പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകര്‍ക്ക് ചില മാര്‍ഗ്ഗോപദേശങ്ങള്‍

Spread the love

ലേഖനം എഴുതിയത് ഇ.എ.സജിം തട്ടത്തുമല

(നിങ്ങള്‍ ഒരു നല്ല അദ്ധ്യാപകന്‍/ അദ്ധ്യാപിക ആകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ മാത്രം പാലിച്ചാല്‍ മതി).

1. എല്ലാം തികഞ്ഞവരാണ് തങ്ങളെന്ന മട്ടിലുള്ള ആ മസില്‍ ആദ്യം തന്നെ അങ്ങ് വിടുക.
2. എല്ലാ ദിവസവും പത്രം വായിക്കുക. പ്രത്യേകിച്ചും വനിതാ അദ്ധ്യാപകര്‍ ( രവിലെ പത്രമെടുത്ത് ഭര്‍ത്താവിന്റെ തലയ്ക്കു മീതെ വലിച്ചെറിയരുത്). ടി വി വാര്‍ത്തകള്‍ കാണുക.
3.പാഠ പുസ്തകങ്ങള്‍ നന്നായി വായിച്ചിട്ടു മാത്രം ക്ലാസ്സില്‍ വരിക
4. നിങ്ങള്‍ പഠിപ്പിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ഉതകുന്ന ആനുകാലികങ്ങളും പുസ്തകങ്ങളും വായിക്കുക
5. എപ്പോഴും പഠനം മാര്‍ക്ക് എന്നിവയെക്കുറിച്ച് മാത്രം പറയാതെ കുട്ടികളുടെ സര്‍ഗ്ഗാതമതകള്‍ കൂടി കണ്ടെത്തി പുറത്തെടുക്കുക. അത്തരം കാര്യങ്ങള്‍ രക്ഷകര്‍ത്താക്കളുമായി കൂടി ചര്‍ച്ച ചെയ്യുക
6. സമ്പന്ന കുടുംബങ്ങങ്ങളില്‍ നിന്നു വരുന്നവരെയും സൗന്ദര്യമുള്ള കുട്ടികളെയും മാത്രം ശ്രദ്ധിക്കാതെ എല്ലാ കുട്ടികളെയും ഒരുപോലെ കാണുക.
7. പഠിക്കാന്‍ മോശമായ കുട്ടികളെ ഒരിക്കലും താഴ്ത്തിക്കെട്ടി പറഞ്ഞ് അവരുടെ ആത്മ വിശ്വാസം കെടുത്താതിരിക്കുക.
പ്രോജക്ടും അസൈന്‍മെന്റുകളും ഒക്കെ കൊടുക്കുമ്പോള്‍ അത് കുട്ടികള്‍ നെറ്റില്‍ നിന്നു മാത്രം കോപ്പി പേസ്റ്റ് ചെയ്യാതെ ആ വര്‍ക്കുകള്‍ ചെയ്യാന്‍ അവരെ കൂടെ നിന്ന് സഹായിക്കുക.(ഇത്തരം ഉത്തരവാദിത്വങ്ങള്‍ പാരല കോളേജ് അദ്ധ്യാപകരുടെ മാത്രം ചുമലില്‍ കെട്ടിവയ്ക്കാതിരിക്കുക)
8. അക്ഷരത്തെറ്റില്ലാതെ ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നിവ എഴുതുന്നതിന് കുട്ടികളെ പ്രാപ്തരാക്കുക.
9. നല്ല വായനയെ പ്രോത്സാഹിപ്പിക്കാന്‍ നല്ല പുസ്തകങ്ങള്‍ സംഘടിപ്പിച്ച് കുട്ടികള്‍ക്ക് നല്‍കുക. അതെ പറ്റി ക്ലാസ്സില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കുക
10. അദ്ധ്യാപക പരിശീലന പരിപാടികളോടുള്ള നിഷേധാത്മക സമീപനം ഉപേക്ഷിക്കുക.
11. നിങ്ങളുടെ കുട്ടികളെ പൊതു വിദ്യാലയങ്ങളില്‍ തന്നെ പഠിപ്പിച്ച് മാതൃകയാകുക.
12. ലളിതമായ വേഷം, സൗമ്യമായ പെരുമാറ്റം എന്നിവയിലൂടെ കുട്ടികള്‍ക്ക് മാതൃകയാകുക.
13. സ്‌കൂളിലെ കുട്ടികളുടെ രക്ഷകര്‍ത്താക്കളുമായും നാട്ടുകാരുമായും കുടുംബാംഗങ്ങളോടെന്ന പോലെ ബന്ധം സ്ഥാപിക്കുക
14. സ്‌കൂളിലെ യുവജനോത്സവം മറ്റ് പൊതു പരിപാടികള്‍ എന്നിവ ഏതാനും അദ്ധ്യാപകരുടെ മാത്രം ബാദ്ധ്യതയായി കണ്ട് ഒഴിഞ്ഞു നില്ക്കുകയോ പരിപാടി നടക്കവെ നേരത്തെ വീട്ടില്‍ പോകുകയോ ആ ദിവസങ്ങളില്‍ വാരാതെ വീട്ടിലിരിക്കുകയോ ചെയ്യാതിരിക്കുക
