Share The Article
Indu Menon

എനിക്കില്ലാത്തതും എന്‍റെയല്ലാത്തതുമായ കളിപ്പാട്ടത്തെ എന്‍റെയെന്ന് കൊതിയോടെ നോക്കുന്നത്, സ്പര്‍ശിക്കുന്നത് ഒക്കെ ഒരുതരം നിസ്സഹായതയോടെയാണു. ആകാശത്തിലോ ഭൂമിയിലോ വായുവിലോ ജീവിച്ചവളല്ല ഞാനെന്ന് തോന്നിയ നിമിഷങ്ങള്‍. മരിച്ച് പോവട്ടെ ഈ നിമിഷം എന്ന് കഠിനവ്യഥയോടെ പ്രാര്‍ത്ഥിച്ച നിമിഷം. എനിക്ക് ഭ്രാന്ത് വരുന്നു. ഭ്രാന്തിന്‍റെ തുരുമ്പിച്ച കുരിശ് എന്നില്‍ മുറിവ് പൊട്ടിച്ച് ഏറുന്നു.കടന്നെല്ലുകള്‍ പാറുന്ന തലച്ചോറ്. പൂവുകള്‍ക്ക് പകരം മുള്ളുപൂക്കുന്ന മെനിഞ്ചസ്സ് പാളികളില്‍ എനിക്ക് വഴുതുന്ന ഓര്‍മ്മകള്‍ . എനിക്ക് പൊട്ടിത്തെറിക്കുന്ന പോലെ തോന്നുന്നു… ഒരു ജലജീവിയെ കുടന്ന വായുവില്ലാതെ കരക്കിടീച്ച പോലെ ആകെയൊരു പിടപിടപ്പാണു.ഭ്രാന്തുള്ളപ്പോള്‍ ജോലി ചെയ്യാന്‍ പറ്റുന്നില്ല. എഴുതാന്‍ പറ്റിന്നില്ല. മറ്റു മനുഷ്യരെ നോക്കാന്‍ പറ്റുന്നില്ല എന്‍റെത് എന്താണു? എന്ത് തരം ഗതികേടാണിതെന്ന് ആത്മാവ് ഉഴറീനോക്കുന്നു. ഹ്രിദയമാകട്ടെ ആഴത്തില്‍ പിളര്‍ന്നു കിടക്കുന്ന ഒരുമരണ മുറിവിനെ ഓര്‍മ്മിപ്പിക്കും.
എന്ത് തരം ഗതികേടാണിത്…
എന്ത് തരം ഗതികേടാണിത്…
എന്ത് തരം ഗതികേടാണിത്…
എനിക്ക് എന്‍റെ ഭ്രാന്തുകളില്‍ മരിച്ചാല്‍ മതി.ഒരു ചങ്ങലയുടെ തുരുമ്പിനോടിഴുകി, ഇരുട്ടറയുടെ ഗര്‍ഭപാത്രത്തണുപ്പില്‍ മരവിച്ച കണ്ണുകളെ ഇരുമ്പഴി പരുപരുപ്പിലൂടെ വേച്ച് വേച്ച് മോര്‍ച്ചറി തണുപ്പിലേക്ക് ഞാന്‍ നടന്ന് പോകും.പൂച്ചക്കാല്‍ നടത്തവുമായ് നഗ്നമായ കാലടികളോടെ നടന്നുപോകും…. .അര്‍ത്ഥരഹിതമായ ജീവത്ദിവസങ്ങളേക്കാള്‍ ആഹ്ലാദകരമാണത്.

കാലം തെറ്റിയാണു എന്‍റെ പിറവി. അതും ഗതികേട്ട പെണ്പിറവി. തൊണ്ട എരിഞ്ഞ് ചങ്കെരിനഞ്ഞ് കണ്ണീര്‍ മൂടിപ്പൊത്തി കണ്ണ്‍ നിസ്സഹായമായി നീറി ആഹ്ലാദമനുഭവിച്ച നിമിഷങ്ങള്‍ക്കപ്പുറം പ്രപഞ്ചത്തിന്‍റെ മുഴുവന്‍ നിലവിളീകളും എന്നെ സമുദ്രം പോല്‍ ചുഴറ്റിയടിക്കുന്നു.പെറ്റിറ്റ്മാള്‍ എപിലെപ്സികളില്‍ എന്‍റെ ദേഹം പുഴു ചുരുളുന്നു..എനിക്ക് തലപൊട്ടിപ്പിളരുന്ന വേദനയുണ്ട്. എന്‍റെ പ്രേമം എന്‍റെ ഭ്രാന്ത് എന്‍റെ വേദന എന്‍റെ അത്യുന്മാദം,എന്‍റെ വിശപ്പ്, എന്‍റെ പ്രാണന്‍ എല്ലാം തലക്കകത്ത് നിന്നും കത്തിയാളുകയാണു..കത്തുന്ന സ്ത്രീ.. എരിയുന്ന സ്ത്രീ..
തലയുടെ വലത്തേപാതി ഛേദിച്ചുകളഞ്ഞാല്‍ മാത്രമേ ഈ തലവേദന അവസാനിക്കൂ.അല്ലെങ്കില്‍ മുടി പിഴുന്ന് കളയണം. ഒരു കല്ലെടുത്ത് എന്‍റെ പല്ലുകളെ കുത്തിയെടുക്കണം.കത്തികൊണ്ട് നാവറുന്ന് കളയണം.അല്ലെങ്കില്‍ ഒരു സ്ക്രൂ ഡ്റൈവര്‍ കൊണ്ട് എന്‍റെ നിറുകു തല നീ കുത്തിപിളര്‍ത്തി എന്നെ ഇല്ലാതാക്കണം. അല്ലെങ്കില്‍ കുളമ്പ് പോല്‍ ഷൂസ്സിട്ട കാലു കൊണ്ട് എന്നെചവിട്ടിത്തേച്ച് കളയണം..ഒരുചെമ്പരത്തി പൂവ് മൊട്ട് അരച്ച് കളയുന്ന പോലെ നീ എന്നെ ഇല്ലാതാക്കണം.

വയ്യാതാകുന്ന പകലുകള്‍ രാത്രികള്‍ എനിക്ക് മരിക്കാനായ് തിരനീട്ടുന്ന സങ്കടല്‍. എനിക്കരയാനായി ചക്രം മൂര്‍ച്ഛിക്കുന്ന തീവണ്ടിപ്പാതകള്‍.. എന്‍റെ നട്ടെല്ല് കരിക്കാനായ് ആളുന്ന ഇന്ഡേന്‍ ഗ്യാസ് കുറ്റികള്‍, എനിക്ക് ശ്വസിക്കാനുയിര്‍കൊള്ളുന്ന വിഷവാതകങ്ങള്‍, നീ നിന്‍റെ രക്തം നിറച്ച സിറിഞ്ച് കുത്തി എന്നെ എന്നെന്നേക്കുമായി കൊന്നു കളയുക
നോക്കൂ
ഞാനൊരു പാവം ഗിത്താറല്ലെ എന്തിനാണു നീയെന്നെ കഠാര കൊണ്ട് മീട്ടുന്നത്?

  • 3
    Shares
ടീം ബൂലോകം. നിങ്ങള്‍ക്കും എഴുതാം, Boolokam.com - ല്‍. നിങ്ങളുടെ ബ്ലോഗിങ്ങ് അഭിരുചി പുറം ലോകം കാണട്ടെ.