Share The Article

കാനറാ ബാങ്കിൽ നിന്നും വായ്പയെടുത്തത് തിരിച്ചടയ്ക്കാൻ സാധിക്കാത്തതിനാൽ ബാങ്കുകാർ ജപ്തിനടപടികളുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചതിനെ തുടർന്ന് അമ്മയും മകളും തീകൊളുത്തി മരിച്ചു. മാരായമുട്ടം മലയില്‍ക്കട സ്വദേശിയും ബിരുദ വിദ്യാര്‍ഥിനിയുമായ വൈഷ്ണവി(19), അമ്മ ലേഖ(40) എന്നിവരാണു മരിച്ചത്. 90% പൊള്ളലേറ്റിരുന്ന അമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലായിരുന്നു മകൾക്കും അത്യാഹിതം സംഭവിച്ചത്. മകൾ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചിരുന്നു. മരപ്പണിക്കാരനാണ് ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍. ജപ്തിനടപടികൾ നീട്ടിവയ്ക്കാൻ നാട്ടുകാരുടേതുൾപ്പെടെയുള്ള അഭ്യർത്ഥനകൾ ഒന്നും ബാങ്കുകാർ ചെവിക്കൊണ്ടിരുന്നില്ല. നിർഭാഗ്യകരമായ ഈ സാഹചര്യത്തിൽ ശ്രീജിത്ത് പെരുമനയുടെ ഈ കുറിപ്പിന് പ്രസക്തിയുണ്ട്.

Adv. Sreejith Perumana എഴുതുന്നു

ബാങ്ക് അധികൃതർ നരഹത്യക്ക് മറുപടിപറയേണ്ടിയിരിക്കുന്നു.അറ്റമില്ലാത്ത സംഖ്യകളുടെ ലോണുകളുമായി മുങ്ങിയ നീരവ് മോദിമാരും, പ്രിവിലേജ്ഡ് മല്യമാരും ബാങ്കുകൾക്കും, ഭരണകൂടത്തിനും നേരെ തിരിഞ്ഞുനിന്ന് ഉടുതുണി പൊക്കിക്കാണിച്ച്‌ ആഡംബര ജീവിതം നയിക്കുമ്പോൾ ജീവിക്കാനും, പഠിക്കാനും, കൃഷി ചെയ്യാനുമൊക്കെ ലോണെടുത്ത സാധാരണക്കാരെ ഭീഷണിപ്പെടുത്തിയും, ക്വട്ടേഷൻ ഗുണ്ടകളെ ഏർപ്പെടുത്തി ഭയപ്പെടുത്തിയും, ജപ്തിയിലൂടെ വഴിയാധാരമാക്കിയും ബാങ്കുകൾ നടത്തുന്ന തേർവാഴ്ചകൾ അടിയന്തരമായി അവസാനിപ്പിക്കണം

Sreejith Perumana
Sreejith Perumana

നെയ്യാറ്റിൻക്കരയിലുണ്ടായ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും, അപലപനീയവുമാണ്. ലോൺ തിരിച്ചടവിനുള്ള സാഹചര്യങ്ങൾ ഒരുക്കുന്നതിന് പകരം ജപ്തിയുമായി മുന്നോട്ടുപോകുകയും, ഒരുകുടുംബത്തെ തന്നെ ഭയപ്പാടിലാക്കുകയും ചെയ്ത ബാങ്ക് അധികൃതർ നരഹത്യക്ക് മറുപടിപറയേണ്ടിയിരിക്കുന്നു.

പ്രത്യേക അറിയിപ്പ്: കേരളത്തിൽ അങ്ങോളമിങ്ങോളം ഇത്തരം ലോണെടുത്തുള്ള ഭീഷണികളും, ഭയപ്പാടുമായി കഴിയുന്നവർ, ആത്മഹത്യയെക്കുറിച്ചു ചിന്തിക്കുന്നവർ, നിസ്സഹായ അവസ്ഥയിൽ പകച്ചു നിൽക്കുന്നവർ, ബാങ്കുകളുടെ ഭീഷണികൾ നേരിടുന്നവർ തുടങ്ങി ജീവിതം വഴിമുട്ടിയവർക്ക് എന്നാൽ കഴിയുന്ന സൗജന്യ നിയമസഹായം വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ എല്ലാവിധ പിന്തുണയുമുണ്ടാകും. നിങ്ങളാരും ഒറ്റയ്ക്കല്ല. എല്ലാം അവസാനിച്ചു എന്ന തോന്നാലുണ്ടാകുന്ന ഏതു നിമിഷവും രാപ്പകൽ വ്യത്യാസമില്ലാതെ സഹായത്തിന് വിളിക്കാവുന്നതാണ്.

നഷ്ട്ടദുഖത്താലും, അപമാനഭാരത്താലും, ഒരുനിമിഷംകൊണ്ട് അഗ്നിക്കിരയായ ആ ഡിഗ്രി വിദ്യാർത്ഥിനിയുടെ ഓർമ്മകൾ വല്ലാതെ വേട്ടയാടുന്നു.

ടീം ബൂലോകം. നിങ്ങള്‍ക്കും എഴുതാം, Boolokam.com - ല്‍. നിങ്ങളുടെ ബ്ലോഗിങ്ങ് അഭിരുചി പുറം ലോകം കാണട്ടെ.