15. വരുമാനത്തില്‍ ഒരു ചെറു വിഹിതം സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനോ പാവപ്പെട്ട കുട്ടികള്‍ക്ക് അത്യാവശ്യം സഹയങ്ങല്‍ക്കോ ചെലവാക്കുക
16. മുഖം നോക്കി സി ഇ മാര്‍ക്ക് നല്‍കാതിരിക്കുക.
17. നൂലില്‍ പിടിച്ച് കുട്ടികള്‍ക്ക് മാര്‍ക്കിടാതിരിക്കുക. കുട്ടികള്‍ ജയിക്കണം എന്ന മനോഭാവത്തോടെ ഉത്തര കടലാസുകള്‍ നോക്കണം. അല്ലാതെ വിദ്യാര്‍ത്ഥികളെ യുദ്ധകാലത്തെ ശത്രുരാജ്യത്തെ പോലെ കാണരുത്.
18.ഇന്റര്‍നെറ്റ് സാധ്യതകളെ വിദ്യാഭ്യാസത്തിനും നല്ല കാര്യങ്ങള്‍ക്കുമായി എങ്ങനെ പ്രയോജനപെടുത്താമെന്ന് കുട്ടികളെയും രക്ഷകര്‍ത്താക്കളെയും പഠിപ്പിക്കുക.
19. പ്രൊജക്ടറും മറ്റുമുള്ള സ്മാര്‍ട്ട് ക്ലാസ്സുകള്‍ ആയില്ലെങ്കില്‍ ലാപ് ടോപ്പിന്റെ സഹായത്താലെങ്കിലും കുട്ടികള്‍ക്ക് വിഷ്വല്‍സും നല്ല ക്ലാസ്സുകളും ഒക്കെ കാണിച്ചു കൊടുക്കുക.
20. വല്ലപ്പോഴും കുട്ടികളുമായി പുറത്തിറങ്ങി നാട്ടിലും വീടുകളിലുമൊക്കെ പോയി പരിസര പഠനം നടത്തി സമൂഹത്തെയും പരിസ്ഥിതിയെയും അറിയാന്‍ കുട്ടികള്‍ക്ക് അവസരമൊരുക്കുക
21. തെറ്റുകള്‍ ചെയ്യുന്ന കുട്ടികളെ സ്‌നേഹം കൊണ്ട് കീഴ്‌പ്പെടുത്തി നേര്‍ മാര്‍ഗ്ഗത്തിലേയ്ക്ക് നയിക്കുക
22. ചെറിയ തെറ്റുകള്‍ ചെയ്യുന്ന കുട്ടികളെ കൊടും കുറ്റവാളികളെ കാണുന്നതുപോലെ കാണാതിരിക്കുക.
23. സ്വന്തം കുട്ടികളെ വല്ലപ്പോഴും സ്‌കൂളില്‍ കൊണ്ടു വന്ന് അവിടുത്തെ കുട്ടികളുമായി ഇടപഴുകാന്‍ അവസരം നല്‍കുക. അദ്ധ്യപകന്‍/ അദ്ധ്യാപിക നമ്മുടെ കുടുംബാംഗത്തെ പോലെയാണെന്ന് ബോധം കുട്ടികളില്‍ സൃഷ്ടിക്കുക
24. കുട്ടികളുടെ കുടുംബത്തില്‍ ഉണ്ടാകുന്ന ദു;ഖങ്ങളിലും സന്തോഷങ്ങളിലും പങ്കെടുക്കുക
25. സമ്പന്നരെന്നോ ദരിദ്രരെന്നോ മേല്‍ ജാതി കീഴ്ജാതിയെന്നോ ഉള്ള ചിന്ത കുട്ടികളില്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക
26. അദ്ധ്യാപകര്‍ കുട്ടികളുടെ മുന്നില്‍ വച്ച് ലഹരി വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുക
27. ബിവറേജസിന്റെ ക്യൂവിലോ ബാറുകളിലോ വച്ച് രക്ഷകര്‍ത്താക്കളോ കുട്ടികളോ അദ്ധ്യാപകരെ കാണാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക.
27. അദ്ധ്യപികമാര്‍ ഫാഷന്‍ ഷോയുമായി സ്‌കൂളി വരാതെ മാന്യമായതും ലളിതവുമായ വസ്ത്രവും ധരിച്ച് സ്‌കൂളില്‍ എത്തുക.
28. കുട്ടികളെ പോലെ അദ്ധ്യപകരും യൂണിഫോം ധരിച്ചെത്തുന്നത് നല്ലതായിരിക്കും
29. അനാവശ്യമായ ആഡംബരങ്ങളും പൊങ്ങച്ചങ്ങളും അദ്ധ്യാപകരുടെ വ്യക്തിജീവിതത്തില്‍ നിന്ന് ഒഴിവാക്കുക
30. അദ്ധ്യാപകരും കുട്ടികളും തമ്മില്‍ അടിമ ഉടമ ബന്ധമല്ല വേണ്ടത്. സുഹൃത്തുക്കളെ പോലെ പെരുമാറണം. എന്നാല്‍ കുട്ടികള്‍ക്ക് അദ്ധ്യാപകരോടുള്ള ബഹുമാനത്തിന് ഒട്ടും കുറവു വരികയുമരുത്.

(ഇത് മുഴുവന്‍ ഏതെങ്കിലും അദ്ധ്യാപകര്‍ വായിക്കുമെന്നോ പാലിക്കുമെന്നോ വിശ്വസിക്കാന്‍ മാത്രം വിഢിയൊന്നുമല്ല ഞാന്‍; എന്റെ അക്ഷരവ്യായാമം. അത്രതന്നെ!)

Advertisements