Share The Article

അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും മുസ്ലിം ലീഗ് മുന്‍ ദേശീയ അധ്യക്ഷനുമായിരുന്ന ഇ അഹമ്മദിനെതിരെ മരിക്കുന്നത് വരെ എതിരാളികള്‍ ഉയര്‍ത്തിയിരുന്ന ആരോപണങ്ങളെ പൊളിക്കുന്ന ഫേസ്‌ബുക്ക്‌ പോസ്റ്റ്‌ വൈറലാകുന്നു. മലയാളം ന്യൂസ്‌ ലേഖകനായ വഹീദ് സമാന്‍ എഴുതിയ കുറിപ്പാണ് വേറിട്ട ഇ അഹമ്മദിനെ ജനങ്ങളിലേക്ക് എത്തിക്കുന്നത്.

ലേഖനം ചുവടെ വായിക്കാം

“മരിക്കുന്നത് വരെ ‘വലിയ മുതലാളി’ ആയി പറഞ്ഞു കേട്ടിരുന്ന അഹ്മദ് സാഹിബിന്റെ സമ്പാദ്യം മരണശേഷം തിരഞ്ഞവർക്കു കാണാനായത് ദീനുൽ ഇസ്‌ലാം സഭയും, ഹംദർദ് സർവകലാശാല സെന്ററും പോലെയുള്ള അഹ്മദ് സാഹിബ് കെട്ടിപ്പടുത്ത സ്ഥാപനങ്ങളും സ്വന്തം ജീവിതത്താൽ ന്യൂനപക്ഷ രാഷ്ട്രീയത്തിൽ അദ്ദേഹം പോരാടിയെടുത്ത അടയാളങ്ങളും മാത്രമാണ്…”

ഇ. അഹമ്മദ് സാഹിബിനെ അനുസ്മരിച്ച് കെ.എം ഷാജി എം.എൽ.എ ഫെയ്‌സ്ബുക്കിലിലിട്ട പോസ്റ്റിലുള്ളതാണ് മുകളിലെ ഈ വരികൾ…

ഇത് കണ്ടപ്പോഴാണ് ഇതോടൊപ്പം ചേർത്തുവായിക്കാനുള്ള ഒരു സംഭവം പറയണമെന്ന് തോന്നിയത്…

അഹമ്മദ് സാഹിബുമായി ബന്ധപ്പെട്ട് ഒരു ട്രാവൽ ഏജൻസിയുടെ പേര് പതിവായി കേൾക്കാറുണ്ടായിരുന്നു. ആ ട്രാവൽ ഏജൻസിയിൽ അഹമ്മദ് സാഹിബിനും ഷെയറുണ്ടെന്നായിരുന്നു കേട്ടിരുന്നത്. പതിവായി കേട്ട് കേട്ട് ഞാനും അത് ശരിയായിരിക്കുമെന്ന് തന്നെ വിശ്വസിച്ചു.

രണ്ടു മൂന്നു മാസം മുമ്പ്, സുഹൃത്ത് ശരീഫ് സാഗറുമെത്ത് Shareef Sagarജിദ്ദയിലെ ഹോട്ടലിൽ പ്രമുഖ എഴുത്തുകാരനുമായി സംസാരിച്ചിരിക്കുകയായിരുന്നു. ഇ.അഹമ്മദുമായി ബന്ധപ്പെട്ട ഈ ആരോപണത്തെ പറ്റി അദ്ദേഹം പറഞ്ഞത് കേട്ടപ്പോൾ ഉള്ളിലൊരു വേദന…

അദ്ദേഹം പറഞ്ഞതിങ്ങനെ….

ഒരു ഉംറക്കിടെ മക്കയിലെ മസ്ജിദുൽ ഹറമിൽ വെച്ച് കൂടെയുണ്ടായിരുന്ന സഹായിയുടെ കൈ അഹമ്മദ് സാഹിബ് പിടിച്ചു. എന്നിട്ട് ചോദിച്ചു..

നമ്മളിപ്പോ നിൽക്കുന്നതെവിടെയാണ്..
ഹറമിൽ
ഹറമിൽ എവിടെയാണ്..
മത്താഫിൽ(തവാഫ് ചെയ്യുന്ന സ്ഥലം)
ഇവിടെ വെച്ചാണ് ഞാനിത് പറയുന്നത്. ..ആ ട്രാവൽസുമായി എനിക്കൊരു ബന്ധവുമില്ല. അതുമായി എന്റെ പേര് ചേർത്തു പറയുന്നതിൽ തീരെ സത്യമില്ല. അവർക്ക് ലൈസൻസ് വാങ്ങിക്കൊടുക്കാൻ ഞാനിടപ്പെട്ടിരുന്നു. പകരം അവരോട് ഞാനൊരു ആവശ്യം മാത്രമാണ് മുന്നോട്ടുവെച്ചത്. ഹജ്, ഉംറ പാക്കേജുകളിൽ ആളുകളെ കൊണ്ടുവരുമ്പോൾ പാവങ്ങളെയും സൗജന്യമായി കൊണ്ടുവരണം. അതവർ അംഗീകരിച്ചു. അല്ലാതെ ആ ട്രാവൽ ഏജൻസിയിൽനിന്നും ഒന്നും ഞാൻ ആവശ്യപ്പെട്ടിട്ടില്ല.. ഒരു പൈസ പോലും ആരോടും വാങ്ങിയിട്ടുമില്ല.

ഇതായിരുന്നു മക്കയിൽ വെച്ചുള്ള അദ്ദേഹത്തിന്റെ സംസാരം..
ട്രാവൽ ഏജൻസിയുടെ സ്‌കീമിൽ ഹജിനും ഉംറക്കും വന്ന ചിലരുടെ പേരും അദ്ദേഹം പറഞ്ഞിരുന്നു. അതിൽ ചിലരോട് നേരിട്ടും ഫോണിലും ഞാനീ കാര്യം ശരിയാണോ എന്ന് ചോദിച്ചു. ഈ സ്‌കീം വഴി ഹജിനും ഉംറക്കും വന്ന കാര്യം അവർ സ്ഥിരീകരിക്കുകയും ചെയ്തു. ജീവിതത്തിലെ ഏറ്റവും വലിയ മോഹങ്ങളിലൊന്നിനാണ് അഹമ്മദ് സാഹിബ് വഴി സാഫല്യം ലഭിച്ചത് എന്നാണ് അവർ പറഞ്ഞത്…

(നാം കേൾക്കുന്നതൊന്നുമായിരിക്കില്ല സത്യങ്ങൾ…തിരിച്ചറിയാന് കാലമേറെ കഴിയുന്നു….)

വഹീദ് സമാന്‍

ലേഖനത്തിന് താഴെ വരുന്ന കമന്റുകളും ഈ സത്യത്തിലേക്ക് വെളിച്ചം വീശുന്നവയാണ്.