശ്രമിച്ചു. മോൾക്ക് സുഖമില്ലാത്തോണ്ട, അവള് കിടപ്പാ, ഒന്ന് സഹായിക്കണം.കോടതി നിശ്ചയിച്ചയച്ച ഉത്തരവാദിത്വത്തിന്റെ കാഠിന്യത്തിനുമപ്പുറത്ത്
മനസ്സ് പൊള്ളിക്കുന്ന
ജീവിത യാഥാർത്ഥ്യത്തിന്റെ നേർക്കാഴ്ച്ച എന്നിലെ സാമൂഹ്യ പ്രവർത്തകനെ വല്ലാതെ ഉലച്ചു.
വരേണ്ടിയിരുന്നില്ല, പലവട്ടം മനസ്സത് ആവർത്തിച്ചു. ബേങ്ക് ഉദ്യോഗസ്ഥരുടെ മുന്നിൽ വീണ്ടുമൊരു അവധി എന്ന ഫോർമുല സമ്മതിപ്പിക്കുമ്പോൾ ആ വീട്ടിലെ താൽക്കാലികാശ്വാസത്തിന്റെ തെളിച്ചം കണ്ട് മടങ്ങുമ്പോളാണ്, കൂടെ വന്ന അഡ്വ.ലിവിൻസും Adv P Lyvins ലാൽ കിഷോറും Lalkishore Lalkishore
കോടതി ഉത്തരവിന്റെ ബലത്തിൽ ഒഴിപ്പിക്കലുകൾക്ക് കാരണമാകുന്ന
സർഫാസി എന്ന കാടൻ നിയമത്തിന്റെ ഉള്ളറിവുകൾ പങ്കുവെച്ചത്. വയനാട്ടിലെ കർഷ അത്മഹത്യകളുടെ പശ്ചാത്തലത്തിൽ പ്രിയ സുഹൃത്ത് എ.കെ.ശ്രീജിത്ത്
AK Sreejith മാതൃഭൂമിയിൽ എഴുതിയ പഠന റിപ്പോർട്ട് വായിച്ചത്, അതുവഴി പിന്നീട്
സർഫാസിയെ കുറിച്ച് കൂടുതൽ പഠിച്ചത്.

സെക്യൂരിറ്റൈസേഷൻ ആൻഡ് റീകൺസ്ട്രക്ഷൻ ഓഫ് ഫിനാൻഷ്യൽ അസ്സെറ്റ്സ് ആൻഡ് എൻഫോഴ്സ്മെന്റ് ഓഫ് സെക്യൂരിറ്റീസ് ഇന്ററസ്റ്റ് ആക്ട് എന്നതിന്റെ ചുരുക്കപ്പേരാണ് സർ‌ഫാസി(SARFAESI) Securitisation and Reconstruction of Financial Assets and Enforcement of Security Interest Act.

2002 ൽ വാജ്പേയ് സർക്കാരിന്റെ കാലത്താണ് മാനുഷീക മുഖം ഒട്ടുമില്ലാത്ത ഈ കരിനിയമം ഇന്ത്യയിൽ പ്രാബല്യത്തിൽ വന്നത്. അടുത്ത കാലത്താണ് രാജ്യത്തെ വിശിഷ്യാ കേരളത്തിലെ കാർഷിക മേഖലയെ, പൊതുജനജീവിതത്തെ സാരമായി ബാധിക്കുന്ന കരിനിയമം സമുഹത്തിന്റെ ഉറക്കം കെടുത്താൻ തുടങ്ങിയത്. വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാൽ ധനകാര്യ സ്ഥാപനങ്ങൾക്ക് നേരിട്ട് ജപ്തി നടപടികൾ നടത്താനുള്ള അധികാരം കൊടുക്കുന്ന നിയമമാണിത്.
വായ്പയുടെ തിരിച്ചടവ് മുടങ്ങിയാൽ, പ്രസ്തുത അക്കൗണ്ട് നോൺ പെർഫോമിങ് അസറ്റ് ആയി പ്രഖ്യാപിക്കാൻ ബാങ്കിന് സാധിക്കുന്നു. വായ്പ തിരിച്ചടക്കുന്നതിൽ മൂന്നു ഗഡുക്കൾ തുടർച്ചയായി വീഴ്ചവരുത്തിയാൽ ഈടായി നൽകിയ വസ്തു ബാങ്കിന് നേരിട്ടു പിടിച്ചെടുക്കാനും വിൽക്കാനും നിയമം അധികാരം നൽകുന്നു. നിശ്ചിത നോട്ടീസ് സമയപരിധിയിൽ കുടിശ്ശികസംഖ്യ പൂർണമായി തിരിച്ചടയ്ക്കാൻ സാധിച്ചില്ലെങ്കിൽ ബാങ്കിന് ജപ്തി നടപടികൾ സ്വീകരിക്കാം. ഒരു ലക്ഷത്തിൽ താഴെയുള്ള, വസ്​തുഈട് നൽകാത്ത വായ്പക്കു മാത്രമാണ് നിയമം ബാധകമല്ലാത്തത്.

യാഥാർത്ഥത്തിൽ ,
കുത്തകമൂലധനത്തിന് ലാഭകരമായ വിപണി തുറക്കുകയാണ് നിയമം ചെയ്യുന്നത്. നിയമം ശക്തമാണെങ്കിലും കോർപ്പറേറ്റുകളുടെ കിട്ടാക്കടങ്ങളിലേക്ക് സർഫാസിയുടെ കൈകൾ ഇതുവരെ നീങ്ങിത്തുടങ്ങിയിട്ടില്ല. എന്നത് ഈ നിയമത്തോളുള്ള പ്രമുഖ ബാങ്കുകളുടെ ഇരട്ടത്താപ്പും വ്യക്തമാക്കുന്നുണ്ട്. ഇപ്പോൾ പാവപ്പെട്ട കർഷകരും സാധാരണക്കാരും മാത്രമാണ് ഇതിന്റെ ഇരകൾ. കേരളത്തിൽ പതിനായിരക്കണക്കിനാളുകളാണ് സർഫാസി നിയമപ്രകാരം കുടിയിറക്കുഭീഷണി നേരിടുന്നത്. കേന്ദ്രനിയമമായതിനാൽ ഇക്കാര്യത്തിലിടപെടാൻ സംസ്ഥാന സർക്കാരിനും നടപ്പാക്കാതിരിക്കാൻ സഹകരണബാങ്കുകൾ ഉൾപ്പെടെയുള്ള ബാങ്കുകൾക്കും പരിമിതികളേറെയാണ്. എന്നാൽ കേരളം നേരിട്ട മഹാപ്രളയത്തിന്റെ കൂടി ഭാഗമായി സംസ്ഥാന സർക്കാർ കർഷിക കടങ്ങൾക്ക് ഏർപ്പെടുത്തിയ മെറോട്ടോറിയം നിലനിൽക്കുമ്പോൾ ബാങ്കു കൾ നടപടികളുമായി മുന്നോട്ട് പോകുനതും അംഗീകരിക്കാനാവില്ല.

കോടതികൾക്ക് ഓരോ ദിവസവും കെട്ടു കണക്കിന് വരുന്ന ബാങ്ക് പരാതികളിൽ നിയമത്തിന് അനുസൃതമായ തീരുമാനങ്ങളെടുക്കുക, അഭിഭാഷകർക്ക് കോടതി ഉത്തരവുകൾ പാലിക്കുക എന്നതും മാത്രമേ കരണീയമായുള്ളു. ഇവിടെ നിസ്സഹായരാവുന്നത് നിരാംലബരായ കർഷകരും സാധാരണക്കാരുമാണ്.

അതിനാൽ നിയമത്തിൽ ജനങ്ങൾക്കനുകൂലമായ ഭേദഗതികൾ വരുത്തണമെന്നാവശ്യപ്പെട്ട് സമ്മർദം ചെലുത്താൻ സംസ്ഥാനസർക്കാരും ജനപ്രതിനിധികളും തയ്യാറാവേണ്ടതുണ്ട്.

അന്ധവിശ്വാസങ്ങൾ പുരോഗമന കേരളത്തിന് നാണക്കേടായി ഇപ്പോഴും നില നിൽക്കുന്നുവെന്ന് നമ്മോട് വിളിച്ച് പറഞ്ഞ , നെയ്യാറ്റിൻകരയിലെ അമ്മയുടേയും മകളുടേയും മരണകാരണത്തിലുണ്ടായ വഴിത്തിരിവ് നിലനിൽക്കുമ്പോൾ തന്നെ പറയട്ടേ, അതിശക്തമായ പ്രതികരണങ്ങൾ ഉയർന്നില്ലെങ്കിൽ, വരാനിരിക്കുന്ന കേന്ദ്ര സർക്കാർ തിരുത്തലുകൾക്ക് തയ്യാറായില്ലെങ്കിൽ സർഫാസി എന്ന കരിനിയമത്തിന് കേരളം നൽകേണ്ടിവരുന്ന വില ചെറുതാവില്ല.

===============

ടീം ബൂലോകം. നിങ്ങള്‍ക്കും എഴുതാം, Boolokam.com - ല്‍. നിങ്ങളുടെ ബ്ലോഗിങ്ങ് അഭിരുചി പുറം ലോകം കാണട്ടെ.